എഗ്രിമെന്റിന് പുല്ലു വില, വിറ്റ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യണം

rc-book
RC Book
SHARE

ഏഴു വർഷത്തോളം ഉപയോഗിച്ച ബൈക്ക് അജിത്ത് പരിചയക്കാർ വഴി വിറ്റു. നേരിട്ടുള്ള കൈമാറ്റമായിരുന്നു. എഗ്രിമെന്റ് ഉണ്ടാക്കി ബുക്കും പേപ്പറും മറ്റും വിറ്റയാളിനു നൽകി. വർഷങ്ങൾക്കു ശേഷം കോടതിയിൽനിന്നു 10 ലക്ഷം രൂപ ഇൻഷുറൻസ് പിഴയായി അടയ്ക്കണമെന്നു കാണിച്ചു നോട്ടിസ് വന്നു. അന്വേഷിച്ചപ്പോൾ പണ്ട് വിറ്റ ബൈക്കിന്റെ ഉടമസ്ഥാവകാശം ഇപ്പോഴും അജിത്തിന്റെ പേരിൽത്തന്നെയാണ്. വാങ്ങിയ വ്യക്തി ഇതുവരെ ഉടമസ്ഥാവകാശം മാറുകയോ ഇൻഷുറൻസ് അടയ്ക്കുകയോ ചെയ്തിരുന്നില്ല. ആ ബൈക്ക് ഇടിച്ച് ഒരാൾ മരണപ്പെട്ടതോടെയാണ് കേസ് കോടതിയിൽ എത്തിയത്.  

അതുപോലെ ടാക്സിയായി ഉപയോഗിച്ചിരുന്ന കാർ വിറ്റു. വാങ്ങിയവർ അത് കുറെ നാൾ ഉപയോഗിച്ചശേഷം പൊളിച്ചുകളഞ്ഞു. എന്നാൽ ടാക്സ് അടച്ചിരുന്നില്ല. മുൻ ഉടമസ്ഥന്റെ പേരിൽ 70,000 രൂപയോളം നികുതിയടച്ചില്ലെന്നു ചൂണ്ടിക്കാണിച്ച് പിഴ അടയ്ക്കാൻ നോട്ടിസ് കിട്ടി. കാർ പൊളിച്ചുകളഞ്ഞെങ്കിലും ഓണർഷിപ് മാറ്റിയിരുന്നില്ല. ഈ രണ്ടു കേസുകളിലും ഉടമസ്ഥാവകാശം മാറ്റാത്തതാണ് വിനയായത്. അതുകൊണ്ടുതന്നെ വൻ തുക പിഴയായി ഒടുക്കേണ്ടിവന്നു. വാഹനം മയക്കുമരുന്നു കടത്ത്, കൊലപാതകം പോലുള്ള ക്രിമിനൽ കേസുകളിൽ പെട്ടാലും നിയമപ്രകാരമുള്ള ഉടമസ്ഥനാരോ അവരായിരിക്കും ഉത്തരവാദികൾ. അതിനാൽ വിൽക്കുമ്പോൾ ഉടമസ്ഥാവകാശം മാറിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് വിൽക്കുന്നയാളിന്റെ ഉത്തരവാദിത്തമാണ്.  

ഉടമസ്ഥാവകാശം മാറേണ്ടതെങ്ങനെ

ഉടമസ്ഥാവകാശം മാറ്റുന്നതിന് ഫോം 29, 30 പൂരിപ്പിച്ച ശേഷം സാധുതയുള്ള ഇൻഷുറൻസ്, ആർസി ബുക്ക്, പുക മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് എന്നിവയോടൊപ്പം ഓൺലൈനിലൂടെ അപേക്ഷിക്കണം. അപേക്ഷ നൽകുമ്പോൾ വാഹനം വിൽക്കുന്നയാളും വാങ്ങുന്നയാളും ഒപ്പിട്ടിരിക്കണം.  വാഹനത്തിനുമേൽ വായ്പ ഉണ്ടെങ്കിൽ, അത് നിലനിർത്തുകയാണെങ്കിൽ വായ്പ നൽകിയ സ്ഥാപനത്തിന്റെ എൻഒസി മാത്രം മാത്രം മതി. ഹൈപ്പോത്തിക്കേഷൻ നില നിർത്തിക്കൊണ്ടു കൈമാറ്റം ചെയ്യാമ്പോൾ വാങ്ങുന്ന ആളിന് രേഖകൾ ലഭിക്കുന്നതിനു വേണ്ടി മേൽവിലാസത്തോടൊപ്പം വാങ്ങുന്നയാളുടെ ഫോൺ നമ്പറും പിൻകോഡും സഹിതം 42 രൂപയുടെ സ്റ്റാമ്പൊട്ടിച്ച കവറും അപേക്ഷയോടൊപ്പം നൽകേണ്ടതാണ്. ലോൺ ക്ലോസ് ചെയ്യുകയാണെങ്കിൽ ഫോം 35 ന്റെ രണ്ടു കോപ്പി, ബാങ്ക് മാനേജർ ഒപ്പിട്ട എൻഒസി, ബാങ്കിന് ആർ ടി ഓഫിസിൽനിന്നു കോപ്പി അയച്ചുകൊടുക്കാനുള്ള കവർ എന്നിവ അധികമായി  നൽകണം.

എഗ്രിമെന്റിന് വിലയില്ല

വാഹനം കൈമാറുമ്പോൾ സാധാരണ ചെയ്യാറുള്ള എഗ്രിമെന്റിനു നിയമസാധുതയില്ല. അതിനാൽ എന്തെങ്കിലും കാരണത്താൽ നിയമ നടപടികൾ സ്വീകരിക്കേണ്ടിവരുമ്പോൾ എഗ്രിമെന്റ് നിലനിൽക്കില്ല. മോട്ടർ വാഹന നിയമ പ്രകാരം അപേക്ഷിച്ചാൽ മാത്രമേ നിയമസാധുതയുള്ളൂ. ഓരോ വാഹനത്തിന്റെയും ഉടമസ്ഥാവകാശം മാറ്റുന്നതിനുള്ള ഫീസ് വ്യത്യസ്തമാണ്. കാറിന് 360 രൂപയും ഇരുചക്രവാഹനത്തിനു 185 രൂപയുമാണ് ഫീസ്.  പൊതുഗതാഗത / ചരക്കു ഗതാഗത ആവശ്യങ്ങൾക്കു ഉപയോഗിക്കുന്ന വാഹനമാണെങ്കിൽ ആയതിന് പെർമിറ്റ് ആവശ്യമാണ് തന്മൂലം ഉടമസ്ഥാവകാശം മാറുന്നതിനു മുൻപ് നിലവിലുള്ള ഉടമ പെർമിറ്റ് റദ്ദു ചെയ്യണം വാങ്ങുന്നയാൾക്ക് പുതിയതായി പെർമിറ്റിന് അപേക്ഷിക്കാം. വാഹനം ഏതെങ്കിലും ക്രിമിനൽ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയുന്നതിന് നാഷനൽ ക്രൈം ‌റെക്കോർഡ് ബ്യൂറോ, സ്റ്റേറ്റ് ക്രൈം റെക്കോർഡ് ബ്യൂറോ എന്നിവയിലൂടെ പരിശോധിച്ചാൽ വിവരങ്ങൾ ലഭ്യമാകും.  

അന്യസംസ്ഥാന വാഹനങ്ങൾ വാങ്ങുമ്പോൾ

അന്യസംസ്ഥാന വാഹനങ്ങൾ വാങ്ങുമ്പോൾ എൻഒസി നിർബന്ധമാണ്. വാഹനം തങ്ങളുടെ സംസ്ഥാനത്ത് റെജിസ്ട്രേഷൻ മാറ്റിയ ശേഷം പഴയ സ്ഥലത്തു ബാക്കി കാലയളവിലെ ടാക്സ് ഇളവിന് അപേക്ഷിക്കാവുന്നതാണ്. എന്നാൽ ഇത് മുൻ ഉടമസ്ഥനു മാത്രമേ ലഭിക്കൂ എന്ന് പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങളുടെ വാഹനം സംബന്ധിച്ചവിവരങ്ങൾ പരിവാഹൻ എന്ന വെബ് സൈറ്റിലൂടെ ലഭ്യമാണ്. ഇപ്പോൾ കോവിഡ് കാലമായതിനാൽ ആർടി ഓഫീസുകളിലെ ഫോൺ നമ്പർ വഴി അന്വേഷണങ്ങൾ നടത്താവുന്നതാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA