ഒളിഞ്ഞുകിടക്കുന്ന ചില കളികൾ; കാർ ഇൻഷുറൻസിലെ ലാഭം ഒരു ലാഭം ആണോ?

car-insurance
SHARE

രാജുവും ബാബുവും ഒരേ മോഡൽ കാർ ഒരേ ഷോറൂമിൽ നിന്ന് ഒരേ ദിവസം വാങ്ങിയവരാണ്. ഇപ്പോൾ മൂന്നു വർഷം കഴിഞ്ഞിരിക്കുന്നു. ഇതു വരെ ഒന്നിച്ചായിരുന്നു ഇൻഷുറൻസ് പുതുക്കിയിരുന്നത്. ഇത്തവണ രാജു ഓൺലൈനായിട്ടാണ് ഇൻഷുറൻസ് പുതുക്കിയത്. ബാബു പഴയതുപോലെ ഷോറൂമിൽനിന്നു പുതുക്കി. പക്ഷേ, ബാബുവിനേക്കാൾ 800 രൂപയോളം കുറവാണ് രാജു അടച്ച ഇൻഷുറൻസ് പ്രീമിയം. ശ്ശെടാ, ഇതെങ്ങനെ സംഭവിച്ചു. ബാബുവിനെ 800 രൂപ അധികം വാങ്ങി ഷോറൂമുകാർ പറ്റിക്കുകയായിരുന്നോ? വിശദാംശങ്ങൾ അന്വേഷിച്ചപ്പോഴാണ് ബാബുവിന് ഇൻഷുറൻസിൽ ഒളിഞ്ഞുകിടക്കുന്ന ചില കളികൾ മനസിലായത്. കാർ ഇൻഷുറൻസിന്റെ പ്രീമിയം എങ്ങനെ കുറയുകയും കൂടുകയും ചെയ്യുന്നുവെന്ന് ബാബു പഠിച്ചു.

ഒരു പുതിയ കാർ വാങ്ങി തൊട്ടടുത്ത ദിവസം തന്നെ ഇടിച്ചു തവിടുപൊടിയായി പോയെന്നു വയ്ക്കുക. ഒരിക്കലും വാങ്ങിയ അതേ വിപണി വില നിങ്ങൾക്ക് ഇൻഷുറൻസ് നഷ്ടപരിഹാര തുകയായി കിട്ടുകയില്ല.  വിപണി വിലയേക്കാൾ കുറഞ്ഞ തുക മാത്രമേ ഇൻഷുറൻസ് കമ്പനി അതിന്റെ മതിപ്പു വിലയായി കണക്കാക്കുന്നുള്ളു എന്നതു തന്നെ കാരണം. അതായത് ഒരു കാർ വാങ്ങിയാൽ ആദ്യ ദിവസം തന്നെ അതിനു മൂല്യശോഷണം വന്നു തുടങ്ങുന്നു എന്നു സാരം. 

ഇൻഷുറൻസ് കമ്പനി കാറിന് കണക്കാക്കുന്ന വിലയെ ഇൻഷ്വേർഡ് ഡിക്ലയേർഡ് വാല്യു(ഐഡിവി) എന്നാണ് പറയുക. വാഹനത്തിന്റെ പഴക്കം, നിലവിലെ വിപണിവില, എന്നിവ കണക്കാക്കിയാണ് ഐഡിവി ഇൻഷുറൻസ് കമ്പനി നിശ്ചയിക്കുക. വാഹനം അപകടത്തിൽ പെട്ട് പൂർണമായും നശിച്ചാൽ ഈ കണക്കാക്കിയ തുകയാണ് വാഹനമുടമയ്ക്ക് കമ്പനി നഷ്ടപരിഹാരമായി നൽകുക. പുതിയ കാറിന്റെ എക്സ് ഷോറൂം വിലയിൽനിന്ന് അഞ്ചു ശതമാനം മൂല്യം കൂടി കുറച്ചതായിരിക്കും അതിന്റെ ഐഡിവി. അഞ്ചു വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനമാണെങ്കിൽ ഇൻഷുറൻസ് കമ്പനിയുടെ സർവേയറുടെ പരിശോധന അടിസ്ഥാനമാക്കിയായിരിക്കും ഐഡിവി നിശ്ചയിക്കുക. 

ഈ ഐഡിവി അനുസരിച്ചാണ് കാർ ഉടമ അടയ്ക്കേണ്ട പ്രീമിയം നിശ്ചയിക്കുക.  ഇനി ബാബുവിന്റെയും രാജുവിന്റെ കാര്യത്തിലേക്കു വരാം. ബാബുവിന്റെ കാറിന്റെ ഐഡിവി 4 ലക്ഷം ആണെന്നു വയ്ക്കുക. പ്രീമിയം ഏകദേശം 11000 രൂപയാണെന്നും കരുതുക. അതേസമയം രാജു ഓൺലൈൻ ആയി ഇൻഷുറൻസ് എടുത്തപ്പോൾ ഐഡിവി 3.60 ലക്ഷം രൂപ മതിയെന്നു തീരുമാനിച്ചു. അപ്പോൾ പ്രീമിയം അതിനനുസരിച്ച് കുറഞ്ഞ് 10200 രൂപ ആയി. എന്തെങ്കിലും അപകടം സംഭവിച്ച് നഷ്ടപരിഹാരം കിട്ടുമ്പോൾ കൂടുതൽ മെച്ചം കൂടുതൽ പ്രീമിയം അടച്ച് ബാബുവിന് തന്നെയാകും. രാജുവിന് കുറഞ്ഞ തുക മാത്രമേ കിട്ടുകയുള്ളു. പ്രീമിയത്തിലെ ചില്ലറ ലാഭത്തിനു വേണ്ടി നമ്മളും ഇൻഷുറൻസ് എടുക്കുമ്പോൾ ഐഡിവി കുറച്ചു വിട്ടുവീഴ്ച ചെയ്യാതിരിക്കുക.

English Summary: Know More About Vehicle Insurance

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA