ADVERTISEMENT

മോട്ടർ ഇൻഷുറൻസ് പോളിസികളിലെ പ്രധാന രണ്ടു ഭാഗങ്ങളാണ് ആഡ് ഓൺ കവറുകളും നോ ക്ലെയിം ബോണസും. 

ഓൺ ഡാമേജ് പോളിസി എടുത്തവർക്കു മാത്രമുള്ള ഗുണങ്ങളാണിവ. എല്ലാ ആഡ് ഓൺ കവറേജുകളും എല്ലാവർക്കും ആവശ്യമില്ല. നോ ക്ലെയിം ബോണസിന് അർഹതയുണ്ടെങ്കിൽ പ്രീമിയത്തിൽ കുറവു നേടാം. പോളിസി എടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക. 

 

ആഡ് ഓൺ കവർ

 

അധിക പോളിസി കവറേജ് വേണ്ടവർക്കാണ് ആഡ് ഓൺ കവറുകൾ. നാമമാത്രമായ അധിക പ്രീമിയം തുക അടച്ച് ഇവ സ്വന്തമാക്കാം. ഓൺ ഡാമേജ് പോളിസിയിലെ സാധാരണ കവറേജുകൾ സജീവമായതിനു ശേഷമേ ആഡ് ഓൺ കവറുകൾ ആക്ടീവ് ആകൂ. 

 

പ്രധാനപ്പെട്ട ചില ആഡ് ഓൺ കവറുകളെക്കുറിച്ചറിയാം

 

1. നിൽ ഡിപ്രീസിയേഷൻ  പ്രൈവറ്റ് കാറുകൾ, ടൂ വീലറുകൾ, മറ്റു വാണിജ്യ വാഹനങ്ങൾ തുടങ്ങി എല്ലാ ക്ലാസ് വാഹനങ്ങൾക്കും നിൽ ഡിപ്രീസിയേഷൻ ലഭിക്കും. അപകടത്തിൽ ഭാഗികമായി നഷ്ടം സംഭവിക്കുമ്പോൾ, മാറ്റിവച്ച 

ഭാഗങ്ങളുടെ വിലയിൽ ഡിപ്രീസിയേഷൻ ഈടാക്കില്ല. ഈ കവറേജ് സാധാരണയായി 5 വർഷം (60 മാസം) വരെ പഴക്കമുള്ള വാഹനങ്ങൾക്കു നൽകാറുണ്ട്. ഇതുതന്നെയാണ് ബംപർ ടു ബംപർ പോളിസി എന്നറിയപ്പെടുന്നതും. 

 

2. റിട്ടേൺ ടു ഇൻവോയ്സ്  പ്രൈവറ്റ് കാറുകൾ, ടൂ വീലറുകൾ, വാണിജ്യ വാഹനങ്ങൾ എന്നിവയ്ക്ക് റിട്ടേൺ ടു ഇൻവോയ്സ് പോളിസി എടുക്കാം. ഈ പ്രത്യേക കവർ എടുത്തിട്ടുണ്ടെങ്കിൽ, അപകടമുണ്ടായാലോ വാഹനം മോഷണം പോയി വീണ്ടെടുക്കാൻ കഴിയാതിരുന്നാലോ ഇൻഷുറൻസ് കമ്പനി പോളിസി ഉടമയ്ക്ക് വാഹനത്തിന്റെ ഇൻവോയ്സ് തുക (ഷോറൂമിൽനിന്നു വണ്ടി എടുക്കുമ്പോഴുള്ള വില + ടാക്സ് +പ്രീമിയം+റജിസ്ട്രേഷൻ) നൽകണം. റോഡ് ടാക്സ്, ഇൻഷുറൻസ് പ്രീമിയം എന്നിവ പൂർണമായും നൽകില്ല. വാഹനത്തിന്റെ ഉപയോഗമനുസരിച്ച് പ്രോ റേറ്റ് അടിസ്ഥാനത്തിൽ കണക്കാക്കി നൽകും. ടോട്ടൽ ലോസ് ആയ വാഹനത്തിനു മാത്രമേ റിട്ടേൺ ടു ഇൻവോയ്സ് ലഭിക്കൂ. 

 

3. എൻസിബി പ്രൊട്ടെക്‌ഷൻ  പ്രൈവറ്റ് കാറുകൾ, ടൂ വീലറുകൾ, വാണിജ്യ വാഹനങ്ങൾ എന്നിവയ്ക്ക് അർഹത. 

 

ക്ലെയിം ലഭിക്കുന്ന സാഹചര്യം:

 

∙ വിൻഡ്ഷീൽഡിന് ആകസ്മിക കേടുപാടുണ്ടായാൽ

∙ വാഹന മോഷണം, വാഹനത്തിലെ ഇലക്ട്രോണിക്, ഇലക്ട്രിക്കൽ, നോൺ-ഇലക്ട്രിക്കൽ ആക്സസറികളുടെ മോഷണം

∙ അപകടത്തിനുശേഷം റബർ, പ്ലാസ്റ്റിക്, ഫൈബർ ഘടകങ്ങൾക്കു തകരാറുണ്ടായാൽ മാറ്റിവയ്ക്കുന്നതിനു പകരം റിപ്പയർ ചെയ്യുകയാണെങ്കിൽ, പോളിസി പുതുക്കുമ്പോൾ ഈ ക്ലെയിമുകൾ കണക്കാക്കില്ല, എൻസിബി സംരക്ഷിക്കപ്പെടും. സാധാരണഗതിയിൽ ക്ലെയിം ചെയ്താൽ അടുത്ത വർഷം പോളിസി പുതുക്കുമ്പോൾ പ്രീമിയം വർധിക്കും.

 

4.കൺസ്യൂമബിൾ കവറേജ്   പ്രൈവറ്റ് കാറുകൾ, ടൂ വീലറുകൾ, വാണിജ്യ വാഹനങ്ങൾ എന്നിവയ്ക്ക് ഈ കവറേജ് എടുക്കാം. നഷ്ടമുണ്ടായാൽ അറ്റകുറ്റപ്പണികൾക്കു വിധേയമാകുന്ന വാഹനത്തിന്റെ ഓയിൽ, കൂളന്റ്, ഗ്രീസ്, നട്ട് ആൻഡ് ബോൾട്ട്, സ്ക്രൂ, റിവറ്റ്, ഗ്രോമെറ്റ് തുടങ്ങിയ ഉപയോഗ വസ്തുക്കൾക്കു നഷ്ടപരിഹാരം നൽകാറില്ല. എന്നാൽ, കൺസ്യൂമബിൾ കവറേജ് എടുക്കുകയാണെങ്കിൽ നിബന്ധനകൾക്കു വിധേയമായി നഷ്ടപരിഹാരം ലഭിക്കും. 

 

5. റോഡ് സൈഡ് അസിസ്റ്റ് (ബ്രേക്ക്ഡൗൺ / ആക്സിഡന്റ്) – റോഡ് സൈഡ് അസിസ്റ്റ് കവറേജ് ഉണ്ടെങ്കിൽ യാത്രയ്ക്കിടെ വാഹനം അപകടത്തിൽപെടുകയോ ബ്രേക്ക് ഡൗൺ ആകുകയോ ചെയ്താൽ ഇൻഷുറൻസ് കമ്പനി വാഹനം ടോ ചെയ്യുന്നതിനും അടുത്തുള്ള വർക് ഷോപ്പിലേക്ക് എത്തിക്കുന്നതിനും വേണ്ട സഹായങ്ങൾ ചെയ്തുതരും. ചില ഇൻഷുറൻസ് കമ്പനികൾ പ്രീമിയം അനുസരിച്ച് വാഹന ഉടമയ്ക്കു താമസസൗകര്യവും ഏർപ്പെടുത്താറുണ്ട്. 

 

6. കീ ലോസ്  പ്രൈവറ്റ് കാറുകൾക്കു മാത്രം ബാധകം. എന്തെങ്കിലും കാരണത്താൽ ഇൻഷുർ ചെയ്ത കാറിന്റെ കീ നഷ്ടപ്പെടുകയോ അകത്തു പൂട്ടിപ്പോയ അവസ്ഥയിലോ ആയി കാർ ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യത്തിലായാൽ, ഇൻഷുറൻസ് കമ്പനി സാങ്കേതിക വിദഗ്ധന്റെ സഹായം ലഭ്യമാക്കും. അല്ലെങ്കിൽ ഇൻഷുർ ചെയ്ത വ്യക്തി അതേ നഗരത്തിൽനിന്നുള്ള ആളാണെങ്കിൽ കാറിന്റെ സ്പെയർ കീ ലഭ്യമാക്കാൻ സഹായിക്കും. മോഷണം വഴി കീ നഷ്ടപ്പെട്ടാൽ മുഴുവൻ കീ സെറ്റും മാറ്റിസ്ഥാപിച്ചു നൽകണമെങ്കിൽ എഫ്ഐആർ  ഉണ്ടായിരിക്കണം.

നോ ക്ലെയിം ബോണസ്

 

ഓൺ ഡാമേജ് പോളിസുള്ള എല്ലാ വാഹനങ്ങൾക്കും നോ ക്ലെയിം ബോണസ് കിഴിവിന് അർഹതയുണ്ട്. ഓരോ വർഷവും പ്രീമിയം പുതുക്കുമ്പോൾ എൻസിബി ഉണ്ടെങ്കിൽ 20-50 % വരെ പ്രീമിയത്തിൽ കുറവു ലഭിക്കും. മോഷണം, തീപിടിത്തം എന്നിവയ്ക്കു മാത്രം കവറേജ് നൽകുന്ന പോളിസിയാണെങ്കിൽ എൻസിബിയും അതുമായി ബന്ധപ്പെട്ട ഘടകങ്ങൾക്കും മാത്രമേ ലഭിക്കൂ. 12 മാസത്തെ മുഴുവൻ കാലാവധിയും കഴിഞ്ഞ് പോളിസി പുതുക്കുമ്പോൾ മാത്രമേ ഇൻഷുർ ചെയ്തയാൾക്ക് എൻസിബിക്ക് അർഹതയുള്ളൂ. ഇൻഷുർ ചെയ്ത വാഹനത്തിനല്ല, ഇൻഷുർ ചെയ്ത വ്യക്തിക്കാണ് എൻസിബി ലഭിക്കുക. വേണമെങ്കിൽ എൻസിബി ട്രാൻസ്ഫർ ചെയ്യാം. ഇരുചക്ര വാഹനമാണെങ്കിൽ ഇരുചക്ര വാഹനത്തിലേക്കു മാത്രമേ ട്രാൻസ്ഫർ ചെയ്യാൻ പറ്റൂ. കാറാണെങ്കിൽ കാറിലേക്കും. 

 

എൻസിബി കൈമാറ്റം ചെയ്യുമ്പോൾ 

 

∙ വാഹനം വിൽക്കുന്ന സമയത്ത്:  ഇൻഷുർ ചെയ്ത വ്യക്തി വാഹനം വിൽക്കുമ്പോൾ, എൻസിബി സർട്ടിഫിക്കറ്റിനായി ഇൻഷുറൻസ് കമ്പനിയെ സമീപിക്കണം. അതിനായി നിലവിലെ പോളിസിയിൽ എൻസിബി കിഴിവ് ലഭിച്ചിട്ടുണ്ടെങ്കിൽ അതു തിരികെ നൽകണം. എൻസിബി സർട്ടിഫിക്കറ്റിനു മൂന്നു വർഷ കാലാവധിയുണ്ട്. ഒരാൾ കാർ വിൽക്കുമ്പോൾ, അപ്പോൾത്തന്നെ പുതിയ കാർ വാങ്ങുന്നില്ലെങ്കിൽ പഴയ കാറിന്റെ എൻസിബി സർട്ടിഫിക്കറ്റ് കൈവശം വയ്ക്കാം. മൂന്നു വർഷത്തിനകം മറ്റൊരു കാർ വാങ്ങിയാൽ പ്രയോജനപ്പെടുത്താം. 

 

∙ മറ്റൊരു വാഹനം വാങ്ങുമ്പോൾ: ഇൻഷുർ ചെയ്തയാൾ അതേ ക്ലാസിലുള്ള മറ്റൊരു വാഹനം വാങ്ങുമ്പോൾ – ഇൻഷുറൻസ് കമ്പനിയെ സമീപിച്ച് എൻസിബി പുതിയ വാഹനത്തിലേക്കു മാറ്റാം. എൻസിബി കൈമാറ്റം ചെയ്യുമ്പോൾ അതേ പേരിൽത്തന്നെയായിരിക്കണം. 

∙ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നയാൾക്ക് ആ സ്ഥാപനം നൽകുന്ന വാഹനം പിന്നീടു സ്വന്തം പേരിലേക്കു മാറ്റിയാലും എൻസിബി ലഭിക്കും.

∙ ഒരു ഇൻഷുറൻസ് കമ്പനിയിൽനിന്നു മറ്റൊന്നിലേക്കു മാറിയാലും എൻസിബി നഷ്ടപ്പെടില്ല. 

∙ ഒരു വ്യക്തിയിൽനിന്നു മറ്റൊരു വ്യക്തിയിലേക്കു കൈമാറ്റം ചെയ്യാൻ പറ്റില്ല. പോളിസിയുടമ മരിച്ചുപോയാൽ ആശ്രിതൻ അവരുടെ പേരിലേക്കു വാഹനം മാറ്റുമ്പോൾ എൻസിബിയും ലഭ്യമാകും.

∙ പോളിസിയുടമ മരിച്ചാൽ 90 ദിവസത്തിനകം ഓൺ ഡാമേജ് പോളിസി അസാധുവാകും. അതുകൊണ്ട്, 90 ദിവസത്തിനുള്ളിൽ നോമിനി വാഹനവും പോളിസിയും സ്വന്തം പേരിലേക്കു മാറ്റണം. പോളിസി എടുക്കുമ്പോൾ നോമിനേഷൻ രേഖപ്പെടുത്താൻ മറക്കരുത്. 

∙ പോളിസി കാലാവധി തീർന്നു 90 ദിവസത്തിനകം പുതുക്കിയില്ലെങ്കിൽ എൻസിബി നഷ്ടപ്പെടും.

∙ ഓരോ വർഷവും എൻസിബി പ്രത്യേകം ക്ലെയിം ചെയ്യേണ്ടതില്ല. പോളിസി പുതുക്കുമ്പോൾത്തന്നെ എൻസിബി കിഴിവു ലഭിക്കും.

ബിനു വർക്കി(മോട്ടർ ഇൻഷുറൻസ് സർവേയർ)

 

English Summary: Add On and No Claim Policy Two important things in motor vehicle insurance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com