ADVERTISEMENT

പുതിയ കാർ വാങ്ങുന്നവർക്ക് മാത്രമല്ല പ്രീ– ഓൺഡ് (സെക്കന്റ് ഹാൻഡ്) കാറുകൾ വാങ്ങുന്നതിനും വായ്പ ലഭിക്കും. എന്നാൽ പ്രീ–ഓൺഡ് കാർ ആണെങ്കിൽ ഇതത്ര എളുപ്പമല്ല. ഉപയോഗിച്ച കാറുകൾ വാങ്ങുന്നവർക്ക് സാമ്പത്തിക സഹായം നൽകുന്ന സ്ഥാപനങ്ങളും ലോൺ ലഭ്യമാകുന്നതിന് ആവശ്യമായ രേഖകളെക്കുറിച്ചും വിശദമായി അറിയാം.

ആർക്കൊക്കെ ലോൺ കിട്ടും?

ശമ്പള വരുമാനക്കാർ, ബിസിനസ് ചെയ്യുന്നവർ, വിദേശത്ത് ജോലിയുള്ളവർ മറ്റു വരുമാനങ്ങൾ ഉള്ളവർ എന്നിവർക്കാണ് ലോൺ ലഭ്യമാകുക. ബാങ്കുകൾ സിബിൽ (Credit Information Bureau of India Ltd) സ്കോറും റേറ്റിങ്ങും പരിഗണിച്ചേ ലോൺ അനുവദിക്കൂ. എന്നാൽ സ്വകാര്യ സ്ഥാപനങ്ങൾ നിബന്ധനകളിൽ വിട്ടുവീഴ്ച ചെയ്യാറുണ്ട്. ലോൺ എടുക്കുന്നവരുടെ പ്രായം 21–65 വയസ്സിനുള്ളിലായിരിക്കണം. മാസവരുമാനക്കാർക്ക് ശമ്പളത്തിന്റെ 40% വരയെ ഇഎംഐ ആകാവൂ. 

ഏതൊാക്കെ മോഡലുകൾ

വിപണിയിൽ വിൽപ്പനാനന്തര വില കൂടുതലുള്ള മാരുതി സുസുക്കി, ഹ്യൂണ്ടായ്, ടൊയോട്ട, ഹോണ്ട എന്നിവയുടെ മോഡലുകൾക്കാണ് ഏറ്റവും കൂടുതൽ ലോൺ ലഭിക്കുക. 1000 സിസി യിൽ താഴെ ഉള്ള മോഡലുകൾ എ വിഭാഗത്തിലും 1000–1400 സിസിക്ക് ഇടയിലുള്ളവ ബി വിഭാഗത്തിലും ബാക്കിയുള്ളവ സി, ഡി വിഭാഗത്തിലും ഉൾപ്പെടുന്നു. എ, ബി വിഭാഗത്തിലുള്ള വാഹനങ്ങൾക്കാണ് ലോൺ കിട്ടാനുള്ള സാധ്യത കൂടുതൽ. കാറിന്റെ നിലവിലെ കണ്ടീഷൻ, പരിപാലന രീതി, വിപണി വില എന്നിവയെല്ലാം നോക്കിയാണ് ലോൺ അനുവദിക്കുന്നത്. കാർ റജിസ്റ്റർ ചെയ്തതുമുതലുള്ള വർഷമാണ് കണക്കാക്കുന്നത്.

മിക്ക സാമ്പത്തിക സ്ഥാപനങ്ങളും മൂന്നിൽ കൂടുതൽ കൈമാറിയ കാറുകൾക്ക് ലോൺ നൽകാറില്ല. കൃത്യമായ പലിശനിരക്ക് സ്വകാര്യ സ്ഥാപനങ്ങൾക്ക് ഇല്ല. ഫ്ലാറ്റ് റേറ്റ് ആയതിനാൽ ലോൺ തീരുന്നതുവരെ ആദ്യം നിശ്ചയിച്ച പലിശ നൽകേണ്ടിവരും. കടുത്ത മത്സരമുള്ളതിനാൽ വിലപേശിയാൽ നിരക്ക് കുറച്ചുതരാറുണ്ട്. കുറഞ്ഞത് ആറ് മാസം – ഒരു വർഷം കഴിഞ്ഞേ കാലാവധിക്കു മുൻപ് ലോൺ ക്ലോസ് ചെയ്യാൻ കഴിയൂ. 1–5.75 % വരെ പലിശ ഈടാക്കാറുണ്ട്. എന്നാൽ പൊതുമേഖലാ ബാങ്കുകളിൽ എപ്പോൾ വേണമെങ്കിലും ക്ലോസ് ചെയ്യാം. പ്രത്യേക ചാർജ് ഇടാക്കുകയില്ല. ലോൺ അടവ് തെറ്റിയാൽ പിഴ പലിശ ഇടാക്കും. ബാങ്കുകൾ അംഗീകൃത ഡീലർഷിപ്പുകൾ വഴിയുള്ള കാറുകൾക്കാണ് മുൻഗണന നൽകുന്നത്. എന്നാൽ സ്വകാര്യ സാമ്പത്തിക സ്ഥാപനങ്ങൾ നേരിട്ടുള്ള ഇടപാടുകൾക്കും ടാക്സി കാർ എന്നിവയ്ക്കും ലോൺ നൽകാറുണ്ട്.

ആവശ്യമായ രേഖകൾ

ഐഡി ഫ്രൂഫ് (ആധാർ കാർഡ്, ഇലക്‌ഷൻ കാർഡ്, പാൻകാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്), അഡ്രസ് പ്രൂഫ് (റേഷൻ കാർഡ്, ആധാർ കാർഡ്, ഇലക്‌ഷൻ കാർഡ്) സിഗ്‌നേച്ചർ പ്രൂഫ് (പാൻകാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, ബാങ്കിൽനിന്നുള്ള സിഗ്‌നേച്ചർ വേരിഫിക്കേഷൻ), പാൻകാർഡ്, (അ‍ഞ്ചുലക്ഷത്തിനു മുകളിലുള്ള സാമ്പത്തിക ഇടപാടുകൾക്ക് പാൻ നിർബന്ധമാണ്. പത്തു ലക്ഷത്തിനു മുകളിലുള്ള ഇടപാടുകളാണെങ്കിൽ ആദായ നികുതി റിട്ടേൺ നൽകിയിരിക്കണം. ആദായനികുതി റിട്ടേൺ നൽകുന്നവർക്ക് ലോൺ തുകയിൽ 5% കൂടുതൽ ലഭിക്കും), ഫോട്ടോ, ലാൻഡ് ടാക്സ്, ബിൽഡിങ്, ടാക്സ് രേഖകൾ, ഇലക്ട്രിസിറ്റി ബിൽ, വാടക കരാർ (ഇവയിൽ ഏതെങ്കലും ഒന്ന്), ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്.

English Summary: Loans To Buy Second Hand Car

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com