ADVERTISEMENT

ലൈസൻസ് കാലാവധി തീർന്നാൽ സാധാരണ ഏജന്റുമാരെ സമീപിക്കുകയാണു പതിവ്. എന്നാൽ, കാലാവധി തീർന്ന ലൈസൻസ് പുതുക്കാൻ അപേക്ഷിക്കുന്നതും ഫീസ് അടയ്ക്കുന്നതുമെല്ലാം ഓൺലൈനായി സ്വയം ചെയ്യാം. മോട്ടർ വാഹന വകുപ്പിലെ നടപടികൾ എല്ലാം ഇപ്പോൾ ഓൺലൈനാണ്. ഓൺലൈനായി അപേക്ഷിച്ചശേഷം അവയുടെ കോപ്പി ആർടി ഓഫിസിൽ എത്തിച്ചാൽ മതി. 

സ്റ്റെപ് 1

നിങ്ങളുടെ ലൈസൻസ്, വാഹന റജിസ്ട്രേഷന്റെ വിശദ വിവരങ്ങൾ എല്ലാം മോട്ടർ വാഹന വകുപ്പിന്റെ പരിവാഹൻ വെബ്പോർട്ടലിൽ ലഭ്യമാണ് (www.parivahan.gov.in). പരിവാഹൻ സൈറ്റ് തുറക്കുക. അതിൽ ‘വാഹൻ’ എന്ന ഭാഗം വാഹനസംബന്ധമായും ‘സാരഥി’ എന്നത് ലൈസൻസ് സംബന്ധമായുമുള്ള കാര്യങ്ങളെക്കുറിച്ചാണ്. ഇതിൽ സാരഥി ക്ലിക് ചെയ്യുക. അതിൽ ഡ്രൈവിങ് ലൈസൻസ് റിലേറ്റഡ് സർവീസ് തിരഞ്ഞെടുക്കുക. അതിൽ ലൈസൻസ് കരസ്ഥമാക്കിയിരിക്കുന്നത് ഏതു സംസ്ഥാനത്തുനിന്നാണെന്നു ക്ലിക് ചെയ്യുക. അപ്പോൾ ലൈസൻസുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ സ്ക്രീനിൽ കാണാം. 

സ്റ്റെപ് 2

ഇതിൽ ‘ഡിഎൽ സർവീസ്’ (Driving License Service) തിരഞ്ഞെടുക്കുക. നിങ്ങളുടെ ലൈസൻസ് നമ്പർ, ജനനത്തീയതി എന്നിവ ചോദിക്കുന്ന സ്ഥലത്ത് അവ കൃത്യമായി നൽകുമ്പോൾ ലൈസൻസ് ഉടമയുടെ വിശദാംശങ്ങൾ കാണാം. വിവരങ്ങൾ ശരിയാണെങ്കിൽ യെസ് ഓപ്ഷൻ ക്ലിക് ചെയ്യുക. ഡ്രൈവിങ് ലൈസൻസ് റിന്യൂവൽ തിരഞ്ഞെടുക്കുക. മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാനുള്ള ഓപ്ഷൻ വരും. അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ അത് ചെയ്യുക. അപ്പോൾത്തന്നെ ഫോണിലേക്ക് ആപ്ലിക്കേഷൻ നമ്പർ എസ്എംഎസ് വരും. 

സ്റ്റെപ് 3

വെബ്സൈറ്റിൽ ലൈസൻസ് പുതുക്കാൻ നൽകുമ്പോൾ സെൽഫ് ഡിക്ലറേഷൻ, ഫോം 1, ഫോം 1 എ, ഫോം 2 എന്നിവ ഡൗൺലോഡ് ചെയ്യാൻ ഓപ്ഷൻ കാണിക്കും. മെഡിക്കൽ ഫിറ്റ്നെസ്, ഐ സർട്ടിഫിക്കറ്റ്, ഫിസിക്കൽ ഫിറ്റ്നെസ് തുടങ്ങിയവയ്ക്കുള്ള ഫോമുകളാണ്. ഇവ ഡൗൺലോഡ് ചെയ്തു പ്രിന്റ് എടുക്കുക. നിങ്ങളുടെ ഫോട്ടോ, ഡിജിറ്റൽ ഒപ്പ് എന്നിവസഹിതമുള്ള ഫോം ആണ് ഡൗൺലോഡ് ആകുന്നത്. ഈ ഫോം മെഡിക്കൽ ഓഫിസർ, നേത്രരോഗ വിദഗ്ധൻ എന്നിവരെക്കൊണ്ടു പരിശോധിപ്പിച്ച് അംഗീകാരം വാങ്ങണം. 

സ്റ്റെപ് 4

അതിനുശേഷം ആപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും നൽകി നിങ്ങളുടെ ആപ്ലിക്കേഷൻ വിൻഡോ തുറക്കുക. അതിലേക്ക് എല്ലാ ഡോക്യുമെന്റും സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം. സ്കാൻ ചെയ്യുമ്പോൾ മെഡിക്കൽ– ഐ സർട്ടിഫിക്കറ്റ് നൽകുന്ന ഡോക്ടറുടെ സീൽ, റജിസ്റ്റർ നമ്പർ തുടങ്ങിയവ വ്യക്തമാകുംവിധം സ്കാൻ ചെയ്യുവാൻ ശ്രദ്ധിക്കണം. അതിനുശേഷം ഓൺലൈനായി ഫീസ് അടയ്ക്കണം. ഇത്രയും കാര്യങ്ങൾ കൃത്യമായി രേഖപ്പെടുത്തി എങ്കിൽ അപ്ലിക്കേഷൻ സബ്മിറ്റ് ചെയ്യാം.ഓൺലൈൻ നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം എല്ലാ ഡോക്യുമെന്റിന്റെയും കോപ്പി ആർടിഒ ഓഫിസിൽ നൽകണം. 

കൂടെ ഒറിജിനൽ ലൈസൻസും വേണം. സ്വന്തം മേൽവിലാസം പിൻകോഡ്, ഫോൺ നമ്പർ സഹിതം എഴുതിയ കവർ, 42 രൂപയുടെ സ്റ്റാംപ് എന്നിവ കൂടി വയ്ക്കുക. ലൈസൻസ് വീട്ടിലെത്തും. നിലവിലെ സാഹചര്യത്തിൽ എല്ലാ ലൈസൻസിന്റെയും കാലാവധി ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ട്. അക്ഷയകേന്ദ്രങ്ങൾ/ ഇ–സേവാ കേന്ദ്രങ്ങൾ വഴിയും അപേക്ഷിക്കാം. 

വിലാസം മാറേണ്ടതെങ്ങനെ?  

വിലാസം മാറുന്നതിന് പരിവാഹൻ സൈറ്റിൽ ‘ചെയിഞ്ച് ഓഫ് അഡ്രസ്’ വഴി അപേക്ഷിക്കണം. ലൈസൻസ് പുതുക്കുന്ന സമയത്തും വിലാസമാറ്റത്തിന് അപേക്ഷിക്കാവുന്നതാണ്. 260 രൂപയാണ് ഫീസ്. ആവശ്യമായ രേഖകളും അപ്‌ലോഡ് ചെയ്യണം. 

അപ്പോയ്മെന്റ് ബുക്ക് ചെയ്യേണ്ടതെപ്പോൾ? 

അഡ്രസ് മാറുമ്പോഴും ഡ്യൂപ്ലിക്കേറ്റ് ലൈസൻസിന് അപേക്ഷിക്കുന്ന സാഹചര്യത്തിലും എന്തെങ്കിലും തിരുത്തലുകൾ വരുത്തുന്നതിനായി അപേക്ഷിക്കുമ്പോഴും ആർടിഒയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അപ്പോയ്മെന്റ് ബുക്ക് ചെയ്യണം. അപ്പോയ്മെന്റ് ദിവസം സെൽഫ് ഡിക്ലറേഷൻ സഹിതം ഹിയറിങ്ങിനു ഹാജരാകണം.   

കാലാവധി തീർന്നാൽ, എത്ര സമയത്തിനകം ലൈസൻസ് പുതുക്കണം?  

കാലാവധി തീർന്നാൽ ഒരു വർഷത്തിനകം ഫൈൻ ഇല്ലാതെ ലൈസൻസ് പുതുക്കാം. അതിനു ശേഷമാണെങ്കിൽ പുതിയ ലൈസൻസ് എടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പാലിക്കണം. അഞ്ചു വർഷം വരെ പാർട്ട് 2 ആയ റോഡ് ടെസ്റ്റ് മാത്രം മതി. അതിനുശേഷമാണെങ്കിൽ പാർട്ട് 1 ഗ്രൗണ്ട് ടെസ്റ്റും (H - എടുക്കൽ) ചെയ്യണം. ഇപ്പോൾ ലൈസൻസ് കാലാവധി തീരുന്നതിനു ഒരു വർഷം മുൻപും പുതുക്കാൻ അവസരമുണ്ട്. 

ലൈസൻസ് ബ്ലാക്ക് ലിസ്റ്റിൽ ആകുന്നതെപ്പോൾ?

എന്തെങ്കിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ ലൈസൻസ് ബ്ലാക്ക് ലിസ്റ്റ് ആകും. പിഴ അടയ്ക്കുക, ലൈസൻസ് സസ്പെൻഷൻ തുടങ്ങിയ ശിക്ഷാ കാലാവധിക്കു ശേഷമോ അല്ലെങ്കിൽ നേരിട്ടു ഹിയറിങ്ങിനു വിളിപ്പിക്കുകയോ ചെയ്ത ശേഷം മാത്രമേ ബ്ലാക്ക് ലിസ്റ്റിൽനിന്നു പേരു മാറ്റുകയുള്ളൂ. 

English Summary: Renew Driving Licence Online In Four Simple Steps

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT