ADVERTISEMENT

വേണമെങ്കിൽ പുതുക്കാം എന്നാകും മോട്ടർ വാഹന വകുപ്പിന്റെ ഉത്തരം. കാരണം, ആർടിഒ ഓഫിസ് ഇപ്പോൾ സ്മാർട്ടാണ്. മോട്ടർ വാഹന വകുപ്പിൽ കയറിയിറങ്ങേണ്ടി വന്നിരുന്ന പല കാര്യങ്ങളും ഓൺലൈനായി ചെയ്യാം. ഡ്രൈവിങ് ലൈസൻസ് പുതുക്കുക, ഡ്യൂപ്ലിക്കേറ്റ് എടുക്കുക, വിലാസം മാറ്റുക, ഇന്റർനാഷനൽ ഡ്രൈവിങ് പെർമിറ്റ്, ലൈസൻസ് എക്സ്ട്രാക്റ്റ് തുടങ്ങിയവ ലൈസൻസ് സംബന്ധമായ സേവനങ്ങളിലും ഉടമസ്ഥാവകാശം മാറുക, ഹൈപ്പോത്തിക്കേഷൻ രേഖപ്പെടുത്തൽ, നീക്കം ചെയ്യൽ, എൻഒസി തുടങ്ങിയവ വാഹനസംബന്ധമായ സേവനങ്ങളിലും ഉൾപ്പെടുന്നു. ഇവയെല്ലാം പരിവഹൻ/സാരഥി സൈറ്റിലൂടെയാണ് ചെയ്യുന്നത്. ജനങ്ങൾക്ക് എളുപ്പത്തിൽ സർവീസ് ലഭ്യമാക്കുകയാണ് ലക്ഷ്യം. കൂടാതെ ആധാർ വഴി ഒഥന്റിക്കേഷനും നടത്താം.

 

ഓൺലൈൻ ചെയ്യേണ്ടതെങ്ങനെ?

 

ആദ്യം പരിവഹൻ വെബ്സൈറ്റ് തുറന്ന് ഓൺലൈൻ സർവീസ് തിരഞ്ഞെടുക്കുക. ഇതിൽ ലൈസൻസ് റിലേറ്റഡ് സർവീസ് എന്നു ക്ലിക് ചെയ്യുമ്പോൾ സാരഥി സൈറ്റ് തുറക്കും. ഇതിൽ സംസ്ഥാനം തിരഞ്ഞെടുക്കുക. ഒരു പോപ് അപ് വിൻഡോ തുറക്കും. ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസൻസ്, ലൈസൻസിലെ വിലാസം മാറ്റുക, ലൈസൻസ് പുതുക്കുക, ലൈസൻസ് എക്സ്ട്രാക്റ്റ്, റീപ്ലെയ്സ്മെന്റ് ഓഫ് ഡ്രൈവിങ് ലൈസൻസ് എന്നിവ ഫെയ്‌സ്‌ലെസ് സർവീസുകൾ ആണ്. പൂർണമായും ആർടിഒ ഓഫിസിൽ പോകുന്നത് ഒഴിവാക്കാം.  

 

ലൈസൻസ് സംബന്ധമായ സേവനങ്ങൾ

 

ലൈസൻസ് പുതുക്കാൻ 

 

കഴിഞ്ഞ വർഷം വരെ ഓൺലൈനായി ലൈസൻസ് പുതുക്കാൻ അപേക്ഷയുടെ കോപ്പി കാലാവധി കഴിഞ്ഞ ലൈസൻസ് സഹിതം ആർടിഒ ഓഫിസിൽ എത്തിക്കണമായിരുന്നു. എന്നാൽ, ഇപ്പോൾ അതു വേണ്ട. പൂർണമായും ഓൺലൈനിലൂടെ ലൈസൻസ് പുതുക്കാം. 

 

ആവശ്യമായ രേഖകൾ

 

‌∙ മെഡിക്കൽ ഫിറ്റ്നെസ്, ഐ സർട്ടിഫിക്കറ്റ്, ഫിസിക്കൽ ഫിറ്റ്നെസ് (ഫോം 1, ഫോം 1A, ഫോം 2)  

∙ സ്‌കാൻ ചെയ്ത ഫോട്ടോ & ഒപ്പ്, ലൈസൻ‍സിന്റെ കോപ്പി

∙ അഡ്രസ് പ്രൂഫിന്റെ പകർപ്പ് (വിലാസം മാറ്റണമെങ്കിൽ മാത്രം)

 

നിങ്ങളുടെ ഫോട്ടോ, ഡിജിറ്റൽ ഒപ്പ് സഹിതമുള്ള ഫോം 1, ഫോം 1A, ഫോം 2 എന്നിവ ഡൗൺലോഡ് ചെയ്യുക. ഇവ മെഡിക്കൽ ഓഫിസർ, നേത്രരോഗ വിദഗ്ധൻ എന്നിവരെക്കൊണ്ടു പരിശോധിപ്പിച്ച് അംഗീകാരം വാങ്ങണം. ലൈസൻസ് പുതുക്കുമ്പോൾ വിഷൻ ടെസ്റ്റ് നിർ‍ബന്ധം.

 

ഓൺലൈൻ ചെയ്യുമ്പോൾ

 

1. sarathi.parivahan.gov.in എന്ന വെബ്സൈറ്റിൽ കയറി DL Service തിരഞ്ഞെടുക്കുക.

2. ആവശ്യമായ വിവരങ്ങൾ നൽകുക. വിവരങ്ങൾ നൽകിക്കഴിഞ്ഞാൽ നിങ്ങളുടെ മൊബൈലിൽ ആപ്ലിക്കേഷൻ നമ്പർ എസ്എംഎസ് ആയി ലഭിക്കും. ഇത് സൂക്ഷിച്ചുവയ്ക്കുക.

3. മുകളിൽ പറഞ്ഞ രേഖകൾ ഇവയെല്ലാം സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം.

4. ഫീസ് അടച്ചശേഷം ചലാൻ ഡൗൺലോഡ് ചെയ്യുക.

5. ഫോം സബ്മിറ്റ് ചെയ്യുക.

 

മേൽവിലാസം മാറ്റാം

 

പരിവഹൻ സൈറ്റിലെ അഡ്രസ് ചെയ്ഞ്ച് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. നിങ്ങളുടെ സ്ഥിര വിലാസം, താൽക്കാലിക വിലാസം, ഇവ രണ്ടും എന്നിങ്ങനെ മൂന്നു ഓപ്ഷനുകളുണ്ട്. ശരിയായ അഡ്രസ് നൽകി സേവ് ചെയ്യുമ്പോൾ ആപ്ലിക്കേഷൻ നമ്പർ നിങ്ങളുടെ മൊബൈലിൽ എസ്എംഎസ് ആയി ലഭിക്കും.  ശേഷം ഫോം 1 ക്ലിക് ചെയ്യുക. ഇതിൽ നിങ്ങളുടെ പുതിയ വിലാസം ആയിരിക്കും ഉണ്ടാകുക. ഇത് സെൽഫ് 

ഡിക്ലറേഷൻ ആണ്. ഇത് പ്രിന്റ് എടുത്ത് സൈൻ ചെയ്ത ശേഷം തിരികെ അപ്‌ലോഡ് ചെയ്യുക. ഇതോടൊപ്പം അഡ്രസ് പ്രൂഫിനായുള്ള രേഖകളും അപ്‌ലോഡ് ചെയ്യണം. അതിനുശേഷം ഓൺലൈനായി ഫീസ് അടയ്ക്കുക. അപേക്ഷ സമർപ്പിക്കുക. ആർടിഒ ഓഫിസിൽ അപ്രൂവ് ആയാൽ ആ വിവരം എസ്എംഎസ് ആയി ലഭിക്കും.   

  

ഇന്റർനാഷനൽ ഡ്രൈവിങ് പെർമിറ്റ്    

 

വിദേശ രാജ്യങ്ങളിൽ പോകുന്നവർക്ക് അവിടെ ഡ്രൈവ് ചെയ്യുന്നതിന് ഇന്റർനാഷനൽ ഡ്രൈവിങ് പെർമിറ്റ് ആവശ്യമാണ്. ജനീവ ഉടമ്പടി പ്രകാരം 102 രാജ്യങ്ങളിൽ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് അംഗീകരിച്ചിട്ടുള്ളതാണ്. ഇന്റർനാഷനൽ ഡ്രൈവിങ് പെർമിറ്റ് ഉണ്ടെങ്കിൽ ആദ്യ ഒരു വർഷത്തേക്ക് ആ രാജ്യങ്ങളിൽ വാഹനം ഓടിക്കാം. ഇതിനായി ലൈസൻസ്, പാസ്പോർട്ട്, ചെല്ലുന്ന രാജ്യത്തിന്റെ വീസ എന്നിവ സഹിതം അപേക്ഷിക്കണം. സബ് ഓഫിസുകളിൽനിന്നു ലൈസൻസ് എടുത്തവർ ഹെഡ് ഓഫിസിലായിരിക്കണം അപേക്ഷ സമർപ്പിക്കേണ്ടത്. ഉദാ- പറവൂർ ആർടിഒ ഓഫിസിൽനിന്നു ലൈസൻസ് എടുത്ത വ്യക്തിയാണെങ്കിൽ എറണാകുളം ആർടിഒയ്ക്കായിരിക്കണം അപേക്ഷ നൽകേണ്ടത്. 

മറ്റു സ്ഥലങ്ങളിലാണ് താമസിക്കുന്നതെങ്കിൽ അവിടെയുള്ള ആർടിഒയ്ക്ക് അപേക്ഷ നൽകണം.

 

ഡ്യൂപ്ലിക്കേറ്റ് ലൈസൻസ്

 

ഒരാളുടെ ലൈസൻസ് തിരിച്ചുകിട്ടാനാകാത്തവിധം നഷ്ടപ്പെട്ടുപോകുമ്പോഴാണ് ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് എടുക്കുന്നത്. ഇതിനായി നോട്ടറി മുൻപാകെ സാക്ഷ്യപ്പെടുത്തിയ സത്യവാങ്‌മൂലം അപ്‌ലോഡ് ചെയ്യണം. പഴയ ലൈസൻസിന്റെ പകർപ്പ് കയ്യിലുണ്ടെങ്കിൽ അതുകൂടി അപ്‌ലോഡ് ചെയ്താൽ നന്നായിരിക്കും. കാരണം, ലൈസൻസിന്റെ സത്യാവസ്ഥ പരിശോധിക്കാറുണ്ട്. എവിടെനിന്നാണോ ലൈസൻസ് എടുത്തത് ആ ഓഫിസുമായി ബന്ധപ്പെട്ടു സത്യമാണെന്നു ബോധ്യപ്പെട്ടതിനുശേഷമാണ് ഡ്യൂപ്ലിക്കേറ്റ് അനുവദിക്കുന്നത്. 

 

റീപ്ലെയ്സ്മെന്റ് ഓഫ് ഡ്രൈവിങ് ലൈസൻസ്

 

ലൈസൻസിന്റെ നിറം നഷ്ടപ്പെടുകയോ ഡാമേജ് ആകുകയോ ചെയ്താൽ ആ ലൈസൻസ് അപ്‌ലോഡ് ചെയ്ത ശേഷം റീപ്ലെയ്സ്മെന്റ് ഓഫ് ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കാം. ബുക്ക് രൂപത്തിലുള്ള ലൈസൻസ് പുതിയ ഫോർമാറ്റിലേക്കു മാറ്റാനും റീപ്ലെയ്സ്മെന്റ്ഓഫ് ഡിഎൽ ആണ് തിരഞ്ഞെടുക്കേണ്ടത്.

 

ലൈസൻസ് എക്സ്ട്രാക്റ്റ്

 

ലൈസൻസിന്റെ ചരിത്രമാണ് ലൈസൻസ് എക്സ്ട്രാക്റ്റ്. പൂർണമായും ഓൺലൈൻ സർവീസാണിത്. വിദേശത്തു പോകുന്നവർ, ഇൻഷുറൻസ് ക്ലെയിം, കേസ് സംബന്ധമായ കാര്യങ്ങൾ തുടങ്ങിയവയ്ക്കാണ് സാധാരണയായി ലൈസൻസ് എക്സ്ട്രാക്റ്റ് എടുക്കേണ്ടി വരുക. ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെട്ടിട്ടുണ്ടോ, മറ്റേതങ്കിലും രീതിയിൽ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടോ തുടങ്ങിയവ ഇതിലൂടെ അറിയാം. ലൈസൻസുമായി ബന്ധപ്പെട്ട ഓരോ ദിവസത്തെയും കാര്യങ്ങൾ എക്സ്ട്രാക്റ്റിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും.

 

ഉദാ– ഒരു വ്യക്തി മദ്യപിച്ചു വാഹനം ഓടിച്ചു പിടിക്കപ്പെട്ട് 3 മാസം ലൈസൻസ് സസ്പെൻഡ് ചെയ്തു എന്നിരിക്കട്ടെ. ഇതു ലൈസൻസിന്റെ ഫിസിക്കൽ കോപ്പിയിൽ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ഡിജിറ്റൽ ആയി റെക്കോർഡ് ആകും. ഇതേ വ്യക്തി സസ്പെൻഷൻ കാലയളവിൽ ഡ്രൈവ് ചെയ്ത് ഏതെങ്കിലും വാഹനാപകടത്തിൽ ഉൾപ്പെട്ടാൽ, ലൈസൻസ്  എക്സ്ട്രാക്റ്റ് എടുക്കുന്നതിലൂടെ അപകടസമയത്ത് സാധുതയുള്ള ഡ്രൈവിങ് ലൈസൻസ് ഉണ്ടോ ഇല്ലയോ എന്നറിയാനാകും.  അപേക്ഷകനുതന്നെ പ്രിന്റ് ഔട്ട് എടുക്കാം. 

 

വാഹനസംബന്ധമായ സേവനങ്ങൾ

 

വാഹനവുമായി ബന്ധപ്പെട്ട സേവനങ്ങൾക്കായി പരിവഹൻ സൈറ്റിൽ ഓൺലൈൻ സർവീസിനകത്തു 

വെഹിക്കിൾ റിലേറ്റഡ് സർവീസ് തിരഞ്ഞെടുക്കണം. അതിൽ വെഹിക്കിൾ റജിസ്ട്രേഷൻ നമ്പർ, റജിസ്റ്ററിങ് അതോറിറ്റി എന്നീ രണ്ട് ഓപ്ഷനുകൾ കാണാം. ഇതിൽ ആദ്യത്തേതു ക്ലിക് ചെയ്താൽ ആർസി ബുക്ക് സംബന്ധമായ സേവനങ്ങൾ ലഭ്യമാകും.

   

ഉടമസ്ഥാവകാശം മാറുക

 

വാഹനം വിൽക്കുമ്പോൾ ഉടമസ്ഥാവകാശം മാറ്റുക, ആർസി ബുക്കിലെ മേൽവിലാസം മാറ്റുക എന്നിവയ്ക്കായി ആർസി ബുക്കിന്റെ പകർപ്പ്, ഫോം 29, 30, വാങ്ങുന്നയാളുടെ മേൽവിലാസത്തിന്റെ പകർപ്പ് തുടങ്ങിയവ അപ്‌ലോഡ് ചെയ്തു ഫീസ് അടയ്ക്കണം. ഉടമസ്ഥാവകാശം മാറുമ്പോൾ വിൽക്കുന്നയാളാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 

 

ഹൈപ്പോത്തിക്കേഷൻ രേഖപ്പെടുത്താൻ

 

വാഹനത്തിന്റെ ഹൈപ്പോത്തിക്കേഷൻ രേഖപ്പെടുത്താൻ ഫോം 34 ഉം, ബാങ്ക്, ധനകാര്യ സ്ഥാപനത്തിന്റെ സർട്ടിഫിക്കറ്റ്, അപേക്ഷകന്റെ ഐഡി പ്രൂഫ് തുടങ്ങിയവയും ഉണ്ടായിരിക്കണം.

 

ഹൈപ്പോത്തിക്കേഷൻ നീക്കം ചെയ്യാൻ

 

ഹൈപ്പോത്തിക്കേഷൻ നീക്കം ചെയ്യാൻ ഫോം 35ഉം ബാങ്കിന്റെയോ ധനകാര്യ സ്ഥാപനത്തിന്റെയോ എൻഒസി സർട്ടിഫിക്കറ്റുമാണ് വേണ്ടത്. ഇതോടൊപ്പം ഒറിജിനൽ ആർസി ബുക്കും അപേക്ഷകന്റെ മേൽവിലാസം തെളിയിക്കുന്നതിനുള്ള ഐഡി പ്രൂഫും വേണം. 

 

എൻഒസി

 

വാഹനം ഒരു സംസ്ഥാനത്തുനിന്നു മറ്റൊരു സംസ്ഥാനത്തേക്കു മാറ്റുമ്പോൾ ആവശ്യമായി വരുന്ന രേഖയാണ് എൻഒസി. അപേക്ഷയോടൊപ്പം ആർസി ബുക്കിന്റെ ഒറിജിനൽ, അപേക്ഷകന്റെ ഐഡി പ്രൂഫ് എന്നിവയും അപ്‌ലോഡ് ചെയ്യണം.

 

ഫീസ് അടയ്ക്കുമ്പോൾ വെരിഫൈ ചെയ്യാൻ മറക്കരുത്

 

ഇന്റർനെറ്റ് ബാങ്കിങ്, ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വഴി ഓൺലൈനായി പണം അടയ്ക്കാം. ഓരോ സർവീസിന്റെയും ഫീസ് ഓൺലൈനിൽ കാണിക്കും. ഫീസ് അടച്ചതിനുശേഷം ചെക്ക് പേയ്മെന്റ് സ്റ്റാറ്റസ് എന്ന ഓപ്ഷനിൽ പോയി വെരിഫൈ ചെയ്യുക. അല്ലെങ്കിൽ പേയ്മെന്റ് പെൻഡിങ് കാണിക്കും. അപേക്ഷ അപൂർണമാണെന്നു കണക്കാക്കും. .

 

ആധാർ ഒഥന്റിക്കേഷൻ

 

വെഹിക്കിൾ റിലേറ്റഡ് സർവീസിനകത്ത് വാഹനത്തിന്റെ നമ്പർ നൽകി ഫെയ്‌സ്‌ലെസ് സർവീസ് ചെയ്യുമ്പോൾ മൊബൈൽ ഒടിപി ആണോ ആധാർ ഒടിപിയാണോ വേണ്ടതെന്നു ചോദിക്കും. ആധാർ ഒടിപി തിരഞ്ഞെടുക്കുമ്പോൾ ആധാർ നമ്പർ നൽകണം. ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിൽ ഒടിപി വരും. ഇതു നൽകി ഒഥന്റിക്കേഷൻ പൂർത്തിയാക്കാം. ശ്രദ്ധിക്കേണ്ട കാര്യം ആർസി ബുക്കിൽ നൽകിയിരിക്കുന്ന വിവരങ്ങളും ആധാർ വിവരങ്ങളും പൊരുത്തപ്പെടണം. അല്ലാത്തപക്ഷം ഒഥന്റിക്കേഷൻ നിരസിച്ചേക്കാം

 

ഫീസ് 

 

∙ ലൈസൻസ് പുതുക്കൽ – ₨ 505

∙ ലൈസൻസ് മേൽവിലാസം മാറുക– ₨ 505

∙ ഇന്റർനാഷനൽ ഡ്രൈവിങ് പെർമിറ്റ് – ₨ 1,460

∙ ലൈസൻസ് എക്സ്ട്രാക്റ്റ് – ₨ 80

∙ ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് എടുക്കുക – ₨ 1,305 

∙ റീപ്ലെയിസ്മെന്റ് ഓഫ് ഡ്രൈവിങ് ലൈസൻസ് – ₨ 705

∙ ഉടമസ്ഥാവകാശം മാറ്റുക 

∙ ഹൈപ്പോത്തിക്കേഷൻ രേഖപ്പെടുത്തുക 

∙ ഹൈപ്പോത്തിക്കേഷൻ നീക്കം ചെയ്യുക 

∙ എൻഒസി സർട്ടിഫിക്കറ്റ് (വാഹനസംബന്ധമായ സേവനങ്ങളിൽ ഓരോ വാഹനത്തിനും ഫീസ്  വ്യത്യസ്തമാണ്). 

 

‌ഐ സർട്ടിഫിക്കറ്റ് നിർബന്ധം 

 

മേൽവിലാസം മാറ്റൽ, ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് ഒഴികെയുള്ള ലൈസൻസുമായി ബന്ധപ്പെട്ട എല്ലാ അപേക്ഷകളിലും ഏതു പ്രായക്കാരും ഐ ടെസ്റ്റ് സർട്ടിഫിക്കറ്റ് നിർബന്ധം. 40 വയസ്സു കഴിഞ്ഞവർ അവരുടെ ഡോക്ടർ (റജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണർ) സർട്ടിഫൈ ചെയ്ത ഫിസിക്കൽ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം.

 

 

ലൈസൻസ് എപ്പോൾ പുതുക്കണം? 

 

ലൈസൻസ്, കാലാവധി തീരുന്നതിനു മുൻപുള്ള ഒരു വർഷത്തിനുള്ളിലോ കാലാവധി കഴിഞ്ഞുള്ള ഒരു വർഷത്തിനുള്ളിലോ പുതുക്കിയിരിക്കണം. ലൈസൻസ് കാലാവധി കഴിഞ്ഞ് 1 വർഷം കഴിഞ്ഞാൽ റീടെസ്റ്റിനു വിധേയമാകുകയും 1000 രൂപ ഫൈൻ അടയ്ക്കുകയും വേണം. വാഹനം ഓടിച്ചു കാണിക്കുന്നതിനു ലേണേഴ്സ് ലൈസൻസും എടുക്കണം. 5 വർഷം കഴിഞ്ഞിട്ടാണെങ്കിൽ എട്ട്, എച്ച്, റോഡ് ടെസ്റ്റ് തുടങ്ങിയവയെല്ലാം ചെയ്യേണ്ടിവരും. 

 

ബുക്ക് രൂപത്തിലുള്ള ലൈസൻസ് മാറ്റാൻ 

 

പഴയ ബുക്ക് രൂപത്തിലുള്ള ലൈസൻസ് ഇനിയും മാറ്റാത്തവർ എത്രയും വേഗം മാറ്റുക. കാരണം, നിങ്ങളുടെ ലൈസൻസ് വിവരങ്ങൾ പരിവഹൻ സൈറ്റിൽ ഉൾക്കൊള്ളിച്ചിട്ടില്ല. പുതിയ രീതിയിലുള്ള ലൈസൻസ് എടുക്കുന്നതിനായി ആദ്യം ഏത് ആർടിഒ ഓഫിസിൽ നിന്നാണോ ലൈസൻസ് എടുത്തിരിക്കുന്നത് അവിടെ പോയി ലൈസൻസ് വിവരങ്ങൾ വെബ്സൈറ്റിലേക്ക് എൻട്രി ചെയ്യാൻ ആവശ്യപ്പെടുക. അഥവാ അതേ ഓഫിസിൽ പോകാൻ കഴിഞ്ഞില്ലെങ്കിൽ അടുത്തുള്ള ആർടിഒ ഓഫിസുമായി ബന്ധപ്പെട്ടാൽ അവർ ലൈസൻസ് അനുവദിച്ച ഓഫിസിൽനിന്നു  വിവരങ്ങൾ ശേഖരിക്കും. പൂർണവിവരങ്ങൾ പരിവഹൻ സൈറ്റിൽ ചേർത്തശേഷം ഡ്യൂപ്ലിക്കേറ്റ് ലൈസൻസിനായി ഓൺലൈനായി അപേക്ഷിക്കുക.

 

(വിവരങ്ങൾ നൽകിയത് എ.എ.താഹിറുദ്ദീൻ, എംവിഐ, അങ്കമാലി)

 

English Summary: Motor Vehicle Department Online Services

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com