ADVERTISEMENT

എന്താണ് പ്രീ–ഓൺഡ് കാർ വിപണിയിലെ ട്രെൻഡ്? കൊറോണ വാഹനവിപണിയെ ക്വാറന്റീനിൽ ആക്കിയിരിക്കുകയാണ്. എങ്കിലും റിക്കവറി േററ്റ് കൂടിയ ഒരു വിഭാഗമുണ്ട്. പ്രീ–ഓൺഡ് അഥവാ യൂസ്ഡ് കാർ വിപണി. അതിനു കാരണം കൊറോണ തന്നെ. പൊതുവാഹന ഗതാഗതം ഉപയോഗിക്കാൻ പൊതുവേ മടിയുണ്ട് ജനത്തിന്. വൈറസിൽനിന്നു സുരക്ഷ വേണമെങ്കിൽ ആളുകളുമായി ഇടപഴകൽ കുറയ്ക്കണം. അതിനായി ഒരു ബജറ്റ് കാർ  നോക്കുകയാണ് പലരും. തനിക്കും തന്റെ കുടുംബത്തിനും സുരക്ഷിതമായി യാത്ര ചെയ്യണം എന്ന ബോധ്യം ഇത്തരക്കാരെ യൂസ്ഡ് കാർ ഷോറൂമുകളിലേക്കു നയിക്കും.  2 മുതൽ 3 ലക്ഷം രൂപ വരെ വിലയുളള യൂസ്ഡ് കാറുകൾക്ക് ആണ് വിപണിയിൽ ഇപ്പോൾ ഡിമാൻഡ്. കൂടുതലും ഹാച്ച്ബാക്കുകൾ. 

യൂസ്ഡ് കാറുകൾ നോക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം: 

വാഹനത്തിന്റെ വയസ്സു നോക്കണം

2012 മുതലുള്ള കാറുകളാണ് ഉചിതം.  കേന്ദ്രഗവൺമെന്റ് സ്ക്രാപ്പേജ് പോളിസിയുടെ കരട് അവതരിപ്പിച്ചിട്ടുണ്ട്. പഴക്കം ചെന്ന വാഹനങ്ങൾ പൊളിച്ചെടുക്കുകയും അതിൽനിന്നു വീണ്ടും ഉപയോഗിക്കാവുന്ന ഭാഗങ്ങൾ തിരിച്ചെടുക്കുകയും ചെയ്യുന്ന നയമാണിത്. വിശദാംശങ്ങൾ ലഭ്യമാകുന്നതേ ഉള്ളൂ. എത്ര വർഷം പഴക്കമുള്ള വാഹനങ്ങളാണു പൊളിക്കേണ്ടി വരുക എന്നുളള വിവരങ്ങളും വരാനിരിക്കുന്നതേയുളളൂ. എങ്കിലും പത്തു വർഷം പഴക്കം എന്നത് ഒരു മാനദണ്ഡമാക്കി എടുക്കാം. ഡൽഹിയിൽ പത്തു വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്ക് നിരത്തിൽ ഇറങ്ങാൻ അനുമതി ഇല്ലാത്തതുകൂടി കണക്കിലെടുത്താണ് പത്തു വർഷത്തെ കാലയളവ്. 

നിങ്ങളുടെ ആവശ്യം അറിയണം

ദിവസവും നല്ല ഓട്ടമുണ്ടെങ്കിൽ യാത്രാസുഖമുള്ള, ബോഡിവെയ്റ്റ് കൂടിയ വാഹനങ്ങൾ നോക്കുക. യാത്രികരുടെ എണ്ണം, കുടുംബാംഗങ്ങളുടെ ശാരീരിക പ്രത്യേകതകൾ എന്നിവ കൂടി കണക്കിലെടുക്കണം. നാലുപേരൊക്കെ യാത്രയ്ക്കുണ്ടാകുമെങ്കിൽ പിന്നിലും യാത്രാസുഖമുള്ള, കൂടുതൽ ലെഗ്റൂം ഉള്ള വാഹനങ്ങൾ നോക്കണം. ഉയരമുള്ള ആൾക്കാരാണ് കുടുംബത്തിൽ എങ്കിൽ വലുപ്പം കൂടിയ വാഹനം വേണം. ഹെഡ്റൂം, ലെഗ്റൂം എന്നിവ പരിശോധിക്കണം. ആറടി ഉയരക്കാർക്ക് ആൾട്ടോ പോലുള്ള ചെറുവാഹനങ്ങൾ പോരാ. കുറച്ചു കാശ് കൂടിയാലും ശരീരപ്രകൃതത്തിന് അനുസരിച്ചുള്ള വാഹനങ്ങൾ തിരഞ്ഞെടുക്കുക. 

ഓട്ടക്കാരനാണോ എന്നു പരിശോധിക്കണം

വാഹനം ഓടിത്തീർത്ത കിലോമീറ്റർ ശ്രദ്ധിക്കണം.  കൂടുതൽ ഓടിയ വാഹനം വാങ്ങുന്നതു കരുതലോടെ വേണം. അധികം കിലോമീറ്റർ ഓടിയിട്ടുണ്ടെങ്കിൽ സർവീസ് ഹിസ്റ്ററി പരിശോധിക്കണം.  അംഗീകൃത സർവീസ് സെന്ററുകളിൽനിന്നു കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തിയിട്ടുള്ള വാഹനമാണെങ്കിൽ കൂടുതൽ കിലോമീറ്റർ ഓടിയ വാഹനമായാലും വലിയ പരുക്കുകളുണ്ടാകാറില്ല. മാരുതി ട്രൂവാല്യു പോലുള്ള സർട്ടിഫൈഡ് യൂസ്ഡ് കാർ ഷോറുമുകളിൽനിന്ന് ഇങ്ങനെയുളള വാഹനങ്ങളാണു നൽകാറ്. പക്ഷേ, അറിയാത്ത ഒരാളിൽനിന്നു വാഹനം വാങ്ങുമ്പോൾ ഇത്തരം കാര്യങ്ങൾ അറിയാൻ പറ്റാതെ വരും. അന്നേരം നല്ലൊരു മെക്കാനിക്കുമായി വേണം വാഹനം പരിശോധിക്കാൻ. 

അംഗീകൃത  യൂസ്ഡ് കാർ ഡീലർഷിപ്പുകളെ ആശ്രയിക്കുക

ഒരു ‘സെക്കൻഡ് ഹാൻഡ്’ വാഹനം അപരിചിതരിൽനിന്നോ, ഒാൺലൈൻ സൈറ്റുകളിൽ കണ്ടോ വാങ്ങുന്നതിൽ വലിയ റിസ്ക് ആണുള്ളത്. എറണാകുളത്തെ സുഹൃത്തിന്, കുറച്ചുമാത്രം ഓടിയ കാർ എന്നു പറഞ്ഞാണ് ബ്രോക്കർ ഒരു റിറ്റ്സ് കൈമാറിയത്. കുറച്ചുനാളുകൾക്കുള്ളിൽതന്നെ ഗുരുതരമായ എൻജിൻ വർക്കുകൾ വേണ്ടിവന്നപ്പോൾ മെക്കാനിക്ക് ആണ് ഈ വാഹനം ചുരുങ്ങിയത് ഒരു ലക്ഷം കിലോമീറ്റർ എങ്കിലും ഓടിത്തീർത്തിട്ടുണ്ടാകും എന്നറിയിച്ചത്. പിന്നീട് അതേ വാഹനം മനസ്സാക്ഷിക്കുത്തില്ലാതെ വിൽക്കാൻ സാധാരണക്കാർക്കു പറ്റുമോ? ഇങ്ങനെ പറ്റിക്കപ്പെടാൻ സാധ്യത ഏറെയുള്ളപ്പോൾ കൂടുതൽ സുതാര്യമായ അംഗീകൃത യൂസ്ഡ് കാർ ഷോറൂമുകളിൽനിന്നു വാഹനം വാങ്ങുകയാണ് ഉചിതം. 372 പരിശോധനകൾ നടത്തിയാണ് ഓരോ വാഹനവും തങ്ങൾ എടുക്കുന്നത് എന്ന് ട്രൂവാല്യു ഉദ്യോഗസ്ഥർ പറയുന്നു. അതുകൊണ്ടുതന്നെ സുതാര്യമാണ് ഇടപാട്.  

ഇത്തരം ഷോറൂമുകളിൽനിന്ന് മറ്റൊരു നേട്ടംകൂടി ഉപയോക്താവിനു ലഭിക്കും.  2016 മുതൽ മേലോട്ട് നിർമാണത്തീയതിയുള്ള മാരുതി വാഹനങ്ങൾക്ക് 1 വർഷം വാറന്റി, 3 സൗജന്യ സർവീസുകൾ എന്നിവ ലഭിക്കും.  വാഹനത്തിന്റെ ഉടമസ്ഥാവകാശം ഉപയോക്താവിന്റെ പേരിലാക്കിയേ ആർസി കൈമാറൂ. തലവേദനകൾ ഇല്ലാതെ പുതിയ കാർ വാങ്ങുന്നതിനു തുല്യം. 

കൂടുതൽ വിവരങ്ങൾക്ക്: മാരുതി ട്രൂ വാല്യു– കോട്ടയം 9446303989

English Summary: Used Car Buying Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com