ADVERTISEMENT

കുടുംബമൊന്നാകെ യാത്രകൾക്കും ആഘോഷച്ചടങ്ങുകൾക്കും പോകുന്നത് ലോക്ഡൗൺ കാലയളവിൽ കാര്യമായി ഇല്ലാത്തതിനാൽ മിക്ക വീടുകളിലെയും കാറുകൾക്ക് ഓട്ടം നന്നേ കുറവായിരിക്കും. അവശ്യസാധനങ്ങളും മറ്റും വാങ്ങാനായി ചെറിയ ദൂരത്തേക്കുള്ള യാത്രകൾക്ക് ഇരുചക്രവാഹനങ്ങളിൽ ഒരാൾ മാത്രം പോയിവരുന്നതാകും ഭൂരിഭാഗം പേരും ചെയ്യുന്നത്. അതിനാൽ തന്നെ, ദീർഘനാൾ ഉപയോഗിക്കാതിരിക്കുന്നത് കാറുകളുടെ പ്രവർത്തനത്തെ ബാധിക്കാൻ സാധ്യതയുണ്ട്. തകരാറുകൾ വരാതിരിക്കാനും ഒരു അടിയന്തരഘട്ടത്തിൽ കാർ പണിമുടക്കാതെയിരിക്കാനും ഈ മുൻകരുതലുകൾ എടുക്കാം.

പാർക്കിങ്ങിൽ വേണം ശ്രദ്ധ

മേൽക്കൂരയുള്ള പാർക്കിങ് ഏരിയ ഉണ്ടെങ്കിൽ സൂര്യപ്രകാശമേറ്റ് വാഹനം ചൂടാവുന്നത് ഒരുപരിധിവരെ ഒഴിവാക്കാം. അത്തരം പാർക്കിങ് സൗകര്യമില്ലാത്തവർ വാഹനം കവർ ചെയ്യുകയോ തണലുള്ള ഇടങ്ങളിൽ പാർക്ക് ചെയ്യുകയോ വേണം. നിരപ്പായ സ്ഥലത്തു പാർക്ക് ചെയ്യാനും ശ്രദ്ധിക്കണം.

ഇടയ്ക്കിടയ്ക്ക് സ്റ്റാർട്ടാക്കാം

ദീർഘനാൾ ഉപയോഗിക്കാതിരിക്കുമ്പോൾ വാഹനത്തിലെ ബാറ്ററിയുടെ ചാർജ് കുറഞ്ഞേക്കാം. അതിനാൽ, ആഴ്ചയിലൊരിക്കൽ വാഹനം സ്റ്റാർട്ട് ആക്കുകയും മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുകയും ചെയ്യാം. ബാറ്ററി റീഫിലിങ്ങിനും ടയറുകളിൽ ഫ്ലാറ്റ് സ്പോട്ട് വരുന്നത് ഒഴിവാക്കാനും ഇതു സഹായിക്കും. ബാറ്ററി ടെർമിനലുകളിലും അതുമായി ബന്ധിപ്പിക്കുന്ന വാഹനത്തിലെ കേബിളിന്റെ അറ്റങ്ങളിലും പെട്രോളിയം ജെല്ലി തേയ്ക്കുന്നതും നല്ലതാണ്.

ഹാൻഡ് ബ്രേക്ക് വേണ്ടേ വേണ്ട

പാർക്കിങ്ങിന് ഹാൻഡ് ബ്രേക്ക് സ്ഥിരമായി ഇട്ടുവയ്ക്കുന്നതു ബ്രേക്ക് പാഡുകൾ ജാം ആക്കാൻ സാധ്യതയുണ്ട്. ഇത് പിന്നീട് വാഹനം ചലിപ്പിക്കാൻ ബുദ്ധിമുട്ടുണ്ടാക്കും. അതിനാൽ, ഏറെ നേരത്തേക്കു വാഹനം പാർക്ക് ചെയ്യുമ്പോൾ ഹാൻഡ് ബ്രേക്ക് ഒഴിവാക്കി ഫസ്റ്റ് ഗിയറിൽ ആക്കിയിടാൻ ശ്രദ്ധിക്കാം. വാഹനം ഉരുണ്ടുപോകുന്നതു തടയാൻ ആവശ്യമെങ്കിൽ ടയറുകൾക്കു മുന്നിൽ ചെറിയ കല്ലോ മറ്റോ വയ്ക്കാം. ആഴ്ചകളോളം നിർത്തിയിടുമ്പോൾ സ്പാർക്ക് പ്ലഗുകൾ ഊരിവയ്ക്കുന്നത് എൻജിൻ സിലിണ്ടറിൽ തുരുമ്പെടുക്കുന്നതു തടയാനാകും.

അകത്തും പുറത്തും വൃത്തി മസ്റ്റ്

പാർക്കിങ് ഇടവും വാഹനത്തിന്റെ അകവും എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. കാറിലെ സീറ്റുകളിലെയും ഫ്ലോർ മാറ്റിലെയും പൊടിയും അഴുക്കും കളയണം. ഭക്ഷ്യവസ്തുക്കൾ, മറ്റ് പാക്കറ്റുകൾ, കടലാസുകൾ എന്നിവയൊന്നും കാറിനകത്ത് ഇടരുത്. ഇത് ഇലക്ട്രിക്കൽ, ഫൈബർ, റബർ ഭാഗങ്ങൾ എലി കരളാനും പാമ്പോ മറ്റ് ജീവികളോ വാഹനത്തിനടയിൽ കയറിയിരിക്കാനും കാരണമാകും. ഇടയ്ക്ക് വാഹനം അണുവിമുക്തമാക്കുന്നതും നല്ലതാണ്. മുറ്റത്ത് വാഹനത്തിനടുത്തായി ഭക്ഷണമാലിന്യങ്ങൾ ഇടുകയോ മറ്റ് ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിക്കുകയോ ചെയ്യരുത്.

ലോക്ഡൗണിനു ശേഷം സർവീസ് ചെയ്യിക്കാം

ഫ്രീ സർവീസ് കാലാവധിയിൽ ആണെങ്കിലും അല്ലെങ്കിലും ലോക്ഡൗണിനു ശേഷം കാർ സർവീസ് ചെയ്യിക്കുന്നത് നല്ലതാണ്. ചെറിയ രീതിയിലുള്ള തകരാറുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ തന്നെ, ആദ്യമേ പരിഹരിക്കുന്നതാണല്ലോ ഉചിതം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com