നിങ്ങളുടെ കാർ പൊളിക്കേണ്ടി വരുമോ?

vehicle-scrappage
Scrappage Policy
SHARE

23 വർഷം പഴക്കമുള്ളതാണ് എന്റെ മാരുതി സെൻ കാർ. സാങ്കേതികത്തകരാർ ഒന്നുമില്ല. ആദ്യ കാർ ആയതിനാൽ വൈകാരികമായ അടുപ്പവുമുണ്ട്. കേന്ദ്ര സർക്കാർ പൊളിക്കൽ നയം നടപ്പാക്കുമ്പോൾ എന്റെ സെൻ പൊളിക്കേണ്ടിവരുമോ? ഫാസ്റ്റ്ട്രാക്കിനു ലഭിച്ച വായനക്കാരന്റെ കത്താണിത്. 20 വർഷം പൂർത്തിയായ എല്ലാ പഴയ വാഹനങ്ങളും പൊളിക്കേണ്ടി വരുമോ? ഇളവുകൾ ഉണ്ടാകുമോ? സ്ക്രാപ്പേജ് പോളിസി 2022 ഏപ്രിൽ 1 മുതൽ സർക്കാർ നടപ്പാക്കാനൊരുങ്ങുമ്പോൾ സാധാരണക്കാർക്കു സംശയങ്ങളേറെ.പുതിയ വാഹനങ്ങളുടെ വിൽപനയെ പ്രോത്സാഹിപ്പിക്കുന്നതിനാൽ വാഹന നിർമാതാക്കളും ഡീലർമാരും പോളിസിയെ സ്വാഗതം ചെയ്തിട്ടുണ്ട്. പദ്ധതി എങ്ങനെ നടപ്പാക്കണം എന്നതിനെക്കുറിച്ച് ഔദ്യോഗിക ഉത്തരവ് വന്നിട്ടില്ല. 

∙ പൊളിക്കൽ നയം 

കാലാവധി തീർന്ന വാഹനങ്ങൾ പടിപടിയായി നിരത്തുകളിൽനിന്ന് ഒഴിവാക്കുകയാണ് സ്ക്രാപ്പേജ് പോളിസി അഥവാ പൊളിക്കൽ നയം. മലിനീകരണം കുറയ്ക്കുക, ഇന്ധന ഇറക്കുമതി കുറയ്ക്കുക, സിഎൻജി–വൈദ്യുതി വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കുക, ഇന്ധനക്ഷമത കൂടിയ വാഹനങ്ങൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കുക തുടങ്ങിയവയാണ് സ്ക്രാപ്പേജ് പോളിസിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഇതുവഴി പുതിയ വാഹനങ്ങളുടെ വിൽപ്പന കൂടും. മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട ഉടമ്പടികളോടു നമുക്കുള്ള പ്രതിബദ്ധത രാജ്യാന്തരസമൂഹത്തെ ബോധ്യപ്പെടുത്താനും ഇതു സഹായിക്കും. 

pollution-delhi

∙ ഏതൊക്കെ രാജ്യങ്ങളിൽ ?

യൂറോപ്പിലും വിവിധ വിദേശ രാജ്യങ്ങളിലും സ്ക്രാപ്പേജ് പോളിസി നടപ്പിലാക്കിയിട്ടുണ്ട്. വാഹനത്തിന്റെ സ്ക്രാപ് വാല്യുവിനു പുറമെ പല ഇളവുകളും അവർ നൽകുന്നുമുണ്ട്. കാനഡയിൽ ഇന്ധനക്ഷമത കുറഞ്ഞ കാറുകൾ ഒഴിവാക്കിക്കൊണ്ടുള്ള ‘വെഹിക്കിൾ എഫിഷ്യസി ഇൻസെന്റിവ്’ നടപ്പിലാക്കിയിട്ടുണ്ട്. ജർമനിയിൽ ‘എൻവയൺ‌മെന്റൽ പ്രീമിയം’ എന്ന പേരിലാണ് നടപ്പാക്കിയിട്ടുള്ളത്. സ്ക്രാപ്പേജ് പ്രീമിയം/ ഇക്കോ പ്രീമിയം എന്ന പേരിൽ ഓസ്ട്രിയയിലും ഫ്രാൻസിലും സ്ക്രാപ്പേജ് സ്കീം എന്ന പേരിൽ ബ്രിട്ടനിലും നയം നിലവിലുണ്ട്. യുഎസ്, ജപ്പാൻ, നോർവെ, പോർച്ചുഗൽ, ചൈന, റുമേനിയ, റഷ്യ, സ്പെയിൻ എന്നിവിടങ്ങളിലും പഴയ കാറുകൾ ഒഴിവാക്കുന്ന പദ്ധതികൾ നടപ്പാക്കി വരുന്നു.

∙ ഏതൊക്കെ വാഹനങ്ങളാണ് പരിശോധനയ്ക്ക് ഹാജരാക്കേണ്ടത്? 

സ്വകാര്യ വാഹനങ്ങൾ 20 വർഷം പൂർത്തിയാകുമ്പോഴും പൊതുവാഹനങ്ങൾ, വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾ എന്നിവ 15 വർഷം പൂർത്തിയാകുമ്പോഴും ഓട്ടമേറ്റഡ് ടെസ്റ്റിങ്ങിനു വിധേയമാക്കണം.    

∙ 20 വർഷം പഴക്കമുള്ള എല്ലാ വണ്ടികളും പൊളിക്കണോ ? 

20 വർഷം പൂർത്തിയായ എല്ലാ വാഹനങ്ങളും പൊളിക്കണമെന്നില്ല. കാലാവധി കഴിഞ്ഞ വാഹനങ്ങൾ തുടർന്നും ഉപയോഗിക്കണമെങ്കിൽ ഓട്ടമേറ്റഡ് ടെസ്റ്റിങ്ങിനു വിധേയമാക്കണം. ടെസ്റ്റിങ് വിജയകരമായി പൂർത്തിയാക്കുന്ന വാഹനങ്ങൾക്കു തുടർന്നും നിരത്തിലിറങ്ങാൻ അനുമതി ലഭിക്കും. പക്ഷേ, റോഡ് ടാക്സ് വളരെ കൂടുതൽ ആയിരിക്കും.  നിശ്ചിത കാലയളവിനുള്ളിൽ വീണ്ടും ടെസ്റ്റ് ചെയ്യേണ്ടി വരും. 

vehicle-scrappage-1

∙ എന്നുമുതൽ നടപ്പിലാക്കും? 

2022 ഏപ്രിൽ 1 മുതൽ. നിയമത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.   

∙ നഷ്ടപരിഹാരം ലഭിക്കുമോ? 

വാഹനം പൊളിക്കാൻ നൽകുമ്പോൾ ആ വാഹനത്തിന് ഒരു നിശ്ചിത വില (ഫെയ്സ് വാല്യു) തീരുമാനിച്ചിട്ടുണ്ടാകും. അത് വാഹന ഉടമയ്ക്കു നൽകും.  

∙ പുതിയ വാഹനം വാങ്ങുന്നതിലുള്ള നേട്ടം എന്തൊക്കെ?

പുതിയ വാഹനം വാങ്ങുമ്പോൾ പഴയ വാഹനം പൊളിച്ചതിന്റെ സർട്ടിഫിക്കറ്റ് കാണിച്ചാൽ ഡിസ്കൗണ്ട് നൽകിയേക്കും. ഗ്രീൻ (സിഎൻജി, ഇലക്ട്രിക്) വാഹനങ്ങളാണ് വാങ്ങുന്നതെങ്കിൽ ടാക്സിൽ കുറവു വരുത്താം. 

∙ എന്താണ് ടെസ്റ്റിങ് ?

കാലാവധി പൂർത്തിയായ വാഹനം സർക്കാർ നിർദേശിക്കുന്ന വിശദമായ ടെസ്റ്റിങ്ങിനു വിധേയമാക്കണം. ഇതിനായി പ്രത്യേക ഓട്ടമേറ്റഡ് ടെസ്റ്റിങ് സെന്ററുകൾ ഒരുക്കും. ടെസ്റ്റിങ്ങിൽ എൻജിൻ, ബ്രേക്ക്, സസ്പെൻഷൻ, പൊലൂഷൻ തുടങ്ങി എല്ലാ ഘടകങ്ങളും വിശദമായി പരിശോധിക്കും. ടെസ്റ്റിങ് വിജയകരമായി പൂർത്തിയാക്കിയാൽ വാഹനം വീണ്ടും ഉപയോഗിക്കുന്നതിന് അനുമതി ലഭിക്കും. 

∙ ഉടമയ്ക്കുണ്ടാകുന്ന നഷ്ടം എന്തെല്ലാം?

വാഹനം ടെസ്റ്റിനു വിധേയമാക്കുന്നതിനു മുൻപ് മികച്ച സർവീസ് ചെയ്യണം. ഉപയോഗശൂന്യമായ പാർട്സുകൾ മാറ്റേണ്ടിവരും. എൻജിൻ പണി ഉൾപ്പെടെ ചെയ്യേണ്ടി വരും. സർവീസിനു തന്നെ നല്ലൊരു തുക ചെലവാകും. ടെസ്റ്റിന്റെ ഫീസ് വേറെ.  

∙ ടെസ്റ്റിങ്ങിന് എത്ര രൂപ 

ചെലവ് വരും? ഓട്ടമേറ്റഡ് ടെസ്റ്റിങ് ചെലവേറിയതാണ്. വാഹനം ടെസ്റ്റിനു വിധേയമാക്കണമെങ്കിൽ ഏകദേശം  40,000 രൂപ മുതൽ  50,000 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. ഈ തുക വാഹന ഉടമ വഹിക്കണം.  

∙ കേരളത്തിൽ ടെസ്റ്റിങ് നടത്താൻ സൗകര്യമുണ്ടോ?

കേന്ദ്ര സർക്കാർ നിർദ്ദേശിച്ച മാനദണ്ഡങ്ങൾ അനുസരിച്ചു നിലവിൽ കേരളത്തിൽ എട്ടു ടെസ്റ്റിങ് സ്റ്റേഷനുകളാണ് ഉള്ളത്. വെഹിക്കിൾ ടെസ്റ്റിങ് ട്രാക്കും ഡ്രൈവർ ടെസ്റ്റിങ് ട്രാക്കും ചേർന്നതാണിത്.  ഇവയിൽ പാറശാല, ഉഴവൂർ, കോഴിക്കോട് എന്നീ കേന്ദ്രങ്ങളിൽ ഹെവി വാഹനങ്ങൾ ടെസ്റ്റ് ചെയ്യാൻ സൗകര്യമുണ്ട്. മുട്ടത്തറ, മൂവാറ്റുപുഴ, കണ്ണൂർ, തളിപ്പറമ്പ്, കാസർകോഡ് കേന്ദ്രങ്ങളിൽ ലൈറ്റ് മോട്ടർ വെഹിക്കിൾ ടെസ്റ്റിങ് മാത്രമേ ഉള്ളൂ. തൃപ്പൂണിത്തുറ, മട്ടാഞ്ചേരി (ഡ്രൈവർ ടെസ്റ്റിങ് ട്രാക്ക് മാത്രം) സെന്ററുകൾ പൂർത്തിയായിട്ടില്ല. പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾ, ടാക്സി, വാണിജ്യ വാഹനങ്ങൾ തുടങ്ങിയവ മാത്രമാണ് ഇവിടെ നിലവിൽ പരിശോധിക്കുന്നത്. കേന്ദ്ര ഗതാഗത മന്ത്രാലയം 25 ഫിറ്റ്നെസ്സ് ടെസ്റ്റിങ് സെന്ററുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഇവയിൽ ആറെണ്ണം മാത്രമേ പൂർണമായും പ്രവർത്തനക്ഷമമായിട്ടുള്ളൂ.

നിയമം നടപ്പിലാക്കിയാൽ എല്ലാ ജില്ലകളിലും ടെസ്റ്റിങ് സെന്ററുകൾ സ്ഥാപിച്ചേക്കും. സർക്കാർ നേരിട്ടോ പൊതു–സ്വകാര്യ പങ്കാളിത്തത്തോടുകൂടിയോ ആകും ടെസ്റ്റിങ് സെന്ററുകൾ ഒരുക്കുക. 

∙ യൂസ്ഡ് കാർ വിപണിയെ ബാധിക്കുമോ?

പത്തു വർഷത്തിൽ താഴെയുള്ള വാഹനങ്ങൾക്കു യൂസ്ഡ് കാർ വിപണിയിൽ ഡിമാൻഡ് കൂടും. പ്രത്യേക മോഡലുകൾക്കും ആവശ്യക്കാരേറും. ഇപ്പോൾ 20 വർഷം പഴക്കമുള്ള വണ്ടികൾ 50,000 രൂപയ്ക്കുള്ളിൽ ലഭ്യമാണ്. സ്ക്രാപ്പേജ് പോളിസി നടപ്പാക്കുന്നതോടെ യൂസ്ഡ് കാറുകളുടെ അടിസ്ഥാന വില വർധിക്കും. നല്ലൊരു യൂസ്ഡ് കാർ വാങ്ങണമെങ്കിൽ 1.5 – 2 ലക്ഷം രൂപ ബേസ് മോഡലിനു തന്നെ മുടക്കേണ്ടി വരും. 15 വർഷത്തിൽ അധികം പഴക്കമുള്ള വാഹനങ്ങളുടെ ഡിമാൻഡ് കുറയും. 2000–2008 മോഡൽ കാറുകളുടെ വില കുറയും.

∙ വിന്റേജ് കാറുകൾ എന്തു ചെയ്യും?

വിന്റേജ് വാഹനങ്ങൾക്കായി പ്രത്യേക നിയമം നിലവിൽവരും. റജിസ്ട്രേഷൻ തീയതി മുതൽ 50 വർഷത്തിലധികം പഴക്കമുള്ളതും വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കാത്തതുമായ ഇരുചക്ര, നാലുചക്ര വഹനങ്ങളെയാണ് വിന്റേജ് വിഭാഗമായി പരിഗണിക്കുക. ഇവയുടെ റജിസ്ട്രേഷന് 20,000 രൂപയും പുനർ റജിസ്ട്രേഷന് 5000 രൂപയുമാണ് ഫീസ്. കാലാവധി 10 വർഷം. എക്സിബിഷൻ, സാങ്കേതിക ഗവേഷണം, കാർ റാലി, ഇന്ധനം നിറയ്ക്കൽ, പരിപാലനം തുടങ്ങിയ കാര്യങ്ങൾക്കു മാത്രമേ വിന്റേജ് കാറുകൾ നിരത്തിലിറക്കാവൂ. കരടു നിയമം (ഡ്രാഫ്റ്റ്) ആയതേ ഉള്ളൂ. നിലവിൽ വന്നിട്ടില്ല. 

INDIA-LIFESTYLE-CARS-BEETLE

∙ സ്ക്രാപ് യാർഡുകൾ തയാറാണോ?

വാഹനങ്ങൾ പൊളിക്കുമ്പോൾ ലോഹഭാഗങ്ങൾ, പ്ലാസ്റ്റിക്, റബർ, ഗ്ലാസ് ഘടകങ്ങൾ എന്നിവ പുനരുപയോഗിക്കുന്നതിനുള്ള യൂണിറ്റുകൾക്ക് കൈമാറാനുള്ള സംവിധാനം സ്ക്രാപ് യാർഡുകളിൽ വേണം. പരിസ്ഥിതി മലിനീകരണം പാടില്ല. മലിനീകരണ നിയന്ത്രണ ബോർഡ്, പരിസ്ഥിതി, വ്യവസായ വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, മോട്ടർ വാഹന വകുപ്പ് എന്നിവയുടെ അനുമതിയോടെ മാത്രമേ സ്ക്രാപ് യാർഡുകൾ തുടങ്ങാനാകൂ.

English Summary:  Know More About Scrappage Policy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA