യൂസ്ഡ് കാറിന് വേണം നല്ല സർവീസ്, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

engine-oil
Engine Oil
SHARE

അംഗീക‍ൃത യൂസ്ഡ് കാർ ഷോറൂമിൽനിന്നല്ല നിങ്ങൾ പഴയ വാഹനം എടുക്കുന്നതെങ്കിൽ ആ വാഹനം ഉപയോഗിക്കുന്നതിനു മുൻപ് നല്ലൊരു സർവീസ് സെന്ററിൽ തീർച്ചയായു കാണിക്കണം. അംഗീകൃത ഡീലറാണെങ്കിൽ എൻജിനടക്കമുള്ള ഭാഗങ്ങൾ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തിയതായിരിക്കും. മാത്രമല്ല, പ്രശ്നമുള്ള വാഹനങ്ങൾ ഇത്തരം ഷോറൂമുകളിൽ ഉണ്ടാകാനും ഇടയില്ല. മിക്ക ഡീലർമാരും രണ്ടു ഫ്രീ സർവീസ് അടക്കം ഒാഫർ ചെയ്യുന്നുമുണ്ട്. യൂസ്ഡ് കാർ സർവീസുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കാര്യങ്ങൾ എന്തൊക്കെയെന്നു നോക്കാം.

എൻജിൻ

വാഹനത്തിന്റെ ഹൃദയമായ എൻജിന്റെ കണ്ടീഷൻ തന്നെ ആദ്യം നോക്കണം. പഴയ ഉടമ എങ്ങനെയാണ് വാഹനം പരിപാലിച്ചതെന്ന് അറിയാൻ സർവീസ് ഹിസ്റ്ററി പരിശോധിക്കുന്നതു നന്നായിരിക്കും. കൃത്യമായ ഇടവേളകളിൽ സർവീസ് നടത്തിയിട്ടുണ്ടോ എന്നു നോക്കണം. എൻജിൻ ഒായിലും ഫിൽറ്ററും മാറുന്നതു നന്ന്. ഒായിൽ ഈയടുത്തു മാറിയതാണെന്ന  മുൻ ഉടമയുടെ വാക്കുകേട്ട് ഒായിൽ മാറാതിരിക്കരുത്. ഒായിൽ ഡിപ്സ്റ്റിക് ഊരി ഒായിലിന്റെ കട്ടിയും നിറവും നോക്കണം. എൻജിൻ ഒായിൽ, ഫിൽറ്റർ, ബ്രേക്ക്, ബ്രേക്ക് ഫ്ലൂയ്ഡ്, ഗിയർ ഒായിൽ തുടങ്ങിയ മാറുന്നതിനു 4500 രൂപയോളം വരും. മിക്ക ഷോറൂമിലും ഇതൊരു പാക്കേജായി ചെയ്യാറുണ്ട്. 

engine-oil-1

പെട്രോൾ കാറാണെങ്കിൽ പ്ലഗ് അഴിച്ച് ക്ലീൻ ചെയ്യണം. ഒായിലിന്റെ അംശമുണ്ടെങ്കിൽ പിസ്റ്റൺ റിങ്ങിന്റെ തകരാറാണ് സൂചിപ്പിക്കുന്നത്. ഒരു ലക്ഷത്തിനുമുകളിൽ ഒാടിയ വാഹനത്തിലാണ് സാധാരണ ഇത്തരം പ്രശ്നം കാണുന്നത്. ഒായിൽ മാറാതെ കൃത്യമായി സർവീസ് ചെയ്യാതെ ഉപയോഗിക്കുന്നതാണ് കാരണം. എൻജിൻ അഴിച്ചു കംപ്രഷൻ ചെക്ക് ചെയ്യേണ്ടി വരും. പിസ്റ്റണ്ഡ റിങ് മാത്രമല്ല ചെലപ്പോൾ പിസ്റ്റൺ തന്നെ മാറേണ്ടി വന്നേക്കാം. കാശ് അൽപം മുടക്കേണ്ടി വരും. ഏകദേശം 40000 രൂപ.

ബ്രേക്ക്

ബ്രേക്കിന്റെ പ്രവർത്തനം കാര്യക്ഷമമാണോ എന്നു നോക്കുക. ബ്രേക്ക് ഫ്ലൂയ്ഡ് മാറുക. ബ്രേക്ക് ഒാവറോൾ ചെയ്യുക. ഹാൻഡ് ബ്രേക്ക് ഇറക്കത്തിലോ കയറ്റത്തിലോ നിർത്തി പരിശോധിക്കണം. പിടുത്തം കുറവാണെങ്കിൽ കേബിൾ മാറണം. പ്രശ്നമില്ലെങ്കിലും ലൂബ്രിക്കേറ്റ് ചെയ്യുന്നതു നന്നായിരിക്കും.

സസ്പെൻഷൻ

യൂസ്ഡ് കാർ എടുത്ത് കുറച്ചോടിക്കഴിയുമ്പോഴാണ് അപശബ്ദങ്ങൾ കേട്ടുതുടങ്ങക. മിക്കപ്പോഴും സസ്പെൻഷനാണ് പണി തരിക. വാങ്ങുന്നതിനുമുൻപ് വിശദമായി ഡ്രൈവ് ചെയ്തു നോക്കാത്തതിന്റെ കുഴപ്പമാണിത്. ‍ഡ്രൈവ് ചെയ്യുമ്പോൾ വാഹനത്തിന് ഒരു സൈഡിലേക്കു വലിവ് അനുഭവപ്പെടുകയാണെങ്കിൽ അത് ടയർ അലൈൻമെന്റ് ശരിയാകാത്തതുകൊണ്ടോ സസ്പെൻഷന്റെ ഷോക്ക്, ബോൾജോയ്ന്റ്, കൺട്രോൾ ആം എന്നിവയുടെ തകരാറുകൊണ്ടോ ആകാം. 

ബംപുകൾ കയറുമ്പോൾ അടിപ്പ് ഉള്ളിലറിയുന്നുണ്ടെങ്കിൽ അത് ഷോക്കിന്റെയോ സ്ട്രട്ടിന്റെയോ തകരാറാണ് സൂചിപ്പിക്കുന്നത്. വലിയ കുഴിയിലോ ബംപുകൾ കയറുമ്പോഴോ ശബ്ദം കേൾക്കുന്നുണ്ടെങ്കിൽ സസ്പെൻഷൻ സ്പ്രിങ്ങിന്റെ തകരാറാണ് സൂചിപ്പിക്കുന്നത്. നിരപ്പായ പ്രതലത്തിൽ നിർത്തി ടയറിന്റെ നേരെ മുകളിലായി ഫെൻഡറിൽനിന്നു ബോണറ്റിലേക്കു വരുന്ന ഭാഗത്ത് ശക്തിയായി താഴേക്ക് അമർത്തുക. മൂന്നു തവണയെങ്കിലും കാർ ഉയർന്നു താഴണം. അതിൽ കൂടുതലാണെങ്കിൽ സസ്പെൻഷൻ പ്രശ്നക്കാരനാണ്. 

ബുഷിന്റെ പ്രശ്നമാണ് കൂടുതലും കണ്ടുവരുന്നത്. ഒാടാതെ കിടക്കുന്ന വാഹനമാണെങ്കിൽ ബുഷ് കട്ടിയാകും. ബുഷിനു തേയ്മാനം വന്നാലും പ്രശ്നമാണ്. ബുഷ് മാറുന്നതിനു 500–700 രൂപ ചെലവാകും (മാരുതി ആൾട്ടോ). ഷോക്ക് ലീക്കാണെങ്കിൽ മാറേണ്ടിവരും. 1500 മുതലാണ് റേറ്റ് (മാരുതി ആൾട്ടോ)

ഫിൽറ്ററുകൾ

എൻജിൻ ഒായിലും ഫിൽറ്ററും മാറുന്നതിനൊപ്പം എയർ ഫിൽറ്ററും മാറണം. എയർഫിൽറ്റർ ഊരി പരിശോധിക്കുക. മാറേണ്ടതാണെങ്കിൽ മാറുക. എയർ ഫിൽറ്റർ മോശമാണെങ്കിൽ എൻജിനകത്തേക്ക് കൃത്യമായി എയർ കിട്ടാതിരിക്കുകയും ഇന്ധന–വായു മിശ്രണം ശരിയായ തോതിൽ നടക്കാതെ വരികയും തന്മൂലം കംബസ്റ്റ്യൻ പൂർണമായി നടക്കാതെ വരികയും ചെയ്യും.

air-fliter

ക്ലച്ച്

യൂസ്ഡ് കാർ എടുക്കാൻ ടെസ്റ്റ് ഡ്രൈവ് ചെയ്യുന്ന സമയത്ത് കാര്യമായി നേക്കേണ്ട സംഗതിയാണ് ക്ലച്ച്. നിരപ്പായ റോഡിൽ 40 കിലോമീറ്റർ വേഗത്തിൽ വാഹനം ടോപ് ഗിയറിൽ ഒാടിക്കുക. പെട്ടെന്ന് തേർഡ് ഗിയറിലേക്കും സെക്കൻഡിലേയ്ക്കും ഡൗൺ ചെയ്യുക. എൻജിൻ പിടിത്തം അനുഭവപ്പെടുന്നില്ലെങ്കിൽ ക്ലച്ച് തകരാറിലാണെന്ന് മനസ്സിലാക്കാം. ക്ലച്ച് സെറ്റ് മാറുന്നതിനു 5000 രൂപയോളം ചെലവു വരും. 

പാച്ച് വർക്കുകൾ

വാഹനത്തിന്റെ ബോഡിയിൽ ഉരസലോ പൊട്ടലോ മറ്റോ ഉണ്ടെങ്കിൽ കയ്യോടെ അത് പെയിന്റ് ചെയ്യുന്നതാണ് ഉത്തമം. മഴക്കാലമായതിനാൽ തുരുമ്പ് പിടിക്കാനുള്ള സാധ്യത കൂടുതലാണ്. വാഹനത്തിന്റെ ഫ്ലോർ മാറ്റ് ഇളക്കി നോക്കുക. വെള്ളം കയറിയിട്ടുണ്ടെങ്കിൽ തുരുമ്പിക്കാനുള്ള സാധ്യത കൂടുതലാണ്. 

ഇലക്ട്രിക്കൽ

മിക്കവരും വാഹനങ്ങളിലെ ഫിറ്റിങ്ങുകൾ (മ്യൂസിക് സിസ്റ്റം, ഫോഗ് ലാംപ് തുടങ്ങിയവ) അഴിച്ചെടുത്തതിനു ശേഷമായിരിക്കും വാഹനം വിൽക്കുന്നത്. അതുകൊണ്ട് വാങ്ങിയ വാഹനത്തിൽ അത്തരത്തിൽ എന്തെങ്കിലും അഴിച്ചെടുത്തിട്ടുണ്ടെങ്കിൽ അതിന്റെ വയറിങ് ലൈൻ കൃത്യമായി ടേപ് ചെയ്‌തിട്ടുണ്ടോ എന്നു നോക്കണം. ഇല്ലെങ്കിൽ അത് കൃത്യമായി ചെയ്യണം.

ബാറ്ററി

ബാറ്ററിയുടെ കണ്ടീഷൻ നോക്കണം. പുതിയ ബാറ്ററിയാണ് ഇരിക്കുന്നതെങ്കിൽ വാറന്റി കാർഡ് വാങ്ങാൻ മറക്കരുത്. 

battery

ഇന്റീരിയർ

അംഗികൃത ഷോറൂമിൽ നിന്നല്ല വാഹനമെടുക്കുന്നതെങ്കിൽ ഇന്റീരിയർ ക്ലീൻ ചെയ്യുന്നത് നന്നായിരിക്കും. സീറ്റും ഡാഷ്ബോർഡും റൂഫുമൊക്കെ വൃത്തിയായി കിട്ടും. 1000–1200 രൂപയാകും. ഇതോടൊപ്പം എസിയുടെ ഫിൽറ്ററും പരിശോധിക്കുക. കൃത്യമായി സർവീസ് ചെയ്യാത്ത വാഹനങ്ങളുടെ എസി ഫിൽറ്റർ ക്ലീൻ ചെയ്തിട്ടുണ്ടാകില്ല. മാത്രമല്ല എസി സർവീസ് ചെയ്യുന്നതും ഗുണം ചെയ്യും. പഴയ വാഹനത്തിൽ ചിലപ്പോൾ എസി ഫിൽറ്റർ ഉണ്ടാകണമെന്നില്ല. അങ്ങനെയുള്ള വാഹനത്തിൽ ഫിൽറ്റർ ഇടുക. ക്യാബിനുള്ളിലെ വായു ഫ്രഷ് ആകും. എസി ഫുൾ സർവീസ് ചെയ്യുന്നതിനു 4000–5000 രൂപ ചെലവു വരും.

car-interior-cleaning

ഡ്രൈവ് ഷാഫ്റ്റ്

മുൻ വീൽ ഡ്രൈവ് വാഹനങ്ങൾ സ്റ്റിയറിങ് മുഴുവനായി ഒടിച്ച് എടുക്കുമ്പോൾ ശബ്ദം കേൾക്കുന്നുണ്ടെങ്കിൽ ഡ്രൈവ് ഷാഫ്റ്റിന്റെ പ്രശ്നമാണ് സൂചിപ്പിക്കുന്നത്. 

English Summary: Used Car Service Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA