നിസാര കാര്യങ്ങൾ ഇൻഷുറൻസ് ക്ലെയിം നിരസിക്കപ്പെടുന്നതിനു കാരണമാകാം

insurance
Insurance
SHARE

ഇൻഷുറൻസ് ക്ലെയിം ചെയ്തിട്ടും എന്തുകൊണ്ടാണു ലഭിക്കാത്തതെന്ന് അന്വേഷിക്കാൻ ഇൻഷുറൻസ് കമ്പനിയിൽ ചെന്നതാണു രാജേഷ്. കൃത്യമായി ഇൻഷുറൻസ് അടച്ചിട്ടും രാജേഷിന്റെ ക്ലെയിം നിരസിക്കപ്പെടാൻ കാരണം എന്തായിരുന്നെന്നോ? ഡ്രൈവിങ് ലൈസൻസ് കാലാവധി കഴിഞ്ഞിട്ടും പുതുക്കാൻ മറന്നുപോയി. ഇതുപോലെ തീരെ നിസാരമെന്നു തോന്നുന്ന പല കാര്യങ്ങളും നിങ്ങളുടെ ക്ലെയിം നിരസിക്കപ്പെടുന്നതിനു കാരണമാകാം. 

∙ ഇൻഷുറൻസ് കൃത്യസമയത്ത് പുതുക്കുക. അപകടം നടന്നത് ഇൻഷുറൻസ് പോളിസി കാലാവധിയിൽ തന്നെ ആയിരിക്കണം. അപകടം നടക്കുമ്പോൾ വാഹനത്തിന്റെ ഇൻഷുറൻസ് പോളിസി പുതുക്കിയിട്ടില്ലെങ്കിൽ ഒരു കാരണവശാലും ക്ലെയിം അനുവദിക്കില്ല. അതിനാൽ ഇൻഷുറൻസ് പുതുക്കേണ്ട സമയത്തുതന്നെ കൃത്യമായി പുതുക്കുക.

∙ അപകടത്തിൽപ്പെട്ട വാഹനം വീണ്ടും ഉപയോഗിച്ചശേഷം ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകില്ല. കാർ അപകടത്തിൽപ്പെട്ടാൽ വാഹനം അവിടെ നിർത്തിയിടുക. വീണ്ടും ആ വാഹനം ഓടിക്കാൻ ശ്രമിക്കരുത്. അപകടത്തിൽപ്പെട്ട ശേഷം വീണ്ടും ആ വാഹനം ഓടിക്കുകയും തന്മൂലം വാഹനത്തിന് കൂടുതൽ നാശനഷ്ടം സംഭവിക്കുകയും ചെയ്താൽ പൂർണമായ ക്ലെയിം കിട്ടില്ല. ഇൻഷുറൻസ് കമ്പനിയുടെ ബന്ധപ്പെട്ട വ്യക്തികൾ (വെഹിക്കിൾ ഇവാല്യുവേറ്റർ) വന്നു കണ്ട് നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി ശേഷമേ വാഹനം അപകടസ്ഥലത്തുനിന്നു കൊണ്ടു പോകാവൂ.

∙ വാഹനത്തിന്റെ രേഖകൾ നിയമാനുസൃതമായിരിക്കണം. ഡ്രൈവിങ് ലൈസൻസ്, ഇൻഷുറൻസ് പോളിസി, പുക പരിശോധനാ സർട്ടിഫിക്കറ്റ് തുടങ്ങിയവയെല്ലാം കാലാവധി കഴിഞ്ഞിട്ടുണ്ടെങ്കിൽ പുതുക്കണം. 

∙ അപകടത്തിൽ പെട്ട വാഹനം സർവീസ് ചെയ്യുന്നതിനു മുൻപു ക്ലെയിം നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ശ്രദ്ധിക്കണം. അപകടമുണ്ടായി എത്രയും വേഗം ഇൻഷുറൻസ് കമ്പനിയെ അറിയിക്കുകയും ഇവാല്യുവേറ്റർ വന്ന് അപകടത്തിന്റെ തോതു വിലയിരുത്തുകയും ചെയ്തിനു ശേഷം മാത്രമേ വാഹനം സർവീസ് സെന്ററിലേയ്ക്കു കൊണ്ടുപോകാവൂ.   

∙ വാഹനത്തിന്റെ ആർസി ബുക്കിൽ രേഖപ്പെടുത്തിയിരിക്കുന്ന ഉടമസ്ഥനും ഇൻഷുറൻസ് പോളിസി ഉടമയും ഒരാളായിരിക്കണം. ഇൻഷ്വർ ചെയ്യുമ്പോൾ വാഹനത്തിന്റെ ഉടമയുടെ പേരും വിലാസവും ഇൻഷുറൻസ് പോളിസി ഉടമയുടെ പേരും വിലാസവും ഒന്നായിരിക്കണം. അല്ലാത്തപക്ഷം ക്ലെയിം നിരസിക്കപ്പെടും.

∙ ട്രാഫിക് നിയമങ്ങൾ ലംഘിച്ചാണ് നിങ്ങളുടെ വാഹനം അപകടത്തിൽപ്പെട്ടതെങ്കിൽ ഇൻഷുറൻസ് ലഭിക്കില്ല. അമിത വേഗം, ട്രാഫിക് സിഗ്‌നൽ തെറ്റിക്കുക, ഹെൽമറ്റും സീറ്റ് ബെൽറ്റും ഉപയോഗിക്കാതിരിക്കുക, റോഡ് നിയമങ്ങൾ പാലിക്കാതെ വണ്ടിയോടിക്കുക തുടങ്ങിയ നിയമലംഘനങ്ങളിൽ പെട്ടാണു വാഹനം അപകടത്തിൽപ്പെടുന്നതെങ്കിൽ ഇൻഷുറൻസ് ക്ലെയിം നിരസിക്കും. മാത്രമല്ല ഇപ്പോൾ ഇരുചക്ര വാഹനങ്ങളിൽ പിന്നിൽ ഇരിക്കുന്നവരും ഹെൽമെറ്റ് ധരിക്കണം. കാറുകളിൽ പിന്നിൽ ഇരിക്കുന്നവർ സീറ്റ് ബെൽറ്റ് ധരിക്കണമെന്നും നിയമം അനുശാസിക്കുന്നു. അല്ലാത്തപക്ഷം ഇൻഷുറൻസ് ലഭിക്കില്ല. 

∙ ഇൻഷുറൻസ് എടുക്കുമ്പോൾ പേര്, വിലാസം, വാഹനത്തിന്റെ റജിസ്ട്രേഷൻ നമ്പർ, എൻജിൻ, ഷാസി നമ്പർ തുടങ്ങിയവയെല്ലാം വളരെ കൃത്യമായിരിക്കണം. നമ്പർ മാറിപ്പോകുക, അക്ഷരത്തെറ്റ് തുടങ്ങിയവ വന്നിട്ടുണ്ടെങ്കിൽ ക്ലെയിം ബുദ്ധിമുട്ടാകും. തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ അത് എത്രയും വേഗം തിരുത്തുക. 

∙ വാഹനം വാങ്ങിയശേഷം എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടെങ്കിൽ (ഉദാ: എൽപിജി, സിഎൻജി കിറ്റ് ഘടിപ്പിച്ചിട്ടുണ്ടെങ്കിൽ) ആർടിഒ യുടെ അംഗീകാരം വാങ്ങുകയും ഇൻഷുറൻസ് കമ്പനിയിൽ അറിയിക്കുകയും വേണം. അല്ലാത്തപക്ഷം ക്ലെയിം നിരസിക്കപ്പെടാം. 

∙ ഇൻഷുറൻസ് എടുക്കുമ്പോൾ ഉപാധികൾ വായിച്ചു നോക്കുക. പ്രത്യേകിച്ചും ഇൻഷുറൻസ് ഒഴിവാക്കിയിട്ടുള്ള (exclusions) ഭാഗം നന്നായി ശ്രദ്ധിക്കുക.    

∙ വാഹനം വാങ്ങുമ്പോൾ ഉള്ളതിൽനിന്നു മോഡിഫിക്കേഷൻ വരുത്തിയിട്ടുണ്ടെങ്കിൽ ക്ലെയിം നിരസിക്കും.  ഷോറൂമുകളിൽ നിന്നു വാഹനം വാങ്ങുമ്പോൾ എങ്ങനെയാണോ ഉള്ളത് അതിനാണ് ഇൻഷുറൻസ് നൽകിയിട്ടുള്ളത്. അലോയ് വീലുകൾ പിടിപ്പിക്കുക, ഹാലൊജൻ ഹെഡ്‌ലാംപുകൾ ഉപയോഗിക്കുക തുടങ്ങി വാഹനത്തിൽ വരുത്തുന്ന മാറ്റങ്ങൾ പോലും ഇൻഷുറൻസ് ക്ലെയിം നിരസിക്കപ്പെടാൻ കാരണമാകാം. മോഡിഫിക്കേഷൻ നിയമം മൂലം നിരോധിച്ചിട്ടുണ്ട്. അഥവാ എന്തെങ്കിലും മാറ്റം വരുത്തിയാൽ അത് മോട്ടോർ വെഹിക്കിൾ ഡിപാർട്ട്മെന്റിനെ അറിയിച്ചു നിയമപരമായ അനുമതി നേടണം. അക്കാര്യം ഇൻഷുറൻസ് കമ്പനിയെയും അറിയിച്ച് ആവശ്യമെങ്കിൽ കൂടുതൽ തുക പ്രീമിയം നൽകുകയും വേണം. 

∙ വാഹനം കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കരുത് കൊലപാതകം, മയക്കുമരുന്നു കടത്ത്, തട്ടിക്കൊണ്ടുപോകൽ, പീഡനം, നിയമ ലംഘനങ്ങൾ, മത്സരയോട്ടം എന്നിവയ്ക്കായി വാഹനം വാഹനം ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഇൻഷുറൻസ് നിരസിക്കപ്പെടും. കേസുകളിൽ ഉൾപ്പെട്ട വാഹനങ്ങൾക്കും പരിരക്ഷ കിട്ടില്ല. നിയമപരമല്ലാത്ത ആവശ്യങ്ങൾക്കു വാഹനം ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ക്ലെയിം കിട്ടില്ല. 

∙ വാഹനം അപകടത്തിൽപെട്ടാൽ ഉടൻതന്നെ നിങ്ങളുടെ ഇൻഷുറൻസ് കമ്പനിയെ അറിയിക്കുക. കമ്പനിയെ അറിയിക്കുന്നത് വൈകുംതോറും ക്ലെയിം നിരസിക്കാൻ സാധ്യതയേറും. ഉദാഹരണത്തിന്, അപകടം നടന്ന ശേഷം ഉടൻ ഇൻഷുറൻസ് കമ്പനിയെ അറിയിച്ചില്ലെങ്കിൽ, അപകടം നടക്കുമ്പോൾ പോളിസി ഉടമ സ്ഥലത്തില്ലെന്നു കമ്പനി അനുമാനിച്ചേക്കാം; വൈകി ക്ലെയിം ചെയ്യുമ്പോൾ പരിഗണിക്കാതിരിക്കാം. 

∙ വാഹനം അപകടത്തിൽപെടുകയോ മോഷണം പോകുകയോ ചെയ്താൽ എത്രയും വേഗം പൊലീസിൽ അറിയിക്കുക. മരണം, മൂന്നാം കക്ഷിക്കു പരുക്ക് എന്നിവയുണ്ടെങ്കിൽ ഇൻഷുറൻസ് ക്ലെയിമിനൊപ്പം പൊലീസിൽ എഫ്ഐആർ ഫയൽ ചെയ്തതിന്റെ രേഖയും ഉണ്ടായിരിക്കണം. 

∙ പത്ര വാർത്തകൾ സൂക്ഷിച്ചു വയ്ക്കുക അപകടത്തിൽപ്പെട്ട വാഹനത്തിന്റെ ഫോട്ടോ, വിഡിയോ, സിസി ടിവി ദൃശ്യങ്ങൾ തുടങ്ങിയവ എടുത്തു വയ്ക്കുന്നതു നല്ലതാണ്. അതുമായി ബന്ധപ്പെട്ട പത്രവാർത്തകളുടെ കട്ടിങ്ങുകൾ, ഓൺലൈൻ ന്യൂസ് സ്ക്രീൻ ഷോട്ട് തുടങ്ങിയവ അപകടം നടന്നതിനുള്ള തെളിവായി പിന്നീട് ഉപയോഗപ്പെടും. 

∙ കൊമേഴ്സ്യൽ വാഹനങ്ങൾളുടെ പെർമിറ്റ്, ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് തുടങ്ങിയവ കൃത്യമായി പുതുക്കിയിരിക്കണം.   

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA