കൊറോണയുടെ രണ്ടാം തരംഗം രാജ്യത്ത് ആകെമാനം പ്രതിസന്ധികൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. കേരളം അടക്കമുള്ള പല സംസ്ഥാനങ്ങളും ലോക്‌ഡൗണിലാണ്. കാറുകളും ബസുകളും അടക്കമുള്ള വാഹനങ്ങൾക്ക് ഇത് ഇത് വിശ്രമകാലം. ലോക്ഡൗൺ പൂർത്തിയാകുമ്പോൾ കാറുകൾ വീണ്ടും സ്റ്റാർട്ടാകണമെങ്കിൽ ഈ കാര്യങ്ങൾ ഇപ്പോഴെ ചെയ്യുന്നത് നന്നായിരിക്കും ഇല്ലെങ്കില്‍ ഒരു അടിയന്തര ഘട്ടം വന്നാല്‍ വാഹനം നമുക്ക് ഉപയോഗിക്കാനാകാതെ പണിമുടക്കിയെന്നുവരും.
∙ മൂടി സൂക്ഷിക്കുക: ഏറെ നാളത്തേക്ക് വാഹനം പാർക്ക് ചെയ്യുമ്പോൾ മൂടി സൂക്ഷിക്കുന്നതാണ് നല്ലത്. കാർ പോര്‍ച്ചിലാണെങ്കിലും മൂടുന്നത് നന്നായിരിക്കും. പുറത്ത് പാർക്ക് ചെയ്യുന്നവർ തീർച്ചയായും കാർ മൂടണം. കാരണം പക്ഷിയുടെ കാഷ്ഠവും കൂടുതൽ വെയിൽ ഏൽക്കുന്നതും കാറിന്റെ നിറം മങ്ങുന്നതിന് ഇടവരുത്തും. എന്നാൽ നിലവാരം കുറഞ്ഞ കാർ കവറുകൾ ഉപയോഗിക്കാതിരിക്കുക. കൂടാതെ ഈർപ്പത്തോടെ മൂടാതിരിക്കാനും ഈർപ്പമുള്ള സ്ഥലങ്ങളിൽ പാർക്ക് ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം.
∙ ഹാൻഡ് ബ്രേക്ക്: കുറച്ചു നാളത്തേക്ക് കാർ നിര്‍ത്തിയിടുമ്പോള്‍ ഹാന്‍ഡ് ബ്രേക്ക് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ചില വാഹനങ്ങളിൽ ഇതു ബ്രേക്ക് പാഡുകള്‍ ജാം ആകാന്‍ കാരണമാകും. ഏതാനും ദിവസം കഴിഞ്ഞ് എടുക്കുമ്പോള്‍ വാഹനത്തിനു ചലിക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടേക്കാം. ഈ സാഹചര്യത്തില്‍ കല്ലോ മരക്കഷണമോ കൊണ്ട് ടയറിനു തടസ്സം വയ്ക്കുന്നതാണ് ഉചിതം. കൂടാതെ പാര്‍ക്ക് ചെയ്ത കാര്‍ ഫസ്റ്റ് ഗിയറില്‍ ഇടുക.
∙ ബാറ്ററി: ദീര്‍ഘനാളത്തേക്ക് നിര്‍ത്തിയിടുന്ന കാറിന്റെ ബാറ്ററി അഴിച്ചുവയ്ക്കുന്നതാണു നല്ലത്. ഇല്ലെങ്കില്‍ ബാറ്ററി ഡ്രൈ ആകാന്‍ ഇടയാകും. ഫുള്‍ ചാര്‍ജ് ചെയ്ത ശേഷം നേരിട്ടു വെയിലേല്‍ക്കാത്ത ഇടത്ത് ബാറ്ററി സൂക്ഷിക്കാം. ബാറ്ററി ടെര്‍മിനലുകളിലും അതുമായി ബന്ധിപ്പിക്കുന്ന വാഹനത്തിലെ കേബിളിന്റെ അഗ്രത്തിലും പെട്രോളിയം ജെല്ലി തേയ്ക്കുന്നതും നന്നായിരിക്കും. വിച്ഛേദിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ 3 ദിവസം കൂടുമ്പോൾ കാർ അൽപനേരം സ്റ്റാർട്ടാക്കുകയിടുക.
∙ അകത്തളവും പുറവും വൃത്തിയാക്കുക: കാര്‍ ദിവസങ്ങളോളം പാര്‍ക്ക് ചെയ്ത് ഇടുന്നതിനു മുന്‍പ് ഇന്റീരിയര്‍ നന്നായി വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. ബിസ്‌കറ്റ് പാക്കറ്റുകള്‍, ചോക്‌ലേറ്റ് കവറുകള്‍, പത്രക്കടലാസുകള്‍ എന്നിവയൊന്നും കാറിനകത്ത് അലസമായി ഇടരുത്. ഇത് എലിശല്യത്തിനു കാരണമാകുകയും ഇലക്ട്രിക്കല്‍, ഫൈബര്‍, റബര്‍ ഭാഗങ്ങള്‍ എലി കരളാന്‍ കാരണമാകുകയും ചെയ്യും. പാര്‍ക്ക് ചെയ്യുന്നതിനു മുന്‍പ് കാര്‍ വൃത്തിയാക്കിയ ശേഷം ഫ്രഷ്‌നര്‍ ഉപയോഗിക്കാതിരുന്നാല്‍ നല്ലത്. അടഞ്ഞ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന ഫ്രഷ്‌നര്‍ സുഗന്ധം ദിവസംചെല്ലുന്തോറും ദുര്‍ഗന്ധമായി മാറും
∙ സ്റ്റാർട്ട് ചെയ്യുക: ആഴ്ചയിൽ ഒരിക്കൽ കാർ സ്റ്റാർട്ട് ചെയ്തു മുന്നോട്ടും പിന്നോട്ടും അനക്കിയിടുക. വാഹനത്തിന്റെ വീലുകൾ സ്റ്റക്ക് ആകാതിരിക്കാനും ഉറഞ്ഞുപോകാതിരിക്കാനും ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.
∙ ഫുൾ ടാങ്ക് ഇന്ധനം: പാർക്ക് ചെയ്യുന്നതിന് മുമ്പ് ഫുൾടാങ്ക് ഇന്ധനം നിറച്ചിടുക, കാരണം ‘കണ്ടൻസേഷൻ’ സംഭവിച്ച് ഭാവിയിൽ ടാങ്ക് തുരുമ്പുപിടിക്കാനുള്ള സാധ്യതയുണ്ട്.
∙ വൈപ്പർ ബ്ലേഡ്: ചൂടേറ്റ് വൈപ്പറിന്റെ റബർ ഉറഞ്ഞു പോകാതിരിക്കാൻ വൈപ്പർ ഉയർത്തി വയ്ക്കുക.