കേന്ദ്ര സർക്കാരിന്റെ പ്രകൃതി സൗഹൃദ ഇന്ധനനയത്തിന്റെ ഭാഗമായി കേരളത്തിലെ പമ്പുകളിൽ 10% എഥനോൾ ചേർത്ത പെട്രോൾ ആണ് ഏപ്രിൽ മുതൽ ലഭിക്കുന്നത്. എഥനോൾ പെട്ടെന്നു വെള്ളവുമായി കലരുമെന്നതിനാൽ ഇന്ധന ടാങ്കിൽ വെള്ളത്തിന്റെ അംശമുണ്ടെങ്കിൽ വാഹനങ്ങൾക്കു കേടുപാടുണ്ടാകാം. വാഹനം സ്റ്റാർട്ട് ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും.
എന്തുകൊണ്ട് എഥനോൾ?
മലിനീകരണം കുറയ്ക്കുമെന്നതാണ് എഥനോൾ ചേർക്കുന്നതുകൊണ്ടുള്ള പ്രധാന നേട്ടം. ബയോ ഇന്ധനമായ എഥനോൾ പഞ്ചസാര വ്യവസായത്തിന്റെ ഉപോൽപന്നമാണ്. വെള്ളത്തിൽ ലയിക്കുന്നതും പ്രകൃതിക്കു കാര്യമായ ദോഷമുണ്ടാക്കാത്തതുമാണ്. 35% ഓക്സിജൻ അടങ്ങിയിട്ടുണ്ട്. അസംസ്കൃത എണ്ണ ഇറക്കുമതി കുറയ്ക്കുക, കർഷകർക്കു നേട്ടമുണ്ടാക്കുക തുടങ്ങിയവയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. 2003 ൽ പദ്ധതിക്കു തുടക്കമായി. 2025 ആകുമ്പോഴേക്കും പെട്രോളിൽ എഥനോളിന്റെ അളവ് 20% ആയി വർധിപ്പിക്കാനാണ് കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ തീരുമാനം.
പൂർണമായും സുരക്ഷിതം
വിവിധ സംസ്ഥാനങ്ങൾ നേരത്തേതന്നെ എഥനോൾ ചേർത്ത ഇന്ധനം ഉപയോഗിക്കുന്നുണ്ട്. കേരളത്തിലും വർഷങ്ങൾക്കു മുൻപേ എഥനോൾ അടങ്ങിയ പെട്രോൾ നൽകിയിരുന്നെങ്കിലും പിന്നീട് നിർത്തലാക്കി. കൃത്യമായ മുന്നൊരുക്കങ്ങൾക്കു ശേഷമാണ് ഇത്തവണ എഥനോൾ അടങ്ങിയ ഇന്ധനം കമ്പനികൾ പമ്പുകളിൽ എത്തിച്ചിരിക്കുന്നത്. എണ്ണക്കമ്പനികളുടെ പ്രതിനിധികൾ പമ്പുകളിലെത്തി, ടാങ്കിനടിയിൽ വെള്ളമുണ്ടോ എന്നു പരിശോധിച്ചു. വെള്ളം കണ്ടെത്തിയ ടാങ്കുകളിലെ ജലാംശം നീക്കം ചെയ്തു. ദിവസവും 5 തവണ വരെ പമ്പുടമകൾ ഇന്ധനത്തിൽ വെള്ളത്തിന്റെ അംശം ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും എണ്ണക്കമ്പനികൾ നിർദേശം നൽകിയിട്ടുണ്ട്. ജലാശം പരിശോധിക്കാൻ പ്രത്യേക സംവിധാനവും പമ്പുകൾക്കു നൽകിയിട്ടുണ്ട്.
ഉപയോക്താക്കൾ ശ്രദ്ധിക്കാൻ
ജലാംശം ഇന്ധന ടാങ്കിൽ ഉണ്ടാകരുത്. വാഹനം കഴുകുമ്പോഴും മഴയത്തും ഇന്ധന ടാങ്കിലേക്ക് വെള്ളം ഇറങ്ങുന്നില്ലെന്ന് ഉറപ്പു വരുത്തുക. സാധാരണ ടാങ്കിന്റെ ഏറ്റവും താഴെ വെള്ളത്തിന്റെ അംശം ഉണ്ടാകാനിടയുണ്ട്. അതിനാൽ ഇന്ധനം പൂർണമായും തീരുന്നതിനു മുൻപു തന്നെ വീണ്ടും നിറയ്ക്കുക.
English Summary: Know More About Ethanol Mixed Petrol