ലൈസന്‍സ് ഡിജിറ്റലായി ഹാജരാക്കാം, പിഴ ഓൺലൈനായി അടയ്ക്കാം

SHARE

മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന വാഹന പരിശോധനയുടെ ഭാഗമായി പിഴയോടുക്കേണ്ട സാഹചര്യമുണ്ടായാല്‍ പിടിച്ച സ്പോട്ടില്‍ തന്നെ പണം അടയ്‍ക്കേണ്ടതില്ലെന്ന് എന്‍ഫോഴ്സ്മെന്റ് വിങ് ആര്‍ടിഒ ടോജോ എം തോമസ്. ഓണ്‍ലൈന്‍ ആയി പിഴയൊടുക്കാനുള്ള അവസരമുണ്ടെന്നും അതില്‍ തര്‍ക്കമുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും അദ്ദേഹം മനോരമ ഓണ്‍ലൈനോട് പറഞ്ഞു. 

എല്ലാം ഓണ്‍ലൈന്‍ വഴി

ഇ-ചലാന്‍ എന്ന ഡിജിറ്റല്‍ അപ്ലിക്കേഷന്‍ വഴിയാണ് ഇപ്പോള്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്യുന്നത്. ഇത് തികച്ചും സുതാര്യമായ പ്ലാറ്റ്‍ഫോമാണ്. വാഹനത്തിന്റെ റജിസ്ട്രേഷന്‍ നമ്പറും നയമലംഘനം തെളിയിക്കുന്ന ഫോട്ടോയുമുണ്ടെങ്കില്‍ മോട്ടോര്‍ വാഹനവകുപ്പിന് കേസ് അപ്‍ലോഡ് ചെയ്യാം. ഇക്കാര്യം വാഹന ഉടമയുടെ മൊബൈല്‍ നമ്പറിലേക്ക് എസ്.എം.എസ് ആയി അറിയിക്കും. ചലാന്‍ നമ്പറും ഗൂഗിള്‍ ലിങ്കും അടങ്ങുന്ന സന്ദേശമാണ് ലഭിക്കുക. ആ ലിങ്ക് വഴി പരിവാഹന്‍ എന്ന സൈറ്റിലേക്കു പ്രവേശിക്കാം. അവിടെ വാഹനത്തിന്റെ നമ്പറോ ചലാന്‍ നമ്പറോ അടിച്ചു കൊടുത്താല്‍ ഒഫന്‍സിന്റെ മുഴുവന്‍ വിവരങ്ങളും ലഭിക്കും. ഈ കുറ്റം സമ്മതിക്കുന്നെങ്കില്‍ ഉടനെ പിഴ അടച്ചു പോകാം. 

E-chellan
ഇ–ചെല്ലാൻ മെഷീൻ

നിയമോപദേശം തേടാം

സ്പോട്ടില്‍ പിഴ അടയ്ക്കണമെന്നു നിര്‍ബന്ധമില്ല. നിയമോപദേശം തേടിയതിനു ശേഷമേ അടയ്ക്കൂ എന്ന നിലപാടാണെങ്കില്‍ അങ്ങനെയും ആകാം. നേരിട്ട് പരിവാഹന്‍ സൈറ്റില്‍ കയറി പിഴ ഒടുക്കാം. അല്ലെങ്കില്‍ ഏതെങ്കിലും അക്ഷയ കേന്ദ്രത്തില്‍ച്ചെന്ന് അവരുടെ സഹായത്തോടെ ഓണ്‍ലൈനായി പിഴയൊടുക്കാം. ആര്‍.ടി.ഒ ഓഫിസുകളില്‍ ഇ-സേവ കേന്ദ്രമുണ്ട്. അവിടെയും അടയ്ക്കാം. ഒഫന്‍സ് വ്യക്തമാക്കുന്ന ചിത്രം നിങ്ങളുടേതോ നിങ്ങളുടെ വാഹനത്തിന്റേതോ അല്ലെങ്കില്‍, അതില്‍ തര്‍ക്കമുണ്ടെങ്കില്‍ ആര്‍.ടി.ഒയെ നേരിട്ടു സമീപിക്കാം. 14 ദിവസം മുതല്‍ ഒരു മാസം വരെ മോട്ടോര്‍ വാഹന വകുപ്പ് പിഴയൊടുക്കുന്നതിന് അനുവദിക്കും. അതിനുശേഷം കേസ് വിര്‍ച്വല്‍ കോടതിയിലേക്ക് വിടും. നിലവില്‍ എറണാകുളത്ത് മാത്രമേ വിര്‍ച്വല്‍ കോടതിയുള്ളൂ. കോടതിയില്‍ നിന്ന് ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള അറിയിപ്പ് വാഹന ഉടമയ്ക്ക് നല്‍കും. പിന്നീട് അവിടെ നിന്ന് കേസ് ഈ ഒഫന്‍സ് എവിടെ വച്ചു സംഭവിച്ചുവോ ആ പരിധിയിലുള്ള കോടതിയിലേക്ക് വിടും. 

ലൈസന്‍സ് ഡിജിറ്റലായി ഹാജരാക്കാം

മറ്റൊന്ന് ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട വിഷയമാണ്. വാഹനത്തിന്റെ ഇന്‍ഷുറന്‍സിന്റെ വിവരങ്ങള്‍ സൈറ്റില്‍ അപ്ഡേറ്റ് ചെയ്തിട്ടില്ലെന്നു കരുതുക. എന്നാല്‍, നിങ്ങളുടെ കയ്യില്‍ അതിന്റെ രേഖകളുണ്ടെങ്കില്‍ അതു ഹാജരാക്കിയാല്‍ ആ കുറ്റം ഒഴിവാക്കിക്കൊടുക്കാറുണ്ട്. ഒരു മാസത്തിനുള്ളില്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റും ഇത്തരത്തില്‍ ഹാജരാക്കാം. എം.പരിവാഹന്‍ ആപ്പ് വഴി ആര്‍.സി ബുക്കും ലൈസന്‍സുമൊക്കെ ഡിജിറ്റലായി കാണിക്കുന്നതിന് അംഗീകാരമുണ്ട്. എം.പരിവാഹന്‍ ആപ്പ് വഴിയോ ഡിജി ലോക്കര്‍ വഴിയോ ഡിജിറ്റല്‍ ഡോക്യുമെന്റായി ഇവ കാണിക്കാം. ലൈസന്‍സ് പിടിച്ചെടുക്കേണ്ട സാഹചര്യമുണ്ടായാല്‍ അതും ഡിജിറ്റലായാണ് ചെയ്യുന്നത്. ഉടമയുടെ കയ്യിലുള്ള ഒറിജിനല്‍ ലൈസന്‍സ് ഒരു ഉദ്യോഗസ്ഥനും ചോദിച്ച് വാങ്ങി വയ്ക്കില്ല. ലൈസന്‍സിമേല്‍ നടപടി സ്വീകരിക്കുന്നതെല്ലാം ഡിജിറ്റലായിക്കഴിഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA