ADVERTISEMENT

മൈലേജ് ബൈക്കുകളോടാണ് നമുക്ക് ഏറ്റവും പ്രീയം. എന്നാൽ കമ്പനി പറയുന്ന മൈലേജ് നമ്മുടെ ബൈക്കിന് കിട്ടുന്നുണ്ടോ? ബൈക്കിന് മൈലേജ് എത്ര കിട്ടുന്നുണ്ടെന്നു ചോദിച്ചാൽ നമ്മൾ കൈമലർത്തും. മൈലേജ് കുറയാതെ നോക്കാൻ എന്തൊക്കെ ചെയ്യുന്നുണ്ടെന്നു ചോദിച്ചാൽ കണ്ണു മിഴിക്കും. ഇരുചക്ര വാഹനങ്ങളുടെ മികച്ച മൈലേജ് ഉറപ്പാക്കാൻ വലിയ പണച്ചെലവില്ല. വേണ്ടത് അൽപം ശ്രദ്ധ മാത്രം.

മികച്ച മൈലേജിന് പതിവായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ:

1. എൻജിൻ ഓയിൽ കൃത്യമായ ഇടവേളകളിൽ മാറ്റണം. എത്ര കിലോമീറ്ററാണ് ഓയിലിന്റെ കാലാവധി എന്നു ചോദിച്ചു മനസ്സിലാക്കി അതനുസരിച്ചു വേണം ഓയിൽ മാറാൻ. എൻജിനിലെ ഓയിൽ ചോർച്ച കണ്ടില്ലെന്നു നടിച്ചാൽ അതു മൈലേജിനെ ബാധിക്കും. വാഹനത്തിന്റെ മറ്റു ഭാഗങ്ങളിലെ ലൂബ്രിക്കേഷനും പ്രധാനപ്പെട്ടതാണ്. മഴക്കാലത്ത് ചെയിനിലെയും മറ്റും ലൂബ്രിക്കന്റ് വേഗത്തിൽ നഷ്ടമാകുമെന്നതിനാൽ രണ്ടാഴ്ചയിലൊരിക്കൽ പരിശോധിക്കുന്നതു നന്നായിരിക്കും.

2. ബൈക്കിനു പുറംമോടി മാത്രം പോരാ, അകവും നന്നായിരിക്കണം. കൃത്യമായ ഇടവേളകളിൽ വാഹനം സർവീസ് ചെയ്യിക്കണം. വിദഗ്ധനായ ഒരു മെക്കാനിക്കിനെക്കൊണ്ട് വാഹനത്തിന്റെ എൻജിൻ ട്യൂൺ ചെയ്യിക്കണം. ബൈക്കിനു സാധാരണ കിട്ടുന്ന മൈലേജിനെക്കുറിച്ച് ധാരണയുണ്ടായിരിക്കണം. ഇടയ്ക്കിടെ പരിശോധിക്കുകയും മൈലേജിൽ പത്തു ശതമാനത്തിലധികം കുറവു കാണിച്ചാൽ, എൻജിൻ ട്യൂണിങ് കൃത്യമാക്കുകയും ചെയ്യണം.

3. നിരന്തര ശ്രദ്ധവേണ്ട വിഷയമാണ് ടയർ പ്രഷർ. ടയറിൽ കാറ്റ് കൂടിയാലും കുറഞ്ഞാലും മൈലേജിനെ ബാധിക്കും. ഓരോ വാഹനത്തിനും, മുൻ ടയറിനും പിൻ ടയറിനും വ്യത്യസ്ത പ്രഷർ ആയതിനാൽ സ്വന്തം വണ്ടിയുടെ ടയറുകളിൽ എത്ര പ്രഷറിലാണ് കാറ്റു വേണ്ടതെന്ന് അറിഞ്ഞിരിക്കണം. മാസത്തിലൊരിക്കലെങ്കിലും ഇതു പരിശോധിക്കണം. ടയറിന്റെ മോശം അവസ്ഥയും മൈലേജിനെ ബാധിക്കും.

4. വാഹനത്തിന്റെ മൈലേജിന് ബാറ്ററി ഗ്രാവിറ്റി കൃത്യമാണെന്ന് ഉറപ്പു വരുത്തണം. ചില വാഹനങ്ങളിൽ ബാറ്ററി ചാർജിങ്ങിന് ഇൻഡിക്കേറ്റർ സംവിധാനം ഉണ്ട്. ഇത്തരം മുന്നറിയിപ്പുകൾ അവഗണിക്കരുത്‍. ഇത് ഇല്ലാത്ത വാഹനങ്ങൾ സെൽഫ് സ്റ്റാർട്ടിനോ മറ്റോ ബുദ്ധിമുട്ട് കാണിച്ചാൽ ബാറ്ററി പരിശോധിക്കണം. സ്റ്റാർട്ടിങ്ങിന് പ്രയാസം നേരിടുമ്പോൾ ഇന്ധനനഷ്ടം വലുതാണ്.

5. വാഹനം അനാവശ്യമായി റേസ് ചെയ്യാതിരിക്കുക, ക്ലച്ച് പൂർണമായി പിടിച്ച ശേഷം മാത്രം ഗിയർ മാറ്റുക തുടങ്ങിയ കാര്യങ്ങൾ മൈലേജ് സംരക്ഷിക്കാനുള്ള അടിസ്ഥാന നിയമങ്ങളാണ്. അമിത വേഗവും ഇഴഞ്ഞുനീങ്ങലും മൈലേജ് കുറയ്ക്കും. മണിക്കൂറിൽ 40, 50 കിലോമീറ്റർ വേഗമാണ് കമ്പനികൾ സാധാരണ നിർദേശിക്കുന്നത്. ബൈക്കുകളുടെ സ്പീഡോ മീറ്ററിൽ കൂടുതൽ ഇന്ധനക്ഷമത നൽകുന്ന വേഗപരിധി അടയാളപ്പെടുത്തിയിട്ടുണ്ടാകും.

English Summary: Tips To Improve Bike Mileage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com