ADVERTISEMENT

മറയൂരിൽ വാഹനത്തിൽനിന്നു റോഡിൽ തെറിച്ചുവീണ കുഞ്ഞ് മുട്ടിലിഴഞ്ഞു സ്വയം രക്ഷപ്പെട്ട കഥ മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നല്ലോ. കുട്ടി തെറിച്ചു വീണകാര്യം കൂടെയുള്ളവർ അറഞ്ഞില്ലെന്നു മാത്രമല്ല വീട്ടിലെത്തിയ ശേഷമാണു കുട്ടി നഷ്ടമായ വിവരം മനസ്സിലാക്കുന്നത്. കുട്ടികളുടെ സുരക്ഷയെക്കുറിച്ചു നാം ഒട്ടും ബോധവാന്മാരല്ല. വിദേശ രാജ്യങ്ങളിലായിരുന്നെങ്കിൽ അച്ഛനും അമ്മയും ജയിലിൽ കിടന്നേനെ എന്ന കമന്റുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മാതാപിതാക്കൾക്കെതിരെ പൊലീസ് സ്വയമേധ കേസ് എടുത്തിട്ടുണ്ട്.

ഒട്ടും സുരക്ഷിതമല്ല കുട്ടികളുടെ യാത്രബൈക്കിൽ യാത്ര ചെയ്യുമ്പോൾ മടിയിൽനിന്നു കുട്ടി തെറിച്ചുവീണു. മാതാപിതാക്കൾ കുഞ്ഞിനെ കാറിൽ ഇരുത്തി ലോക്ക് ചെയ്തു പോയി. സ്കൂൾ ബസിൽ കുട്ടി കുടുങ്ങിപ്പോയി, സീറ്റ് ബെൽറ്റ് കഴുത്തിൽ കുരുങ്ങി അപകടം എന്നിങ്ങനെ കുട്ടികൾക്ക് അപകടം സംഭവിക്കുന്നത് നിത്യവാർത്തയാകുന്നു. ‌വാഹനത്തിൽ കുട്ടികളുടെ സുരക്ഷയെക്കുറിച്ച് തീർത്തും അശ്രദ്ധാലുക്കളാണ് നമ്മൾ. 

മറയൂർ നൽകുന്ന പാഠം

ജീപ്പിൽ കുഞ്ഞിനെ മടിയിൽ ഇരുത്തിയാണ് രക്ഷിതാക്കളും ബന്ധുക്കളും യാത്ര ചെയ്തിരുന്നത്. വളവും തിരിവുമുള്ള ഹൈറേഞ്ച് പ്രദേശം. വാഹനത്തിൽ കുലുക്കം കൂടുതലായിരിക്കും എന്നതിൽ സംശയമില്ല. ഏഴെട്ടുപേർ തിങ്ങിനിറഞ്ഞു യാത്ര ചെയ്യുന്ന ജീപ്പ് പോലുള്ള വാഹനങ്ങളിൽ ചൈൽഡ് സീറ്റ് പ്രയോഗികമാകണമെന്നില്ല. അത്തരം അവസരങ്ങളിൽ അമ്മയ്ക്ക് കുട്ടികളെ ശരീരത്തോട് ചേർത്തിടാവുന്ന കങ്കാരു ബാഗ് പ്രയോജനപ്പെടുത്താവുന്നതാണ്. കുഞ്ഞ് തെറിച്ചു പോകില്ലെന്നെങ്കിലും സമാശ്വസിക്കാം.  യാത്ര പോകുമ്പോൾ ഏതു വാഹനത്തിലായാലും കുട്ടികളുടെ സുരക്ഷ വളരെ പ്രധാനമാണ്. നമ്മുടെ നാട്ടിൽ കുട്ടികളുടെ സുരക്ഷയ്ക്കായി പ്രത്യേക ശ്രദ്ധചെലുത്താറില്ല. കാര്യമായ നിയമങ്ങളുമില്ല. നമ്മൾ മനസ്സുവച്ചാൽ നമ്മുടെ അശ്രദ്ധമൂലമുള്ള അപകടങ്ങൾ ഒരുപരിധിവരെ ഒഴിവാക്കാം. 

കുട്ടികളെ പിൻസീറ്റിൽ ഇരുത്തുക

പ്രശസ്ത വയലിനിസ്റ്റ് ബാല ഭാസ്കറുടെയും മകളുടെയും നൊമ്പരപ്പെടുത്തുന്ന മരണം മറന്നിട്ടുണ്ടാകില്ല. കുട്ടിയെ മുൻസീറ്റൽ മടിയിൽ ഇരുത്തി യാത്ര ചെയ്തതാണു മരണത്തിനടയായതിന്റെ പ്രധാന കാരണം.  സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയ എല്ലാ വാഹനങ്ങളിലും 13 വയസ്സിൽ താഴെയുള്ള കുട്ടികളെ പിൻസീറ്റിൽ മാത്രമേ ഇരുത്താവൂ എന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.   

ചെൽഡ് സീറ്റ് 

കുട്ടികളുടെ സുരക്ഷയ്ക്ക് ഏറ്റവും അത്യവശമാണ് ചൈൽഡ് സീറ്റ്. 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്കു നിർബന്ധമായും ചൈൽഡ് സീറ്റ് ഉപയോഗിക്കുക. 6 മാസം മുതൽ 12 വയസ്സു വരെ വ്യത്യസ്ത പ്രായക്കാർക്കുള്ള ചൈൽഡ് സീറ്റ് ആക്സസറീസ് ആയി വാങ്ങാൻ കിട്ടും. ഇത് പിൻ സീറ്റിൽ ഘടിപ്പിക്കുക. കുട്ടിെയ ഇരുത്തിയ ശേഷം ചൈൽഡ് സീറ്റ് ബെൽറ്റ് ധരിപ്പിക്കാം. ബെൽറ്റ് ധരിപ്പിക്കുമ്പോൾ സ്ട്രാപ്പ് കുട്ടിയുടെ കഴുത്തിൽ കുരുങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തുക.   

representative image
representative image

സീറ്റ് ബെൽറ്റ്

സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഓടിക്കരുത്. മുതിർന്നവർക്കുള്ള സീറ്റ് ബെൽറ്റ് കുട്ടികളെ ധരിപ്പിക്കരുത്. കാരണം, സീറ്റ് ബെൽറ്റ് മുതിർന്നവരുടെ സൗകര്യാർഥം ഡിസൈൻ ചെയ്തവയാണ്. അത് കുട്ടികൾക്ക് അസ്വസ്ഥതയുണ്ടാക്കാം. മാത്രമല്ല അപകടം നടന്നാൽ സീറ്റ്ബെൽറ്റ് വലിഞ്ഞുമുറുകി കുട്ടിയുടെ ആന്തരാവയവങ്ങൾക്കു ക്ഷതം സംഭവിക്കാം. ചൈൽഡ് സീറ്റിൽ ഇരുത്തുമ്പോൾ, ബൈൽറ്റ് കുട്ടികൾ ഊരിമാറ്റുകയോ സീറ്റിന്റെ ബക്കിൾ അഴിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണം. കുട്ടിയ്ക്കു സൗകര്യപ്രദമായി രീതിയിൽ വേണം ബെൽറ്റ് ധരിപ്പിക്കാൻ. കുട്ടികളോട് സീറ്റ് ബെൽറ്റ് ധരിക്കാൻ നിർദ്ദേശിക്കുന്നതിനു മുൻപ് ഡ്രൈവറും സഹയാത്രികരും സീറ്റ് ബെൽറ്റ് ധരിച്ച് മാതൃക കാണിക്കണം. 

ഹെൽമെറ്റ്

ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്ന കുട്ടികളും ഹെൽമെറ്റ് ഉപയോഗിക്കണം. കുട്ടികൾക്കനുയോജ്യമായ ഹെൽമെറ്റുകൾ വിപണിയിൽ ലഭ്യമാണ്. ഗുണനിലവാരമുള്ള ഹെൽമെറ്റ് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.  

ചൈൽഡ് ലോക്ക്

ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ ഡോർ തുറന്നുണ്ടാകുന്ന അപകടം ഒഴിവാക്കാൻ ചൈൽഡ് ലോക്ക് ആക്ടിവേറ്റ് ചെയ്യുക. പിൻസീറ്റിൽ കളിക്കുന്നതിനിടെ കുട്ടികൾ ഡോർ തുറക്കാൻ സാധ്യതയുണ്ട്. അതിനാൽ കാറുകളിൽ ഡോർ ലോക്ക് ഉണ്ടായിരിക്കണം. 

പവർ വിൻഡോസ് ലോക്ക്

പവർ വിൻഡോ സ്വിച്ചുകളിൽ അമർത്തിക്കളിക്കുന്നതു കുട്ടികളുടെ ഇഷ്ട വിനോദമാണ്. പവർ വിൻഡോ സ്വിച്ചുകൾ അമർത്തുക, കയ്യും തലയും പുറത്തിടുക തുടങ്ങിയവ കുട്ടികളുടെ സ്ഥിരം പരിപാടികളാണ്. സെൻസർ ഇല്ലാത്ത, അടഞ്ഞുകൊണ്ടിരിക്കുന്ന വിൻഡോയിൽ കയ്യോ തലയോ ഇട്ടാൽ ഉണ്ടാകുന്ന അപകടത്തെക്കുച്ചു ചിന്തിച്ചിട്ടുണ്ടോ? അതിനാൽ കാറിൽ കയറിക്കഴിഞ്ഞാൽ പവർ വിൻഡോ സ്വിച്ചുകൾ ലോക്ക് ചെയ്യുക. ചൈൽഡ് ലോക്ക് വഴി റിയർ സ്വിച്ചുകൾ പ്രവർത്തനരഹിതമാക്കുകയും വേണം. 

എയർബാഗ്

സുരക്ഷയുടെ മാനദണ്ഢമാണ് എയർബാഗ് എങ്കിലും കുട്ടികളിൽ ഇതു നേർവിപരീതമായാണു പ്രവർത്തിക്കുക. മുൻസീറ്റീൽ കുട്ടിയെ മടിയിൽ ഇരുത്തി യാത്ര ചെയ്യുമ്പോൾ, അപകടം സംഭവിച്ച് എയർബാഗ് വിടർന്നാൽ എയർബാഗിനും സീറ്റിനും ഇടയിൽപ്പെട്ടു കുഞ്ഞിനു ശ്വാസംമുട്ടൽ ഉണ്ടാകാം. അതിനാൽ കുട്ടികളെ ഒരുകാരണവശാലും മുൻസീറ്റിൽ ഇരുത്തരുത്.  

വാഹനത്തിൽ തനിച്ചാക്കരുത്

കുട്ടികളെ വാഹനത്തിൽ തനിച്ചാക്കി പോകരുത്. അടച്ചിട്ട കാറിനുള്ളിൽ ചൂടും ശുദ്ധവായുവിന്റെ അഭാവവും മൂലം കുട്ടിയ്ക്ക് ശ്വാസംമുട്ടി മരണം വരെ സംഭവിച്ചിട്ടുണ്ട്. ഹാൻഡ് ബ്രേക്കിട്ടു കാർ ഓൺ ചെയ്ത് എസി പ്രവർത്തിപ്പിച്ച ശേഷം കുട്ടികളെ അതിലിരുത്തി പോകുന്നവരുണ്ട്. കളിക്കുന്നതിനിടെ ഹാൻഡ് ബ്രേക്ക് അറിയാതെ റിലീസായി അപകടങ്ങൾ സംഭവിച്ചതും കുറവല്ല.  കീ കാറിൽ വച്ചു അകത്തുനിന്നു ലോക്ക് ആയിപ്പോയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ചില വികൃതികൾ സ്വയം ഡ്രൈവ് ചെയ്യാനും ശ്രമിച്ചേക്കും. കാർ കളിക്കാനുള്ളതല്ലെന്നു കുട്ടികളെ ബോധ്യപ്പെടുത്തുക. 

English Summary: Make Your Child's Car Journey Safe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com