സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയ പോസ്റ്റ് ഓർമയുണ്ടാകും. പെട്രോൾ പമ്പിലെ പയ്യൻ പെട്രോളിനു പകരം അബദ്ധത്തിൽ കാറിൽ ഡീസൽ നിറച്ചു. മെക്കാനിക്ക് പറഞ്ഞത്രേ ടാങ്കിലുള്ള പെട്രോളിന്റെ ഇരട്ടി ഡീസൽ നിറച്ചാൽ കുഴപ്പമില്ലെന്ന്. എന്നാൽ, എന്താണ് യാഥാർഥ്യം?
∙ഡ്രൈവ് ചെയ്താൽ
ഇന്ധനം മാറി നിറച്ചു ഡ്രൈവ് ചെയ്താൽ വാഹനത്തിന്റെ പ്രകടനത്തെ ബാധിക്കും. പവർ വേരിയേഷൻ ഉണ്ടാകും. പെട്രോളിന്റെയും ഡീസലിന്റെയും കാർബൺ കണ്ടെന്റിൽ വ്യത്യാസമുള്ളതിനാൽ വാഹനത്തിന്റെ പ്രവർത്തനം തകരാറിലാകും. എൻജിന്റെ പിസ്റ്റൺ തകരാർ, മൈലേജ് കുറവ്, പുക മലിനീകരണം തുടങ്ങിയ പ്രശ്നങ്ങളുമുണ്ടാകും. പെട്രോൾ ഡീസൽ വാഹനങ്ങളിൽ സ്പാർക്ക് നൽകുന്നതിൽ ത്തന്നെ വ്യത്യാസമുള്ളതിനാൽ കുറച്ചധികം ദൂരം സഞ്ചരിച്ചാൽ തന്നെ സ്പാർക്ക് പ്ലഗ് ഷോർട്ട് ആകും.
∙ചെയ്യേണ്ടതെന്ത്?
ഇന്ധനം മാറിപ്പോയാൽ വാഹനം സ്റ്റാർട്ട് ചെയ്യരുത്. സർവീസ് സെന്ററിൽ അറിയിച്ചു കെട്ടിവലിച്ചു കൊണ്ടുപോകണം. ടാങ്ക് അഴിച്ചു ക്ലീൻ ചെയ്യണം. ഫ്യൂവൽ ഫിൽറ്റർ മാറണം. പെട്രോൾ മോഡൽ ആണെങ്കിൽ ഫ്യൂവൽ ഫിൽറ്റർ മാറുന്നതിന് 400 രൂപയെങ്കിലുമാകും. ഡീസൽ ആണെങ്കിൽ 2000 രൂപയും. ഇതോടൊപ്പം ഫ്യൂവൽ ടാങ്ക് ക്ലീനിങ്ങിന് 1300 + ടാക്സ് വരും (മോഡലുകൾ അനുസരിച്ചു വിലയിൽ വ്യത്യാസം വരാം).
English Summary: Wrong Fuel In Car