മോണോകോക്ക്, ലാഡർ ഷാസി... അറിയാം വാഹനങ്ങളുടെ ബോഡിഷെൽ ചരിത്രം

vehicle-body-shell
മോണോകോക്ക് ബോഡി
SHARE

കാറിന്റെ രൂപഭംഗി എന്നാൽ അതിന്റെ പുറംകാഴ്ചയാണ്. അതിനു മാറ്റേകുന്ന ഘടകമാണ് ബോഡിഷെൽ. ആദ്യകാല കാറുകൾക്ക് തുറന്ന ബോഡിയാണ് ഉണ്ടായിരുന്നത്. സാങ്കേതികവിദ്യ പുരോഗമിച്ച് കാറുകൾ എല്ലാ കാലാവസ്ഥയിലും ദീർഘയാത്രയ്ക്കു പര്യാപ്തമായപ്പോൾ ബോഡിഷെൽ രൂപകൽപനയുടെ ഭാഗമായി. കോച്ച് എന്നറിയപ്പെട്ടിരുന്ന കുതിരവണ്ടിയുടെ വകഭേദമാണ് ആദ്യം രംഗത്തു വന്നത്. മേൽക്കൂര ഭാരം കുറഞ്ഞ തടിയും റബർ ആവരണമുള്ള കാൻവാസും ഉപയോഗിച്ചു നിർമിച്ചു. ചട്ടക്കൂടിന്റെ ചേർപ്പുകൾ ഉറപ്പിച്ചിരുന്നത് ഇരുമ്പു ബ്രാക്കറ്റുകൾകൊണ്ടായിരുന്നു. കാര്യമായ സസ്പെൻഷൻ സംവിധാനമുണ്ടായിരുന്നില്ല. 

1920 ആയപ്പോഴേക്കും കാറുകളുടെ ബോഡിനിർമാണത്തിൽ ഏറെ പരിഷ്കാരങ്ങളുണ്ടായി. തടിയുടെ ഉപയോഗം കുറയുകയും ലോഹപാളികളുടെ ഉപയോഗം കൂടുകയും ചെയ്തു. അക്കാലത്തു വാഹനത്തിന്റെ ഷാസി പ്രത്യേകം കിട്ടുമായിരുന്നു. ഇതു ബോഡി നിർമാതാക്കളെ (കോച്ച് ബിൽഡേഴ്സ്) ഏൽപിച്ച് ഉടമയ്ക്ക് ഇഷ്ടപ്പെട്ട രീതിയിൽ ബോഡി നിർമിച്ചു വാങ്ങുകയായിരുന്നു പതിവ്. തടിക്കു പുറമേ വിവിധയിനം തുകൽ, ബോഡിയുടെ പല ഭാഗത്തും ഉപയോഗിക്കുന്ന രീതിയും പിന്തുടർന്നിരുന്നു. അക്കാലത്തിറങ്ങിയ ഹാനോമാഗ് 2/10 എന്ന കാറിന്റെ ബോഡി ചൂരൽകൊണ്ടായിരുന്നു. 

ladder-chassis-min
ലാഡർ ഷാസി

കാറുകളുടെ എണ്ണം കൂടുകയും വേണ്ടത്ര വിദഗ്ധ ബോഡിനിർമാണ തൊഴിലാളികളെ കിട്ടാതാകുകയും ചെയ്തതോടെ കോച്ച് നിർമാണരീതി ഉപേക്ഷിക്കപ്പെട്ടു. ഉരുക്ക്, അലുമിനിയം എന്നിവ കൊണ്ടുള്ള ഘടകങ്ങൾ കൂടുതൽ നിർമിച്ചുതുടങ്ങി. തടിയും തുകലുമൊക്കെ ചെറിയ അളവിൽ അപ്പോഴും ഡാഷ്ബോർഡിലും ഡോർപാഡുകളിലും ഉപയോഗിച്ചിരുന്നു. റോഡുകൾ മെച്ചപ്പെടുകയും കാറുകളുടെ വേഗം കൂടുകയും ചെയ്തതോടെ പുറംരൂപകൽപനയിൽ ചതുരവടിവിനെക്കാൾ ഒഴുക്കൻ ഡിസൈനുകൾക്കായി പ്രാമുഖ്യം. ഇതോടൊപ്പം കാറിന്റെ ഭാരം കുറയ്ക്കുന്നതിലും നിർമാതാക്കളുടെ ശ്രദ്ധ പതിഞ്ഞു. ഇതു ലോഹഘടകങ്ങളുടെ നിർമാണ സാങ്കേതികവിദ്യയിൽ ഒരു കുതിച്ചുചാട്ടത്തിനു വഴിയൊരുക്കി. 

മോണോകോക്ക് ഡിസൈൻ

അടിസ്ഥാന ചട്ടക്കൂടായ ഷാസിയും അതിൽ ഘടിപ്പിക്കുന്ന ബോഡിയും എന്ന രൂപകൽപനയിൽനിന്നു രണ്ടു ഘടകങ്ങളും ഏകോപിപ്പിച്ച മോണോകോക്ക് സംവിധാനം വന്നതോടെ പല പുതിയ വസ്തുക്കളും പരീക്ഷിക്കാൻ വഴിതുറന്നു. മോണോകോക്ക് രൂപകൽപനയിൽ എല്ലാ ഭാഗത്തും ഒരേ ഗുണങ്ങളുള്ള വസ്തുക്കൾ ഉപയോഗിക്കേണ്ടതില്ല. അങ്ങനെ ലോഹസങ്കരങ്ങൾ, പ്ലാസ്റ്റിക്, ഫൈബർഗ്ലാസ് എന്നിവ വാഹനബോഡിയുടെ ഭാഗമാകാൻ തുടങ്ങി. വിവിധയിനം പ്ലാസ്റ്റിക്കിന്റെ  ലഭ്യത ബോഡിയുടെ ഉൾവശത്ത് പല ഭാഗത്തും ഇതിനെ ലോഹത്തിനു പകരക്കാരനാക്കി. ഭാരക്കുറവും ദൃഢതയും ഉള്ള ഫൈബർ ഗ്ലാസ് ബോഡിയുടെ പുറംഭാഗത്ത് (ഉദാ: ബംപർ) ലോഹത്തിനു പകരം ഉപയോഗിക്കുകയും ചെയ്തു.

ഭാരം കുറയ്ക്കും കാർബൺ ഫൈബർ 

ഇന്ധനക്ഷമതയ്ക്കും മലിനീകരണ നിയന്ത്രണത്തിനും പ്രാധാന്യം കൈവന്നപ്പോൾ കാർബോഡിഷെല്ലിന്റെ നിർമാണത്തിനുപയോഗിക്കുന്ന വസ്തുക്കളിലും മാറ്റം വന്നു. ഏറ്റവും ദൃഢത വേണ്ട ഭാഗങ്ങളിൽ മാത്രം സ്റ്റീൽ ഉപയോഗിക്കുകയും മറ്റു ഭാഗങ്ങളിൽ ലോഹസങ്കരങ്ങൾ, അലൂമിനിയം എന്നിവകൊണ്ടുള്ള ഘടകങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്ന നിർമാണരീതിയാണ് ഇപ്പോഴുള്ളത്.  കാർബൺ ഫൈബർ‌, കോംപസിറ്റ് ഉൽപന്നങ്ങൾ എന്നിവയുടെ ഉപയോഗവും വർധിച്ചുവരുന്നു. കോംപസിറ്റുകൾ കുറഞ്ഞ ഭാരവും മികച്ച ശബ്ദ, വിറയൽ നിയന്ത്രണവും നൽകുമ്പോൾ കാർബൺ ഫൈബർ ഘടകങ്ങൾ ഭാരക്കുറവിനോടൊപ്പം ദൃഢത ഉറപ്പാക്കുന്നു. കാർബൺ ഫൈബർകൊണ്ടു ബോണറ്റ്, ഫെൻഡറുകൾ എന്നിവയും വ്യാപകമായി നിർമിക്കുന്നു. ബോഡിയിലുറപ്പിച്ച ഗ്ലാസുകൾ (ഉദാ: പിന്നിലെ ക്വാർട്ടർ ഗ്ലാസ്) കാർ ബോഡിയുടെ ദൃഢത നഷ്ടപ്പെടാതെ ഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇതെല്ലാം കാരണം നിലവിൽ ഒരു ആധുനിക കാറിന്റെ ബോഡിഷെല്ലിൽ സ്റ്റീൽ 40 ശതമാനത്തോളം മാത്രം. 

ladder-frames-monocoques
ലാഡർ ഫ്രെയിം മോണോകോക്ക്

ടെയ്‌ലേഡ് ബ്ലാങ്ക്

ബോഡിഷെൽ നിർമാണത്തിനുപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾപോലെ പ്രധാനമാണ് ഇവ നിർമിക്കുകയും കൂട്ടിച്ചേർക്കുകയും ചെയ്യുന്ന സാങ്കേതികവിദ്യകൾ. സങ്കീർണമായ രൂപകൽപനയുള്ള ഒട്ടേറെ ഘടകങ്ങൾ ബോഡിഷെല്ലിന്റെ ഭാഗമാണ്. ലേസർ വെൽഡിങ് ഉപയോഗിച്ചു നിർമിക്കുന്ന ‘ടെയ്‍ലേഡ് ബ്ലാങ്ക്സ്’ ആണ് ഇതിലൊന്ന്. വ്യത്യസ്ത കനത്തിലുള്ള സ്റ്റീൽപാളികൾ കൃത്യമായ അളവിൽ ലേസർ ഉപയോഗിച്ചു വെൽഡ് ചെയ്തെടുക്കുകയും ബോഡിഷെല്ലിന്റെ ഒരു പ്രധാന ഭാഗമായി ഉപയോഗിക്കുകയുമാണു ചെയ്യുന്നത് (ഉദാ: ഡോറുകളുടെ ഉൾവശത്തെ പാളി).  പ്രധാനമായും ഭാരം വഹിക്കേണ്ട സ്റ്റീൽ ഘടകങ്ങൾ നിർമിക്കാനുപയോഗിക്കുന്ന സമ്പ്രദായമാണ് ഹൈഡ്രോഫോമിങ്.

സ്റ്റീൽ ഘടകങ്ങൾ പൊതുവേ വെൽഡ് ചെയ്താണ് കൂട്ടിയോജിപ്പിക്കുന്നത്. നിലവിൽ കാർ ബോഡി നിർമാണത്തിനു സീം വെൽഡിങ്, പ്ലാസ്മാ വെൽഡിങ് തുടങ്ങിയ അത്യാധുനിക സങ്കേതങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഇവ മിക്കതും റോബോട്ടുകളുടെ സഹായത്തോടെയാണു നിർവഹിക്കുന്നത്. അലുമിനിയം ഘടകങ്ങൾ റിവറ്റ് ചെയ്യുക അല്ലെങ്കിൽ വിളക്കുകയാണു ചെയ്യാറ്. അപൂർവം അലുമിനിയം ഘടകങ്ങൾ വെൽഡിങ് ഉപയോഗിച്ചും കൂട്ടിച്ചേർക്കാറുണ്ട്. ലോഹസങ്കരങ്ങളും കോംപസിറ്റുകളുംെകാണ്ടു നിർമിച്ച ഘടകങ്ങൾ ശക്തിയേറിയ പശ ഉപയോഗിച്ച് ഒട്ടിക്കുന്ന രീതിയുമുണ്ട്. ഫൈബർ ഗ്ലാസ്, കാർബൺ ഫൈബർ ഘടകങ്ങൾ ഒട്ടിക്കുകയോ അവയിൽ ഇണക്കിച്ചേർത്തിട്ടുള്ള ലോഹഭാഗങ്ങളുപയോഗിച്ചു സ്ക്രൂ ചെയ്യുകോ ആണു പതിവ്. ഫൈബർ ഗ്ലാസ്, പ്ലാസ്റ്റിക് ഘടകങ്ങൾ അൾട്രാസോണിക് വെൽഡിങ് എന്ന പ്രക്രിയ വഴിയും കൂട്ടിയോജിപ്പിക്കാറുണ്ട്.

നാനോ ടെക്നോളജിയിലുണ്ടായ കുതിച്ചുചാട്ടവും 3–ഡി പ്രിന്റിങ് ടെക്നോളജിയുടെ വളർച്ചയും ബോഡിഷെൽ നിർമാണത്തിലും പ്രതിഫലിക്കാൻ താമസമില്ല. ഇലക്ട്രിക് വാഹനയുഗത്തിലേക്കു പ്രവേശിക്കുമ്പോൾ ബോഡിഷെൽ  ബാഹ്യ ചട്ടക്കൂട് എന്ന നിലയിൽനിന്നു കാറിന്റെ പ്രവർത്തനക്ഷമമായ ഒരു ഘടകമായി (ഉദാ: സോളർപാനലുകൾ ഇണക്കിച്ചേർത്ത) എന്ന നിലയിലേക്ക് രൂപപ്പെടാം.

English Summary: Evaluation of Vehicle Body Shell

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS