നിങ്ങളുടെ വാഹനത്തിന് ഈ സുരക്ഷാ സംവിധാനങ്ങളുണ്ടോ ?
Mail This Article
ഒരു വാഹനത്തിൽ ലഭ്യമായ സുരക്ഷാസംവിധാനങ്ങളെ രണ്ടായി തിരിക്കാം. സജീവ (ആക്ടീവ്) സംവിധാനങ്ങളും നിഷ്ക്രിയ (പാസീവ്) സംവിധാനങ്ങളും. നിഷ്ക്രിയ സുരക്ഷാസംവിധാനങ്ങൾ ഒരു അപകടമുണ്ടാകുമ്പോൾ മാത്രം പ്രവർത്തിക്കുന്നവയാണ്. അപകടമുണ്ടാകുമ്പോഴും അതിനുശേഷവും വാഹനത്തിലെ യാത്രക്കാരെ സംരക്ഷിക്കുക എന്നതാണ് ഇവയുടെ ജോലി.
പ്രീടെൻഷനോടു കൂടിയ സീറ്റ് ബെൽറ്റുകൾ, എയർബാഗുകൾ, വാഹനബോഡിയിലെ ക്രംബിൾ സോണുകൾ, സുരക്ഷാഗ്ലാസുകൾ എന്നിവയാണ് പ്രധാന നിഷ്ക്രിയ സുരക്ഷാസംവിധാനങ്ങൾ. വാഹനബോഡിയുടെ ദൃഢത (ക്രാഷ് ടെസ്റ്റുകൾ വഴി അളക്കപ്പെടുന്ന) ഈ വിഭാഗത്തിൽപെട്ട മറ്റൊരു സുരക്ഷാസംവിധാനമാണ്.
ആധുനിക കാലത്ത് അതിവേഗം പ്രചാരത്തിലായവയാണ് സജീവ സുരക്ഷാസംവിധാനങ്ങൾ. വാഹനത്തിന്റെ പ്രവർത്തനവും അതിന്റെ ചുറ്റുപാടുകളും തുടർച്ചയായി അവലോകനം ചെയ്ത്, അപകടങ്ങൾ ഉണ്ടാകുന്നതിനു മുൻപേ നടപടി എടുക്കുക, അപകടം ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുക എന്നതാണ് ഇവയുടെ ധർമം.
വാഹനത്തിന്റെ ചുറ്റുപാടുകളെക്കുറിച്ചും അതിന്റെ പ്രവർത്തനത്തെക്കുറിച്ചുമുള്ള വിവരം ശേഖരിക്കുന്നത് വിവിധ സെൻസറുകളാണ്. സെൻസറുകളെത്തിക്കുന്ന വസ്തുതകൾ വിശകലനം ചെയ്യുന്നതും വാഹനത്തിന്റെ പ്രസക്തമായ ഘടകങ്ങളെ നിയന്ത്രിക്കാനുള്ള നിർദേശം നൽകുന്നതും ഒന്നോ അതിലധികമോ ഇലക്ട്രോണിക് നിയന്ത്രണ യൂണിറ്റുകളാണ്. ഇവയിൽനിന്നുള്ള നിർദേശം നടപ്പിലാക്കുന്നത് വാഹനഘടകങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന ഉപാധികളും.
സജീവ സുരക്ഷാസംവിധാനങ്ങളിൽ പ്രധാനമായവ ഇവയാണ്:
എബിഎസ് (ABS)
ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം ഏറ്റവും പ്രചാരമുള്ള ഒരു സുരക്ഷാസംവിധാനമാണ്. പെട്ടെന്ന് ബ്രേക്ക് ചവിട്ടുമ്പോൾ നാലുവീലും ഒരുപോലെ നിശ്ചലമായി വാഹനത്തിൽ സ്റ്റിയറിങ് പ്രവർത്തനം സാധ്യമാകാതെ വരുന്ന അവസ്ഥ ഇത് ഒഴിവാക്കുന്നു. തെന്നലുള്ള പ്രതലങ്ങളിൽ സുരക്ഷിതമായി ബ്രേക്ക് ഉപയോഗിക്കാൻ എബിഎസ് സഹായിക്കും.
ഇബിഡി (EBD)
ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ സംവിധാനം എബിഎസിനോടൊപ്പം ചേർന്നു പ്രവർത്തിക്കുന്ന ഒന്നാണ്. ഓരോ വീലിലും എത്തുന്ന ബ്രേക്കിങ് ശക്തി ക്രമീകരിക്കുകയാണ് ഇതു ചെയ്യുന്നത്. ഏത് അവസ്ഥയിലുള്ള ബ്രേക്ക് പ്രവർത്തനവും കൃത്യമായി നിയന്ത്രിക്കുകവഴി ഇതു വാഹനത്തിന്റെ റോഡിലെ പിടിത്തം കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തുന്നു.
ഇഎസ്‌സി (ESC)
ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ. ഒരു വാഹനം അതോടുന്ന പ്രതലത്തിൽ സ്കിഡ് ചെയ്യുന്നത് (തെന്നുന്നത്) ഒഴിവാക്കും. റോഡിന്റെ പ്രതലത്തിൽ വെള്ളം, ചെളി, ചരൽ എന്നിവയുടെെയാക്കെ സാന്നിധ്യം വീലിന്റെ പിടിത്തം കുറയ്ക്കാം. വളവുകളിലാണ് നിയന്ത്രണം നഷ്ടപ്പെടാൻ സാധ്യത കൂടുതൽ. ഇഎസ്‌സി സംവിധാനം ഓരോ വീലിന്റെയും വേഗം പ്രത്യേകം നിയന്ത്രിക്കുകയും ആവശ്യമെങ്കിൽ എൻജിനിൽനിന്നുള്ള ശക്തി കുറയ്ക്കുകയും ചെയ്തു വാഹനം ഡ്രൈവർ ഉദ്ദേശിച്ച ദിശയിൽത്തന്നെ വളവു തിരിഞ്ഞുപോകാൻ സഹായിക്കും. സെൻസറുകൾ കൂടാതെ റഡാർ, ക്യാമറകൾ, ലേസർ, ജിപിഎസ് എന്നിവയും ഉപയോഗിച്ചാണ് ഇനി പ്രചാരത്തിലെത്താൻ പോകുന്ന സജീവ സുരക്ഷാസംവിധാനങ്ങൾ പ്രവർത്തിക്കുക.
എഇബി (AEB)
ഓട്ടോണമസ് എമർജൻസി ബ്രേക്കിങ് ഇപ്പോൾത്തന്നെ പല ആഡംബര കാറുകളിലും ഉണ്ട്. ഇതു റഡാറിന്റെ സഹായത്തോടെ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിനു മുൻപിലുള്ള വാഹനവുമായുള്ള അകലം തുടർച്ചയായി കണക്കാക്കും. ഈ അകലം പെട്ടെന്നു കുറയുന്നതായി കണ്ടാൽ ഡ്രൈവറുടെ ഇടപെടലില്ലാതെ വാഹനത്തിന്റെ വേഗം ബ്രേക്കിങ്ങിലൂടെ നിയന്ത്രിക്കും. മുന്നിലുള്ള വാഹനം പെട്ടെന്നു വേഗം കുറച്ചാൽ പിന്നിലുള്ള വാഹനത്തിലെ ഡ്രൈവർക്കു പ്രതികരിക്കാൻ കഴിയുന്നതിനെക്കാളേറെ വേഗത്തിൽ അതിലെ എഇബിക്ക് ഒരു കൂട്ടിയിടി ഒഴിവാക്കാൻ കഴിയും.
എൽഡിഡബ്ല്യു (LDW)
ലെയ്ൻ ഡിപ്പാർച്ചർ വാണിങ് സംവിധാനം. വാഹനം അതു സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ദിശയിൽനിന്ന് ഇൻഡിക്കേറ്റർ ഉപയോഗിക്കാതെ മാറാൻ തുടങ്ങിയാൽ മുന്നറിയിപ്പു നൽകും.
എൽകെഎ (LKA)
ലെയ്ൻ കീപ്പിങ് അസിസ്റ്റൻസ്(LKA). ഡ്രൈവറുടെ ശ്രദ്ധക്കുറവുകൊണ്ടു സഞ്ചരിക്കുന്ന പാതയിൽനിന്നു ക്രമേണ ദിശ മാറിപ്പോകുന്നതു തടയാനായി സ്റ്റിയറിങ് വീലിൽ ഒരു തിരിക്കൽ ശക്തി പ്രയോഗിക്കും.
എസ്എൽഡബ്ല്യു (SLW)
സ്പീഡ് ലിമിറ്റ് വാണിങ്. ഇപ്പോൾ എല്ലാ കാറുകളിലും ഈ സംവിധാനമുണ്ട്. വാഹനം നിശ്ചിത വേഗപരിധി (മണിക്കൂറിൽ 80 കിമീ) കടന്നാൽ ഡ്രൈവർക്ക് ഒരു ശബ്ദമുന്നറിയിപ്പു ലഭിക്കും. ഇതിന്റെ ഉയർന്ന വകഭേദം ഒരു ക്യാമറ ഉപയോഗിച്ചു വഴിയിലെ വേഗപരിധി ബോർഡ് വായിക്കുകയോ അല്ലെങ്കിൽ കാറിലെ നാവിഗേഷൻ സംവിധാനത്തിലുള്ള വിവരം അടിസ്ഥാനമാക്കുകയോ ചെയ്ത് ഡാഷ്ബോർഡിൽ വേഗപരിധി എത്തിയെന്ന സൂചന നൽകും.
ടിപിഎംഎസ് (TPMS)
ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം തുടർച്ചയായി നാലു വീലിലെയും ടയറിന്റെ വായുമർദം നിരീക്ഷിക്കുകയും ഇതിനെക്കുറിച്ചു ഡ്രൈവർക്കു സൂചന നൽകുകയും ചെയ്യും. ഈ സംവിധാനം മിക്കവാറും എല്ലാ വാഹനങ്ങൾക്കും നിർമാതാവ് നൽകിയിട്ടില്ലെങ്കിലും ഘടിപ്പിക്കാൻ സാധിക്കും.
എഡിഎഎസ് (ADAS)
വരും കാലങ്ങളിൽ കൂടുതൽ വാഹനനിർമാതാക്കൾ തങ്ങളുടെ പരസ്യങ്ങളിൽ എടുത്തു പറയാനിടയുള്ള ഒന്നാണ് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ്. ഈ സംവിധാനങ്ങളെ പല ലെവലുകളായി തിരിച്ചിട്ടുണ്ട്. ലെവൽ പൂജ്യം എന്നാൽ വിവിധതരം മുന്നറിയിപ്പുകൾ (ഉദാ: പാർക്കിങ് സെൻസർ).
ലെവൽ ഒന്നിൽ മുൻപു പറഞ്ഞ സംവിധാനങ്ങളോടൊപ്പം റോഡിലെ സാഹചര്യത്തിനൊപ്പം സ്വയം ക്രമീകരിക്കുന്ന ക്രൂസ് കൺട്രോൾ കൂടിയുണ്ട്. ലെവൽ രണ്ടിൽ ഡ്രൈവറുടെ ഇടപെടലില്ലാതെ വാഹനം സ്വയം പാർക്ക് ചെയ്യുക, പ്രതിബന്ധങ്ങൾ തിരിച്ചറിഞ്ഞു സ്വയം നിയന്ത്രിക്കുക എന്നീ സൗകര്യങ്ങളാണ്. ഇങ്ങനെ ഓരോ ലെവലായി ഉയർന്ന് ലെവൽ അഞ്ചിലെത്തുമ്പോൾ പൂർണമായും സ്വയം ഡ്രൈവ് ചെയ്യുന്ന (ഓട്ടോണമസ്) വാഹനമായി മാറിയിരിക്കും. ഈയിനം വാഹനങ്ങൾ ഇപ്പോഴും പരീക്ഷണഘട്ടം മറികടന്നിട്ടില്ല.
English Summary: Know Vehicle Safety Features