ADVERTISEMENT

വാഹനങ്ങള്‍ കാലത്തിനനുസരിച്ച് മാറുന്നതിനൊപ്പം തന്നെ അവയുടെ ഓരോ ഭാഗങ്ങളിലും ഈ കാലോചിതമായ മാറ്റങ്ങള്‍ നമുക്ക് കാണാം. ഈ മാറ്റങ്ങള്‍ വാഹനങ്ങളുടെ കാഴ്ചയിലുള്ള ഭംഗി കൂട്ടുന്നതിനൊപ്പം തന്നെ വിവിധ ഭാഗങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നത് കൂടി ലക്ഷ്യമിട്ടുള്ളതാണ്. ഇങ്ങനെ കാലത്തിനനുസരിച്ച് മാറിയ ഭാഗങ്ങളില്‍ ഒന്നാണ് ഹെഡ്‌ലൈറ്റുകള്‍. വാഹനങ്ങളുടെ മറ്റു ഭാഗങ്ങളെ പോലെ നിരന്തരം മാറ്റത്തിന് വിധേയമാകാത്തവ കൂടിയാണ് ഹെഡ്‌ലൈറ്റുകള്‍. മറ്റ് ഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വാഹനങ്ങളുടെ ഹെഡ്‌ലൈറ്റുകളില്‍ സംഭവിച്ചിട്ടുള്ള സാങ്കേതികപരമായ മാറ്റങ്ങള്‍ കുറവാണ്.

നിലവില്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഹെഡ്‌ലൈറ്റുകളിലെ സാങ്കേതിക വിദ്യകള്‍ പ്രധാനമായും ഹാലോജന്‍, ലേസര്‍, പ്രൊജക്ടര്‍, എല്‍.ഇ.ഡി തുടങ്ങിയവയാണ്. ഇവയില്‍ ഓരോ വിഭാഗത്തിലെ ഹെഡ്‌ലൈറ്റുകള്‍ക്കും അവയുടേതായ ഉപയോഗങ്ങളും പരിമിതികളും ഉണ്ട്.

ഹാലോജന്‍

വീടുകളില്‍ സാധാരണയായി ഉപയോഗിക്കുന്ന ബള്‍ബുകളോട് സാമ്യമുള്ളതാണ ഹാലോജന്‍ ഹെഡ്‌ലൈറ്റുകളും. ഹാലോജന്‍ ബള്‍ബുകളില്‍ ഫിലമന്റ് ചൂട് പിടിച്ച് അത് പ്രകാശം പരത്തുകയാണ് ചെയ്യുന്നതെങ്കില്‍ ഹാലോജന്‍ ഹെഡ് ലൈറ്റുകളില്‍ ഫിലമെന്റിന് പകരം ഉപയോഗിക്കുന്നത് ഹാലോജന്‍ ഗ്യാസാണ്. ഹാലോജന്‍ ഗ്യാസ് ചൂടാകുകയും ഇതേതുടര്‍ന്ന് ഹെഡ് ലൈറ്റ് പ്രകാശം ഉത്പാദിപ്പിക്കുകയുമാണ് ചെയ്യുക.

headlight-1

ആദ്യ കാല ഹെഡ്‌ലൈറ്റുകളില്‍കളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സമീപത്തില്‍ വരെ ഹാലോജന്‍ ലൈറ്റുകള്‍ ഏറെ ഫലപ്രദമായിരുന്നു എങ്കിലും ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. ഏതാണ്ട് അന്‍പത് വര്‍ഷം പഴക്കമുള്ള ഈ സാങ്കേതിക വിദ്യ ഇന്നു പൂര്‍ണമായും അപ്രത്യക്ഷമാകുന്നതിന്റെ വക്കിലാണ്. ഇതിനു കാരണം കൂടുതല്‍ ദൂരത്തേക്ക് ലഭിക്കുന്നതും ശക്തമായതുമായി ഹെഡ്‌ലൈറ്റുകളുടെ കടന്നു വരവാണ്.

സെനോന്‍ ഹെഡ്‌ലൈറ്റ്

നൂറു മീറ്റര്‍ ദൂരത്തേക്ക് വരെയാണ് ഹാലോജന്‍ ലൈറ്റുകളുടെ പ്രകാശം എത്തുന്നതെങ്കില്‍ ഹൈ ഇന്റന്‍സിറ്റി ഡിസ്ചാര്‍ജ്ജ് ശേഷിയുള്ള എച്ച് ഐ ഡി അഥവാ ക്സെനോന്‍ ലൈറ്റുകളുടെ പ്രകാശം ഏതാണ്ട് 250 മീറ്റര്‍ ദൂരത്തേക്ക് വരെ ലഭിക്കും. വീട്ടിലുപയോഗിക്കുന്ന ട്യൂബ് ലൈറ്റുകള്‍ക്ക് തുല്യമാണ് ക്സെനോന്‍ ഹെഡ് ലൈറ്റുകളുടെ പ്രവര്‍ത്തനം. ഹെഡ് ലൈറ്റിന് അകത്തുള്ള ക്സെനോന്‍ ഗ്യാസ് ഇലക്ട്രിസിറ്റി ഉപയോഗിച്ച് ചൂടാകുന്നതോടെയാണ് പ്രകാശം വമിക്കുന്നത്. ട്യൂബ് ലൈറ്റിലെ എന്നപോലെ വെളുത്ത പ്രകാശമാണ് എച്ച്.ഐ.ഡി ലൈറ്റുകളില്‍ നിന്നു പുറത്ത് വരിക.

ബൈ സെനോന്‍ ഹെഡ്‌ലൈറ്റുകള്‍

എച്ച്.ഐ.ഡി ഹെഡ്‌ലൈറ്റുകളുടെ തന്നെ മറ്റൊരു വിഭാഗമാണ് ബൈ സെനോന്‍. ഇവയിലെയും സെനോന്‍ ലൈറ്റുകളിലെയും സാങ്കേതിക വിദ്യ ഒന്നു തന്നെയാണ്. എന്നാല്‍ ക്സെനോന്‍ ലൈറ്റുകളില്‍ ഹൈലൈറ്റിനും, ലോ ബീം ലൈറ്റിനും രണ്ട് ബള്‍ബുകള്‍ ഉപയോഗിക്കുമ്പോള്‍ ബൈ സെനോനില്‍ രണ്ടിനും കൂടി ഒറ്റ ബള്‍ബാണ് ഉപയോഗിക്കുന്നത്. ബള്‍ബില്‍ നിന്ന് പുറപ്പെടുന്ന പ്രകാശം നിയന്ത്രിച്ചാണ് ബൈ ക്സനോന്‍ ഹെഡ് ലൈറ്റുകളില്‍ ഹൈ ബീം ലൈറ്റില്‍ നിന്നും ലോ ബീം ലൈറ്റിലേക്ക് മാറുന്നത്. പ്രൊജക്ടര്‍ ലെന്‍സുകളാണ് ഇത്തരത്തില്‍ പ്രകാശം നിയന്ത്രിക്കാന്‍ സഹായിക്കുന്നത്.

ചിലവ് കുറവാണ് എന്നതാണ് ബൈ സെനോന്‍ ലൈറ്റുകളുടെ പ്രത്യേകത. കൂടാതെ ഹാലോജന്‍ ലൈറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രകാശത്തിന്റെ അളവിലും പ്രകാശം എത്തുന്ന ദൂരത്തിലും ബൈ സെനോന്‍ ലൈറ്റുകള്‍ ഏറെ മുന്നിലാണ്.

പ്രൊജക്ടര്‍ ലെന്‍സ്

പ്രൊജക്ടര്‍ ലെന്‍സുകള്‍ ഹെഡ്‌ലൈറ്റുകളല്ല മറിച്ച് ഹെഡ്‌ലൈറ്റുകളില്‍ ഉപയോഗിക്കുന്ന ഒരു സാങ്കേതിക വിദ്യയാണ്. സെനോന്‍, ലേസര്‍, എല്‍.ഇ.ഡി തുടങ്ങിയ ലൈറ്റുകളിലെല്ലാം പ്രൊജക്ടര്‍ ലെന്‍സ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്. പ്രകാശം എവിടെ പതിക്കേണ്ടത് എവിടെയെന്നത് നിയന്ത്രിക്കുകയാണ് പ്രൊജക്ടര്‍ ലെന്‍സുകള്‍ ചെയ്യുന്നത്. ബള്‍ബില്‍ നിന്നുള്ള പ്രകാശം ഈ പ്രൊജക്ടര്‍ ലെന്‍സില്‍ തട്ടി പ്രതിഫലിച്ചായിരിക്കും റോഡില്‍ പതിക്കുക. ലെന്‍സിന്റെ സ്ഥാനം മാറുന്നതിനൊപ്പം അടുത്തോ അകലയോ എന്ന തോതില്‍ പ്രകാശം പതിക്കുന്ന ദൂരം വ്യത്യസപ്പെട്ടിരിക്കും. അതായത് വാഹനം നിയന്ത്രിക്കുന്ന ആള്‍ക്ക് കാഴ്ചയുടെ സൗകര്യത്തിനനുസരിച്ച് ഹെഡ് ലൈറ്റില്‍ നിന്നുള്ള പ്രകാശം എവിടെ വീഴണം എന്നത് നിയന്ത്രിക്കാനാകും.

എല്‍.ഇ.ഡി ലൈറ്റുകള്‍

ഇലക്ട്രോണുകളുടെ സഹായത്തോടെയാണ് ലൈറ്റ് എമിറ്റിംഗ് ഡിയോഡ് അഥവാ എല്‍.ഇ.ഡികള്‍ പ്രകാശം വമിക്കുന്നത്. ഏറ്റവും വേഗത്തില്‍ തെളിയുന്ന ലൈറ്റുകളാണ് എല്‍.ഇ.ഡി ലൈറ്റുുകള്‍. കൂടാതെ ഊര്‍ജ്ജ സംരക്ഷണത്തിലും കൂടുതല്‍ കാലം നീണ്ട് നില്‍ക്കുന്നതിലും എല്‍.ഇ.ഡി ലൈറ്റുകള്‍ ഒന്നാമതാണ്. ഇതിനാല്‍ തന്നെയാണ് വാഹനങ്ങളില്‍ ഇന്ന് എല്‍.ഇ.ഡി ലൈറ്റുകള്‍ ഉപയോഗിക്കുന്നത് വര്‍ദ്ധിച്ച് വരുന്നതും. എന്നാല്‍ ഹെഡ് ലൈറ്റുുകളില്‍ എല്‍.ഇ.ഡി ഉപയോഗിക്കുന്നത് ഇപ്പോഴും വ്യാപകമായിട്ടില്ല. പ്രകാശത്തിന്റെ അളവ് താരതമ്യേന കുറവാണ് എന്നതിനാല്‍ ടെയില്‍ ലാമ്പുകളിലും, പകല്‍ സമയത്ത് ഉപയോഗിക്കുന്ന ഹെഡ് ലൈറ്റുകളിലും ആണ് എല്‍.ഇ.ഡി ഇപ്പോള്‍ കണ്ട് വരുന്നത്. എന്നാല്‍ സാങ്കേതിക വിദ്യ മുന്നോട്ട് പോകുന്നതോടെ ഹെഡ്‌ലൈറ്റുകളിലും എല്‍.ഇ.ഡി ഉപയോഗിക്കുന്ന കാലം വിദൂരമല്ല എന്ന് ഉറപ്പ്.

