വാഹനം വാങ്ങാൻ പോകുകയാണോ? എല്ലാ കാറിലും വേണം 5 ഫീച്ചറുകൾ

car-features
SHARE

ഏതു വാഹനം വാങ്ങിയാലും എത്ര രൂപയുടെ വാഹനം വാങ്ങിയാലും വേണ്ട ചില ഫീച്ചറുകളുണ്ട്. മുമ്പ് ചെറു വാഹനങ്ങളിൽ ഈ ഫീച്ചറുകൾ കാണാറില്ലായിരുന്നു പക്ഷേ സുരക്ഷയും സൗകര്യങ്ങളും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഒട്ടു മിക്ക വാഹനങ്ങളിലും ഈ ഫീച്ചറുകളുണ്ട്. വാഹനം വാങ്ങുന്നതിന് മുമ്പ് ഈ ഫീച്ചറുകൾ ഉണ്ടോ എന്ന് നോക്കാം. എല്ലാ കാറുകളും വേണ്ട 10 ഫീച്ചറുകൾ ഏതൊക്കെയെന്ന് നോക്കാം

1. ഡ്യുവൽ ഫ്രണ്ട് എയർബാഗ്

വാഹനത്തിന്റെ പ്രാഥമിക സുരക്ഷാ ഫിച്ചറാണ് എയർബാഗുകൾ. എന്നാൽ ചില വാഹനങ്ങളിൽ ഡ്രൈവറിന് മാത്രമേ എയർബാഗുകളുണ്ടാകൂ. മുന്നിലെ രണ്ടു യാത്രക്കാർക്കും എയർബാഗ് നിർബന്ധമായും വേണം. യാത്രക്കാരെ മരണത്തിൽ നിന്നു വരെ എയർബാഗ് രക്ഷിച്ചേക്കാം. അപകടം പറ്റുമ്പോൾ മുന്നിലെ യാത്രക്കാരന്റെ ജീവനും സുരക്ഷിതമാക്കാൻ അൽപം വില കുറവ് നോക്കാതെ കാർ തിരഞ്ഞെടുക്കാം.

2. എബിഎസ്

എല്ലാ വാഹനത്തിലും വേണ്ട മറ്റൊരു സുരക്ഷ ഫീച്ചറാണ് എബിഎസ്. വേഗത്തിൽ വരുന്ന വാഹനം സഡൻ ബ്രേക്കിടുകയാണെങ്കിൽ ബ്രേക്കിന്റെ പ്രവർത്തനം മൂലം ടയറുകളുടെ കറക്കം നിൽക്കും. എന്നാൽ വാഹനത്തിന്റെ വേഗതമൂലം വാഹനം നിൽക്കണമെന്നില്ല, പകരം തെന്നി നീങ്ങി മറ്റ് വാഹനങ്ങളിൽ ചെന്നിടിക്കും. എന്നാൽ ഇത്തരം സാഹചര്യമാണ് എബിഎസ് ഇല്ലാതാക്കുന്നത്. ഡ്രൈവർ സഡൻ ബ്രേക്ക് ചെയ്യുകയാണെങ്കിലും എബിഎസ് ബ്രേക്ക് ഫോഴ്‌സ് പമ്പ് ചെയ്ത് ടയറുകളിൽ നൽകുകയും ഇതുവഴി വാഹനം തെന്നി നീങ്ങുന്നത് ഒഴിവാക്കുകയും മെച്ചപ്പെട്ട ബ്രേക്കിങ് നൽകുകയും ചെയ്യുന്നു. മറ്റൊരു കാര്യം എബിഎസ് ഇല്ലാത്ത വാഹനങ്ങൾ ബ്രേക്ക് ചെയ്യുമ്പോൾ ടയറുകളുടെ പ്രവർത്തനം നിലയ്ക്കുകയും അതുവഴി സ്റ്റിയറിങ്ങിന്റെ നിയന്ത്രണം നഷ്ടമാകുകയും ചെയ്യുന്നു എന്നാൽ എബിഎസ്, ടയറിന്റെ ചലനം പൂർണ്ണമായി നിലയ്ക്കുന്നതു തടഞ്ഞ് മെച്ചെപ്പട്ട സ്റ്റിയറിങ് നിയന്ത്രണം ഉറപ്പാക്കുന്നു, അതുകൊണ്ട് തന്നെ ബ്രേക്കിങ്ങിനിടെ തന്നെ വെട്ടിച്ചു മാറ്റി അപകടം ഒഴിവാക്കാനും സാധിക്കുന്നു.

3. ഇഎസ്പി (ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി പ്രോഗ്രാം)

എബിഎസിനൊപ്പം നല്‍കുന്ന മറ്റൊരു സുരക്ഷാ സംവിധാനമാണ് ഇഎസ്പി. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകാന്‍ ഇടയാക്കുന്ന അണ്ടര്‍ സ്റ്റിയറിങ്, ഓവര്‍ സ്റ്റിയറിങ് എന്നിവ ഇല്ലാതാക്കാനും പെട്ടെന്നുള്ള ആക്‌സിലറേഷന്‍ സമയത്ത് വീല്‍ സ്പിന്‍ ആകുന്നത് തടയാനും ഇഎസ്പിക്കു കഴിയും. ഓരോ വീലിലും പ്രത്യേകമായാണ് ഇതു ഘടിപ്പിക്കുന്നത്.

സ്റ്റിയറിങ്ങിന്റെ തിരിവിന് ആനുപാതികമായി വീലുകള്‍ തിരിയാതെ വരുമ്പോഴും വാഹനത്തിന്റെ സ്‌റ്റെബിലിറ്റി നഷ്ടപ്പെടാന്‍ തുടങ്ങുകയോ ചെയ്യുമ്പോഴുമാണ് ഇഎസ്പി പ്രവര്‍ത്തിക്കുക. ഈ സമയം ഓട്ടമാറ്റിക് ആയി എന്‍ജിന്‍ ടോര്‍ക്ക് കുറച്ചോ ആവശ്യമെങ്കില്‍ ഓരോ വീലിലേക്കും പ്രത്യേകം ബ്രേക്ക് ഫോഴ്‌സ് നല്‍കിയോ ആണ് ഇഎസ്പി വാഹനത്തെ നിയന്ത്രിക്കുന്നത്. ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി പ്രോഗ്രാമിന് വെഹിക്കിള്‍ സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നും (വിഎസ്‌സി) ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നും പേരുണ്ട്.

4. ഐഎസ്ഒഎഫ്ഐഎക് (കുട്ടി സീറ്റ് ഫീറ്റി ചെയ്യാനുള്ള ലോക്ക്)

കുട്ടികളുടെ സുരക്ഷിതമായ യാത്രയ്ക്ക് ഉപകരിക്കുന്ന ഫീച്ചറാണിത്. കാറിൽ കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ ചൈൽഡ് സീറ്റ് നിർബന്ധമായും വേണം. കാരണം അപകടമുണ്ടാകുന്ന പക്ഷം കുട്ടികൾ തെറിച്ചു പോകാനുള്ള സാധ്യത കൂടുതലാണ്. പുതിയ വാഹനങ്ങളെല്ലാം കുട്ടികളുടെ സുരക്ഷയ്ക്ക് കൂടുതൽ പ്രധാന്യം നൽകുന്നവയാണ്. എന്നാലും പിന്‍സീറ്റിൽ ചൈൽഡ് സീറ്റ് ഘടിപ്പിച്ച് സീറ്റ് ബെൽട്ട് ഇട്ടതിനു ശേഷമുള്ള യാത്ര കൂടുതൽ സുരക്ഷ നൽകും. പിൻസീറ്റിൽ ഇസോഫിക്സ് ചൈൽഡ് പിറ്റ് സഹിതമുള്ള വാഹനങ്ങൾ ഇന്ന് ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്.

5. എന്‍ജിന്‍ ഇമ്മൊബിലൈസര്‍

ഇപ്പോള്‍ നിരത്തിലിറങ്ങുന്ന ഒട്ടുമിക്ക വാഹനങ്ങളിലും ഈ ഫീച്ചറുണ്ടാകും. വാഹന മോഷണത്തിനുള്ള സാധ്യത ഒഴിവാക്കുകയാണ് ഇതിന്റെ ദൗത്യം. ഈ സാങ്കേതിക വിദ്യയുണ്ടെങ്കില്‍ മറ്റ് താക്കോലുകളോ സൂത്രവിദ്യകളോ ഉപയോഗിച്ച് വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കുകയില്ല.

English Summary: Must Have Features In Car

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA