ADVERTISEMENT

സ്റ്റേഷനിൽ പിടിച്ചിട്ട കാറുമായി പൊലീസുകാർ കറങ്ങാൻ പോയി. വീട്ടിലായിരുന്ന കാറുടമ ഇതറിഞ്ഞു കാർ ലോക്ക് ചെയ്തു. പൊലീസുകാർ ആകെ പൊല്ലാപ്പിലായി. ഈ വാർത്ത നിങ്ങളിൽ പലരും കേട്ടുകാണും. ഇതെങ്ങനെ സംഭവിച്ചു എന്ന് അത്ഭുതം കൂറേണ്ട കാര്യമില്ല. ജിപിഎസ് ട്രാക്കർ ആണു പൊലീസുകാർക്കു പണികൊടുത്തത്.  വാഹനമോഷണം കൂടിവരുന്ന ഇക്കാലത്ത് നിസ്സാര തുക ചെലവിട്ടാൽ ആർക്കും ജിപിഎസ് ട്രാക്കിങ് സിസ്റ്റം വാഹനത്തിൽ ഘടിപ്പിക്കാം. 

ഘടകങ്ങൾ

ജിപിഎസ് ട്രാക്കിങ് സിസ്റ്റം ഉൾപ്പെടുന്ന ഒരു ഹാർഡ് വെയർ മൊഡ്യൂൾ,  ട്രാക്കിങ് വിവരങ്ങൾ ലഭ്യമാക്കാൻ ഒരു സ്മാർട്ട് ഫോൺ ആപ്പ് എന്നിവയാണു ഘടകങ്ങൾ. 

എന്തൊക്കെ വിവരങ്ങൾ കിട്ടും?

കാറിന്റെ  ലൊക്കേഷൻ, വേഗം, വാഹനത്തിന്റെ ഇഗ്നിഷൻ ഓൺ ആണോ അല്ലയോ എന്നിവയറിയാം. നിങ്ങൾക്കാവശ്യമുള്ള ദിവസത്തെ ട്രാവൽ ഹിസ്റ്ററി  ആപ്പിൽനിന്നു കിട്ടും. ഉദാഹരണത്തിന് കഴിഞ്ഞ ഞായറാഴ്ച വാഹനം എവിടെയൊക്കെ സഞ്ചരിച്ചു എന്നറിയാൻ ആപ്പിൽ ആ  ദിവസം ടാപ് ചെയ്താൽ മതി. 

പാർക്കിങ് റിപ്പോർട്ട്- വാഹനം എത്ര സമയം, എവിടെയൊക്കെ പാർക്ക് ചെയ്തു എന്നറിയാം. മാത്രമല്ല, വണ്ടി ഓൺ ആക്കിയിട്ട് അനങ്ങാത്ത സ്ഥിതി ഉണ്ടെങ്കിൽ ഫോണിൽ മെസേജ് വരും. അതായത് എസി ഓൺ ആക്കി പാർക്ക് ചെയ്താൽപോലും വിവരം കിട്ടും. 

വാഹനത്തിന്റെ സ്പീഡിങ് റിപ്പോർട്ട് ലഭിക്കും. എത്ര സ്പീഡിൽ പോയി, ഓവർ സ്പീഡ് ഉണ്ടോ, എത്ര സമയം ഓവർ സ്പീഡിൽ‌ തുടർന്നു എന്നീ വിവരങ്ങളും അറിയാം. നിങ്ങൾ പല വാഹനങ്ങളുടെ ഉടമയാണെങ്കിലോ നിരവധി വാഹനങ്ങൾ കൈകാര്യം ചെയ്യേണ്ട ചുമതലയുണ്ടെങ്കിലോ കൂട്ടം ആപ് പ്രയോജനപ്പെടും.

എവിടെപ്പോയി? 

ഇനി കൂടുതൽ മികച്ച സിസ്റ്റങ്ങളിൽ ജിയോ ഫെൻസിങ് ഒരുക്കാം. അതായത് കൊച്ചി നഗരം വാഹനത്തിന്റെ പരിധിയാക്കി എന്നു കരുതുക. വാഹനം കൊച്ചിക്കു പുറത്തേക്കു പോയാലുടൻ നോട്ടിഫിക്കേഷൻ ലഭിക്കും. പരിധിക്കുള്ളിലേക്കു തിരെകെ വന്നാലും വിവരം കിട്ടും. 

വാഹനം ഓഫാക്കാൻ പറ്റുമോ

മോഷണം നടന്നശേഷം വാഹനത്തിന്റെ ലൊക്കേഷൻ നമുക്കറിയാം. ഇഗ്നിഷൻ ഓഫ് ആക്കാനുള്ള കമാൻഡ് നൽകി വയ്ക്കാം. പിന്നീട് എപ്പൊഴെങ്കിലും വാഹനം ഓഫ് ആക്കിയാൽ വീണ്ടും ഓൺ ആക്കാനാവില്ല.  ഇതു റിലേ സിസ്റ്റമാണ്. ഇഗ്നിഷൻ സർക്യൂട്ടിലേക്കുള്ള  റിലേ കട്ട് ആക്കാനുള്ള സന്ദേശമാണു നാം നൽകുന്നത്. പിന്നീട് നാം ഓൺ ആക്കാനുള്ള കമാൻഡ് അയച്ചാലേ വാഹനം പ്രവർത്തിക്കൂ. 

കാറിന്റെ ബാറ്ററി തീർന്നാൽ 

മൊഡ്യൂൾ ബാറ്ററിയുമായി ബന്ധിപ്പിച്ചിരിക്കുന്നതു കൊണ്ട് ബാറ്ററി ഡ്രൈ ഔട്ട് ആയാലും അഞ്ചു മണിക്കൂർ വരെ ലൊക്കേഷൻ കിട്ടും. കൂടെ ബാറ്ററി ഡൗൺ ആണെന്നുള്ള സന്ദേശവും സ്മാർട്ഫോണിൽ ലഭിക്കും. കള്ളൻമാരെ മാത്രം പേടിച്ചല്ല പലരും ജിപിഎസ് ട്രാക്കിങ് സിസ്റ്റം ഘടിപ്പിക്കുന്നത്. വീട്ടിലെ ചെത്തുപിള്ളേർ വാഹനമെടുത്ത് അമിതവേഗത്തിൽ പോകുന്നതു തടയാനും ഒരു പരിധി വിട്ടു യാത്ര ചെയ്യുന്നതു നിരീക്ഷിക്കാനും മുതിർന്നവർക്കു ജിപിഎസ് ട്രാക്കിങ് ഉപയോഗിക്കാം. പല കാറുകളിലും ഈ വിദ്യ ഇൻബിൽറ്റ് ആയി വരുന്നുണ്ട്. ബൈക്കിലും ഘടിപ്പിക്കാനാവും. സാറ്റലൈറ്റുമായിട്ടാണ് ആശയവിനിമയം എന്നതിനാൽ ദൂരപരിധിയില്ല. വാഹനത്തെക്കുറിച്ചറിയാം, എവിടെനിന്നും. 

എത്ര ചെലവ്?

ആറായിരത്തോളം രൂപ. 

കൂടുതൽ വിവരങ്ങൾക്ക് 

Natrone Technologies, Ph-7708151429 

 

English Summary: GPS Tracker To Prevent Car Theft

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com