കാറിലെ ദുർഗന്ധം ഒഴിവാക്കാൻ പരീക്ഷിക്കാം ചില പൊടിക്കൈകൾ

613790330
SHARE

മാലിന്യം ചുമക്കുന്നവൻ അതിന്റെ ഗന്ധം അറിയുന്നില്ല എന്നു പറയുന്ന പോലെയാണ് കാറിന്റെ കാര്യവും. കാറിനകത്ത് എത്ര ദുർഗന്ധമുണ്ടെങ്കിലും അതു സ്ഥിരമായി ഓടിക്കുന്നയാളെ ബാധിക്കാറില്ല. മറ്റൊരാൾ ആ കാറിലേക്കു കയറി മൂക്കു പൊത്തുമ്പോഴാണ് നമ്മൾ നാണം കെടുന്നത്. പരിപാലനത്തിലെ വൃത്തിയില്ലായ്മ മൂലമുള്ള കാറിനകത്തെ രൂക്ഷഗന്ധം പലപ്പോഴും യാത്രക്കാരെ വലയ്ക്കാറുണ്ട്. കാർ പെർഫ്യൂം വാങ്ങി വയ്ക്കുകയാണ് എളുപ്പത്തിലുള്ള പോംവഴി. എന്നാൽ ഇവയുടെ ഗന്ധം ചിലരിൽ അലർജി, ഛർദി തുടങ്ങിയവയ്ക്കു കാരണമാകുന്നു. കൂടാതെ പെർഫ്യൂം ലിക്വിഡ് തീർന്നു കഴിഞ്ഞാൽ അതിന്റെ ഗന്ധത്തിന്റെ പൊടിപോലും വാഹനത്തിലുണ്ടാകുകയും ഇല്ല. 

കാറിന്റെ ഫ്ലോർ മാറ്റ്, സീറ്റ് എന്നിവ യഥാസമയം വൃത്തിയാക്കാത്തതാണ് ദുർഗന്ധങ്ങൾക്കു പലപ്പോഴും കാരണം. ഭക്ഷണസാധനങ്ങൾ, അവയുടെ പായ്ക്കറ്റുകൾ എന്നിവ കാറിൽ ദിവസങ്ങളോളം വച്ചുകൊണ്ടിരിക്കുന്നതും നല്ല ശീലമല്ല. എസി കൃത്യമായി പരിപാലിക്കാത്തതും മോശം ഗന്ധത്തിനു കാരണമാകും. എസി ഫിൽറ്ററുകൾ വൃത്തിയാക്കിവയ്ക്കാൻ ശ്രമിക്കുക. ആഴ്ചയിൽ ഒരിക്കലെങ്കിലും എസി ബ്ലോവർ(ഫാൻ) ഫുൾ സ്പീഡിൽ മൂന്നുനാലു മിനിറ്റ് കറക്കുന്നതും ദുർഗന്ധം അകറ്റും. 

കാറിലെ ദുർഗന്ധം ഒഴിവാക്കാൻ മറ്റു ചില പൊടിക്കൈകൾ നോക്കാം:

∙കാറിനകത്ത് ബേക്കിങ് സോഡ വിതറുന്നത് ദുർഗന്ധം അകറ്റി നിർത്താൻ സഹായിക്കും. സീറ്റ്, ഫ്ലോർ, ഡിക്കി തുടങ്ങിയ ഇടങ്ങളിൽ ബേക്കിങ് സോഡ വിതറുക. ഈ സമയത്ത് കാറിനകത്ത് തീരെ നനവില്ലെന്ന് ഉറപ്പുവരുത്തണം. മൂന്നോ നാലോ മണിക്കൂർ കഴിഞ്ഞ് വാക്വം ക്ലീനർ കൊണ്ട് പൂർണമായും ബേക്കിങ് സോഡ നീക്കം ചെയ്യുക. അതോടൊപ്പം ഫ്ലോറിലെ മാറ്റ് കുറച്ചു നേരത്തേക്കു പുറത്തേക്ക് എടുത്ത് ഇടുകയും വേണം.

∙വിനാഗിരിയും വെള്ളവും 50:50 അനുപാതത്തിൽ ചേർത്ത് സീറ്റുകൾ, ഡാഷ് ബോർഡ്, മാറ്റ് എന്നിവയിൽ സ്പ്രേ ചെയ്തുകൊടുക്കുക. ഉടൻ തന്നെ മൈക്രോഫൈബർ തുണി ഉപയോഗിച്ച് ഇതു തുടച്ചെടുക്കണം. കാറിനുള്ളിലെ മോശം ഗന്ധം മാറാൻ ഇതു സഹായിക്കും. 

∙ചെറു സുഷിരങ്ങളുള്ള പ്ലാസ്റ്റിക് കുപ്പിയിൽ കുറച്ച് കാപ്പിക്കുരു അടച്ച് കാറിനകത്തു വയ്ക്കുന്നതും പ്രകൃതിദത്ത ഗന്ധത്തിനു സഹായകരമാണ്. 

∙ഓറഞ്ച് തൊലി സീറ്റിന്റെ അടിയിൽ ഇടുന്നതും ദുർഗന്ധമകറ്റും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA