ADVERTISEMENT

സന്തോഷ് തമിഴ്നാട് റജിസ്ട്രേഷനിലുള്ള ടൊയോട്ട ഇന്നോവ, യൂസ്ഡ് കാർ ഏജന്റിൽ നിന്നു വാങ്ങി. കേരളത്തിൽ റജിസ്റ്റർ ചെയ്യാൻ നോക്കിയപ്പോഴാണ് ആർസി ബുക്കിലെ എൻജിൻ നമ്പറും എൻസിആർബി (National Crime Records Bureau) റെക്കോർഡിലെ എൻജിൻ നമ്പറും വ്യത്യസ്തമാണെന്നറിയുന്നത്. ഇടനിലക്കാരിൽനിന്നു വാഹനം വാങ്ങുമ്പോൾ ഇത്തരത്തിൽ കബളിപ്പിക്കപ്പെടാം. ഇതരസംസ്ഥാനങ്ങളിലെ വാഹനം വാങ്ങുകയോ അവിടെ ഉപയോഗിച്ചവ നാട്ടിലേക്കു കൊണ്ടു വരുകയോ ചെയ്യുമ്പോൾ പലതരത്തിലുള്ള നൂലാമാലകൾ ഉണ്ടാകാറുണ്ട്. ഇതരസംസ്ഥാന വാഹനങ്ങൾ കേരളത്തിൽ റജിസ്റ്റർ ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.      

 

അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

 

∙ റജിസ്ട്രേഷൻ ഓഫ് മോട്ടർ വെഹിക്കിൾസ് നിയമത്തിലെ സെക്‌ഷൻ 47 പ്രകാരം മറ്റു സ്ഥാനങ്ങളിലെ വാഹനങ്ങൾ കേരളത്തിൽ 12 മാസത്തിൽ കൂടുതൽ ഉപയോഗിക്കുന്നുണ്ടെങ്കിൽ സംസ്ഥാനത്തു റജിസ്റ്റർ ചെയ്തിരിക്കണം. 

 

∙ വാഹനം ഏതു സംസ്ഥാനത്തെ ആർടി ഓഫിസിലാണോ റജിസ്റ്റർ ചെയ്തിരിക്കുന്നത് അവിടെനിന്നു കേരളത്തിൽ റജിസ്റ്റർ ചെയ്യാൻ പോകുന്ന സ്ഥലത്തെ ആർടി ഓഫിസിലേക്കോ സബ് ഓഫിസിലേക്കോ എൻഒസി (No Objection Certificate) വാങ്ങണം. 

ഉദാഹരണത്തിന് എറണാകുളം ആർടി ഓഫിസ് പരിധിയിൽ അങ്കമാലി, ആലുവ, പറവൂർ, തൃപ്പൂണിത്തുറ, മട്ടാഞ്ചേരി എന്നിങ്ങനെ സബ് ഓഫിസുകളുണ്ട്. സബ് ഓഫിസിലേക്കാണ് മാറ്റാൻ ഉദ്ദേശിക്കുന്നതെങ്കിൽ, ആ നിർദിഷ്ട ഓഫിസിന്റെ 

പേരിൽത്തന്നെ എൻഒസി വാങ്ങണം. 

 

∙ എൻഒസി വാങ്ങുന്നതിനൊപ്പം വാഹൻ സമന്വയ് (Vahan Samanvay) എന്ന എൻസിആർബിയുടെ ആപ്പിൽ വാഹനത്തെക്കുറിച്ചുള്ള വിശദ വിവരങ്ങൾ ലഭ്യമാകും. വാഹനവുമായി ബന്ധപ്പെട്ട ഏതെങ്കിലും കുറ്റകൃത്യം, അപകടം, മോഷണക്കേസ് എന്നിവ ഇതിലൂടെ മനസ്സിലാക്കാം. എൻജിൻ, ഷാസി നമ്പറുകൾ ഉറപ്പുവരുത്തുകയും ചെയ്യാം. അതിന്റെ പ്രിന്റ്‌ഔട്ട് 

കൂടി റീറജിസ്റ്റർ ചെയ്യാൻ പോകുന്ന ഓഫിസിൽ സമർപ്പിക്കണം. ഇതരസംസ്ഥാന വാഹനങ്ങൾ വാങ്ങുന്നവർ കബളിപ്പിക്കപ്പെടാതിരിക്കുന്നതിന് ഇതു സഹായിക്കും. 

 

∙ സംസ്ഥാനത്തെ ഏത് ആർടി ഓഫിസ്/സബ് ഓഫിസ് പരിധിയിലാണ് അപേക്ഷകന്റെ മേൽവിലാസം/ഓഫിസ് വിലാസം ഉള്ളത് അവിേടക്കാണ് റീറജിസ്ട്രേഷന് അപേക്ഷ നൽകേണ്ടത്.

 

∙ റജിസ്ട്രേഷൻ മാർക്ക് റീ അസൈൻമെന്റ് എന്നാണ് ഇതറിയപ്പെടുന്നത്. 

 

∙ വാഹനത്തിന്റെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, പൊലൂഷൻ അണ്ടർ കൺട്രോൾ സർട്ടിഫിക്കറ്റ്, നോട്ടറി മുൻപാകെ സാക്ഷ്യപ്പെടുത്തിയിട്ടുള്ള സത്യവാങ്മൂലം എന്നിവ അപേക്ഷയോടൊപ്പം ഉണ്ടായിരിക്കണം.

 

∙ സത്യവാങ്മൂലത്തിൽ ‘ഈ വാഹനം എന്റെ കൈവശാധീനത്തിലുള്ളതും എന്റെ പേർക്ക് റജിസ്റ്റർ ചെയ്തു കിട്ടേണ്ടതുമാണ്. എന്റെ മേൽവിലാസം ..... ഇതാണ്. ഈ വാഹനം ക്രമിനൽ കേസിലോ മോഷണം പോലുള്ള കുറ്റകൃത്യങ്ങളിലോ ഉൾപ്പെട്ടതല്ല. ഇതുവരെ സംഭവിച്ചിട്ടുള്ള എല്ലാ ഉത്തരവാദിത്ത ബാധ്യതകളും ഏറ്റെടുക്കുന്നു. ഈ വാഹനവുമായി ബന്ധപ്പെട്ട് 

മറ്റേതെങ്കിലും തരത്തിലുള്ള നിയമ നടപടികൾ വന്നാൽ അതു നേരിടാൻ ഞാൻ തയാറാണ്’ എന്നതാകണം സത്യവാങ്മൂലത്തിലെ ഉള്ളടക്കം.

 

∙ അപേക്ഷയോടൊപ്പം മേൽവിലാസം തെളിയിക്കുന്ന രേഖയുമായി റജിസ്റ്റർ ചെയ്യാൻ ഉദ്ദേശിക്കുന്ന ഓഫിസിലെ റജിസ്റ്ററിങ് അതോറിറ്റിയെ നേരിൽ കണ്ട് തന്റെ ഭാഗം വിശദീകരിക്കുകയും വേണം. ഇനി എത്ര വർഷത്തേക്കാണോ ടാക്സ് അടയ്ക്കേണ്ടത് അതു കണക്കാക്കി അടയ്ക്കുകയും വാഹനം പരിശോധനയ്ക്കായി ഹാജരാക്കുന്നതിന് അനുമതി തേടുകയും വേണം.

        

∙ 15 വർഷത്തേക്കാണ് സാധാരണ ടാക്സ് ഈടാക്കുന്നത്. വാഹനത്തിന്റെ പഴക്കം നോക്കിയാണ് ടാക്സ് നിശ്ചയിക്കുന്നത്. 10 വർഷം കഴിഞ്ഞ വാഹനമാണെങ്കിൽ ബാക്കി 5 വർഷത്തേക്കുള്ള ടാക്സ് അടച്ചാൽ മതിയാകും. വാഹനം 

വാങ്ങുമ്പോഴുള്ള ഇൻവോയ്സ് വാല്യു അടിസ്ഥാനമാക്കിയാണ് (ശതമാനം) ടാക്സ് കണക്കാക്കുന്നത്. അതുകൊണ്ട് ഇൻവോയ്സ് ലഭ്യമാണെങ്കിൽ അതുകൂടി ഹാജരാക്കുക.

 

∙ ടാക്സ്, അപേക്ഷാഫീസ്, വാഹന പരിശോധന ഫീസ് എന്നിവ ഓൺലൈനായി അടയ്ക്കാം.

 

∙ ഓൺലൈനായി അടച്ചശേഷം രസീതുകൾ ഓരോന്നും പ്രത്യേകം പ്രിന്റ്‌ഔട്ട് എടുത്ത് അപേക്ഷയോടൊപ്പം ഹാജരാക്കണം.

 

∙ വാഹനം അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ പരിശോധിച്ച് ഫിറ്റ്നെസ് സാക്ഷ്യപ്പെടുത്തി സർട്ടിഫിക്കറ്റ് നൽ‍കും.  

  

∙ ആർടി ഓഫിസിൽ അപേക്ഷ സമർപ്പിക്കുമ്പോൾ, ഫിറ്റ്നെസ് സർട്ടിഫിക്കറ്റ്, നികുതി അടച്ചതിന്റെ രസീത്, വാഹനത്തോടൊപ്പം ഹാജരാക്കിയ രേഖകൾ എന്നിവ നൽകണം. അപേക്ഷ വിശദമായി പരിശോധിച്ചശേഷം (സ്ക്രൂട്ടിനി) പുതിയ റജിസ്ട്രേഷൻ നമ്പർ അനുവദിക്കും. 

കെഎൽ സീരീസ് റജിസ്ട്രേഷൻ നമ്പർ വാഹനത്തിനു ലഭിച്ചുകഴിഞ്ഞാൽ, വാഹനം ഏതു നിർമാതാവിന്റെയാണോ അവരുടെ ഏതെങ്കിലും ഡീലർഷിപ്പുമായി ബന്ധപ്പെട്ട് അതിസുരക്ഷാ നമ്പർ (എസ്എച്ച്ആർപി) പ്ലേറ്റ് ഓർഡർ ചെയ്യുകയും അത് വാഹനത്തിൽ ഉറപ്പിക്കുകയും വാഹൻ വെബ്സൈറ്റിൽ ഡീലർ അപ്‌ലോഡ് ചെയ്യുകയും വേണം. അപ്പോൾ വാഹനത്തിന്റെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ആർടി ഓഫിസിൽനിന്നു പ്രിന്റ്‌ഔട്ട് എടുത്തുനൽകും. വാഹനത്തിന്റെ റജിസ്ട്രേഷൻ വിവരങ്ങൾ അപേക്ഷകന് ആർസി അപ്രൂവ് ചെയ്യുന്ന ദിവസം മുതൽ കാണാവുന്നതാണ്.

 

∙ സംസ്ഥാനത്ത് സ്ഥിരമേൽവിലാസം ഇല്ലാത്തൊരു വ്യക്തിആണെങ്കിൽ, ഇവിടെയുള്ള താൽക്കാലിക മേൽവിലാസം/ ജോലിചെയ്യുന്ന സ്ഥാപനത്തിലെ വിലാസം / സ്ഥാപനം നടത്തുകയാണെങ്കിൽ പ്ലേസ് ഓഫ് ബിസിനസ് അഡ്രസ് എന്നിവയേതെങ്കിലും ഉണ്ടെങ്കിൽ അത് താൽക്കാലിക മേൽവിലാസമായി (ടെംപററി അഡ്രസ്) പരിഗണിച്ചുകൊണ്ട് റജിസ്റ്റർ ചെയ്യാവുന്നതാണ്. റജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ അതു രേഖപ്പെടുത്താം. 

 

∙ കേരളത്തിൽ യാതൊരു സ്ഥിര മേൽവിലാസ രേഖയും ഇല്ലെങ്കിൽ, വാടകയ്ക്കു താമസിക്കുന്ന മുനിസിപ്പാലിറ്റി/ പഞ്ചായത്ത്/ കോർപറേഷൻ എന്നിവയിൽനിന്നുള്ള റസിഡൻസ് സർട്ടിഫിക്കറ്റ് താൽക്കാലിക മേൽവിലാസമായി പരിഗണിക്കാറുണ്ട്. ജോലി ചെയ്യുന്ന സ്ഥാപനത്തിലെ എംപ്ലോയ്മെന്റ് സർട്ടിഫിക്കറ്റ്, പേ സ്ലിപ് എന്നിവ നൽകിയാലും റജിസ്ട്രേഷൻ അനുവദിക്കാറുണ്ട്. 

 

English Summary: Things To Remember While Registering Other State Vehicle In Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com