ADVERTISEMENT

ഈയിടെ ബെംഗളൂരുവിൽ അപകടത്തിൽപെട്ട ലക്‌ഷ്വറി കാറിന്റെ ഇൻഷുറൻസ് ഐഡിവി (Insured Declared Value) 25 ലക്ഷം രൂപ. വാഹനം വാങ്ങുമ്പോഴുണ്ടായിരുന്ന വില 47 ലക്ഷം രൂപ. അപകടത്തിൽ വാഹനത്തിന്റെ 75 ശതമാനത്തിലധികവും തകരാറിലായി. വാഹന ഉടമ ഇൻഷുറൻസിനൊപ്പം ആഡ് ഓൺ കവർ ആയി ‘റിട്ടേൺ ടു ഇൻവോയ്സ്’ എടുത്തിട്ടുണ്ട്. ഈ പ്രത്യേക കവർ എടുത്തിട്ടുണ്ടെങ്കിൽ വാഹനം ടോട്ടൽ ലോസ് ആയാൽ ഉടമയ്ക്ക് വാഹനത്തിന്റെ ഇൻവോയിസ് തുക (ഷോറൂമിൽനിന്നു വണ്ടി എടുക്കുമ്പോഴുള്ള വില + ടാക്സ് +പ്രീമിയം ഉൾപ്പെടെയുള്ള തുക) ഇൻഷുറൻസ് കമ്പനി നൽകണം. വാഹനത്തിന് 75 ശതമാനത്തിലധികം തകരാറുണ്ടെങ്കിൽ, അല്ലെങ്കിൽ ഇൻഷുറൻസ് കമ്പനിയുടെ ബാധ്യത ഐഡിവിയുടെ 75 ശതമാനത്തിലധികം ആയാൽ മാത്രമേ വാഹനം ടോട്ടൽ ലോസ് ആകുകയുള്ളൂ. 

 

എന്നാൽ, സ്വകാര്യ ഇൻഷുറൻസ് കമ്പനി ഇൻഷുറൻസ് രേഖകളിൽ ടോട്ടൽ ലോസ് അല്ലെന്നു കാണിച്ചുകൊണ്ട് ഉടമയോടു വാഹനം 30 ലക്ഷത്തിലധികം രൂപ മുടക്കി അറ്റകുറ്റപ്പണി നടത്താൻ നിർബന്ധിക്കുന്നു. സർവീസ് ചെയ്താൽ ഇൻഷുറൻസ് കമ്പനിക്ക് 17 ലക്ഷം + ടാക്സ്+പ്രീമിയം ലാഭം. അതുകൊണ്ട് ഉടമ സ്വന്തം നിലയിൽ ഇൻഷുറൻസ് സർവേയറെ വച്ചു കോടതിയിൽ കേസ് കൊടുത്തിരിക്കുകയാണ്.

 

ഇതുപോലെ ഒട്ടേറെ ചൂഷണങ്ങൾ ഈ രംഗത്തു നടക്കുന്നുണ്ട്. ഉപയോക്താക്കളുടെ അറിവില്ലായ്മ, അശ്രദ്ധ, ഇൻഷുറൻസ് കമ്പനികളുടെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ എന്നിവ മുലം വൻ നഷ്ടമാണ് വാഹന ഉടമകൾക്കുണ്ടാകുന്നത്. പോളിസി അവതരിപ്പിക്കുമ്പോൾ അവയുടെ ഗൈഡ് ലൈനിൽ ഉള്ള പഴുതുകളാണ് ചൂഷണങ്ങൾക്കു പ്രധാന കാരണം. പലപ്പോഴും ഉപയോക്താവ്, പ്രീമിയം കുറവ് എന്ന ആകർഷകമായ പരസ്യവാചകത്തിൽ വീണുപോകും. എന്തെങ്കിലും അപകടം സംഭവിക്കുമ്പോൾ വൻ നഷ്ടം ഉണ്ടാകുകയും ചെയ്യും.

 

എന്തിനാണ് ഇൻഷുറൻസ് എന്ന് എല്ലാവർക്കുമറിയാം. അപകടങ്ങൾമൂലം ഉടമയ്ക്കുണ്ടാകുന്ന നഷ്ടത്തിന്റെ തോതു കുറയ്ക്കുന്നതിനുവേണ്ടിയാണത്. എന്നാൽ, പൊലീസ് പിടിക്കാതിരിക്കാനുള്ള രേഖ മാത്രമാണു പലർക്കും ഇൻഷുറൻസ്. ഇന്ത്യൻ മോട്ടർ താരിഫ് നിയമാവലിയാണ് എല്ലാ വാഹന ഇൻഷുറൻസ് കമ്പനികളും നിർബന്ധമായും പിന്തുടരേണ്ടത്. ഇൻഷുറൻസ് എടുക്കുമ്പോൾ കബളിപ്പിക്കപ്പെടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക. 

 

ഐഡിവി വാല്യു കുറച്ചുവയ്ക്കുക

 

ഇന്ത്യൻ മോട്ടർ താരിഫിലെ ജിആർ-8 ഷെഡ്യൂൾ പ്രകാരമാണ് ഐഡിവി തീരുമാനിക്കുന്നത്. പുതിയ വാഹനം വാങ്ങുമ്പോൾ നിർമാതാവ് ലിസ്റ്റ് ചെയ്ത വിൽപന വിലയുടെ 5% കുറച്ചാണ് ഐഡിവി കണക്കാക്കേണ്ടത്. എന്നാൽ, വാഹനത്തിൽ ഘടിപ്പിച്ചിട്ടുള്ളതും നിർമാതാവിന്റെ ലിസ്റ്റ് ചെയ്ത വിലയിൽ ഉൾപ്പെടുത്തിയിട്ടില്ലാത്തതുമായ ആക്സസറീസിന്റെ ഐഡിവിയും വിൽപനവിലയെ അടിസ്ഥാനമാക്കിയാണു നിശ്ചയിക്കുക. അഞ്ചു വർഷത്തിലധികം പഴക്കമുള്ള മോഡൽ അല്ലെങ്കിൽ നിർമാണം നിർത്തിയ മോഡൽ എന്നിവയുടെ ഐഡിവി ഇൻഷുറൻസ് കമ്പനിയും പോളിസി ഉടമയും ചേർന്നാണു തീരുമാനിക്കേണ്ടത്. 

 

വാഹനത്തിന്റെ പഴക്കം (ഡിപ്രീസിയേഷൻ) അനുസരിച്ച് ഓരോ വർഷം കഴിയുന്തോറും ഐഡിവി കുറഞ്ഞുവരും. പലപ്പോഴും പ്രീമിയം കുറയ്ക്കുന്നതിനുവേണ്ടി ഇൻഷുറൻസ് കമ്പനികൾ ഐഡിവി കുറച്ചു വയ്ക്കും. ഉദാ- 10 ലക്ഷം രൂപ ഐഡിവി ഉള്ള വാഹനത്തിന് 5 ലക്ഷം രൂപ ഐഡിവി നിശ്ചയിക്കും. അപ്പോൾ പ്രീമിയം കുറയും. വാഹനം അപകടത്തിൽപെട്ടു ടോട്ടൽ ലോസ് ആയാൽ ഉടമയ്ക്കു വെറും 5 ലക്ഷമേ ലഭിക്കൂ. സ്വകാര്യ കമ്പനികൾ ഐഡിവിയുടെ 40 % ലയബിലിറ്റി വന്നാൽപോലും ടോട്ടൽ ലോസ്  (നിയമപ്രകാരം 75 %) ആക്കാറുണ്ട്. എന്നാൽ, ടോട്ടൽ ലോസ് ആയ വാഹനം സ്ക്രാപ് ചെയ്തു പാർട്സ് വിറ്റാൽ ഇൻഷുറൻസ് കമ്പനിക്ക് 5 ലക്ഷത്തിലേറെ രൂപ ലഭിക്കും. 

 

ഓൺലൈൻ ഇൻഷുറൻസ് തട്ടിപ്പ്

 

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ഇൻഷുറൻസ് പോളിസി ക്ലെയിം ചെയ്യാൻ നോക്കിയപ്പോൾ നിരസിച്ചു. ബൈക്കിന്റെ ഇൻഷുറൻസ് എടുത്തത് ഓൺലൈൻ വഴി. ഇത്തരം സ്വകാര്യ ഓൺലൈൻ പോളിസികളിൽ ഒട്ടേറെ തട്ടിപ്പ് ഒളിഞ്ഞിരിക്കുന്നു. യാതൊരു രേഖയും വേണ്ടാതെ നിമിഷങ്ങൾക്കകം ഫോണിലൂടെ ഇൻഷുറൻസ് പോളിസി നേടാം എന്ന പരസ്യം മിക്കവരെയും ആകർഷിക്കും. കുറഞ്ഞ തുകയിൽ പോളിസി നേടാം എന്നതാണു പരസ്യവാചകം. പലപ്പോഴും ഓൺലൈൻ പോളിസി ലിങ്കുകളിൽ ക്ലിക് ചെയ്യുമ്പോൾ ഇൻഷുറൻസ് കമ്പനികളുടെ യഥാർഥ വെബ്സൈറ്റിലേക്കല്ല പോകുന്നത്. മൂന്നാമതൊരു വ്യക്തിക്കു വിവരങ്ങൾ കൈമാറിയ ശേഷം അവരാണു പോളിസി ജനറേറ്റ് ചെയ്യുന്നത്. നമ്മൾ കൊടുത്ത വിവരങ്ങൾ തന്നെയാകില്ല പോളിസിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ക്ലെയിം വരുമ്പോഴാണു പറ്റിക്കപ്പെട്ടെന്നു മനസ്സിലാകുക.

 

ക്ലാസ് ഓഫ് വെഹിക്കിൾ/സീറ്റിങ് കപ്പാസിറ്റി – രൂപമാറ്റം (Alteration)

 

പ്രീമിയം കുറയ്ക്കുന്നതിനുവേണ്ടി വാഹനത്തിന്റെ സീറ്റിങ് കപ്പാസിറ്റി കുറച്ചുകാണിക്കുക. പരിശോധനയിൽ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് ഈ തട്ടിപ്പു പെട്ടെന്നു കണ്ടുപിടിക്കാൻ പറ്റണമെന്നില്ല.

 

∙ പബ്ലിക് കാരിയർ പ്രൈവറ്റ് കാരിയർ ആയി ഇൻഷുർ ചെയ്യുക.

∙ 48 സീറ്റിങ് കപ്പാസിറ്റി ഉള്ള വാഹനത്തിന്റെ സീറ്റിങ് കുറച്ചു രേഖപ്പെടുത്തുക.

∙ എൻജിൻ ശേഷി (സിസി) ഇൻഷുറൻസിൽ കുറച്ചു കാണിക്കുക.

∙ ഹെവി മോട്ടർ വെഹിക്കിൾ ലൈറ്റ് മോട്ടർ വെഹിക്കിൾ ആയി ഇൻഷുർ ചെയ്യുക.

∙ ഹെവി ഗുഡ്സ് വെഹിക്കിൾ പലവിധ ഉപയോഗങ്ങൾക്കുള്ള 

വാഹനമായി കാണിച്ചുകൊണ്ട് ഇൻഷു ർ ചെയ്യുക.  

 

വാഹനം അപകടത്തിൽപെട്ട് ഇൻ‍ഷുറൻസ് ക്ലെയിം ചെയ്യുമ്പോഴാണു തട്ടിപ്പു വ്യക്തമാകുക. ഇൻഷുറൻസ് എടുക്കുമ്പോൾ വാഹനത്തിന്റെ റജിസ്ട്രേഷൻ വിവരങ്ങൾ പരിവഹൻ വെബ്സൈറ്റിൽനിന്നു നേരിട്ടു ലിങ്ക് ചെയ്താൽ മാത്രമേ ഇത്തരം തട്ടിപ്പുകൾ തടയാൻ കഴിയൂ.

 

നിയവിരുദ്ധമായി വാഹനം ടോട്ടൽ ലോസ് ആക്കുക

 

സാധാരണഗതിയിൽ അപകടമുണ്ടായാൽ വാഹനത്തിനു സംഭവിച്ച നാശനഷ്ടങ്ങൾ പരിഹരിച്ചു പൂർവ സ്ഥിതിയിലാക്കുന്നതിനു വേണ്ട ചെലവ് (റിപ്പയർ എസ്റ്റിമേറ്റ്) കണക്കാക്കി ഇൻഷുറൻസ് കമ്പനിക്ക് അയയ്ക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് യഥാർഥ നഷ്ടം കണക്കാക്കുന്നത്. വാഹനം നന്നാക്കുന്നതിനുള്ള തുക ഐഡിവി ആയി നിശ്ചയിച്ച വിലയുടെ 75 ശതമാനത്തെക്കാൾ അധികമായാലോ ഇൻഷുറൻസ് കമ്പനിയുടെ ലയബിലിറ്റി ഐഡിവിയെക്കാൾ കൂടുതലായാലോ വാഹനം ടോട്ടൽ ലോസ് ആയി കണക്കാക്കും. ചില സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ 40% തകരാറുണ്ടെങ്കിൽത്തന്നെ വാഹനം ടോട്ടൽ ലോസ് വിഭാഗത്തിൽപെടുത്തുന്നു. അതിനുശേഷം വാഹനം സ്ക്രാപ് ചെയ്തുവിൽക്കുമ്പോൾ കമ്പനികൾക്കു മികച്ച വില ലഭിക്കുകയും ചെയ്യും.

 

ടോട്ടൽ ലോസ് ക്ലെയിം സെറ്റിൽമെന്റിൽ ഏന്തെങ്കിലും കാരണത്താൽ വാഹനത്തിന്റെ റെക്ക് വാല്യൂ (value of damaged vehicle) ഐഡിവിയെക്കാൾ കൂടുതലായാൽ ഉടമയ്ക്ക് ഐഡിവി വില മാത്രം നൽകും. സീറോ ക്ലെയിം ആണെങ്കിൽ റെക്ക് മാത്രം ഉപയോക്താവിനു നൽകുന്നു. ഇടിച്ച വാഹനം സ്ക്രാപ് ചെയ്യേണ്ട ചുമതല ഉപയോക്താവിനായിരിക്കും.

 

പോളിസിക്കു പകരം കവർ നോട്ട്  

 

ഇൻഷുറൻസ് പോളിസിക്കു പകരം കവർ നോട്ട് നൽകി കബളിപ്പിക്കുക. വിശദാംശങ്ങൾ ലഭ്യമല്ലാത്ത ഒരു പുതിയ വാഹനത്തിന് അനുവദിക്കുന്ന പോളിസിയാണു കവർ നോട്ട്. ബോഡി ബിൽഡിങ്ങിനായി ഷാസി വാങ്ങുമ്പോൾ, ഫാക്ടറിയിൽനിന്നു വാഹനം ഷോറൂമുകളിലേക്കെത്തിക്കുമ്പോഴൊക്കെ എടുക്കുന്ന പോളിസിയാണിത്. 60 ദിവസമാണ് ഈ പോളിസിയുടെ വാലിഡിറ്റി (പൊതുമേഖലാ ഇൻഷുറൻസ് കമ്പ

നികൾ കവർ നോട്ട് അനുവദിക്കുന്നത് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. പ്രൈവറ്റ് കമ്പനികൾ നൽകുന്നുണ്ട്). വാഹന പരിശോധനയിൽ ഇതു പെട്ടെന്നു തിരിച്ചറിയാനാകില്ല. വണ്ടി അപകടത്തിൽപെടുമ്പോൾ തേഡ് പാർട്ടി പോളിസി ഇല്ലാത്തതിനാൽ എതിർ കക്ഷിക്കു നഷ്ടമുണ്ടായാൽ നഷ്ടപരിഹാരം കൊടുക്കാൻ കഴിയില്ല. മാത്രമല്ല, നിയമലംഘനത്തിനു നടപടികൾ നേരിടേണ്ടിവരും.നിയമപ്രകാരം ഇൻഷുറൻസ് പ്രീമിയം പേയ്മെന്റ് ബൗൺസ് (പണമില്ലാതെ ചെക്ക് മടങ്ങുക) ആയാൽ ഉപയോക്താവിനെതിരെ നിയമനടപടി ആവശ്യപ്പെട്ടുകൊണ്ട് ഇൻഷുറൻസ് കമ്പനിക്ക് ബന്ധപ്പെട്ട റജിസ്റ്ററിങ് അതോറിറ്റി, എൻഫോഴ്സ്മെന്റ് അതോറിറ്റി എന്നിവർക്കു  റജിസ്ട്രേഡ് കത്ത് അയയ്ക്കാം. പലപ്പോഴും ഇതു ചെയ്യാറില്ല. ഏജന്റ് വഴിയാണ് ഇത്തരം തട്ടിപ്പുകൾ നടക്കുന്നത്.    

 

കൃത്രിമ പോളിസി ഡോക്യുമെന്റ് 

 

ഇൻഷുറൻസ് എടുക്കുമ്പോൾ പറ്റിക്കപ്പെടുന്ന മറ്റൊരു രീതിയാണു കൃത്രിമ പോളിസി ഡോക്യുമെന്റ്  നൽകൽ. അപകടമുണ്ടായാൽ ക്ലെയിമിനായി സമീപിക്കുമ്പോഴായിരിക്കും അത്തരമൊരു പോളിസി നിലവിലില്ല എന്നറിയുക. ഇത്തരം സ്ഥാപനങ്ങൾക്കു കസ്റ്റമർ സർവീസിനായി ശരിയായ ഓഫിസോ മറ്റോ ഉണ്ടായിരിക്കില്ല. പോളിസി എടുക്കുമ്പോൾ, ഡോക്യുമെന്റിൽ പോളിസി ഡീറ്റെയിൽസിനൊപ്പം ഇൻഷുറൻസ് കമ്പനിയുടെ പേര്, വിലാസം, അടിയന്തര ഘട്ടങ്ങളിൽ ബന്ധപ്പെടാനുള്ള നമ്പർ തുടങ്ങിയവ നിർബന്ധമായും ഉണ്ടായിരിക്കണം. കൂടാതെ, പോളിസിയുമായി ബന്ധപ്പെട്ട നിബന്ധനകളും നിർബന്ധമായും ഉൾപ്പെടുത്തിയിരിക്കണമെന്നാണു ചട്ടം. ഇൻഷുറൻസ് പോളിസിയിൽ നടക്കുന്ന തട്ടിപ്പുകൾ തിരിച്ചറിയുന്നതിന് എൻഫോഴ്സ്മെന്റ് അതോറിറ്റിക്കും ശരിയായ നിർദേശങ്ങളോ സൗകര്യങ്ങളോ ഇല്ല. രാജ്യത്തെ 60% വാഹനങ്ങൾക്കും സാധുവായ ഇൻഷുറൻസ് പോളിസി ഇല്ല.

 

ജിഎസ്ടി വെട്ടിപ്പിലൂടെ പ്രീമിയം കുറയ്ക്കുക

 

ഇന്ത്യൻ നിരത്തിലോടുന്ന മിക്ക വാണിജ്യ വാഹനങ്ങളും പോളിസി എടുക്കുമ്പോൾ ശരിയായ ജിഎസ്ടി നൽകുന്നില്ല. ഏജൻസി കമ്മിഷൻ, ബ്രോക്കർ കമ്മിഷൻ എന്നിവയ്ക്കാണ് ജിഎസ്ടി വെട്ടിപ്പു നടത്തുന്നത്. ജിഎസ്ടി കുറച്ചുള്ള തുകയാകും ഇൻഷുറൻസ് ഏജന്റ് വാഹന ഉടമയിൽനിന്ന് ഈടാക്കുക. ജിഎസ്ടി തുക സർക്കാർ അക്കൗണ്ടിലേക്കു ക്രെഡിറ്റ് ആയോ എന്നറിയാൻ പ്രത്യേക സംവിധാനമൊന്നും ഇല്ല. പോളിസിയിൽ ക്ലാസ് ഓഫ് വെഹിക്കിൾ മാറ്റിയാകും രേഖപ്പെടുത്തിയിട്ടുണ്ടാകുക. അതുകൊണ്ടാണ് പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളുടെ പ്രീമിയം കൂടുതലും സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടേതു കുറവുമായിരിക്കുന്നത്. ഇത്തരത്തിൽ 824 കോടി രൂപയോളം വെട്ടിപ്പുനടത്തിയ 16 ഇൻഷുറൻസ് കമ്പനികളെ ജിഎസ്ടി അതോറിറ്റി ഈയിടെ പിടികൂടിയത് ദേശീയ മാധ്യമങ്ങളിൽ വാർത്തയായിരുന്നു. കൃത്രിമ ഇൻവോയിസ് നൽകിയാണ് ജിഎസ്ടി തട്ടിപ്പു നടത്തുന്നത്. 

 

ഡിപ്രീസിയേഷൻ തുക തെറ്റായി കണക്കാക്കുക

 

ജിആർ-9 ലെ മാർഗനിർദേശമനുസരിച്ച് നിൽ ഡിപ്രീസിയേഷൻ എന്ന ആഡ് ഓൺ കവർ ഇല്ലാതെ വാഹനം ഇൻഷുർ ചെയ്തില്ലെങ്കിൽ ക്ലെയിം വരുമ്പോൾ ഇൻഷുറൻസ് കമ്പനി നഷ്ടം വിലയിരുത്തുമ്പോൾ മൂല്യത്തകർച്ചയ്ക്കു വിധേയമാകും. തെറ്റായ രീതിയിൽ ഡിപ്രീസിയേഷൻ തുക കണക്കാക്കിയാൽ ഉടമയ്ക്കു നഷ്ടം സംഭവിക്കും (വാഹന ഭാഗങ്ങളുടെ ഡിപ്രീസിയേഷൻ പട്ടിക ചുവടെ).

 

തേഡ് പാർട്ടിയുടെ നഷ്ടം വിലയിരുത്തൽ

 

ഇൻഷുറൻസ് റെഗുലേറ്ററി മാർഗനിർദേശങ്ങൾ അനുസരിച്ച് ₨50,000 നു മുകളിൽ എസ്റ്റിമേറ്റ് ഉള്ള ഏതൊരു മോട്ടർ ഇൻഷുറൻസ് ക്ലെയിമും ലൈസൻസ് ഉള്ള ഒരു സർവേയർ മാത്രമേ വിലയിരുത്താവൂ. പല ഇൻഷുറൻസ് കമ്പനികളും ശരിയായ വിലയിരുത്തലില്ലാതെ പോളിസി ഉടമയോടു ഫോട്ടോ 

അയച്ചുതരാൻ ആവശ്യപ്പെട്ടു ക്ലെയിം തീർപ്പാക്കും. ഇങ്ങനെ ചെയ്യുമ്പോൾ വാഹന ഉടമയ്ക്ക് ഇന്ത്യൻ മോട്ടർ താരിഫ് മാർഗനിർദേശങ്ങൾ പ്രകാരമുള്ള നഷ്ടപരിഹാരം ലഭിക്കുന്നില്ല. കമ്പനിയുടെ ബാധ്യത 40–50 % കവിയുന്നില്ലെങ്കിൽപോലും വാഹനം ടോട്ടൽ ലോസ് ആക്കുന്നു. പല സ്വകാര്യ ഇൻഷുറൻസ് സ്ഥാപനങ്ങളും കമ്പനിയുടെ ബാധ്യത കുറയ്ക്കുന്നതിനും വാഹനത്തിന്റെ അറ്റകുറ്റപ്പണി, പുനർവിൽപന എന്നിവയിൽനിന്നു ലാഭം നേടുന്നതിനും സർവേ ലിമിറ്റ് കൃത്യമായി പാലിക്കാറില്ല. 

 

ആഡ് ഓൺ കവറുകളെക്കുറിച്ചുള്ള അറിവില്ലായ്മ

 

വാഹന ഉടമയ്ക്കു പോളിസിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ആഡ് ഓൺ കവറേജുകളെക്കുറിച്ചു കൃത്യമായ അറിവില്ലാത്തതു കമ്പനികൾ മുതലെടുക്കാറുണ്ട്. റിട്ടേൺ ടു ഇൻവോയ്സ് പോലുള്ളവ എടുത്തവർക്കു വാഹനം ലോട്ടൽ ലോസ് സെറ്റിൽമെന്റിലേക്കു പോകുമ്പോൾ അത് ആക്റ്റിവേറ്റ് ആകും. എന്നാൽ, ഇത്തരം കേസുകളിൽ ആർടിഐ ബാധ്യത വളരെ കൂടുതലായതിനാൽ പല കമ്പനികളും നഷ്ടം പരിഹരിക്കുകയും (റിപ്പയർ) നഷ്ടപരിഹാരം മാത്രം നൽകി സെറ്റിൽ ചെയ്യുകയും ചെയ്യും. ആർടിഐ പോളിസിയിൽ ഉള്ള ആഡ് ഓൺ കവറേജുകളെക്കുറിച്ചു പോളിസി ഉടമയ്ക്ക് അറിവില്ലാത്തതാണു കാരണം   

 

ബിനു വർക്കി (മോട്ടർ ഇൻഷുറൻസ് സർവേയർ)

 

English Summary: Know More About Vehicle Insurance Fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com