ടോളിൽ കുടുങ്ങാതിരിക്കാം, ഫാസ്ടാഗിനെക്കുറിച്ച് അറിയേണ്ട 12 കാര്യങ്ങള്‍

fastag
FASTag
SHARE

രാജ്യത്തെ വിവിധ ടോൾ പ്ലാസകളിൽ നേരിട്ട് പണം അടയ്ക്കാതെ, ഡിജിറ്റലായി നടത്തുവാൻ സഹായിക്കുന്ന ‘ഫാസ്ടാഗ്’ ഡിസംബർ ഒന്നു മുതൽ സർക്കാർ നിർബന്ധമാക്കുകയാണ്. ഫാസ്ടാഗ്, വിൻഡ് സ്ക്രീനിന്റെ മധ്യഭാഗത്ത് മുകൾവശം (റിയർവ്യൂ മിററിന്റെ പിറകിൽ) ഒരു സ്റ്റിക്കർ പോലെ വാഹനത്തിനകത്തു നിന്ന് ഒട്ടിക്കുന്നു. ഫാസ്ടാഗിലെ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സംവിധാനം, വാഹനം, ടോൾ പ്ലാസയിലൂടെ കടന്നു പോകുമ്പോൾ ഫാസ് ടാഗുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു പ്രീപെയ്ഡ് അക്കൗണ്ടിൽ നിന്ന് ഓട്ടമാറ്റിക്കായി ടോൾ അടയ്ക്കുന്നു. സ്വാഭാവികമായും ടോൾ പ്ലാസകളിലെ വാഹനങ്ങളുടെ കാത്തിരിപ്പ് സമയം, വാഹനങ്ങളുടെ ഇന്ധന ഉപഭോഗം, പ്ലാസകളിലെ പണം കൈകാര്യം ചെയ്യൽ, വായു മലിനീകരണം എന്നിവ കുറയുന്നു. 

യുപിഐയിലൂടെ രാജ്യത്തെ ഡിജിറ്റൽ പണിടപാടുകളിൽ വിപ്ലവം സൃഷ്ടിച്ച നാഷനൽ പേയ്മെന്റ് കോർപറേഷൻ, നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുമായി ചേർന്നാണ് ഭാരതത്തിലുടനീളം ഫാസ്ടാഗ് പദ്ധതി നടപ്പിലാക്കുന്നത്. 

ഫാസ്ടാഗിനെക്കുറിച്ച് തോന്നാവുന്ന ചില ചോദ്യങ്ങളും താഴെ കൊടുത്തിരിക്കുന്നു. 

1. ഫാസ്ടാഗ് എവിടെ നിന്നാണു ലഭിക്കുന്നത്? 

നാഷനൽ ഹൈവേ അതോറിറ്റി നേരിട്ടു നടത്തുന്ന ഫാസ്‌ടാഗ് സേവനകേന്ദ്രങ്ങളിലൂടെ ഫാസ്ടാഗ് സൗജന്യമായി ലഭിക്കും. ഡിസംബർ ഒന്നു വരെയാണ് ഈ ആനുകൂല്യം. വർധിച്ച ആവശ്യകത കണക്കിലെടുത്ത്  സേവന കേന്ദ്രങ്ങൾ ടോൾ പ്ലാസകൾക്കു സമീപം ഒരുക്കിയിരിക്കുന്നു. കൂടാതെ വിവിധ ബാങ്കുകളുടെ ശാഖകളിൽ നിന്നും, ഓൺലൈനായും റീട്ടെയിൽ വിൽപന കേന്ദ്രങ്ങളിലൂടെയും ഓൺലൈൻ ഇ കൊമേഴ്സ് വെബ്സൈറ്റുകളിൽ നിന്നും ഫാസ് ടാഗ് മേടിക്കാം. ‘മൈ ഫാസ്ടാഗ്’ (MY FASTAG) എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്ത്, ഫാസ്ടാഗ് ലഭിക്കുന്ന സ്ഥലം എളുപ്പത്തിൽ കണ്ടു പിടിക്കാം. മൈ ഫാസ്ടാഗ് എന്ന ആപ്പിൽ പിൻകോഡോ, അഥവാ പട്ടണത്തിന്റെ പേരോ അല്ലെങ്കിൽ ഉദ്ദേശിക്കുന്ന ബാങ്കിന്റെ പേരോ നൽകിയാൽ നിങ്ങൾക്ക് തൊട്ടടുത്ത് ഫാസ്ടാഗ് ലഭിക്കുന്ന സ്ഥലം മനസ്സിലാക്കാം. 

2. ഫാസ്ടാഗിന് എത്ര രൂപ ചെലവാകും? 

മുകളിൽ പറഞ്ഞതു പോലെ നാഷനൽ ഹൈവേ അതോറിറ്റിയുടെ സേവന കേന്ദ്രങ്ങളിൽ ഫാസ്ടാഗ് സൗജന്യമായി ലഭിക്കുന്നു. തുടർന്ന് ഇതിൽ റീചാർജ് ചെയ്ത് ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്. അതേസമയം ബാങ്കുകളിലൂടെയും ഓൺലൈൻ വെബ്സൈറ്റുകളിലൂടെയും മേടിക്കുന്ന കാറുകളുടെ ഫാസ്ടാഗിന് സെക്യൂരിറ്റി ഡിപ്പോസിറ്റും, പ്രാരംഭ റീചാർജും മറ്റം ചേർത്ത് 400 രൂപ മുതൽ 600 രൂപ വരെ വരുന്നു. 

3. ഫാസ്ടാഗ് എങ്ങനെയാണ് റീചാർജ് ചെയ്യുന്നത്?

മൈ ഫാസ്ടാഗ് എന്ന ആപ്പിലൂടെ ഒരു പ്രീപെയ്ഡ് അക്കൗണ്ട് സൃഷ്ടിക്കുവാനൊ, ഫാസ്ടാഗിനെ നിലവിലെ അക്കൗണ്ടുമായി (തിരഞ്ഞെടുത്ത ബാങ്കുകളിലേത്) ബന്ധപ്പെടുത്തുവാനോ സാധിക്കുന്നു. അല്ലെങ്കിൽ ബാങ്കുകളുടെ ഓൺലൈൻ സേവനത്തിലൂടെയും മറ്റും ഫാസ്ടാഗ് ഓൺലൈൻ സേവനത്തിലൂടെയും മറ്റും റീചാർജ് ചെയ്യാവുന്നതാണ്. യുപിഐ സംവിധാനത്തിലൂടെയും വിവിധ വോലറ്റുകളിലൂടെയും ഓൺലൈനായും ഫാസ്ടാഗ് റീചാർജ് ചെയ്യാം. ചുരുങ്ങിയത് 1 രൂപയ്ക്ക് റീർജ് ചെയ്യാവുന്നതാണ്. 

4. ഫാസ്ടാഗ് ഉപയോഗിക്കാതെ പണമായി ടോൾ അടയ്ക്കുവാൻ സാധിക്കുമോ? 

ഡിസംബർ ഒന്നു മുതൽ ഒരു ലൈൻ (ഇടതുവശത്തുള്ള) മാത്രമേ പണം നൽകുന്നവർക്ക് ഉപയോഗിക്കുവാൻ സാധിക്കൂ. ഈ ഹൈബ്രിഡ് ലൈൻ മുഖേന ഫാസ് ടാഗ് ഉപയോഗിച്ചോ പണം നൽകിയോ, ടോൾ അടയ്ക്കാം. സ്വാഭാവികമായും കാത്തിരിപ്പ് സമയം കൂടാവുന്നതാണ്. അതേസമയം, ഏറ്റവും ഇടതു വശത്തുള്ള ഈ ലൈൻ ഉപയോഗിക്കാതെ മറ്റ് ഫാസ് ടാഗ് ലൈനുകളിൽ അബദ്ധത്തിലോ അല്ലാതെയോ കയറ്റി ഫാസ്ടാഗ് വാഹനങ്ങൾക്ക് കാത്തിരിപ്പു സമയം വർധിപ്പിച്ചാൽ ടോളിന്റെ ഇരട്ടി തുക പിഴയായി നൽകേണ്ടിവരാം. 

5. കാറിന്റെ പേരിൽ ഫാസ് ടാഗ് നിർമ്മിച്ച്, ട്രക്കുകളിൽ ഒട്ടിച്ച് പണം ലാഭിക്കുവാൻ സാധിക്കില്ലേ? 

ഒരു നിശ്ചിത വാഹനത്തിന്റെ പേരിൽ നിർമ്മിക്കുന്ന ഫാസ് ടാഗ് യാതൊരു കാരണവശാലും മറ്റൊരു വാഹനത്തിൽ പതിക്കരുത്. ടോൾ പ്ലാസയിൽ ഈ തട്ടിപ്പ് കംപ്യൂട്ടറിലൂടെ എളുപ്പത്തിൽ കണ്ടുപിടിക്കുവാൻ സാധിക്കും. തുടർന്ന് പിഴ, നിയമ നടപടികൾ നേരിടേണ്ടി വരുന്നു. അതുപോലെ ഒരു വാഹനത്തിൽ തന്നെ രണ്ടു ഫാസ്ടാഗുകൾ യാതൊരു കാരണവശാലും പതിപ്പിക്കരുത്. 

6. ഫാസ്ടാഗ് മേടിക്കുവാൻ എന്തെല്ലാം രേഖകൾ കരുതണം? 

വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (RC) കോപ്പി, വാഹന ഉടമയുടെ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ, കെവൈസി ഡോക്കുമെന്റ് (ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട് ഇവയിലേതെങ്കിലും ഒന്നിന്റെ കോപ്പി), വാഹനത്തിന്റെ മുന്നിൽനിന്നും പിന്നിൽനിന്നുമുള്ള ഫോട്ടോ (മൊബൈലിൽ) എന്നിവ കരുതിയാൽ ഫാസ്ടാഗ് സേവന കേന്ദ്രങ്ങളിൽനിന്നു ഫാസ്ടാഗ് മേടിക്കാം. 

7. ഫാസ്ടാഗ് ഉപയോഗിച്ച് ടോൾ അടച്ചാൽ എന്തെങ്കിലും ഡിസ്കൗണ്ട് ലഭിക്കുമോ? 

നിലവിൽ ഫാസ്ടാഗ് ഉപയോഗിച്ച് ടോൾ അടയ്ക്കുമ്പോൾ 2.5% ഡിസ്കൗണ്ട് ലഭിക്കും. 

8. ഫാസ്ടാഗ് ഒട്ടിച്ച വാഹനം വിൽക്കേണ്ടി വരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്? 

ഫാസ്ടാഗ് സ്വന്തം ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ കണിശമായും വിൽപനയ്ക്കു മുൻപേ അതു ബ്ലോക്ക് ചെയ്യേണ്ടതാണ്. ഫാസ്ടാഗ് നഷ്ടപ്പെടുമ്പോഴും ബാങ്കിന്റെ കസ്റ്റമർ കെയർ മുഖേന ഉടൻ ബ്ലോക്ക് ചെയ്യണം. 

9. ടോൾ പ്ലാസയിലൂടെ മടക്കയാത്ര ചെയ്യുമ്പോൾ ഫാസ്ടാഗിലൂടെ ടോൾ അടയ്ക്കുന്നതു നഷ്ടമാകില്ലേ? 

തീർച്ചയായും ഇല്ല. ഉദാഹരണത്തിന് ടോൾ പ്ലാസയിലൂടെ യാത്ര ചെയ്യുവാൻ 70 രൂപ ഫാസ്ടാഗിലൂടെ അടയ്ക്കുന്ന വാഹനം, 24 മണിക്കൂറിൽ മടക്കയാത്രയ്ക്കായി വരുമ്പോൾ 35 രൂപ മാത്രമാണ് ഫാസ്ടാഗിൽ നിന്നു നൽകേണ്ടി വരുന്നത്. 24 മണിക്കൂറിൽ തിരിച്ചു വരുമോ എന്ന് ഉറപ്പില്ലാതെ മടക്കയാത്രയ്ക്ക് ടോൾ അടച്ച കാലം ഫാസ്ടാഗിലൂടെ ചരിത്രമായി മാറുകയാണ്.

10. ഫാസ്ടാഗ് മാസത്തിനായുള്ള പാസ്, ലോക്കൽ പാസ് ഉപയോക്താക്കൾക്കു ലഭിക്കുമോ? 

തീർച്ചയായും. ഉടൻ തന്നെ അടുത്തുള്ള ഫാസ് ടാഗ് സേവന കേന്ദ്രവുമായി ബന്ധപ്പെട്ട് ആവശ്യ രേഖകൾ നൽകി ഇവ കരസ്ഥമാക്കാം.

11. എത്ര രൂപയാണ് ഫാസ്ടാഗ് മുഖേന അടച്ചത് എന്ന് എങ്ങനെ മനസ്സിലാക്കാം? 

ഫാസ്ടാഗ് മുഖേന ടോൾ അടയ്ക്കുമ്പോൾ വരുന്ന എസ്എംഎസ് മുഖേന അടച്ച തുക നിങ്ങൾക്ക് ശരിയാണോ എന്ന് ഉറപ്പു വരുത്താം. മാസം ലഭിക്കുന്ന സ്റ്റേറ്റ്മെന്റ് മുഖേന കണക്കുകൾ കൂടുതൽ സുതാര്യമാക്കാം. അപാകതകൾ കസ്റ്റമർ കെയറിലൂടെ പങ്ക് വച്ച് ഇടപാടുകൾ മികച്ച രീതിയിൽ നടത്താവുന്നതാണ്.

12. ഫാസ്ടാഗോ അല്ലെങ്കിൽ ടോൾ പ്ലാസയിലെ സംവിധാനമോ ശരിയാംവണ്ണം പ്രവർത്തിച്ചില്ലെങ്കിൽ എന്തു ചെയ്യണം? 

രാജ്യത്തെ മിക്കവാറും എല്ലാ ടോൾ പ്ലാസകളും ഫാസ്ടാഗിനായി ഒരുങ്ങിക്കഴിഞ്ഞു. എന്നിരുന്നാലും ഏതെങ്കിലും കാരണവശാൽ ഫാസ്ടാഗ് റീഡ് ചെയ്യാതെ വന്നാൽ സ്കാൻ ചെയ്യുവാനുള്ള ബദൽ സൗകര്യമുണ്ട്. നിലവിൽ 5 വർഷം വരെയാണ് വാഹനത്തിലെ ഫാസ്ടാഗുകളുടെ കാലാവധി.

ഡോ. ബി. മനോജ്കുമാർ, എസ്.സി.എം.എസ്., കൊച്ചി

English Summary: Know More About Fastag

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA