കമ്പനി ഇന്ധനക്ഷമത നിങ്ങളുടെ വാഹനങ്ങളില്‍ ലഭിക്കാത്തത് എന്തുകൊണ്ട്?

fuel-efficency
Fuel Efficiency
SHARE

"കമ്പനി പറയുന്നത് 20 കിലോമീറ്റർ ഇന്ധനക്ഷമതയാണ്, എന്നാൽ എനിക്കു ലഭിക്കുന്നതോ 15 ഉം ". മിക്ക വാഹന ഉടമകളുടെയും ഒരു പരിഭവമാണിത്. ARAI പോലുള്ള മികച്ച വാഹന പരീക്ഷണശാലകളുടെ പേരിൽ നിർമാതാക്കൾ പ്രസിദ്ധപ്പെടുത്തുന്ന ഇന്ധനക്ഷമത ഉപഭോക്താക്കളുടെ ദിവസേനയുള്ള ഉപയോഗത്തിൽ ലഭിക്കുന്നില്ല എന്നതാണു വാസ്തവം . മുൻനിര സ്ഥാപനങ്ങൾ പ്രസിദ്ധപ്പെടുത്തുന്ന ഇത്തരം വിവരങ്ങൾ എന്ത് അടിസ്ഥാനത്തിലാണെന്നും എങ്ങനെയാണ് അവർ ഇന്ധനക്ഷമത പരിശോധിക്കുന്നതെന്നും നമുക്ക് ഒന്നു മനസ്സിലാക്കാം.

ഭാരത് സ്റ്റാൻഡേർഡ് എമിഷൻ ടെസ്റ്റ് 

ഒരു വാഹനം വിൽപനയ്ക്കു ലഭ്യമാക്കുന്നതിനു മുൻപ് ആ വാഹനം നിയമങ്ങൾ അനുശാസിക്കുന്ന പലതരം ഗുണപരിശോധനകൾക്കു വിധേയമാക്കേണ്ടതുണ്ട്. ഇതിൽ വളരെ പ്രധാനപ്പെട്ട  ഒന്നാണ് ഭാരത് സ്റ്റാൻഡേർഡ് വാതക മലിനീകരണ പരീക്ഷണങ്ങൾ. വിവിധ ഡ്രൈവിങ് സാഹചര്യത്തിൽ ഒരു വാഹനത്തിന്റെ എൻജിനിൽനിന്നു പുറംതള്ളുന്ന വാതകങ്ങൾ നിയമം അനുശാസിക്കുന്ന തോതിലും കുറവാണോ എന്നു പരിശോധിക്കുന്നത് ഈ പരീക്ഷണങ്ങളിലാണ്. നമുക്കു സുപരിചിതമായ പിയുസി(PUC) പൊലൂഷൻ പരീക്ഷണങ്ങളിൽനിന്നു വളരെ  വ്യത്യസ്തമാണ് നിർമാതാക്കൾ നടത്തുന്ന ഇത്തരം പരിശോധനകൾ. അഞ്ചു മുതൽ പതിനഞ്ചു കോടി രൂപവരെ മുതൽ മുടക്കുള്ള പരീക്ഷണശാലകളിൽ വളരെ കൃത്യനിഷ്ഠയോടെ ചെയ്യുന്ന ഒരു പരിശോധനയാണിത്. 

ഒരു വാഹനത്തിന്റെ എൻജിനിൽനിന്നു പുറംതള്ളുന്ന വാതകങ്ങൾ പൂർണമായും ശേഖരിച്ച് അവയിൽ കാർബൺ മോണോക്‌സൈഡ്, നൈട്രജൻ ഓക്‌സൈഡ്, ഹൈഡ്രോ കാർബൺ, പർട്ടിക്കുലർ  മാറ്റർ  എന്നിവയുടെ അളവുകൾ കൃത്യമായി പരിശോധിക്കാൻ വേണ്ട എല്ലാവിധ സജ്ജീകരണങ്ങളും ഇത്തരം പരീക്ഷണശാലകളിലുണ്ട്. ഇങ്ങനെ ലഭിക്കുന്ന വാതകങ്ങളുടെ അളവുകളിൽ നിന്നു കണക്കു കൂട്ടിയാണ് നിർമാതാക്കൾ പ്രസിദ്ധീകരിക്കുന്ന ഇന്ധനക്ഷമത തിട്ടപ്പെടുത്തുന്നത്. എൻജിനിൽ നിന്നു പുറംതള്ളുന്ന വാതകങ്ങളിൽനിന്നു ഫോർമുല ഉപയോഗിച്ചാണ് പരിശോധനാ സ്ഥാപനങ്ങൾ ഇന്ധനക്ഷമത കണക്കുകൂട്ടുന്നതെങ്കിലും വളരെ കൃത്യത ഉള്ള ഒരു മാർഗമാണിത്. പുറത്തേക്കു വരുന്ന വാതകങ്ങളിലെ ഓരോ കണികയെയും കൃത്യമായി കണക്കാക്കാൻ സാധിക്കുന്ന വഴിയാണിത്.    

പരിശോധനയിലെ കൃത്യതയ്ക്കായിട്ടാണ് ഇത്തരം പരീക്ഷണങ്ങൾ റോഡിൽ നടത്താതെ ലാബിനുള്ളിൽത്തന്നെ നടത്തുന്നത്. എങ്കിലും റോഡിൽ ഉണ്ടാകുന്ന സാഹചര്യങ്ങൾ പുന:സൃഷ്ടിക്കാൻ ഇത്തരം ലാബുകൾക്കു സാധിക്കും. ഷാസി ഡയനാമോമീറ്റർ എന്ന സംവിധാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. വാഹനങ്ങൾ ഒരു മുറിക്കുള്ളിൽ നിർത്തി വീലുകൾ മാത്രം കറക്കി പരീക്ഷണം നടത്താൻ സാധിക്കുന്ന ഈ ഉപകരണത്തിൽ  പല വേഗത്തിലും പലതരം റോഡ് സാഹചര്യത്തിലും വാഹനങ്ങൾ ചലിപ്പിക്കാൻ സാധിക്കും. ഷാസി ഡയനാമോമീറ്ററിൽ പല വേഗത്തിൽ ഓടിക്കാൻ സാധിക്കുമെങ്കിലും നിയമാനുസൃതമായ  പരീക്ഷണങ്ങളിൽ നിയമം അനുശാസിക്കുന്ന തരത്തിൽ വാഹനം ഓടിക്കണം.

ഇതിനായി രൂപീകരിച്ച ഡ്രൈവിങ് ക്രമമാണ്  IDC അഥവാ ഇന്ത്യൻ ഡ്രൈവിങ് സൈക്കിൾ. 20 മിനിറ്റ് നീണ്ടുനിൽക്കുന്ന ഈ ഡ്രൈവിങ് ക്രമത്തിൽ മുന്നിൽ രണ്ടു ഭാഗം നഗരങ്ങളിലും മിച്ചമുള്ള മൂന്നിൽ ഒരു ഭാഗം ഹൈവേയിലും വാഹനം സഞ്ചരിക്കുന്ന സാഹചര്യമാണ് പുന:സൃഷ്ടിക്കുന്നത്. ആക്സിലറേഷൻ, ബ്രേക്കിങ്, ട്രാഫിക് സിഗ്‌നലിൽ കാത്തുകിടക്കുക എന്നിവയെല്ലാം നഗരക്രമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ മാത്രം വേഗം ആർജിക്കാൻ സാധിക്കുന്ന നഗരക്രമത്തിൽ മിക്ക വാഹനങ്ങളിലും  മൂന്നാമത്തെ ഗിയർ വരെ മാത്രമാണ് ഉപയോഗിക്കേണ്ടി വരുന്നത്. 90 കിലോമീറ്റർ വേഗം ആർജിക്കുന്ന ഹൈവേ ഡ്രൈവിങ് ക്രമത്തിലാക്കട്ടെ 63 ശതമാനം സമയവും വാഹനം സ്ഥിരവേഗത്തിലാണു പ്രവർത്തിപ്പിക്കുന്നത്. അങ്ങനെ മൊത്തം 20 മിനിറ്റിൽ 10.6 കിലോമീറ്റർ ഷാസി ഡയനാമോമീറ്ററിൽ ഓടിച്ചാണ് ഓരോ വാഹനവും പരിശോധിക്കുന്നത്. നഗരക്രമത്തിൽ മിക്ക വാഹനങ്ങൾക്കും താരതമ്യേന കുറഞ്ഞ ഇന്ധനക്ഷമതയായിരിക്കും ലഭിക്കുന്നത്. ഹൈവേ ക്രമത്തിലാകട്ടെ മികച്ചതും. 

മിക്ക വികസിത രാജ്യങ്ങളിലെ നിർമാതാക്കളും നഗരക്രമത്തിലും ഹൈവേ ക്രമത്തിലും ലഭിക്കുന്ന  ഇന്ധനക്ഷമത വേർതിരിച്ചു പ്രസിദ്ധപ്പെടുത്താറുണ്ട്. എന്നാൽ ഇന്ത്യയിൽ ഇതു രണ്ടും സംയോജിപ്പിച്ച  ഇന്ധനക്ഷമത മാത്രമാണു പ്രസിദ്ധീകരിക്കുന്നത്. അതിനാൽ ഇന്ത്യൻ  വാഹന നിർമാതാക്കൾ പ്രസിദ്ധീകരിക്കുന്ന ഇന്ധനക്ഷമത മിക്ക ഉപഭോക്താക്കൾക്ക് പ്രധാനമായും നഗര, പട്ടണ ഉപഭോക്താക്കൾക്കു ലഭിക്കാറില്ല. വിദേശ രാജ്യങ്ങളിലെ പോലെ നഗര, ഹൈവേ ഇന്ധനക്ഷമത ഇന്ത്യയിലും വേർതിരിച്ചു പ്രസിദ്ധീകരിച്ചാൽ ഉപഭോക്താക്കൾക്ക് ഉണ്ടാക്കുന്ന ആശയക്കുഴപ്പം കുറയ്ക്കാൻ സാധിക്കുമായിരുന്നു.  

ഇന്ധനക്ഷമത കുറയ്ക്കുന്ന വില്ലന്മാർ 

നിർമാതാക്കൾ നടത്തുന്ന പരീക്ഷണ സാഹചര്യത്തിൽനിന്നു വ്യത്യസ്തമായ സാഹചര്യങ്ങളിൽ വാഹനം ഉപയോഗിക്കേണ്ടി വരുന്നതാണ് ഉപഭോക്താക്കൾക്ക് കുറഞ്ഞ ഇന്ധനക്ഷമത ലഭിക്കാനുള്ള പ്രധാന കാരണം. ഇതുമായി ബന്ധപ്പെട്ട ഏതാനും കാര്യങ്ങൾ നമുക്കൊന്ന് മനസ്സിലാക്കാം.

എസിയുടെ ഉപയോഗം

വാഹങ്ങളുടെ ക്യാബിൻ ശീതീകരിക്കാനുള്ള എയർകണ്ടീഷൻ സംവിധാനങ്ങൾ ഓഫ് ചെയ്ത അവസ്ഥയിലാണ് പരീക്ഷണ സ്ഥാപനങ്ങൾ മലിനീകരണ പരിശോധനകൾ നടത്തുന്നത്. കേരളത്തിലെ  പോലുള്ള ഉഷ്‌ണ കാലാവസ്ഥയിൽ ഉപയോഗിക്കുമ്പോൾ വാഹനങ്ങളുടെ ഇന്ധനക്ഷമതയെ  വലിയ തോതിൽ സ്വാധീനിക്കുന്ന എയർകണ്ടീഷൻ സംവിധാനങ്ങൾ പ്രവർത്തിപ്പിച്ചു വാഹനം ഉപയോഗിക്കുന്നത് ഇന്ധനക്ഷമതയിൽ ഗണ്യമായ കുറവു വരുത്തുന്നതിന് ഒരു പ്രധാന കാരണമാണ്. എസിയുടെ ഉപയോഗം ഇന്ധനക്ഷമതയെ സ്വാധീനിക്കുന്നത് പല വാഹനങ്ങളിലും പലതരത്തിലാണ്. ചെറിയ എൻജിൻ ശേഷിയുള്ള കുഞ്ഞൻ കാറുകളിൽ  എസി ഉപയോഗിക്കുമ്പോൾ ഇന്ധനക്ഷമതയിൽ വലിയ കുറവുണ്ടാകുന്നു. ഉദാഹരണത്തിന്, സുസുക്കി ആൾട്ടോ, ടാറ്റ  നാനോ തുടങ്ങിയ കാറുകളിൽ  എസിയുടെ ഉപയോഗം മൂലം ഇന്ധനക്ഷമതയിൽ 30-35% ശതമാനംവരെ കുറവുണ്ടാകാറുണ്ട്. വലിയ ക്യാബിനും രണ്ട് എയർകണ്ടീഷൻ യൂണിറ്റുമുള്ള യൂട്ടിലിറ്റി വാഹനങ്ങളിലും എസിയുടെ ഉപയോഗം ഇന്ധനക്ഷമതയെ വലിയതോതിൽ ബാധിക്കാറുണ്ട്.

എന്നാൽ ഉയർന്ന എൻജിൻ ശേഷിയുള്ള ആഡംബര കാറുകളിലാകട്ടെ എസിയുടെ ഉപയോഗമൂലം  ഇന്ധനക്ഷമതയിൽ ഉണ്ടാകുന്ന കുറവ് 10 ശതമാനത്തോളമേ വരൂ. താരതമ്യേന തിരക്കേറിയ നഗരയാത്രകളിലാണ് എസിയുടെ ഉപയോഗം ഇന്ധനക്ഷമതയെ കൂടുതലായി ബാധിക്കുന്നത്. രണ്ടു മുതൽ അഞ്ചു കിലോവാട്ട്  വരെ എൻജിന്റെ കരുത്ത് ഊറ്റി എടുക്കുന്ന എസിയുടെ കംപ്രസർ എൻജിനിൽ വലിയ ലോഡാണ് ഉണ്ടാക്കുന്നത്. ട്രാഫിക് ബ്ലോക്കിൽ എൻജിൻ ഐഡിൽ ചെയ്യുമ്പോൾ താരതമ്യേന കുറഞ്ഞ വേഗത്തിലാണ് എൻജിനുമായി നേരിട്ടു ഘടിപ്പിച്ചിരിക്കുന്ന  എസിയുടെ കംപ്രസർ കറങ്ങുന്നത്. ഇതിനാൽ കൂടുതൽ സമയം പ്രവർത്തിച്ചാൽ മാത്രമേ ക്യാബിൻ തണുപ്പിക്കാൻ സാധിക്കുകയുള്ളു. എന്നാൽ ഉയർന്ന വേഗത്തിൽ വാഹനം ഓടിക്കുമ്പോൾ എൻജിൻ ഉയർന്ന വേഗത്തിൽ കറങ്ങുന്നതു ക്യാബിൻ താരതമ്യേന വേഗത്തിൽ തണുക്കാനും അതു വഴി കംപ്രസർ പ്രവർത്തിക്കുന്ന സമയം കുറയ്ക്കാനും സഹായിക്കുന്നു. മാത്രമല്ല ഉയർന്ന വേഗത്തിൽ വാഹനത്തിന്റെ ജാലകങ്ങൾ അടച്ചു വയ്ക്കുന്നത് വാഹനത്തിന്റെ മേലുള്ള വായു സമ്മർദം (എയ്റോഡൈനാമിക് ഡ്രാഗ്) കുറയ്ക്കുന്നു. 

വാഹനം ഓടിക്കുന്ന രീതി

എസി പോലെ ഇന്ധനക്ഷമതയെ സ്വാധീനിക്കുന്ന മറ്റൊരു ഘടകമാണ് വാഹനം ഓടിക്കുന്ന രീതി. വേഗം കുറച്ച് ഓടിച്ചാൽ മികച്ച ഇന്ധനക്ഷമത ലഭിക്കുമെന്നതാണ് പൊതുവേയുള്ള കാഴ്ചപ്പാട്. ഇലക്ട്രോണിക് സംവിധാനങ്ങളുള്ള ആധുനിക വാഹനങ്ങളിൽ ഈ കാഴ്ചപ്പാടിനൊപ്പം ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.  അഞ്ചും ആറും ഗിയറുള്ള ആധുനിക കാറുകളിൽ ഏറ്റവും മികച്ച ഇന്ധനക്ഷമത ലഭിക്കുന്നത് മണിക്കൂറിൽ 60-70 കിലോമീറ്റർ വേഗത്തിൽ സ്ഥിരതയാർന്ന സ്പീഡിൽ ഓടിക്കുമ്പോഴാണ്. തിരക്കു കുറഞ്ഞ റോഡിൽ ഇങ്ങനെ ഓടിക്കുകയാെണങ്കിൽ നിർമാതാക്കൾ പ്രസിദ്ധപ്പെടുത്തിയതിനെക്കാൾ മികച്ച  ഇന്ധനക്ഷമത ലഭിക്കും. 

കൂടിയ വേഗത്തിൽ ഓടിക്കുമ്പോൾ വാഹനത്തിന്റെ മേലുള്ള വായുവിന്റെ സമ്മർദം വർധിക്കുകയും ഇന്ധനക്ഷമത കുറയുകയും ചെയ്യും. ഉദാഹരണത്തിന്, മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ ഏകദേശം 17 കിലോമീറ്റർ ഇന്ധനക്ഷമത നൽകുന്ന ഒരു വാഹനം 90-100 കിലോമീറ്റർ വേഗത്തിൽ ഓടിക്കുകയാണെങ്കിൽ ഇന്ധനക്ഷമത14-15 കിലോമീറ്ററായി കുറയും. കുറച്ചു കൂടി വേഗം എടുത്ത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിലാണ് ഓടിക്കുന്നതെങ്കിൽ ഇന്ധനക്ഷമത ഒരു ലീറ്ററിൽ 11-12 കിലോമീറ്ററായി വീണ്ടും ചുരുങ്ങും. അതുകൊണ്ടു തന്നെ ശരിയായ വേഗത്തിന് അനുയോജ്യമായ ഗിയറിൽ വണ്ടി ഓടിക്കുന്നത് വളരെ പ്രധാനമാണ്.

ഇന്ധനം ലാഭിക്കുന്നതിനായി ചില ആളുകൾ ചെയ്യുന്ന മറ്റൊരു വിദ്യയാണ് ന്യൂട്രലിൽ ഓടിക്കുക അല്ലെങ്കിൽ ഇറക്കത്തിൽ വാഹനം ഓഫ് ചെയ്‌ത്‌ ഓടിക്കുക എന്നത്. ആധുനിക വാഹനങ്ങളിൽ ഇങ്ങനെ ചെയ്യേണ്ട ആവശ്യമില്ല. മേൽ പറഞ്ഞ ന്യൂട്ടറിൽ ഓടിക്കേണ്ട സാഹചര്യത്തിലും, ഇറക്കത്തിലും, വാഹനം ഉചിതമായ ഗിയറിൽ ഇട്ട് ക്ലച്ചും ആക്സിലറേറ്ററും അമർത്താതെ വച്ചിരുന്നാൽ എൻജിൻ നിയന്ത്രിക്കുന്ന ഇലക്ട്രോണിക് സംവിധാനമായ ഇസിയു വാഹനം കോസ്റ്റിങ്ങിലാണെന്നു (എൻജിൻ കരുത്തില്ലാതെ വാഹനത്തിന്റെ ഭാരം മൂലം സഞ്ചരിക്കുന്ന അവസ്ഥ) മനസ്സിലാക്കി എൻജിനിലേക്ക് ഇന്ധനം കടത്തിവിടുന്നത് നിർത്തലാക്കും. ക്ലച്ച്പെഡലിൽ കാൽ  വച്ചു ഓടിക്കുന്ന ശീലവും മാറ്റണം. ഇങ്ങനെ ചെയ്യുന്നത് എൻജിനിൽനിന്നുമുള്ള കരുത്തു പൂർണമായും ഗിയർ ബോക്സിൽ എത്തുന്നതു തടയുന്നതു കൂടാതെ ക്ലച്ച് അമർത്തി എന്ന സിഗ്‌നൽ ഇസിയുവിൽ ലഭിക്കുന്ന മൂലം എൻ‌ജിനിലേക്ക് അനാവശ്യമായി അധിക ഇന്ധനം കടത്തിവിടാനും കാരണമാകും. 

അനാവശ്യമായി ബ്രേക്കിങ് ഒഴിവാക്കുന്നതും ഇന്ധനക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കും. മുന്നിൽ പോകുന്ന കാറുമായി നിശ്ചിത അകലം പാലിച്ചു വണ്ടി ഓടിക്കുന്നതും, മറ്റു റോഡ് ഉപഭോക്താക്കളുടെ  പ്രവർത്തനങ്ങൾ മുൻ കൂടി കണ്ട് വാഹന ഓടിക്കുന്നതും പെട്ടെന്നുള്ള ബ്രേക്കിങ് ഒഴിവാക്കാൻ  സഹായിക്കും. പരമാവധി ഉയർന്നതും എന്നാൽ വേഗത്തിന് ഉചിതവുമായ ഗിയറിൽ വാഹനം ഓടിക്കുന്നത് എൻജിൻ താരതമ്യേന കുറഞ്ഞ വേഗത്തിൽ കറങ്ങാനും അങ്ങനെ ഇന്ധനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കും.തിരക്കു കുറഞ്ഞ അതിരാവിലെ കളിലും രാത്രിയിലും യാത്ര ചെയ്യുന്നത് യാത്രാസമയം കുറയ്ക്കുന്നതോടൊപ്പം എസിയുടെ ലോഡ് കുറയ്ക്കാൻ കഴിയുന്നതുവഴിയും ഇന്ധനം ലാഭിക്കാം. തണുപ്പുള്ളപ്പോൾ ഇന്ധനത്തിന്റെ സാന്ദ്രത കൂടുതലുള്ളതിനാൽ അതിരാവിലെ ഇന്ധനം നിറയ്ക്കുന്നത് ഇന്ധനക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒരു കാരണമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
FROM ONMANORAMA