ADVERTISEMENT

ചുവപ്പ്, പച്ച, നീല, മഞ്ഞ എന്നീ പല നിറങ്ങളിലുള്ള നമ്പർ പ്ലേറ്റുകൾ ശ്രദ്ധിച്ചിട്ടില്ലേ? ഓരോ നമ്പർ പ്ലേറ്റും വ്യത്യസ്ത ഉപയോഗത്തിനാണ്. രാജ്യത്ത് വാഹനം ഏതു നിലയ്ക്കാണ് ഉപയോഗിക്കുന്നത് എന്നതിനെ സൂചിപ്പിക്കാനാണു വിവിധ നിറത്തിലുള്ള നമ്പർപ്ലേറ്റുകൾ നൽകിയിരിക്കുന്നത്. എന്നാൽ പച്ചനിറത്തിലുള്ള നമ്പർ പ്ലേറ്റ് വാഹനത്തിൽ ഉപയോഗിച്ചിരുക്കുന്ന ഇന്ധനത്തെ സൂചിപ്പിക്കുന്നു. വൈദ്യുത വാഹനങ്ങൾക്കാണ് പച്ച നിറത്തിലുള്ള നമ്പർ പ്ലേറ്റുകൾ അനുവദിച്ചിരിക്കുന്നത്. 

 

നമ്പർ പ്ലേറ്റുകൾ 10 തരം

 

ഇന്ത്യയിൽ 10 തരത്തിലുള്ള നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്നുണ്ട്. വെളുത്ത ബോർഡിൽ കറുപ്പു നിറത്തിലുള്ള എഴുത്തുകൾ സ്വകാര്യ യാത്രാ വാഹനങ്ങളെ സൂചിപ്പിക്കുന്നു. മഞ്ഞ ബാക്ക്ഗ്രൗണ്ടിലുള്ള കറുത്ത എഴുത്ത് ടാക്സി, വാണിജ്യ വാഹനങ്ങളുടേതാണ്. പച്ച ബോർഡിലെ മഞ്ഞ അക്ഷരങ്ങൾ വൈദ്യുതി ഉപയോഗിച്ചുള്ള ട്രാൻസ്പോർട്ട് ടാക്സി വാഹനങ്ങളുടെയും പച്ച ബാക്ക് ഗ്രൗണ്ടിലെ വെളുത്ത അക്കങ്ങൾ പ്രൈവറ്റ്–ട്രാൻസ്പോർട്ട് വൈദ്യുത വാഹനങ്ങളെയും സൂചിപ്പിക്കുന്നു. 2018 ഓഗസ്റ്റിൽ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പച്ച നമ്പർ പ്ലേറ്റ് ഉപയോഗിച്ചു തുടങ്ങിയത്.         

 

താൽക്കാലിക റജിസ്ട്രേഷന്പേപ്പർ പ്രിന്റ് ഇല്ല

 

പുതിയ വാഹനം വാങ്ങുമ്പോൾ ലഭിക്കുന്ന താൽക്കാലിക റജിസ്ട്രേഷനു സ്റ്റിക്കർ ഒട്ടിക്കുന്ന പരിപാടി ഇനിയില്ല. പേപ്പർ പ്രിന്റ് നമ്പർ പ്ലേറ്റുകൾക്കു പകരം കളർ കോഡ് നമ്പർ പ്ലേറ്റുകളാണ് ലഭിക്കുക. മഞ്ഞ ബാക്ക്ഗ്രൗണ്ടിൽ ചുവന്ന അക്കങ്ങളുള്ള നമ്പർ പ്ലേറ്റുകളാണ് താൽക്കാലിക റജിസ്ട്രേഷന് ഉപയോഗിക്കേണ്ടത്. വാഹന ഡീലർമാർക്ക് ചുവപ്പ് ബാക്ക്ഗ്രൗണ്ടിൽ വെളുത്ത അക്കങ്ങളുള്ള നമ്പർപ്ലേറ്റും റെന്റൽ വാഹനങ്ങൾക്കു കറുപ്പിൽ മ‍ഞ്ഞ അക്കങ്ങളുള്ള നമ്പർ പ്ലേറ്റുമാണ് ഉണ്ടാകുക. രാഷ്ട്രപതി, ഗവർണർ എന്നിവരുടെ വാഹനങ്ങൾക്കു രാജ്യത്തിന്റെ ഔദ്യോഗികമുദ്രയുള്ള ചുവപ്പ് നമ്പർ പ്ലേറ്റും കോൺസുലേറ്റ്, ഡിപ്ലോമാറ്റിക് വാഹനങ്ങൾക്കു നീല നമ്പർ പ്ലേറ്റുമാണ് ഉപയോഗിക്കുന്നത്. പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള വാഹനങ്ങൾക്കും പ്രത്യേക നമ്പർ പ്ലേറ്റ് ഉണ്ട്.  

 

വാഹനതട്ടിപ്പുകൾ തടയാനും വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് അതിസുരക്ഷാ നമ്പർ പ്ലേറ്റുകൾ നിർബന്ധമാക്കിയത്. 2019 ഏപ്രിൽ മുതൽ നിർമിക്കപ്പെട്ട വാഹനങ്ങൾക്ക് അതിസുരക്ഷാ നമ്പർ പ്ലേറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. അതിസുരക്ഷാ നമ്പർ പ്ലേറ്റും (High-security number plate) ഗ്ലാസിൽ ഒട്ടിക്കാനുള്ള തേർഡ് റജിസ്ട്രേഷൻ മാർക്കും വാഹന നിർമാതാക്കൾ നിയോഗിച്ച ഡീലർമാരാണ് ഘടിപ്പിച്ചു നൽകുക. പ്ലേറ്റ് ഘടിപ്പിച്ചശേഷം ആ ഡേറ്റ വാഹൻ സോഫ്റ്റ് വെയറിൽ അപ്ഡേറ്റ് ചെയ്താൽ മാത്രമേ ആർടി ഓഫിസിൽ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർസി) പ്രിന്റ് ചെയ്യാൻ സാധിക്കുകയുള്ളൂ.️ പ്ലേറ്റുകളുടെ വിലയും ഫിറ്റിങ് ചാർജും വാഹന വിലയിൽ ഉൾപ്പെടുത്തുകയല്ലാതെ പ്രത്യേക ചാർജ് ഈടാക്കുന്നില്ല. 

 

അതിസുരക്ഷാ നമ്പർ പ്ലേറ്റ്

 

ഒരു എംഎം കനമുള്ള അലുമിനിയം ഷീറ്റ് കൊണ്ടുണ്ടാക്കിയതാണ് അതിസുരക്ഷാ നമ്പർ പ്ലേറ്റുകൾ. ടെസ്റ്റിങ് ഏജൻസി ടെസ്റ്റ് ചെയ്ത് പാസാക്കിയതും AIS:159:2019 പ്രകാരം നിർമിച്ചവയുമാണിവ. ️പ്ലേറ്റിന്റെ നാല് അരികുകളും മൂലകളും റൗണ്ട് ചെയ്തിട്ടുണ്ട്. കൂടാതെ എംബോസ്ഡ് (embossed) ബോർഡറും ഉണ്ട്. ️വ്യാജ പ്ലേറ്റുകൾ ഉണ്ടാക്കുന്നതു തടയാനായി 20 x 20 എംഎം സൈസിലുള്ള ക്രോമിയം ബേസ്ഡ് ഹോളോഗ്രാം പ്ലേറ്റിന്റെ മുകളിൽ ഇടതു ഭാഗത്തായി ഹോട്ട് സ്റ്റാമ്പ് ചെയ്തിട്ടുണ്ട്. ️ഹോളോഗ്രാമിൽ നീല നിറത്തിൽ അശോകചക്രം ഉണ്ട്. ️

 

പ്ലേറ്റുകൾക്ക് 5 വർഷം ഗാരന്റി നൽകുന്നുണ്ട്. ഇടതു ഭാഗത്തു താഴെയായി 10 അക്ക ലേസർ ബ്രാൻഡ് ഐഡന്റിഫിക്കേഷൻ നമ്പറുണ്ട്. ️വാഹന നമ്പറിന്റെയും അക്ഷരങ്ങളുടെയും മുകളിൽ ഇന്ത്യ എന്ന് 450 ചരിച്ച് എഴുതിയ ഹോട്ട് സ്റ്റാമ്പിങ് ഫിലിം ഉണ്ട്. ️പ്ലേറ്റിൽ ഇടതുഭാഗത്തു നടുവിലായി IND എന്ന് നീല കളറിൽ ഹോട്ട് സ്റ്റാമ്പ് ചെയ്തിട്ടുണ്ട്. ഈ പ്ലേറ്റുകൾ ഊരിമാറ്റാനാവാത്തവിധവും  ഊരിമാറ്റിയാൽ പിന്നീട് ഉപയോഗിക്കാനാവാത്തവിധവും സ്നാപ് ലോക്കിങ് സിസ്റ്റം ഉപയോഗിച്ചാണ് ഘടിപ്പിക്കുക.

 

തേർഡ് റജിസ്ട്രേഷൻ സ്റ്റിക്കർ 

 

ക്രോമിയം ബേസ്ഡ് ഹോളോഗ്രാം രൂപത്തിലുള്ളതാണ് തേർഡ് റജിസ്ട്രേഷൻ സ്റ്റിക്കർ. 100 x 60 എംഎം വലുപ്പത്തിലുള്ള ഈ സ്റ്റിക്കർ ഇളക്കി മാറ്റാൻ ശ്രമിച്ചാൽ നശിച്ചു പോകും. ️മുന്നിലെ വിൻഡ് ഷീൽഡ് ഗ്ലാസിന്റെ ഉള്ളിൽ ഇടതു മൂലയിലാണ് ഇത് ഒട്ടിക്കേണ്ടത്. ️റജിസ്റ്ററിങ് അതോറിറ്റിയുടെ പേര്, വാഹന നമ്പർ, ലേസർ നമ്പർ, വാഹന റജിസ്ട്രേഷൻ തീയതി എന്നിവ സ്റ്റിക്കറിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സ്റ്റിക്കറിൽ താഴെ വലതു മൂലയിൽ 10 x 10 എംഎം വലുപ്പത്തിൽ ക്രോമിയം ബേസ്ഡ് ഹോളോഗ്രാം ഉണ്ട്. 

 

സ്റ്റിക്കർ കളർ 

 

‌‌ഡീസൽ വാഹനം - ഓറഞ്ച്  ‌

 

പെട്രോൾ / CNG വാഹനം-  ഇളം നീല

 

മറ്റുള്ളവ - ഗ്രേ കളർ

 

English Summary: Know More About Different Kinds Of Number Plates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com