ADVERTISEMENT

വാഹനത്തിന്റെ ടയറുകളിൽ ബ്രാൻഡിന്റെ പേരും മോഡലിന്റെ പേരും മാത്രമല്ല മറ്റു പലകാര്യങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ടയറിന്റെ വ്യാസവും ഭാരവാഹശേഷിയുമൊക്കെയാണ് ഇതിൽ രേഖപ്പെടുത്തുന്നത്. പരമാവധി എത്ര ലോഡ് താങ്ങുമെന്നും എത്ര വേഗം വരെ പോകാമെന്നുമൊക്കെ ആ കോഡുകൾ പറഞ്ഞുതരും. 175/70 R 13 82 T എന്ന രീതിയിലുള്ള കോഡിൽനിന്നാണു ടയറിന്റെ അടിസ്ഥാനവിവരങ്ങൾ വായിച്ചെടുക്കാനാവുക. എന്നാല്‍ ആ കോഡ് മാത്രമല്ല നിർമിച്ച മാസവും വർഷവും വരെ ടയറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നാം ഉപയോഗിക്കുന്ന ടയറുകൾക്ക് കമ്പനി ഒരു കാലാവധി (expiry period) നിർണയിച്ചിട്ടുണ്ട് അതില്‍ കൂടുതൽ പഴക്കമുള്ള ടയറുകളാണെങ്കിൽ ചിലപ്പോൾ അപകടങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ട്.

∙ടയറിന്റെ കാലാവധി– മിക്കവാറും രാജ്യങ്ങളിൽ ഒരു നിശ്ചിത കാലാവധിക്കുമേൽ പഴകിയ ടയറുകൾ വിൽക്കാൻ പാടില്ല എന്നത് നിയമമാണ്. എന്നാൽ നമ്മുടെ നാട്ടിൽ അങ്ങനെയൊന്നുണ്ടോ എന്ന് സംശയമാണ്. സാധാരണയായി കമ്പനി ടയർ ഉണ്ടാക്കിയ ഡേറ്റ് മുതൽ അടുത്ത 5 മുതൽ ആറു വർഷം വരെയാണ് ഒരു ടയർ ഏറ്റവും ആരോഗ്യത്തോടെ ഇരിക്കുന്ന കാലം.

∙കാലാവധി എങ്ങനെ കണ്ടുപിടിക്കാം -  എല്ലാ ടയറിലും അതിന്റെ നിർമാണ മാസം രേഖപ്പെടുത്തിയിട്ടുണ്ടാകും. അതില്‍ രേഖപ്പെടുത്തിയ നാലക്കസംഖ്യയിൽ രണ്ടക്കങ്ങൾ ടയർ ഉണ്ടാക്കിയ ആഴ്ച്ചയേയും അവസാന രണ്ടക്കങ്ങൾ ടയർ ഉണ്ടാക്കിയ വർഷത്തെയും സൂചിപ്പിക്കുന്നു. ഉദാഹരണത്തിന് 0220 എന്നാണ് ടയറിൽ രേഖപ്പെടുത്തിയിരിക്കുന്നതെങ്കിൽ ടയർ 2020 ജനുവരിയിൽ നിർമിച്ചതാണ്.

∙ വീതി– ടയർ സൈസ് എത്രയെന്ന വിവരമാണ് ആദ്യം. ആദ്യ സംഖ്യ (മേൽപ്പറഞ്ഞ ഉദാഹരണത്തിൽ 175) ടയറിന്റെ (തറയിൽ മുട്ടുന്ന ഭാഗത്തിന്റെ) വീതി എത്ര മില്ലിമീറ്റർ എന്നതാണ്.

∙ ഉയരം– രണ്ടാമത്തെ സംഖ്യ ആ വീതിയുടെ എത്ര ശതമാനമാണ് ടയറിന്റെ സൈഡ് ഭിത്തിയുടെ ഉയരം എന്നു സൂചിപ്പിക്കുന്നു. ഇവിടെ ഉദാഹരണത്തിൽ ടയറിന്റെ വശത്തിന് 175 മില്ലിമീറ്ററിന്റെ 70 ശതമാനമാണു ഉയരം (122.5 മില്ലിമീറ്റർ) എന്നു സൂചിപ്പിച്ചിരിക്കുന്നു. ഉയരവും വീതിയും തമ്മിലുള്ള അനുപാതം എന്ന നിലയിൽ പറയുന്നതിനാൽ ഇതിനെ ആസ്പെക്ട് റേഷ്യോ എന്നാണു വിളിക്കുക. റേഷ്യോ കുറഞ്ഞ ടയറുകൾ വളവുകളിലും മറ്റും കൂടുതൽ സ്ഥിരത നൽകും. അതേസമയം മോശം റോഡുകൾ മൂലമുള്ള നാശത്തിനു സാധ്യത കൂടുതലുമാണ്.

∙ കോഡിൽ അടുത്തത് ആർ എന്ന ഇംഗ്ലിഷ് അക്ഷരമാണ്. റേഡിയൽ ടയർ എന്ന സൂചനയാണിത്. ഇപ്പോൾ റേഡിയൽ അല്ലാത്ത കാർ ടയറുകൾ അപൂർവം. ക്രോസ് പ്ലൈ, ബയസ് എന്നീ നിർമാണ രീതികൾ മറ്റുതരം വാഹനങ്ങൾക്കുള്ള ടയറുകളിൽ ഇപ്പോഴും കാണാം.

∙ വീൽ സൈസ്– അടുത്ത സംഖ്യ ടയർ പിടിപ്പിക്കേണ്ടുന്ന വീലിന്റെ (റിമ്മിന്റെ) വ്യാസം (ഡയമീറ്റർ) എത്ര ഇഞ്ച് എന്നതിന്റെ സൂചനയാണ്. ഇവിടെ 13 എന്നു കാണുന്നതിനാൽ 13 ഇഞ്ച് വ്യാസമുള്ള വീൽ എന്നർഥം.

∙ ഭാരവാഹക ശേഷി– കോഡിൽ തുടർന്നുള്ള 82 എന്ന അക്കം ലോഡ് സൂചികയാണ്. ടയറിന് എത്ര ഭാരം വഹിക്കാനാകും എന്നറിയാം. സൂചികയിൽ 60 മുതൽ 110 വരെയാണുള്ളത്. 60 എന്നത് 250 കിലോഗ്രാമിനെയും 110 എന്നത് 1060 കിലോഗ്രാമിനെയും കുറിക്കുന്നു. കാറിനു നാലു ടയറുള്ളതിനാൽ ഇതിനെ നാലുകൊണ്ടു ഗുണിച്ചാൽ കാറിനും അതിലെ യാത്രക്കാർക്കുമെല്ലാം കൂടി എത്ര ഭാരം വരെയാകാം എന്നറിയാം.

∙ സ്പീഡ്– അടുത്ത ഇംഗ്ലിഷ് അക്ഷരം പരമാവധി എത്ര വേഗത്തിൽ വരെ പോകാൻ ഈ ടയർ ഉപയോഗിക്കാം എന്നതിന്റെ സൂചനയാണ്. എ മുതൽ വൈ വരെയാണു സൂചികയിലുള്ളത്. എ ഏറ്റവും കുറഞ്ഞ വേഗം (മണിക്കൂറിൽ 40 കിലോമീറ്റർ വരെ പരമാവധി വേഗം) സൂചിപ്പിക്കുമ്പോൾ ‘വൈ’ മണിക്കൂറിൽ 300 കിലോമീറ്റർ വരെ വേഗത്തിൽ പോകാവുന്ന ടയറാണ്. ചെറിയ ഹാച്ബാക് കാറുകൾക്കും സൂപ്പർ കാറുകൾക്കും ഒരേ സ്പീഡ് റേറ്റിങ് ഉള്ള ടയറുകളല്ലല്ലോ വേണ്ടത്.

ഇവിടെ ഉദാഹരണത്തിൽ ടി എന്നാണുള്ളത്– പരമാവധി 190 കിമീ വേഗം. ക്യു(160) മുതൽ എച്ച് (210) വരെയാണ് ഇന്ത്യയിലെ മിക്ക കാർ ടയറുകളുടെയും റേറ്റിങ്. വി(240) മുതൽ വൈ(300) വരെ റേറ്റിങ് ആണ് സൂപ്പർ കാറുകളുടെ ടയറിന്. പുതിയ ടയറിന്റെ റേറ്റിങ് ആണിതെന്നും പഴക്കം ചെന്ന ടയർ ഉപയോഗിച്ച് ഈ വേഗത്തിൽ ഓടുന്നത് അപകടമുണ്ടാക്കാം എന്നും വ്യക്തമാണല്ലോ. (സ്പീഡ് പട്ടികയിൽ ഒ, എക്സ് എന്നിവ ഇല്ല. എച്ച് വരുന്നത് യു, വി എന്നിവയുടെ ഇടയ്ക്ക്. ആർ 170 കിമീ, എസ് 180, ടി 190, യു 200, എച്ച് 210, ഡബ്ല്യു 270 കിമീ.)

English Summary: Decoding Tyre Codes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com