2019 ഏപ്രിൽ 1 മുതൽ വിൽപന നടത്തിയ പുതിയ വാഹനങ്ങൾക്കെല്ലാം അതിസുരക്ഷ നമ്പർ പ്ലേറ്റ് ഘടിപ്പിക്കണം എന്ന നിയമം നിലവിൽ വന്നിരുന്നു. അപ്പോൾ മുതൽ അതിസുരക്ഷ നമ്പർ പ്ലേറ്റുള്ള വാഹനങ്ങൾ മാത്രമേ വാഹനം റജിസ്റ്റർ ചെയ്യാൻ സാധിക്കൂ. അതിന് ഏർപ്പെടുത്തിയിരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ എന്‍ഫോഴ്സ്മെന്റ് വിങ് ആര്‍ടിഒ ടോജോ എം തോമസ് പറയുന്നു.
പുതിയ ഫീച്ചറുകൾ
ഓരോ അതിസുരക്ഷാ നമ്പർ പ്ലേറ്റിനും സവിശേഷമായ ഒരു സീരിയൽ നമ്പർ ഉണ്ടാകും. വാഹനത്തിന്റെ റജിസ്റ്റർ നമ്പർ കൂടാതെയാണ് ഈ സീരിയൽ നമ്പർ. വാഹനത്തിന്റെ ഡീലർമാർ തന്നെ ഈ നമ്പർ പ്ലേറ്റ് വാഹനത്തിൽ ഫിറ്റ് ചെയ്തു നൽകണം. ഫിറ്റ് ചെയ്യുമ്പോൾ അതിന്റെ റിവൈറ്റ് പൊട്ടിപ്പോകും, അതുകൊണ്ട് തിരിച്ചെടുക്കാൻ കഴിയില്ല. അതിസുരക്ഷാ നമ്പർ പ്ലേറ്റ് വാഹനത്തിന്റെ മുൻപിലും പിൻപിലും ഘടിപ്പിച്ചിട്ടുണ്ടെന്ന് ഡീലർ ലോഗിൻ വഴി വാഹൻ സൈറ്റിൽ രേഖപ്പെടുത്തിയാൽ മാത്രമേ ഈ വാഹനത്തിന്റെ ആർസി പ്രിന്റ് ആർടിഒ ഓഫീസിൽ എടുക്കാൻ സാധിക്കൂ. ആ തരത്തിലാണ് പുതിയ സംവിധാനം.

മൂന്നാമൊതു നമ്പർ പ്ലേറ്റ് എന്ന ഓപ്ഷൻ വാഹനങ്ങൾക്ക് ഇപ്പോൾ നൽകുന്നുണ്ട്. അതൊരു ഹോളോഗ്രാം പതിച്ച സ്റ്റിക്കർ ആണ്. വാഹനത്തിന്റെ ഗ്ലാസിലാണ് ഇത് ഒട്ടിക്കുന്നത്. ഗ്ലാസിൽ നിന്നു ചുരണ്ടിയെടുക്കാൻ ശ്രമിച്ചാൽ നമ്പർ പ്ലേറ്റ് നശിച്ചു പോകും. അതിസുരക്ഷാ നമ്പർ പ്ലേറ്റിലും ഹോളോഗ്രാമും ഐ.എം.ഡി (IND) എന്ന മുദ്രയുണ്ട്. നമ്പർ പ്ലേറ്റിലെ അക്ഷരങ്ങളെല്ലാം നിശ്ചിത വലുപ്പത്തിലുള്ളവയായിരിക്കും. മൊത്തം 10 ഡിജിറ്റലാണ് നമ്പർ പ്ലേറ്റിലുണ്ടാവുക. അതിൽ അഞ്ചെണ്ണം മുകളിലും അഞ്ചെണ്ണം താഴത്തെ നിരയിലും ആയിട്ടാണ് എഴുതുക. 2019 ഏപ്രിൽ 1 മുൻപുള്ള വാഹനങ്ങൾക്കും അതിസുരക്ഷാ നമ്പർ പ്ലേറ്റ് നിർബന്ധമാണ്.
അതിസുരക്ഷാ നമ്പർ പ്ലേറ്റ് യാതൊരു കാരണവശാലും നശിപ്പിക്കാൻ പാടുള്ളതല്ല. അപകടത്തിലോ മറ്റോ പെട്ട് നമ്പർ പ്ലേറ്റിന് തകരാർ സംഭവിച്ചാൽ വീണ്ടും മോട്ടോർ വാഹന വകുപ്പിന് രേഖാമൂലം അപേക്ഷ സമർപ്പിച്ചാൽ മാത്രമേ പുതിയ നമ്പർ പ്ലേറ്റ് അനുവദിച്ചു നൽകുകയുള്ളൂ. അപ്പോൾ സീരിയൽ നമ്പറിലൊക്ക മാറ്റം വരും. അതു വീണ്ടും വാഹൻ സൈറ്റിൽ അപ്‍ലോഡ് ചെയ്യണം. അങ്ങനെ ചില കടമ്പകളുണ്ട്. അതിസുരക്ഷാ നമ്പർ പ്ലേറ്റ് മനഃപൂർവം കേടു വരുത്തുന്നത് വാഹനത്തിന്റെ റജിസ്ട്രേഷൻ വരെ റദ്ദാക്കാൻ മതിയായ കാരണമാണ്.
നമ്പർ പ്ലേറ്റിലെ 'ബോസ്'
നിലവിൽ അതിസുരക്ഷാ നമ്പർ പ്ലേറ്റ് ഇല്ലാത്ത വാഹനങ്ങൾ തോന്നിയ രീതിയിൽ നമ്പർ എഴുതുന്നത് വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതായത്, പല വാഹനങ്ങളുടെയും നമ്പർ പ്ലേറ്റിലെ മുകളിലത്തെ നിര വായിക്കാൻ കഴിയാത്ത തരത്തിലാകും എഴുതിയിരിക്കുക. വണ്ടി ഏതു ഓഫിസിന്റെ പരിധിയിലുള്ളതാണെന്ന് കണ്ടെത്താൻ ഇതു ബുദ്ധിമുട്ട് സൃഷ്ടിക്കും. മറ്റു ചിലരുണ്ട്, വാഹനത്തിന്റെ അതിസുരക്ഷാ നമ്പർ പ്ലേറ്റിൽ പോലും കൃത്രിമം കാട്ടുന്നവർ. പ്രത്യേകിച്ചും ഇരുചക്രവാഹനക്കാർ. അവർ അതിസുരക്ഷാ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചിരിക്കുന്ന വാഹനത്തിന്റെ ഭാഗം അപ്പാടെ മാറ്റി പുതിയതൊന്നു ഘടിപ്പിക്കും. അതിൽ ഫാൻസി രീതിയിൽ നമ്പർ എഴുതി വയ്ക്കും. ഈ നമ്പർ പ്ലേറ്റിൽ ഒരു കണക്ഷൻ കേബിളും ഘടിപ്പിക്കും. ഹാൻഡിൽ നിന്നം കേബിൾ പിടിച്ചു വലിച്ചാൽ നമ്പർ പ്ലേറ്റ് മടക്കി വയ്ക്കാവുന്ന സംവിധാനമാണത്. പുറകിൽ നിന്നു ഫോട്ടോ എടുത്താലും നമ്പർ മറച്ചു വയ്ക്കാനുള്ള ഐഡിയ ആണ്. ഇതിനെതിരെ കർശന നടപടി സ്വീകരിക്കും.
ചില നമ്പറുകൾ പേരാണെന്ന് തോന്നത്തക്ക രീതിയിൽ നമ്പർ പ്ലേറ്റിൽ പ്രദർശിപ്പിക്കാറുണ്ട്. 8055 എന്നത് BOSS എന്നും 8168 എന്നത് BIG B എന്നുമൊക്കെയുള്ളത് ചില ഉദാഹരണങ്ങൾ മാത്രം. ഇതെല്ലാം നിയമവിരുദ്ധമാണ്. കർശന നടപടി ഇവയ്ക്കെതിരെയും സ്വീകരിക്കും. നിയമലംഘനം നടത്തുന്നവരാണ് വാഹനത്തിന്റെ നമ്പർ അധികൃതരിൽ നിന്ന് മറച്ചു വയ്ക്കാൻ ശ്രമിക്കുന്നത്.