ലേസര്‍ ലൈറ്റുകള്‍

ലക്ഷ്വറി കാറുകളില്‍ മാത്രം ഇപ്പോള്‍ കണ്ട് വരുന്ന ഹെഡ് ലൈറ്റുകളാണ് ലേസര്‍ ലൈറ്റുകള്‍. വിലക്കൂടുതലാണ് ഇവയെ ലക്ഷ്വറി കാറുകളിലേക്ക് മാത്രമായി ഒതുക്കി നിര്‍ത്തിയിരിക്കുന്നത്. പക്ഷേ ശക്തമായതും പ്രകാശമേറിയതുമാണ് ലേസര്‍ ലൈറ്റുകള്‍. ലേസര്‍ ബീമുകളാണ് ഈ ഹെഡ് ലൈറ്റുകളില്‍ നിന്ന് പ്രകാശം വമിപ്പിക്കുന്നത്. ചെറിയ ലൈറ്റില്‍ നിന്ന് തന്നെ കൂടുതല്‍ പ്രകാശം ഉത്പാദിപ്പിക്കാം എന്നതിനാല്‍ തന്നെ ലേസര്‍ ലൈറ്റ് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ കുറച്ചു സ്ഥലം മാത്രമേ ഹെഡ്‌ലൈറ്റുകള്‍ക്ക് വേണ്ടി മാറ്റി വയ്ക്കേണ്ടതുള്ളൂ.

ഡിജിറ്റല്‍ എല്‍.ഇ.ഡി ലൈറ്റുകള്‍

ലേസര്‍ ലൈറ്റുകള്‍ എന്ന പോലെ വിലയേറിയ ഹെഡ് ലൈറ്റുകളാണ് ഡിജിറ്റല്‍ എല്‍.ഇ.ഡി ലൈറ്റുകള്‍. പ്രകാശം ആവശ്യത്തിനനുസരിച്ചും എതിരെ വരുന്ന വണ്ടികളുടെ സൗകര്യത്തിനനുസരിച്ചും തനിയെ നിയന്ത്രിക്കുന്നു എന്നതാണ് ഡിജിറ്റല്‍ എല്‍.ഇ.ഡി ഹെഡ് ലൈറ്റുകളുടെ പ്രത്യേകത. പ്രകാശം കുറച്ച് വേണ്ടിടത്ത് പ്രകാശത്തിന്റെ അളവ് കുറക്കാനും ഇരുട്ടുള്ള പ്രദേശത്ത് അളവ് കൂട്ടാനും സഹായിക്കുന്നത് ഹെഡ് ലൈറ്റിന് ഒപ്പമുള്ള സെന്‍സറുകളും ഡിജിറ്റല്‍ സാങ്കേതിക വിദ്യയുമാണ്. എതിരെ വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ കാഴ്ച മറയ്ക്കാതെ സഹായിക്കുന്നു എന്നതാണ് ഡിജിറ്റല്‍ എല്‍.ഇ.ഡി ലൈറ്റുകളുടെ പ്രത്യേകതകളില്‍ ഒന്ന്.

എപ്പോഴും വാഹന നിര്‍മാതാക്കള്‍ തരുന്ന ഹെഡ്‌ലൈറ്റുകള്‍ തന്നെ തുടര്‍ന്നും ഉപയോഗിക്കുന്നതാകും ഉത്തമം. വാഹനത്തിന്റെ രൂപത്തിനും സ്വഭാവത്തിനും അനുസരിച്ചാകും അവര്‍ ഹെഡ്‌ലൈറ്റുകള്‍ വാഹനത്തില്‍ ഘടിപ്പിക്കുന്നത്. അതേസമയം ഹെഡ്‌ലൈറ്റുകള്‍ മാറ്റുവാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അത് വാഹനം ഉപയോഗിക്കുന്ന പ്രദേശത്തിന്റെ ആവശ്യങ്ങള്‍ കൂടി മനസ്സിലാക്കി വേണം ചെയ്യാന്‍. ഒപ്പം ഊര്‍ജസംരക്ഷണ സാദ്ധ്യതകള്‍ കൂടി കണക്കിലെടുക്കണം.

English Summary: Different Types Of Headlights & Its Use

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com