ഡ്രൈവറുടെ ഇടപെടൽ ആവശ്യമില്ലാത്ത സ്വയം നിയന്ത്രണ (ഓട്ടോണമസ്) വാഹനങ്ങൾ നിർമിക്കാനുള്ള പരീക്ഷണങ്ങൾ 1920 മുതൽ നടന്നുവരുന്നു. അമേരിക്കൻ പ്രതിരോധവകുപ്പിന്റെ കീഴിലുള്ള ഗവേഷണ സ്ഥാപനങ്ങൾ അവിടത്തെ ചില മുൻനിര സാങ്കേതിക സർവകലാശാലകളുമായി ചേർന്ന് ഒട്ടേറെ പരീക്ഷണവാഹനങ്ങൾ നിർമിച്ചിട്ടുണ്ട്. നൂതന സാങ്കേതികവിദ്യയുടെ ഉപയോഗംകൊണ്ടു വാർത്തകളിൽ ഇടംപിടിക്കാറുള്ള ടെസ്‍ല ഈയിനം വാഹനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ വിപണിയിലെത്തിക്കുവാൻ മത്സരിക്കുന്ന കമ്പനികളിലൊന്നാണ്. സ്വയം നിയന്ത്രണ വാഹനങ്ങൾ ഒട്ടേറെ സെൻസറുകളുടെ സഹായത്തോടെ ചുറ്റുമുള്ള പരിസരത്തിന്റെ ഒരു ത്രിമാനരൂപം കണ്ടെത്തും. ഇതിനെ ആസ്പദമാക്കി ഒരു കേന്ദ്രനിയന്ത്രണ യൂണിറ്റ് വാഹനത്തിന്റെ ദിശ, വേഗം എന്നിവ ക്രമീകരിച്ച് സുരക്ഷിതമായ യാത്ര ഒരുക്കുകയാണു ചെയ്യുന്നത്.

സെൻസറുകളുെട സഹായത്തോടെയുള്ള ഈ വാഹനനിയന്ത്രണം അവയുടെ സങ്കീർണത അനുസരിച്ച് വിവിധ തലങ്ങളിൽപെടുത്തിയിട്ടുണ്ട്. ഏറ്റവും ഉയർന്ന തലത്തിൽ മാത്രമേ പൂർണമായും ഡ്രൈവറുടെ നിയന്ത്രണം ഇല്ലാതിരിക്കുന്നുള്ളൂ. മറ്റു തലങ്ങളിൽ ഡ്രൈവർക്കു തന്റെ പ്രവൃത്തിയിൽ വിവിധതരത്തിലുള്ള സഹായം നൽകുകയാണു ചെയ്യുന്നത്. റോഡപകടങ്ങളിൽ ഗണ്യമായ ഒരു പങ്ക് ഡ്രൈവറുടെ പിഴവുകൊണ്ടു സംഭവിക്കുന്നതാണ്. ഇതിനുള്ള സാധ്യത കുറയ്ക്കാൻ സാധിക്കും എന്നതിലാണ് ADAS ന്റെ മികവ്. സങ്കീർണതയുടെ തോതനുരിച്ച് ADAS ആറു തലങ്ങളായി SAE (സൊസൈറ്റി ഓഫ് ഓട്ടമോട്ടീവ് എൻജിനീയേഴ്സ്) ചിട്ടപ്പെടുത്തിയിട്ടുണ്ട്. പൂജ്യം (പ്രാഥമിക തലം) മുതൽ അഞ്ചു (പൂർണമായും ഡ്രൈവറുടെ ഇടപെടൽ ഇല്ലാത്ത) വരെയുള്ള ഇവ ADAS ലെവൽ എന്നറിയപ്പെടുന്നു.
ലെവൽ 0
പ്രാഥമികതലത്തിൽ പെടുന്നവയാണ് പാർക്കിങ് സെൻസറുകൾ, റിവേഴ്സ് ക്യാമറ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം (TPMS) എന്നിവ. ഡ്രൈവർക്കു തത്സമയ വിവരങ്ങൾ നൽകുകയല്ലാതെ വാഹനത്തിന്റെ പ്രവർത്തനത്തെ ഏതെങ്കിലും രീതിയിൽ നിയന്ത്രിക്കാൻ ഇവയ്ക്കു കഴിവില്ല.

ലെവൽ 1
ഡ്രൈവറുടെ തീരുമാനമനുസരിച്ച് ഏതെങ്കിലും ഒരു കാര്യം നിയന്ത്രിക്കാൻ കഴിയും. ക്രൂസ് കൺട്രോൾ, എമർജൻസി ബ്രേക്ക് അസിസ്റ്റ് എന്നിവ ഈ തലത്തിലുള്ളവയാണ്.
ലെവൽ 2
ഡ്രൈവറുടെ തീരുമാനമനുസരിച്ച് ഒന്നിലേറെ കാര്യങ്ങൾ വാഹനത്തിനു സ്വയം ചെയ്യാൻ കഴിയും. ലെയ്ൻ അസിസ്റ്റ്, ഒബ്സ്റ്റക്കിൾ അവോയ്ഡൻസ് (തടസ്സങ്ങൾ മുൻകണ്ട് സ്വയം ഒഴിഞ്ഞുപോകുക) എന്നതൊക്കെ ഇതിൽപെടും. നിലവിൽ ഇന്ത്യയിൽ വിപണിയിലുള്ള എംജി ഹെക്ടർ, മഹീന്ദ്ര എക്സ്‌യുവി 700 എന്നിവയ്ക്ക് െലവൽ 2 ADAS സംവിധാനങ്ങളുണ്ട്. ലെവൽ 3 ൽ വരുന്ന ഹൈവേ ഷോഫർ സിസ്റ്റം, ലെവൽ 4 ൽ വരുന്ന ഓട്ടമേറ്റഡ് പാർക്കിങ് സിസ്റ്റം എന്നിവയൊക്കെ ഇപ്പോഴും പരീക്ഷണഘട്ടം പിന്നിട്ടിട്ടില്ല.

സാധാരണമായവ
വിപണിയിലുള്ള വാഹനങ്ങളിൽ പരക്കെ ലഭ്യമായ ADASൽ പെടുന്നവയാണ് റിവേഴ്സ് സെൻസറുകളും എബിഎസും. അപകടസാധ്യത കുറയ്ക്കാനുള്ള കഴിവു പരിഗണിച്ച് ഇവ വാഹനങ്ങളിൽ എല്ലാം നിർബന്ധമായും ഘടിപ്പിച്ചിരിക്കണമെന്നു നിയമം അനുശാസിക്കുന്നു. ഉയർന്ന വേഗത്തിൽ വാഹനം ഡ്രൈവറുടെ നിയന്ത്രണത്തിൽനിന്നു വിട്ടുപോകാതെ സംരക്ഷിക്കുന്ന ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോളാണ് മിക്ക വാഹനങ്ങളിലും ABS നോടൊപ്പം ലഭിക്കുന്ന മറ്റൊരു ADAS. വിവിധ സാഹചര്യങ്ങളിൽ റോഡിലെ പിടിത്തം നഷ്ടപ്പെടാതെ നിയന്ത്രിക്കുന്ന ട്രാക്‌ഷൻ കൺട്രോൾ, സുരക്ഷിതമായി ഇറക്കമിറങ്ങാൻ സഹായിക്കുന്ന ഹിൽഡിസന്റ് കൺട്രോൾ, കയറ്റത്തിൽ പിന്നോട്ടുരുളാതെ വാഹനം മുന്നിലേക്കെടുക്കാൻ സഹായിക്കുന്ന ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവയും ADASൽപെടുന്നു. പല വാഹനങ്ങളുടെയും ഉയർന്ന വകഭേദങ്ങളിൽ കാണുന്ന 360 ഡിഗ്രി ക്യാമറയാണു മറ്റൊന്ന്. ലെവൽ 2 ൽ പെടുന്ന താഴെ പറയുന്ന ADAS ഇന്നു വിപണിയിലുള്ള ചില വാഹനങ്ങളിൽ ലഭ്യമാണ്.
ഫോർവേഡ് കൊളീഷൻ വാണിങ്
വാഹനത്തിന്റെ മുന്നിൽ ഘടിപ്പിച്ച ലേസർ ഉപയോഗിക്കുന്ന ക്യാമറ തടസ്സങ്ങൾ മുൻകൂട്ടി തിരിച്ചറിയുകയും വാഹനത്തിന്റെ നിലവിലുള്ള വേഗത്തിൽ ഇതുമായുള്ള അകലം പെട്ടെന്നു കുറഞ്ഞാൽ നിയന്ത്രണ സംവിധാനം ഡ്രൈവർക്കു മുന്നറിയിപ്പു നൽകുകയും ചെയ്യും (XUV 700).
ഓട്ടമാറ്റിക് എമർജൻസി ബ്രേക്കിങ്
മുന്നിലെ തടസ്സം തിരിച്ചറിഞ്ഞു നൽകുന്ന മുന്നറിയിപ്പിനു പ്രതികരണങ്ങളില്ലെങ്കിൽ വാഹനത്തിന്റെ വേഗം സ്വയം കുറയ്ക്കുകയും വേണ്ടിവന്നാൽ ബ്രേക്ക് ചെയ്ത് അപകടം ഒഴിവാക്കുകയും ചെയ്യും. ഡ്രൈവർ പ്രതികരിക്കാൻ വൈകുന്നതുമൂലമുള്ള അപകടസാധ്യത ഇതുമൂലം ഒഴിവാകും (XUV 700).

ലെയ്‍ൻ ഡിപ്പാർച്ചർ വാണിങ് /ലെയ്ൻ കീപ്പ് അസിസ്റ്റ്
റോഡിലെ ലെയ്ൻ അടയാളങ്ങൾ നിരീക്ഷിക്കുന്ന ക്യാമറ ഉപയോഗിച്ചു വാഹനം ലെയ്നിൽനിന്നു പുറത്തുപോകുന്നതു തിരിച്ചറിഞ്ഞു മുന്നറിയിപ്പു നൽകും. മുന്നറിയിപ്പിനു പ്രതികരണമില്ലെങ്കിൽ ലെയ്നിലേക്കു തിരിച്ചെത്തിക്കാൻ സ്റ്റിയറിങ് നിയന്ത്രണത്തിൽ ഇടപെടലുണ്ടാകും (XUV 700).
ട്രാഫിക് സൈൻ റെക്കഗ്‌നിഷൻ
ക്യാമറ ഉപയോഗിച്ചു ട്രാഫിക് ബോർഡ് നിരീക്ഷിക്കാനും അവയിലെ നിർദേശങ്ങൾ തിരിച്ചറിഞ്ഞു മുന്നറിയിപ്പു നൽകാനും ഈ ലെവൽ 2 ADAS നു കഴിയും (XUV 700).
അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ
ഒരു നിശ്ചിത വേഗം തിരഞ്ഞെടുത്താൽ ആക്സിലറേറ്റർ ഉപയോഗിക്കാതെ വാഹനം ആ വേഗത്തിൽ സ്വയം ഓടുന്ന ക്രൂസ് കൺട്രോൾ സംവിധാനം പല ഉയർന്ന ശ്രേണിയിലുള്ള വാഹനങ്ങളിലും ലഭ്യമാണ്. എന്നാൽ, അഡാപ്റ്റീവ് കൺട്രോൾ ആണെങ്കിൽ അതു മുന്നിലുള്ള വാഹനവുമായുള്ള അകലം കണക്കാക്കി സ്വയം വേഗം കുറയ്ക്കുകയും കൂട്ടുകയും കൂടി ചെയ്തുകൊള്ളും (MG HECTOR).
ട്രാഫിക് ജാം അസിസ്റ്റ്
ഈ സൗകര്യം ഡ്രൈവർ തിരഞ്ഞെടുത്താൽ മുന്നിൽ പോകുന്ന വാഹനവുമായുള്ള അകലം സ്വയം ക്രമീകരിക്കാൻ പാകത്തിന് ADAS വേഗം കുറയ്ക്കുകയും കൂട്ടുകയും ബ്രേക്ക് ചെയ്യുകയുമൊക്കെ ചെയ്തുകൊള്ളും. ദീർഘനേരം ട്രാഫിക് ജാമിൽപെട്ട് ഇഴയുന്ന അവസരത്തിൽ ഇത് ഏറെ പ്രയോജനകരമാണ് (MG HECTOR).
ഓട്ടോ ടേൺ ഇൻഡിക്കേറ്റർ
ഡ്രൈവർ ഇൻഡിക്കേറ്റർ ഉപയോഗിക്കാൻ മറന്നുപോയാലും സ്റ്റിയറിങ് തിരിയുന്നതിന്റെ അളവിനനുസരിച്ചു സ്വയം ഇൻഡിക്കേറ്ററുകൾ പ്രവർത്തിപ്പിക്കാൻ ഈ സംവിധാനം സജ്ജമാണ് (MG HECTOR).വരുംകാലങ്ങളിൽ കൂടുതൽ വാഹനങ്ങളിലും ഉയർന്ന തലത്തിലുള്ള ADAS ലഭ്യമാകുന്നത് റോഡപകടങ്ങൾ കുറയ്ക്കാൻ ഏറെ സഹായകരമായിരിക്കും.
English Summary: Know More About ADAS