ADVERTISEMENT

രണ്ടു വർഷത്തിനുശേഷം ആദ്യമായിട്ടാണ് നാം കടുത്തൊരു വേനലിനെ നേരിടാൻ പോകുന്നത്. കോവിഡ് 19 മഹാമാരിയാൽ അധികം പുറത്തിറങ്ങാതിരുന്നതുകൊണ്ട് കഴിഞ്ഞ വേനൽക്കാലം അത്ര അനുഭവത്തിലുണ്ടായിരുന്നില്ല. ഇപ്പോൾ നിയന്ത്രണങ്ങളൊക്കെ മാറി. നമ്മുടെ നിരത്തുകൾ സജീവമായിത്തുടങ്ങി.അതായത്, ഈ േവനലിൽ നാം പുറത്തിറങ്ങുമെന്നു സാരം. വേനൽക്കാലത്ത് വാഹനങ്ങൾ പരിചരിക്കേണ്ടത് അത്യാവശ്യം.  അതിനു വേണ്ട കാര്യങ്ങൾ ചുവടെ. കൂടെ വേനൽക്കാല യാത്രയിൽ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും.   

സാധാരണ വാഹനപരിചരണം

എല്ലാകാലത്തും മുടങ്ങാതെ നടത്തിപ്പോരുന്ന വാഹനപരിശോധനകൾ വേനലിൽ കൂടുതൽ ജാഗ്രതയോടെ ചെയ്യണം.

ലെവലുകൾ എല്ലാം പരിശോധിക്കുക

വാഹനത്തിന്റെ ഓയിൽ, കൂളന്റ് എന്നിവയുടെ ലെവൽ നമുക്കു തന്നെ പരിശോധിക്കാം. ഓയിലിന്റെ അളവ് നോക്കുംവിധം എല്ലാവർക്കും അറിയാവുന്നതാണല്ലോ. വാഹനം ചൂടായിരിക്കുമ്പോൾ കൂളന്റ് ലെവൽ പരിശോധിക്കരുത്. റേഡിയേറ്റർ ക്യാപ് ഊരിയശേഷം തിരികെ ഇടുമ്പോൾ കൃത്യമായി  അടഞ്ഞിട്ടില്ലേ എന്ന് ഒരാവർത്തി കൂടി നോക്കണം. അല്ലെങ്കിൽ യാത്രയിൽ കൂളന്റ് നഷ്ടമാകാനും വാഹനം തകരാറു കാണിക്കാനും തുടങ്ങും. മിക്ക സർവീസ് സെന്ററുകളിലും സമ്മർ ക്യാംപുകൾ ആരംഭിക്കും. വേനലിന്റെ തുടക്കത്തിൽ തന്നെ ഈ നിത്യപരിശോധന നടത്തിയാൽ വെയിലത്തു പുറത്തു നിൽക്കേണ്ടി വരുകയില്ല. 

ടയർ പരിചരണം

ടയർ പ്രഷർ ഓരോ ദിവസവും പരിശോധിക്കാം. പ്രത്യേകിച്ച് വെയിലത്ത് ദീർഘദൂരയാത്ര ചെയ്യുന്നവർ.  സ്റ്റെപ്പിനി ടയറിന്റെ പ്രഷറും ശരിയായി സൂക്ഷിക്കുക.  രണ്ടു വർഷമായി അധികം യാത്ര ചെയ്യാതിരിക്കുകയാണു നമ്മുടെ കാറുകൾ. പല കാറുകളുടെയും ടയർ റബർ ദൃഢമായിട്ടുണ്ടാകും. ടയറുകളുടെ പഴക്കവും ഓടാത്തതിനാൽ റബറിനു വന്ന ദൃഢതയും ഒപ്പം വേനൽ കാലത്ത് പൊള്ളുന്ന റോഡിന്റെ ചൂടും ചേരുമ്പോൾ ഓട്ടത്തിനിടയിൽ ടയർ പൊട്ടും. പലപ്പോഴും വലിയ അപകടങ്ങൾക്ക് അതു വഴി വച്ചേക്കാം.  

ടയർ പ്രഷർ

വാഹനം തണുത്തിരിക്കുമ്പോൾ എയർ പരിശോധിപ്പിക്കുക. അതായിരിക്കും ടയറിന്റെ യഥാർഥ പ്രഷർ.  വണ്ടി ദീർഘദൂരം  ഓടിക്കഴിയുമ്പോൾ ടയർ പ്രഷർ സ്വാഭാവികമായും കൂടും. അന്നേരം ചെക്ക് ചെയ്യുമ്പോൾ കൂടുലാണെന്നു കണ്ട് പ്രഷർ കുറയ്ക്കാറുണ്ട് പലരും. പിന്നീട് വാഹനം തണുത്തിരിക്കുമ്പോഴായിരിക്കും ടയർ പ്രഷർ ഇല്ലാത്തതു  ശ്രദ്ധയിൽപെടുക. നൈട്രജൻ ഫിൽ ചെയ്താൽ ഒരു പരിധി വരെ ഇതു തടയാം.  ഓരോ മാസവും നൈട്രജൻ ലെവൽ പരിശോധിക്കാം. ദീർഘദൂരയാത്രകളിൽ ട്രെഡ് ഉള്ള  ടയറുകൾ മാത്രമേ ഉപയോഗിക്കാവൂ. വാഹനം  ടയർ എക്സ്പെർട്ടിനെ കാണിച്ച് വിലയിരുത്തുക. ടയറിന്റെ അവസ്ഥ കൂടി പരിഗണിച്ച് ദീർഘദൂരയാത്രകളിൽ ഇടവേളകൾ എടുക്കുക. 

എസി, എസി ഫിൽറ്റർ

വേനലിൽ കാർ എസിയുടെ ഉപയോഗം ഏറ്റവും കൂടുതൽ ആയിരിക്കും. അതുകൊണ്ടുതന്നെ വേനൽ കടുക്കും മുൻപേ എസിയുടെ പ്രവർത്തനക്ഷമത ഒന്നു പരീക്ഷിക്കാം. സ്വാഭാവികമായും കാബിൻ കൂളിങ് കുറവായിരിക്കും. എങ്കിലും വല്ലാതെ തണുപ്പു കുറവാണെങ്കിൽ എസിഫിൽറ്റർ ഒന്നു പരിശോധിപ്പിക്കാം. പൊടി ഏറ്റവും കൂടുതലുള്ള കാലമായതിനാൽ എസി ഫിൽറ്ററിൽ പൊടിപടലങ്ങൾ കയറി അടയാം. അതു ശരിയാക്കുമ്പോൾ മികച്ച തണുപ്പ് കാബിനിൽ കിട്ടും. കാറിന്റെ ഇന്റീരിയർ എല്ലായ്പ്പോഴും വൃത്തിയായി ഇരിക്കുകയാണെങ്കിൽ എസി  റീസർക്കുലേറ്റർ മോഡിൽ ഇടുക. ഇന്റീരിയർ ക്ലീൻ ചെയ്യാൻ നൽകുമ്പോൾ എസി വെന്റുകൾ പ്രത്യേകം ശ്രദ്ധിക്കണമെന്നു പറയാം. അവയിലെ പൊടി നീക്കം ചെയ്യണം. 

എസി–നല്ല ഉപയോഗം

ചില്ല് താഴ്ത്തിയിട്ട്, വാഹനം  സ്റ്റാർട്ട് ചെയ്ത് ഫാൻ ഫുൾ സ്പീഡിൽ ഇട്ട് മാറിയിരിക്കുക. കുറച്ചുനേരം കഴിഞ്ഞു മാത്രം കാറിൽ കയറുക. എസി പ്രവർത്തിച്ചു തുടങ്ങുമ്പോൾ ചില ഗന്ധങ്ങളുണ്ടാകാറുണ്ട്. ഇതെല്ലാം ഒഴിവായിക്കിട്ടും. എല്ലാ വിൻഡോകളും താഴ്ത്തിയിട്ടാൽ  കാറിലെ ചൂടുവായു പെട്ടെന്നു തള്ളിപ്പോകുകയും കാറിനുൾവശം കൂൾ ആകുകയും ചെയ്യും. 

പുറത്തുനിന്നു  വിയർത്തു വരുമ്പോൾ കാറിന്റെ സീറ്റുകൾ വിയർപ്പ് ആഗിരണം  ചെയ്ത് ദുർഗന്ധമുണ്ടാകും. അതു തടയാൻ  കാറിൽ ഒരു ടവൽ കരുതാം. സീറ്റിന്റെ ചാരിൽ ടവൽ ഇട്ടതിനുശേഷം ഇരുന്നു യാത്ര ചെയ്താൽ ഈ വിയർപ്പ് സീറ്റിലേക്കു പകരുകയില്ല. ഓട്ടമാറ്റിക് എസി 23, 24 ഡിഗ്രി താപനിലയിൽ നിർത്തുകയാണ് നല്ലത്. പെട്ടെന്ന് ചൂടിലേക്ക് ഇറങ്ങി, വീണ്ടും കാറിൽ കയറുന്ന തരത്തിൽ യാത്ര ചെയ്യുന്നവർക്ക് അമിത കൂളിങ് പ്രശ്നമുണ്ടാകും എസി വെന്റ് നേരിട്ട് ശരീരത്തിലേക്ക് അടിക്കുന്നതിനു പകരം റൂഫിലേക്കു ക്രമീകരിച്ചാൽ ഒരു കൂളിങ് റൂമിലേക്കു കയറുന്ന ഫലം കിട്ടും.

പാർക്കിങ്ങിൽ ശ്രദ്ധിക്കേണ്ടത് 

വെയിലത്താണു വാഹനം പാർക്ക് ചെയ്യുന്നതെങ്കിൽ വൈപ്പർ പൊക്കിവയ്ക്കുക വിൻഡ്ഷീൽഡിൽ ഏൽക്കുന്ന ചൂട് വൈപ്പർ ബ്ലേഡ് റബറിന്റെ കാഠിന്യം കൂട്ടും. ക്രമേണ വൈപ്പർ ബ്ലേഡിന്റെ സ്മൂത്ത്നെസ് പോകുകയും വൃത്തിയായ വൈപ്പിങ് സാധ്യമാകാതെ വരുകയും ചെയ്യും. വൈപ്പർ ബ്ലേഡ് പെട്ടെന്നു മാറേണ്ടിയും വരാറുണ്ട്. വാഹനം മൂടിയിടുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കുക. നല്ല കാറ്റടിക്കുന്ന ഇടങ്ങളിൽ ഈ കവർ ഇളകി പെയിന്റിങ്ങിൽ പലടിയത്തും പോറൽ ഏൽക്കാറുണ്ട്. ഇരുണ്ട നിറമുള്ള വാഹനത്തിൽ ഇത്തരം പോറലുകൾ പെട്ടെന്നു തന്നെ കണ്ണിൽപെടുന്നവയാണ്. 

ചെറിയ ഇലകളുള്ള മരങ്ങളുടെ  ചുവട്ടിൽ പാർക്ക് ചെയ്യുന്നത് ഒഴിവാക്കുക. പുളിയില പോലുള്ള ചെറിയ ഇലകൾ അടിഞ്ഞുകൂടി കൂളിങ് കോയിലിന്റെ (ഇവാപ്പറേറ്റർ) എയർ ഫ്ലോ തടസ്സപ്പെടാം.  എസിയുടെ കൂളിങ്ങിനെ ഇതു ബാധിക്കാം.  പൊടി കൂടുതലുള്ള കാലാവസ്ഥയിൽ വാഹനത്തിന്റെ എയർ ഫിൽറ്റർ ക്ലീൻ ചെയ്യിക്കുന്നതു നല്ലതാണ്. എയർ ഫിൽറ്റർ  ബ്ലോക്ക് ആയാൽ വണ്ടിക്കു കരുത്തു  കുറയും. എയർ ഫിൽറ്റർ വിദഗ്ധർ ആണു ചെയ്യുക. എങ്കിലും വീട്ടിൽനിന്നു ചെയ്യുകയാണെങ്കിൽ ഏതു സൈഡിലാണോ എൻജിനിലേക്കു ഘടിപ്പിക്കുന്നത് അതിന്റെ വിപരീത ദിശയിൽനിന്നു വേണം പൊടി വലിച്ചെടുക്കാൻ. അല്ലെങ്കിൽ ഫിൽറ്ററിന്റെ ക്ലീനിങ് കപ്പാസിറ്റി കുറയാം. 

ഇന്റീരിയർ 

ഇന്റീരിയർ എല്ലായ്പോഴും നീറ്റ് ആക്കി ഇടുക. ആഴ്ചയിൽ ഒരിക്കലെങ്കിലും വാക്വം ക്ലീൻ ചെയ്യുന്നതു പൊടി കുറയ്ക്കാൻ സഹായിക്കും. അലർജി പോലുള്ള അസുഖമുള്ളവർ   ഇക്കാര്യം ശ്രദ്ധിക്കണം.  ഒരാൾ മാത്രം ഓടിച്ചുപോകുന്ന  കാറുകളിൽ മറ്റു ഡോറുകൾ തുറന്നടയ്ക്കുന്നതു കുറവായിരിക്കും.   എല്ലാ ഡോറുകളും എല്ലാ ദിവസും തുറക്കണം. അല്ലെങ്കിൽ ചൂടുകാരണം റബർ പാർട്ട് ഒട്ടിനിൽക്കും. ക്രമേണ റബർ ബീഡിങ് തകരാറിലാകും. 

ആഹാരം കാറിൽ വേണ്ട

ചൂടായ കാറിനുള്ളിൽ ആഹാരപാനീയങ്ങളും മരുന്നുകളും വയ്ക്കരുത്. റൂം താപനിലയിൽ സൂക്ഷിക്കേണ്ട വസ്തുക്കൾ പോലും കാറിന്റെ അടച്ചിട്ട ഇന്റീരിയറിൽ ഇരുന്നാൽ കേടാകും. 80 ഡിഗ്രി വരെ ചൂട് ഉണ്ടായേക്കാം ഉള്ളിൽ. ബോട്ടിൽ ഹോൾഡറിലും മറ്റും വെള്ളക്കുപ്പികൾ നാമറിയാതെ വച്ചു മറക്കാറുണ്ട്.  ഗ്ലവ് ബോക്സിൽ വയ്ക്കുന്ന മരുന്നുകളും ഇത്തരം കുപ്പിവെള്ളവും  ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കുക. 

പവർ വിൻഡോകൾ

പവർ വിൻഡോയുടെ  വൈൻഡറിൽ പൊടി കയറാം. പൊടിയടിഞ്ഞശേഷം വെള്ളം കൂടി ചേരുമ്പോൾ ചെളി രൂപം കൊള്ളും. കാലക്രമേണ ബീഡിങ് നാശമാകാൻ സാധ്യതയുണ്ട്. ശബ്ദവും കേൾക്കും. ഇടയ്ക്ക് വിൻഡോസ് താഴ്ത്തുക.

ഡാഷ്ബോർഡിലെ ചൂട് 

ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന  ഡാഷ്ബോർഡിൽ പാർക്കിങ് സമയത്ത് തുണി വിരിച്ചിട്ടാൽ  ചൂടു കുറയ്ക്കാം. പ്ലാസ്റ്റിക്  നരച്ചു പോകുന്നതും തടയാം. ഡാഷ്ബോർഡിൽ വെയിലേൽക്കുന്ന തരത്തിൽ  ഫോൺ വയ്ക്കുമ്പോൾ ഡിസ്പ്ലേയ്ക്കു കേടു പറ്റാം

കാർ ഷാംപൂ

മെഴുകിന്റെ അംശം കൂടുതലുള്ള ഷാംപൂ ബ്രാൻഡ് തിരഞ്ഞെടുക്കുക. സാധാരണ ഷാംപൂ ഉപയോഗവും വേനലിൽ കാറിന് ഡീസൽ വാഷ് ചെയ്യുന്നതും നിറം മങ്ങലിനു കാരണമായേക്കാം.

വെള്ളം കുടിക്കുക

വേനൽകാല യാത്രയിൽ ശരീരത്തിൽ ജലാംശം നഷ്ടമാകുന്നില്ല എന്നുറപ്പു വരുത്താൻ ഇടയ്ക്ക് ചെറിയ തോതിൽ വെള്ളം കുടിക്കുക. ഒറ്റയടിക്ക് ഏറെ അളവ് വെള്ളം കുടിക്കുന്നതിലും നല്ലത് ചെറിയ ഇടവേളകളിൽ കുറച്ചു കുറച്ചു കുടിക്കുന്നതാണ്.

English Summary: Summer Car Care Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT