ADVERTISEMENT

ഡൈവിങ് ശീലങ്ങളപ്പറ്റി ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ബോബൻ ഇറാനിമോസ് എഴുതിയ കുറിപ്പ്

കേരളത്തിലെ റോഡുകൾ ഒട്ടും സുരക്ഷിതമല്ലാതെ ആയി തീർന്നിരിക്കുന്നു. റോഡിന്റെ ശോചനീയമായ അവസ്ഥയും വാഹനപ്പെരുപ്പവും തെറ്റായ ഡ്രൈവിങ് ശീലങ്ങളും കാരണം ദിവസവും എത്ര ജീവനുകളാണ് നമ്മുടെ റോഡിൽ പൊലിഞ്ഞു പോകുന്നത്. കഴിഞ്ഞ ദിവസം അവിനാശിയിൽ ഉണ്ടായ അപകടത്തിൽ പത്തൊൻപതു ജീവനുകളാണ് നഷ്ടമായത്. എന്തെക്കെ സ്വപ്നങ്ങൾ ആയിരിക്കാം അവർക്കുണ്ടായിരുന്നത്. എന്തുമാത്രം പ്രതീക്ഷകളായിരിക്കാം അവരെ കുറിച്ച് അവരുടെ കുടുംബാംഗങ്ങൾക്കുണ്ടായിരുന്നത്. എല്ലാം നിമിഷങ്ങൾക്കുള്ളിലാണ് ഇല്ലാതെയായത്. വാഹനാപകടങ്ങൾക്ക് പ്രധാന കാരണം തെറ്റായ ഡ്രൈവിങ് ശീലങ്ങൾ ആണ്. ഈ ശീലങ്ങൾ നാം മാറ്റേണ്ടിയിരിക്കുന്നു, നാം വീണ്ടു പഠിക്കേണ്ടിയിരിക്കുന്നു ഡ്രൈവിങ്ങിന്റെ ബാലപാഠങ്ങൾ.

ഓവർടേക്കിങ്ങിന്റെ നല്ല പാഠങ്ങൾ

ശ്രദ്ധയില്ലാതെയുള്ള ഓവർടേക്കിങ്ങ് ശീലമാണ് അപകടം ഉണ്ടാകാനുള്ള മുഖ്യ കാരണം. മുന്നിലെ റോഡിന് ആവശ്യത്തിനുള്ള വീതിയും, വഴി വ്യക്തമായി കാണാൻ കഴിയുന്നതുമായ സാഹചര്യത്തിൽ മാത്രമേ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കാവൂ. മുൻവശത്ത് നിന്നു വാഹനങ്ങൾ ഒന്നു വരുന്നില്ലെന്നും പിന്നിൽ നിന്ന് വാഹനങ്ങൾ നിങ്ങളുടെ വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നില്ല എന്നും ഉറപ്പു വരുത്തിയതിന് ശേഷം മാത്രം ഓവർടേക്ക് ചെയ്യുക. കയറ്റം ,ഇറക്കം, വളവുകൾ, വീതി കുറഞ്ഞ റോഡുകൾ, ഇടുക്കിയ പാലം എന്നീ സാഹചര്യങ്ങളിൽ ഓവർടേക്കിങ്ങ് പാടില്ല എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കുക. മുന്നിൽ പോകുന്ന വാഹനത്തിന്റെ ഡ്രൈവറെ ഹോണടിച്ചു തന്റെ വാഹനം കയറി വരുന്നുണ്ടെന്ന സൂചന നൽകേണ്ടത് അത്യാവശ്യമാണ്. ഇങ്ങനെ ചെയ്യുമ്പോൾ മുന്നിപ്പോകുന്ന വാഹനത്തിന്റെ ഡ്രൈവർ നിങ്ങൾക്ക് കടന്നു പോകാനുള്ള വഴി നൽകും. 

എതിർ ദിശയിൽ നിന്നു വളരെ വേഗത്തിൽ വാഹനങ്ങൾ വന്നു കൊണ്ടിരിക്കുമ്പോഴോ നിങ്ങളുടെ വാഹനം കടന്നുപോകാൻ മുന്നിൽ കഷ്ടിച്ച് അൽപം വഴി മാത്രം ഉണ്ടായിരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ ഒട്ടുമിക്ക ആളുകളും ആക്സിലറേറ്ററിൽ കാലമർത്തി വേഗത കൂട്ടി മുന്നിൽ പോകുന്ന വാഹനത്തിന്റേയും എതിർദിശയിൽ നിന്ന് വരുന്ന വാഹനത്തിന്റേയും ഇടയിലൂടെയും മിക്കപ്പോഴും അഭ്യാസ പ്രകടനം നടത്താറുണ്ട്. പലപ്പോഴും കഷ്ടിച്ച് രക്ഷപെട്ടു പോകാറുണ്ട് .എന്നാൽ ഇങ്ങനെ എപ്പോഴും കടന്നു പോകാമെന്ന് കരുതേണ്ട. അത്യന്തം അപകടകരമാണ് മറികടക്കാൽ ശ്രമമാണിത്. 

ഓവടേക്ക് ചെയ്യുമ്പോൾ ഒരിക്കലും ആശങ്ക ഉണ്ടാകരുത്. പേടിച്ച് പേടിച്ച് ഓവർടേക്ക് ചെയ്യാൻ ശ്രമിക്കരുത് എന്നാണ് പറഞ്ഞ് വെച്ചതിന്റെ സാരം. മുന്നിൽ പോകുന്ന വാഹനത്തെ ഓവർടേക്ക് ചെയ്ത് തുടങ്ങുമ്പോൾ കടന്നു പോകാനാകുമോ എന്ന് ഓർത്ത് പേടി തോന്നിയാൽ തൊട്ടു മുന്നിലുള്ള വാഹനത്തെ മറികടക്കാൻ കഴിയില്ല. മുന്നിൽ പോകുന്ന വാഹനത്തിന്റെ പകുതി കടന്നു ഓവർടേക്ക് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാനാവാതെ ഒടുവിൽ പിൻ വാങ്ങേണ്ടി വരുന്നത് അപകടത്തിന് ഇടയാക്കും. ഓവർടേക്ക് ചെയ്യുമ്പോൾ നിങ്ങൾക്ക് നൂറു ശതമാനം ഉറപ്പ് വേണം സുരക്ഷിതമായി മുന്നിലെ വാഹനത്തെ മറികടക്കാൻ നിങ്ങൾക്ക് കഴിയുമെന്ന്.

മുന്നിൽ പോകുന്ന വാഹനത്തെ മുട്ടി മുട്ടിയില്ല എന്ന തരത്തിൽ വാഹനം ഓടിച്ച് അൽ‌പം ഇടകിട്ടിയാൽ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്ന ചിലരുണ്ട്. ഇത് വലിയ അപകടത്തിന് കാരണമാകും. മുന്നിൽ പോകുന്ന വാഹനത്തിന്റെ മറവ് കൊണ്ട്, എതിർ ദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ വ്യക്തമായി കാണാനോ, അവയുടെ വേഗത നിർണ്ണയിക്കാനോ സാധിക്കില്ല. ഈ സമയത്ത് ഓവർടേക്കിങ്ങിന് ശ്രമിച്ചാൽ അപകട സാധ്യത കൂടുതലാണ്. ഓവർ ടേക്കിങ്ങ് ഒരു കാൽക്കുലേഷനാണ് ,ശ്രദ്ധ തെറ്റിയാൽ നിങ്ങൾക്ക് നഷ്ടപ്പെടുന്നത് നിങ്ങളുടെ ജീവൻ തന്നെയായിരിക്കും. ഇനി മുതൽ സുരക്ഷിതമായി ഓവർ ടേക്ക് ചെയ്യാം നമ്മുക്ക്.

സുരക്ഷിതമാക്കാം നമ്മുടെ രാത്രികാല യാത്രകൾ

യാത്ര പുറപ്പെടുന്നതിന് മുമ്പ് തന്നെ വാഹനത്തിന്റെ ഫ്രണ്ട് ഗ്ലാസ്, സൈഡ് മിറർ എന്നിവ ക്ലീനാക്കി വയ്ക്കേണ്ടതുണ്ട് ഹെഡ്‌ലൈറ്റ്, ഇൻഡിക്കേറ്റർ എന്നിവ കൃത്യമായി പരിശോധിക്കുക. രാത്രികാല യാത്രക്ക് പരിചയമുള്ള ഒരാൾ വളയം പിടിക്കുന്നതാണ് നല്ലത്. ക്ഷീണം തോന്നിയാൽ അടുത്ത ജംഗഷനിൽ നിർത്തി വിശ്രമിക്കാം എന്നു കരുതേണ്ട. ഇടത് വശം ചേർത്ത് അങ്ങ് ഒതുക്കി നിർത്തി, നന്നായി ഒന്നു ഉറങ്ങിയിട്ട് പോയാൽ മതി. ഉറക്കം തോന്നുന്നില്ലെങ്കിലും വാഹനം ഇടയ്ക്ക് നിർത്തി അൽപനേരം വിശ്രമിക്കുന്നത് നല്ലതാണ്. തട്ടുകടയിൽ ഒരു കടും കാപ്പിയുമാകാം. ദീർഘദൂര യാത്രയാണെങ്കിൽ ഡ്രൈവിങ് അറിയാവുന്ന ഒരാളെ കൂടെ കൂട്ടുന്നത് നല്ലത്. 

രാത്രിയാത്രകളിൽ വില്ലനായി എത്തുന്നത് എതിർ വശത്ത് നിന്നു വരുന്ന വാഹനത്തിന്റെ ഹെഡ് ലൈറ്റിൽ നിന്നുള്ള വെളിച്ചമാണ്. എതിരെ വരുന്ന വാഹനത്തിന്റെ ലൈറ്റിലേയ്ക്ക് നോക്കരുത്. തീവ്രമായ പ്രകാശം കണ്ണിലേക്ക് അടിക്കുന്നതു മൂലം റോഡിലുള്ള ശ്രദ്ധ നഷ്ടപ്പെട്ട് അപകടം ഉണ്ടാകുന്നതിന് കാരണമാകാം. നിങ്ങളുടെ വാഹനത്തിന്റെ ഹെഡ് ലൈറ്റ് ഡിം ആക്കി കൊടുത്ത് എതിരെ വരുന്ന വാഹനത്തിന് ബുദ്ധിമുട്ട് ഉണ്ടാകാതെ സുരക്ഷിതമായി കടന്നു പോകാൻ സഹായിക്കേണ്ടതുണ്ട്. അവൻ ഡിം അടിച്ചിട്ട് ഞാൻ അടിക്കാം എന്ന വാശി വേണ്ട, അങ്ങ് അടിച്ച് കൊടുത്തേക്ക്, നിങ്ങൾ ഒരു മാന്യൻ ആണെന്ന് അവർ കരുതിക്കോട്ടെ. രാത്രിയാത്രകളിൽ വെളിച്ച കുറവ് ഉള്ളതു കൊണ്ട് വേഗം കുറച്ചും മുന്നിൽ പോകുന്ന വാഹനത്തിൽ നിന്നും അൽപം അകലമുട്ടും സഞ്ചരിക്കുന്നതായും നന്നാവുക. വാഹനത്തിന്റെ ഉള്ളിൽ വെളിച്ചം കെടുത്തി ഓടിക്കുന്നതാണ് നല്ലത്, ഇങ്ങനെ ചെയ്യുമ്പോൾ റോഡ് കുറച്ചു കൂടെ വ്യക്തമായി കാണാനാകും. ഇരുട്ടത്ത് കാൽനട യാത്രക്കാരുടെ മേൽ പ്രത്യേകം ശ്രദ്ധ വേണം. രാത്രി ആയാൽ മൃഗങ്ങൾ വഴി മുറിച്ച് കടക്കാൻ സാദ്യത ഉണ്ട് എന്ന് പ്രത്യേകം ഓർക്കുക.

അരിശം റോഡിൽ വേണ്ട

ചിലർക്ക് റോഡ് തങ്ങളുടെ ദേഷ്യം പ്രകടിപ്പിക്കാർ ഉള്ള ഇടമാണ്. മുന്നിൽ പോകുന്ന വാഹനം മെല്ലെ പോകുന്നത് കണ്ടാൽ, ലൈറ്റ് തെളിയിച്ചും, ഹോൺ അടിച്ച് ദേഷ്യം തീർക്കും. കടുപ്പിച്ച് ഒരു നോട്ടം നോക്കി അസഭ്യവാക്കുകൾ വർഷിക്കും. ചിലർ പുറകിലുള്ള വാഹനത്തിന് കയറി പോകാൻ വഴി നൽകാതെ ദേഷ്യം തീർക്കുന്നത് കണ്ടിട്ടുണ്ട്. പുറകെ വരുന്ന വരുന്നവർ ഏതെങ്കിലും രീതിയിൽ ഓവർടേക്ക് ചെയ്ത് മുന്നിലെത്താൻ ശ്രമിച്ചാൽ വാഹനത്തിന്റെ വേഗത കൂട്ടി അവനെ അപായപ്പെടുത്താൻ ശ്രമിക്കും.

ദേഷ്യം തീർക്കാൻ വേഗത കൂട്ടി ഓവർടേക്ക് ചെയ്യാൻ ശ്രമിച്ച് പുറകിൽ വരുന്ന വാഹനം അപകടത്തിൽ പെടും. ചിലരുടെ വിചാരം തങ്ങളുടെ വാഹനം മറ്റുള്ളവരുടെ വാഹനത്തേക്കാൾ വിലയുള്ളതാണ്. അത് കൊണ്ട് നിങ്ങൾ വേണമെങ്കിൽ മാറി നിന്നോ ഞാൻ മാറില്ല എന്ന വാശിയിലാകും അവർ. റോഡിൽ ഈ വലുപ്പചെറുപ്പം വേണ്ട. സുരക്ഷയാണ് പ്രാധാന്യം. അൽപം ഒന്നു ശ്രദ്ധിച്ചാൽ വാഹന ഓടിക്കുമ്പോൾ ഉള്ള നിങ്ങളുടെ ദേഷ്യത്തെ നിയന്ത്രിക്കാൻ കഴിയും. 

മാനസിക സംഘർഷമോ, സമ്മർദ്ദമോ ഉള്ളപ്പോൾ വാഹനം ഓടിക്കാതെ ഇരിക്കുകയാണ് നല്ലത്. യാത്രക്ക് മുൻകൂട്ടി തയ്യാറെടുക്കുകയും അൽപം നേരത്തെ പുറപ്പെടുകയും ചെയ്യുന്നത് റോഡിൽ ഒരു തടസ്സം ഉണ്ടായാലും നിങ്ങളെ ചൊടിപ്പിക്കില്ല. അനാവശ്യമായി ഹോൺ ഉപയോഗിച്ച് മറ്റു ഡ്രൈവർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്. പതിഞ്ഞ താളത്തിലുള്ള സംഗീതം നിങ്ങളുടെ പിരിമുറക്കത്തെ കുറയ്ക്കാൻ സഹായിക്കും. തിടുക്കപ്പെട്ട് പുറകെ വരുന്ന വാഹനത്തെ കടന്ന് പോകാൻ അനുവദിക്കുകയും, അവരുടെ തുറിച്ച് നോട്ടത്തിനും, അശ്ലീല ആഗ്യത്തിനും പ്രതികരിക്കാൻ പോകാതെ ഇരിക്കുക. ഇനി അവർ പ്രശ്നമുണ്ടാക്കി പുറകെ വന്നാൽ പോലീസിനെ വിളിക്കുകയോ, അടുത്ത് കാണുന്ന പോലീസ് സ്റ്റേഷനിലേയ്ക്ക് വാഹനം ഓടിച്ച് കയറ്റുകയോ ചെയ്യുക.

നിങ്ങൾക്ക് അറിയാവുന്ന എന്നാൽ നിങ്ങൾ ചെയ്യാത്ത ചില ഡ്രൈവിംഗ് പാഠങ്ങൾ

ഹെൽമറ്റ് ധരിക്കാതെയും, സീറ്റ് ബെൽറ്റ് ഇടാതെ വാഹനം സ്റ്റാർട്ട് ചെയ്യരുത്. ഹെൽമറ്റ് ധരിക്കുമ്പോൾ ചിൻ ട്രാപ്പ് കൂടി മറക്കാതെ ഇടുക. തിരിയുമ്പോൾ ഇൻഡികേറ്റർ ഇടാനും തിരിഞ്ഞുകഴിഞ്ഞ് അത് ഓഫു ചെയ്യാനും മറക്കരുത്. ചില ഇരുചക്രവാഹനങ്ങളിൽ മുഴുവൻ സമയം ഇൻഡികേറ്റർ കത്തി കിടക്കുന്നത് കാണാം. ഒരു ബീപ്പ് ടോൺ ഇൻഡികേറ്ററുമായി ഘടിപ്പിച്ചാൽ അവ ഓൺ ആണോ ഓഫ് ആണോ എന്നറിയാം. മദ്യപിച്ച് വാഹനം ഓടിക്കരുത് എന്ന് പ്രത്യേകം പറയണ്ടല്ലോ. മദ്യം, മയക്കുമരുന്ന്, ചില മരുന്നുകൾ (Sedation) എന്നിവ കഴിച്ചതിന് ശേഷം വണ്ടി എടുക്കാതെ ഇരിക്കുന്നതാണ് നല്ലത്. 

വഴിയിൽ അഭ്യാസങ്ങൾ ഒന്നു വേണ്ട, ടൂ വീലറിന്റെ ടയർ പൊക്കുക, ഒറ്റ വീലിൽ ഓടിക്കുക, തുടങ്ങിയ കലാപരിപാടികൾ റോഡിൽ നടത്തരുത്. നിഷ്കർഷിച്ചിട്ടുള്ളതിൽ കൂടുതൽ വേഗത എടുക്കാതെ ഇരിക്കുക, ഇടതുവശത്ത് വഴിയുള്ള ഓവർടേക്കിങ് എന്നിവ ഒഴിവാക്കുന്നത് നല്ലത്.‌‌ ആബുംലൻസ് വന്നാൽ ഒന്നു നന്നായി ഒതുക്കി കൊടുക്കാൻ ശ്രമിക്കുകക, കരണം ഒരു മനുഷ്യൻ രക്ഷപെടാൻ നിങ്ങൾ ഒരു കാരണമായേക്കാം. വാഹനം ഓടിക്കുമ്പോൾ കുപ്പിവെള്ളം കുടിക്കുക, ഡാഷ് ബോർഡ് പരിശോധിക്കുക, താഴെ കിടുക്കുന്ന സാധനങ്ങൾ എടുക്കുക, സ്റ്റീരിയോയിലെ പാട്ട് മാറ്റുക്ക തുടങ്ങിയ കലാപരിപാടികൾ ഒന്നു വേണ്ട.

സർക്കാർ അറിയാൻ

ഞങ്ങൾ ശ്രദ്ധിച്ച് ഓടിച്ചോളാം. എന്നാൽ റോഡ് ഒക്കെ ഒന്നു ശരിയാക്കി ഇടണം. പല റോഡുകളും സഞ്ചാരയോഗ്യമല്ല. അശാസ്തീയമായ ടാറിങ്ങ് കാരണം റോഡിന്റെ ചില ഭാഗങ്ങൾ താഴ്ന്നു പൊങ്ങിയുമാണ് കിടക്കുന്നത്. ചില സ്ഥലങ്ങിൽ മഴക്കാലത്ത് കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. കുഴിയിൽ വീണുണ്ടായ നിരവധി മരണവാർത്തകൾ നാം കേട്ടിട്ടുള്ളതാണ്. സീബ്രാലൈൻ പല സ്ഥലങ്ങളിലും മങ്ങി തുടങ്ങി, റോഡിലെ മറ്റ് അടയാളങ്ങളുടെ സ്ഥിതിയും ഇതു തന്നെയാണ്. ട്രാഫിക്ക് അടയാളങ്ങളിൽ മിക്കതും വള്ളിച്ചെടിക്ക് പടർന്നു മറഞ്ഞിരിക്കുന്നു. ദിശാ സൂചകങ്ങളുടെ ഗതിയും ഇത് തന്നെ. ഇങ്ങനെ പറയാൻ ആണെങ്കിൽ ഒരു പാടുണ്ട്.

വാഹനങ്ങൾ കൂടി വരുന്ന ഈ കാലഘട്ടത്തിൽ ഡ്രൈവിംങ്ങ് ഒരു സവിശേഷ കഴിവായി കാണേണ്ടതുണ്ട്. ലൈസൻസ് ഉണ്ട്, വാഹനങ്ങൾ ഓടിക്കാൻ അറിയാം എന്നത് കൊണ്ട് നിങ്ങൾ ഒരു ഡ്രൈവർ ആണെന്ന് പറയാൻ കഴിയില്ല. നിയമങ്ങൾ പാലിച്ച് സുരക്ഷിതമായി വാഹനം ഓടിക്കുമ്പോൾ മാത്രമാണ് നിങ്ങൾ ഒരു നല്ല ഡ്രൈവറായി മാറുന്നത്. നിങ്ങളുടെ കൈ കൊണ്ട് ഒരാൾക്കും ജീവൻ നഷ്ടപ്പെടരുത്, ഒരു കുടുംബം അനാഥമാകരുത് എന്ന് ഓർമ്മിച്ച് കൊണ്ട് ഓരോ ദിവസവും ഡ്രൈവിംഗ് സീറ്റിലേയ്ക്ക് കയറിയാൽ വാഹനാപകടങ്ങൾ നമ്മുക്കു കുറയ്ക്കാനാകും. പഠിക്കാം നമ്മുക്ക് നല്ല പാഠങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com