ADVERTISEMENT

ചിലർ പറയുന്നു ഒട്ടിക്കാമെന്ന്. ഒട്ടിച്ചാൽ വടിയെടുക്കുമെന്ന് മോട്ടർ വെഹിക്കിൾ ഡിപ്പാർട്മെന്റ്. സമൂഹമാധ്യമങ്ങൾവഴി അനുകൂലിച്ചും പ്രതികൂലിച്ചും കുറിപ്പുകൾ. ആകെ കൺഫ്യൂഷനടിച്ച് നാട്ടുകാർ! ശരിക്കും എന്താണു ശരി? ഒറ്റവാക്കിൽ പറഞ്ഞാൽ കൂളിങ് ഫിലിം ഒട്ടിക്കാൻ പറ്റില്ല. കാറിന്റെ ചില്ലിൽ സുതാര്യത തടയുന്ന കൂളിങ് ഫിലിമുകൾ, സ്റ്റിക്കറുകൾ, ടിന്റഡ് ഗ്ലാസുകൾ, ബ്ലാക്ക് ഫിലിം തുടങ്ങിയവ പതിക്കാൻ നിയമപരമായി അനുവാദമില്ല. കൂളിങ് ഫിലിം, കർട്ടൻ തുടങ്ങിയവയുടെ ഉപയോഗം മോട്ടർ വാഹന നിയമപ്രകാരവും സുപ്രീം കോടതി, ഹൈക്കോടതി ഉത്തരവുകൾ പ്രകാരവും നിരോധിച്ചിട്ടുണ്ട്. പുതിയ നിയമപ്രകാരം പ്രകാശതീവ്രത കുറയ്ക്കുന്ന ഗ്ലാസുകൾ ഘടിപ്പിച്ച കാറുകൾ 2023 ഏപ്രിൽ മുതൽ വിപണിയിലെത്തും.

 

നിയമം പറയുന്നത്

 

അടുത്ത വർഷം ഏപ്രിൽ മുതൽ പുറത്തിറങ്ങുന്ന വാഹനങ്ങളിൽ വെയിൽ ഭാഗികമായി തടയുന്ന ചില്ലുകളോടുകൂടിയ കാറുകളായിരിക്കും ഉണ്ടാകുക. ഈ ചില്ലുകൾ ഘടിപ്പിക്കേണ്ടത് വാഹന നിർമാതാക്കളാണ്. കാർ വാങ്ങിയ ശേഷം ഉടമയ്ക്കു പിടിപ്പിക്കാൻ പറ്റില്ല. കേന്ദ്ര നിയമഭേദഗതിയും  ബ്യൂറോ ഓഫ് ഇന്ത്യൻ സാറ്റാൻഡേർഡ്സ് (BIS) ഏർപ്പെടുത്തിയ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നതായിരിക്കണം വാഹനത്തിൽ ഉപയോഗിക്കുന്ന ഗ്ലാസുകൾ. 2020 ജൂലൈയിലെ കേന്ദ്ര മോട്ടർ വാഹന നിയമഭേദഗതി പ്രകാരം ബിഐഎസ് നിഷ്കർഷിക്കുന്ന സേഫ്ടി ഗ്ലാസ്, സേഫ്ടി ഗ്ലേസിങ് മെറ്റീരിയലുകളാണ് വാഹനങ്ങളിൽ ഉപയോഗിക്കേണ്ടത്. മുൻവശത്തെയും പിൻവശത്തെയും ചില്ലുകൾക്ക് 70 ശതമാനവും വശങ്ങളിലേതിന് 50 ശതമാനവും സുതാര്യത വേണം. ഇതു വാഹനത്തിന്റെ നിർമാണവേളയിൽത്തന്നെ ഉറപ്പുവരുത്തുകയും വേണം. വാഹന നിർമാണത്തെക്കുറിച്ചുള്ള വ്യവസ്ഥകൾ പ്രതിപാദിക്കുന്ന കേന്ദ്രമോട്ടർവാഹനനിയമത്തിലെ ചാപ്റ്റർ അഞ്ചിലെ റൂൾ 100–ലാണ് ഈ മാറ്റം വരുത്തിയിട്ടുള്ളത്. 

 

2023 ഏപ്രിൽ 1 മുതൽ പുറത്തിറങ്ങുന്ന എല്ലാ വാഹനങ്ങളും ഈ നിയമം പാലിച്ചിരിക്കണം. അതുവരെ നിലവിലുള്ള രീതി തുടരണമെന്നാണ് ഭേദഗതിയിൽ നിഷ്കർഷിക്കുന്നത്. സേഫ്ടി ഗ്ലാസുകൾ വിപണിയിലും ലഭ്യമാണെങ്കിലും പഴയ വാഹനങ്ങളിൽ അവ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് മോട്ടർവാഹനവകുപ്പിനു ലഭിച്ചിച്ചുള്ള നിയമോപദേശം. കേന്ദ്ര നിയമഭേദഗതി വരുന്നതിനു മുൻപ് വാഹനങ്ങളിൽ സുരക്ഷാ ഗ്ലാസുകൾ (അപകടമുണ്ടാകുമ്പോൾ ചില്ല് കുത്തിക്കയറി പരിക്കേൽക്കാതിരിക്കാൻ വാഹനങ്ങൾക്കായി പ്രത്യേകം നിർമിക്കുന്ന ഗ്ലാസുകൾ) ഉപയോഗിക്കണമെന്നുമാത്രമാണ് നി‍ർദേശിച്ചിരുന്നത്.  ഓട്ടമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ARAI) പരിശോധനകൾക്കു ശേഷമാണ് പുതിയ മോഡലുകൾ  വിപണിയിലെത്തുന്നത്. എആർഎഐ അംഗീകാരത്തിനുശേഷം വാഹനത്തിൽ മാറ്റം വരുത്തുന്നത് നിയമവിരുദ്ധമാണ്. 

 

ഫിലിം ഒട്ടിക്കരുതെന്നു പറയുന്നതെന്തുകൊണ്ട്?

 

തീവ്രവാദ പ്രവർത്തനങ്ങൾ, സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ, ആയുധക്കടത്ത് തുടങ്ങിയ ക്രിമിനൽ ആക്ടിവിറ്റി തടയുന്നതിനുവേണ്ടിയാണ് വാഹനങ്ങളിലെ കൂളിങ് ഫിലിമുകൾ, കർട്ടൻ എന്നിവ നിരോധിച്ചിരിക്കുന്നത്. ഗ്ലാസിൽ ഫിലിം ഒട്ടിക്കുന്നത് സുപ്രീം കോടതിയുടെ WP(c) 265 of 2011 വിധി പ്രകാരം വിലക്കിയിട്ടുണ്ട്. കാറിന്റെ അകവശത്തെ കാഴ്ചയെ മറയ്ക്കുന്ന രീതിയിൽ വിൻഡോ ഗ്ലാസിന്റെ സുതാര്യതയെ തടസ്സപ്പെടുത്തരുതെന്നാണ് നിയമത്തിൽ പറഞ്ഞിരിക്കുന്നത്. കേരള ഹൈക്കോടതിയുടെ WP (c) 7164 of 2019 വിധി പ്രകാരം മുൻ പിൻ ഗ്ലാസുകളുടെ സുതാര്യത 70 ശതമാനത്തിലും വശങ്ങളിലെ ഗ്ലാസുകളുടേത് 50 ശതമാനത്തിലും കുറയുന്ന തരത്തിൽ, വാഹനങ്ങളുടെ ഗ്ലാസിൽ യാതൊരു ഫിലിമോ മറ്റു വസ്തുക്കളോ ഒട്ടിക്കാനോ തുണി കൊണ്ടുള്ള കർട്ടൻ ഉപയോഗിക്കാനോ പാടില്ല. 

 

ഫിലിം ഒട്ടിച്ചാലോ

 

ഫിലിം ഒട്ടിച്ചാൽ മോട്ടർ വാഹന നിയമപ്രകാരം കുറ്റകരമാണ്. 250 രൂപ പിഴ അടയ്ക്കുകയും വേണം. മാത്രമല്ല കൂളിങ് ഫിലിം നീക്കം ചെയ്തു വാഹനം പൂർവസ്ഥിതിയിലാക്കാതെ നിരത്തിലിറക്കാനും പാടില്ല.

 

English Summary: Cooling Film In Cars Know The Rules

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com