ലോക്ഡൗണിന് ശേഷം കാര്‍ സ്റ്റാര്‍ട് ചെയ്യുമ്പോള്‍ പണിമുടക്കാതിരിക്കാൻ...

Car-tips
SHARE

കോവിഡ് ഭീതിയില്‍ സുരക്ഷിതരായി നാം വീട്ടിലിരിക്കേ, വാഹനങ്ങളുടെ കാര്യത്തിലും അല്‍പം കരുതല്‍ ആവശ്യമുണ്ട്. രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ അവശ്യഘട്ടത്തിലല്ലാതെ ഏതായാലും കുറച്ചു ദിവസം കാറുകള്‍ പുറത്തിറക്കാനാവില്ല. അങ്ങനെ ദീര്‍ഘനാളത്തേക്ക് കാറുകള്‍ നിര്‍ത്തിയിടുമ്പോള്‍ ചില മുന്‍കരുതല്‍ എടുക്കേണ്ടത് ആവശ്യമാണ്. ഇല്ലെങ്കില്‍ ഒരു അടിയന്തര ഘട്ടം വന്നാല്‍ വാഹനം നമുക്ക് ഉപയോഗിക്കാനാകാതെ പണിമുടക്കിയെന്നുവരും.

car-cover

ഹാന്‍ഡ് ബ്രേക്ക്

കുറച്ച് അധിക ദിവസത്തേക്കു കാറുകള്‍ നിര്‍ത്തിയിടുമ്പോള്‍ ഹാന്‍ഡ് ബ്രേക്ക് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇതു ബ്രേക്ക് പാഡുകള്‍ ജാം ആകാന്‍ കാരണമാകും. ഏതാനും ദിവസം കഴിഞ്ഞ് എടുക്കുമ്പോള്‍ വാഹനത്തിനു ചലിക്കുന്നതില്‍ ചില ബുദ്ധിമുട്ടുകള്‍ നേരിട്ടേക്കാം. ഈ സാഹചര്യത്തില്‍ കല്ലോ മരക്കഷണമോ കൊണ്ട് ടയറിനു തടസ്സം വയ്ക്കുന്നതാണ് ഉചിതം. കൂടാതെ പാര്‍ക്ക് ചെയ്ത കാര്‍ ഫസ്റ്റ് ഗിയറില്‍ ഇടുക.

സ്പാര്‍ക് പ്ലഗ്

ദീര്‍ഘനാളത്തേക്കു കാര്‍ നിര്‍ത്തിയിടുമ്പോള്‍ സ്പാര്‍ക്ക് പ്ലഗുകള്‍ ഊരിവയ്ക്കുന്നതും ഉചിതം. എന്‍ജിന്റെ സിലിണ്ടര്‍ ഹെഡിലുണ്ടാകുന്ന തുരുമ്പിനെ പ്രതിരോധിക്കാന്‍ ഇതു സഹായിക്കും. വീണ്ടും ഉപയോഗിക്കാനായി പ്ലഗ് ഫിറ്റ് ചെയ്യുന്നതിനു മുന്‍പ് സോക്കറ്റില്‍ അല്‍പം ഓയില്‍ പുരട്ടിക്കൊടുക്കുക. മെക്കാനിക്കുകളായ സുഹൃത്തുക്കളോ അയല്‍ക്കാരോ ഉണ്ടെങ്കില്‍ അവരെക്കൊണ്ട് ഇതു ചെയ്യിക്കുന്നതാണ് നല്ലത്.

inside-car

അകത്തളവും പുറവും വൃത്തിയാക്കുക

കാര്‍ ദിവസങ്ങളോളം പാര്‍ക്ക് ചെയ്ത് ഇടുന്നതിനു മുന്‍പ് ഇന്റീരിയര്‍ നന്നായി വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. ബിസ്‌കറ്റ് പാക്കറ്റുകള്‍, ചോക്‌ലേറ്റ് കവറുകള്‍, പത്രക്കടലാസുകള്‍ എന്നിവയൊന്നും കാറിനകത്ത് അലസമായി ഇടരുത്. ഇത് എലിശല്യത്തിനു കാരണമാകുകയും ഇലക്ട്രിക്കല്‍, ഫൈബര്‍, റബര്‍ ഭാഗങ്ങള്‍ എലി കരളാന്‍ കാരണമാകുകയും ചെയ്യും. പാര്‍ക്ക് ചെയ്യുന്നതിനു മുന്‍പ് കാര്‍ വൃത്തിയാക്കിയ ശേഷം ഫ്രഷ്‌നര്‍ ഉപയോഗിക്കാതിരുന്നാല്‍ നല്ലത്. അടഞ്ഞ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന ഫ്രഷ്‌നര്‍ സുഗന്ധം ദിവസംചെല്ലുന്തോറും ദുര്‍ഗന്ധമായി മാറും.

കാര്‍ കവര്‍ ഉപയോഗിച്ച് മൂടുന്നതിനു മുന്‍പ് കാര്‍ ബോഡിയില്‍ പൊടിയോ അഴുക്കോ ഇല്ലെന്ന് ഉറപ്പാക്കണം. ഇല്ലെങ്കില്‍ കവറും പൊടിയും ചേര്‍ന്ന് ഉരഞ്ഞ് കാറില്‍ പോറല്‍ വീണേക്കാം.

car-battery

ബാറ്ററി

ദീര്‍ഘനാളത്തേക്ക് നിര്‍ത്തിയിടുന്ന കാറിന്റെ ബാറ്ററി അഴിച്ചുവയ്ക്കുന്നതാണു നല്ലത്. ഇല്ലെങ്കില്‍ ബാറ്ററി ഡ്രൈ ആകാന്‍ ഇടയാകും. ഫുള്‍ ചാര്‍ജ് ചെയ്ത ശേഷം നേരിട്ടു വെയിലേല്‍ക്കാത്ത ഇടത്ത് ബാറ്ററി സൂക്ഷിക്കാം. ബാറ്ററി ടെര്‍മിനലുകളിലും അതുമായി ബന്ധിപ്പിക്കുന്ന വാഹനത്തിലെ കേബിളിന്റെ അഗ്രത്തിലും പെട്രോളിയം ജെല്ലി തേയ്ക്കുന്നതും നന്നായിരിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA