ADVERTISEMENT

മോട്ടോര്‍ വാഹനവകുപ്പിന്റെ നിയമനടപടികള്‍ പാവപ്പെട്ട വാഹന ഉടമകള്‍ക്കു മേല്‍ മാത്രമാണെന്ന ആരോപണം സാധാരണക്കാരുടെ ഇടയില്‍ ശക്തമാണ്. അതിനു ഉദാഹരണമായി പലരും ചൂണ്ടിക്കാണിക്കുന്ന വിഷയമാണ് സൂപ്പര്‍ ബൈക്കുകള്‍ ഓടിക്കുമ്പോഴുണ്ടാകുന്ന ശബ്ദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍. സൂപ്പര്‍ ബൈക്കിന്റെ ശബ്ദം ഒരു സാധാരണ ഇരുചക്രവാഹനത്തില്‍ പരീക്ഷിച്ചാല്‍  മോട്ടോര്‍ വാഹനവകുപ്പിന്റെ പിടി വീഴാറുണ്ട്. അതിന്റെ നിയമവശങ്ങളെക്കുറിച്ചും വാഹനത്തില്‍ അലോയ് വീലുകള്‍ ഘടിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും എന്‍ഫോഴ്സ്മെന്റ് വിങ് ആര്‍ടിഒ ടോജോ എം തോമസ് മനോരമ ഓണ്‍ലൈനില്‍ പങ്കുവയ്ക്കുന്നു. 

Representative Image
Representative Image

സൂപ്പര്‍ ബൈക്കുകളുടെ സൈലന്‍സര്‍ 

പാവപ്പെട്ടവന് ഒന്നും ചെയ്യാന്‍ പറ്റില്ല. പണക്കാരന് എന്തുമാകാം എന്നൊരു പ്രചാരണം ശക്തമാണ്. ഉദാഹരണത്തിന് ബുള്ളറ്റിന്റെ സൈലന്‍സര്‍ മാറ്റി വച്ചാല്‍ മോട്ടോര്‍ വാഹന വകുപ്പ് കേസെടുക്കുന്നു. എന്നാല്‍ ഹാഡ്ലി ഡേവിഡണിന്റെ ഇതുപോലെ ഒച്ചയുള്ള സൂപ്പര്‍ ബൈക്കുകള്‍ക്കെതിരെ കേസെടുക്കുന്നില്ല എന്ന്. അതിനു പിന്നിലെ യാഥാര്‍ഥ്യം വാഹന ഉടമകള്‍ തിരിച്ചറിയേണ്ടതുണ്ട്. ഏതൊരു വാഹനവും റജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആ വാഹനത്തിന്റെ സൈലന്‍സര്‍, ശബ്ദം, വായുമലിനീകരണം ഇവയെല്ലാം അനുവദനീയമായ ലെവലില്‍ ആണോ എന്ന് ടെസ്റ്റിങ് ഏജന്‍സി പരിശോധിച്ചു സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റോടു കൂടിയാണ് വാഹനം റജിസ്റ്റര്‍ ചെയ്യുന്നത്. ഹാഡ്ലി ഡേവിഡണിന്റെ ശബ്ദം കേള്‍ക്കുന്നുണ്ടെങ്കിലും ശബ്ദമലിനീകരണ നിയമങ്ങള്‍ അനുശാസിക്കുന്ന സൈലന്‍സറാണ് അതില്‍ ഫിറ്റ് ചെയ്തിരിക്കുന്നത്. അതേ ട്യൂണിങ് കിട്ടുന്ന തരത്തില്‍ മറ്റൊരു വാഹനത്തിന് ആ സൈലന്‍സര്‍ വാങ്ങി വയ്ക്കുമ്പോള്‍, അത് മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ അനുശാസിക്കുന്നുണ്ടോ എന്ന കാര്യത്തിന് വ്യക്തതയില്ല. അതുകൊണ്ടാണ്, അത്തരം സൈലന്‍സറുകള്‍ വാങ്ങി വയ്ക്കരുതെന്ന് പറയുന്നത്. 

ഇഷ്ടം പോലെ കൂട്ടിച്ചേര്‍ക്കാനാവില്ല

സൈലന്‍സറുകളുടെ ശബ്ദം അനുവദനീയമായ പരിധിയിലാണോ എന്നു പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങളുണ്ട്. ആ പരിധി കടക്കുന്ന വാഹനങ്ങള്‍ക്കെതിരെ കേസെടുക്കാം. ഒരു വാഹനത്തിന് മറ്റൊരു വാഹനത്തിന്റെ ഫീച്ചറുള്ള സൈലന്‍സര്‍ മാറ്റി വയ്ക്കുന്നത് അനുവദനീയമല്ല. ആ വാഹനത്തിന് അനുവദിക്കുന്ന ഫീച്ചറുകളുള്ള സൈലന്‍സര്‍ മാത്രമേ ഉപയോഗിക്കാവൂ. അതുപോലെ തന്നെയാണ് വാഹനത്തിന്റെ എൻജിനുകളും. വേറെ വാഹനത്തിന്റെ ഭാഗങ്ങള്‍ ഇഷ്ടമനുസരിച്ച് സംയോജിപ്പിക്കുന്നതിനെതിരെയാണ് നടപടി സ്വീകരിക്കുക. ഒരു വാഹനത്തിന്റെ ഏതെങ്കിലും ഭാഗത്തിന് കേടുപാടു സംഭവിച്ചാല്‍ അതേ ഫീച്ചറുകളുള്ള അതേ കമ്പനിയുടെ സാധനങ്ങള്‍ വാങ്ങി ഉപയോഗിക്കാം. അല്ലാതെ ചെയ്യുന്നത് നിയമലംഘനമാകും. 

അലോയ് വീല്‍ ഇടുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

ഒരു വാഹനത്തിന്റെ ബേസ് വേരിയന്റിന് 14 ഇഞ്ച് ഡിസ്ക് വരുന്നു. അതിന്റെ ഉയര്‍ന്ന വേരിയന്റിന് 15 ഇഞ്ചാണ് ഡിസ്ക്. അങ്ങനെയുള്ള സാഹചര്യത്തില്‍ ബേസ് വേരിയന്റ് എടുത്ത് 14 ഇഞ്ചിന്റെ ഡിസ്കിനു പകരം 15 ഇഞ്ച് ഉപയോഗിക്കുന്നതില്‍ നിയമപരമായ തടസമില്ല. പക്ഷേ, ആ ഡിസ്കുകള്‍ പുറത്തേക്ക് തള്ളി നില്‍ക്കുന്ന തരത്തില്‍ ആയിരിക്കരുത്. ടയറിന്റെ വീതി അംഗീകരിക്കപ്പെട്ട പരിധിയില്‍ തന്നെ ആയിരിക്കുകയും വേണം. വീതി കൂടിയാല്‍ ഈ ടയറുകള്‍ മഡ് ഫ്ലാപിന്റെ പുറത്തേക്ക് തള്ളി നില്‍ക്കും. ഇത് അനുവദിക്കാന്‍ പറ്റില്ല. ഒരു വാഹനത്തില്‍ വരുന്ന വീലിന്റെ ഗുണനിലവാരം അതിന്റെ കമ്പനി സാക്ഷ്യപ്പെടുത്തിയതാണ്. എന്നാല്‍, ആഫ്റ്റര്‍ മാര്‍ക്കറ്റില്‍ നിന്നു വാങ്ങുന്നവയുടെ ഗുണനിലവാരത്തിന് യാതൊരു ഉറപ്പുമില്ല. ഡിസ്ക് വീല്‍ ഒരു കല്ലില്‍ ഇടിച്ചാല്‍ അതു ചളുങ്ങുകയേ ഉള്ളൂ. അലോയ് ഇടിച്ചാല്‍ പൊട്ടിപ്പോകും. അതുമൂലം ടയര്‍ പൊട്ടാനുള്ള സാധ്യതയുണ്ട്. അത്തരത്തില്‍ അപകടം ഉണ്ടായാല്‍, അലോയ് മൂലമാണ് അപകടം സംഭവിച്ചതെന്ന് ഏതെങ്കിലും സാഹചര്യത്തില്‍ തെളിയിക്കപ്പെട്ടാല്‍ ഇന്‍ഷുറന്‍സ് ക്ലെയിം പോലും നിരസിക്കപ്പെടാം. ഇപ്പോള്‍ എല്ലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും അന്വേഷണ ഏജന്‍സികളുണ്ട്.

English Summary: After Market Exhaust, Motor Vehicle Rules Chapter 4

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com