ADVERTISEMENT

One stitch saves nine എന്നാണല്ലോ ചൊല്ല്.  മഴ തുടങ്ങും മുൻപേ സാവകാശത്തിൽ നമ്മുടെ വാഹനത്തിന്റെ അവസ്ഥ മെച്ചപ്പെടുത്തി യാത്രയ്ക്കൊരുങ്ങാം. മേയ് മാസത്തെ തയാറെടുപ്പ് ജൂണിലെ മഴയാത്രകളിൽ കൂടുതൽ സുരക്ഷ നൽകും.  ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വലിയ കാശുചെലവു കുറയ്ക്കാം. സമയം ലാഭിക്കാം. നനവുള്ള പ്രതലത്തിൽ ടയറുകൾക്കു നല്ല ഘർഷണം വേണം വാഹനസ്ഥിരത നിലനിർത്താൻ. അതുകൊണ്ടുതന്നെ മികച്ച ടയറുകൾ മഴക്കാലത്ത് അത്യന്താപേക്ഷിതമാണ്. 

തേഞ്ഞുതീരാനായ ടയറുകൾമാറ്റി പുതിയവ ഇടുക.

റീട്രെഡ് ടയറുകളുടെ അവസ്ഥ പരിശോധിപ്പിക്കുക.

വീൽ അലൈൻമെന്റ് ചെയ്യിപ്പിക്കുക. ടയർ റൊട്ടേഷൻ പോലുള്ള കാര്യങ്ങൾ പ്രധാനപ്പെട്ടതാണെന്ന് ഓർക്കുക. 

ടയറിന്റെ കട്ട (ട്രെഡ്) യുടെ കനം കുറവാണെങ്കിൽ മടിച്ചുനിൽക്കാതെ പുതിയ ടയറുകൾ വാങ്ങണം.  

tyre-2

വൈപ്പറുകൾ

കടുത്ത വേനലിൽ വൈപ്പറുകളുടെ റബർ ഭാഗം ദൃഢമാകാറുണ്ട്. മഴക്കാലത്ത് ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്ന നോൺ എൻജിൻ ഭാഗങ്ങളിലൊന്നാണു വൈപ്പർ. വൈപ്പർ ബ്ലേഡുകൾ മാറാനായോ എന്നു പരിശോധിക്കുക. ഗ്ലാസിലെ വെള്ളം വടിച്ചുകളയുന്നതിൽ പോരായ്മ തോന്നുകയാണെങ്കിൽ പുതിയ ബ്ലേഡുകൾ ഇടാം. കാർ വാഷ് ചെയ്യുമ്പോൾ വൈപ്പർ പ്രവർത്തിപ്പിച്ചുനോക്കിയാൽ ബ്ലേഡിന്റെ അവസ്ഥ അറിയാൻ പറ്റും. പിൻ വൈപ്പറിന്റെ ആവശ്യം ഏറ്റവും കൂടുതൽ മഴക്കാലത്താണ്. പിൻ വൈപ്പർ ബ്ലേഡ് ക്ലീൻ ചെയ്യുക. ഡീഫോഗർ ഉണ്ടെങ്കിൽ അവ ഇടയ്ക്ക് പ്രവർത്തിപ്പിക്കുക. പിൻഗ്ലാസ് ചൂടാക്കി ഈർപ്പം ഇല്ലാതാക്കാനുള്ളതാണ് ഡീ ഫോഗർ. 

wiper

വൈപ്പർ മോട്ടറും മറ്റും പരിശോധിപ്പിക്കുക.എക്സ്ട്രാ പാർട്ടിക്കിൾസ് ഗ്ലാസിൽ പിടിച്ചിരിപ്പുണ്ടോ എന്നു നോക്കുക. അതു ക്ലീൻ ചെയ്യണം. ഇല്ലെങ്കിൽ വൈപ്പിങ് വേളയിൽ ഗ്ലാസിൽ പോറൽ വീഴും. വൈപ്പർടാങ്കിലെ  ഷാംപൂ മെയിന്റയിൻ ചെയ്യണം. വൈപ്പറിന്റെ സ്പ്രേ നോസിലുകൾ എല്ലാം ഗ്ലാസിലേക്കു തന്നെ  പോയിന്റ് ചെയ്തല്ലേ ഇരിക്കുന്നത് എന്നുറപ്പു വരുത്തുക. വൈപ്പർ ‘വിറയലോടെ’ ആണ്  പ്രവർത്തിക്കുന്നതെങ്കിൽ വൈപ്പർ ആം തകരാറിൽ ആണെന്നു മനസ്സിലാക്കാം.. വൈപ്പർ ആമിന്റെ തകരാറു കാരണം വൈപ്പിങ് ക്രമത്തിലാകില്ല. കമ്പനി സ്പെസിഫൈഡ് സൈസിലുള്ള വൈപ്പർ ബ്ലേഡുകൾ വാങ്ങുക. ഇല്ലെങ്കിൽ പലയിടത്തും ഫലവത്തായ വൈപ്പിങ് നടക്കുകയില്ല.  ബ്ലൈൻഡ് സ്പോട്ട് കൂടും. അപകടസാധ്യതയും. വൈപ്പറിന്റെ എല്ലാ മോഡുകളും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഇല്ലെങ്കിൽ ആ തകരാറു മാറ്റണം. 

baleno-3

ലൈറ്റുകൾ, ഇലക്ട്രിക് ഭാഗങ്ങൾ

ബൾബുകൾ, റിഫ്ലക്ടറുകൾ, ഇൻഡിക്കേറ്ററുകൾ ഇലക്ട്രിക് ഭാഗങ്ങൾ എന്നിവ പ്രത്യേകം പരിശോധിപ്പിക്കുക. പഴയ വാഹനങ്ങളിൽ വയറിങ് ഭാഗങ്ങളിലെ ഇൻസുലേഷൻ എല്ലാം വെള്ളം കയറാത്ത രീതിയിലല്ലേ എന്നു പ്രത്യേകം നോക്കണം.

rain-care-1

ബ്രേക്കുകൾ

ചളിയടിഞ്ഞും മറ്റും ബ്രേക്കുകളുടെ കാര്യക്ഷമത കുറയാം. സർവീസ് കാലയളവ് ആയില്ലെങ്കിലും ബ്രേക്കിങ് കാര്യക്ഷമമല്ല എന്നു കണ്ടാൽ വിദഗ്ധരെക്കൊണ്ടു പരിശോധിപ്പിക്കണം. ആവശ്യമെങ്കിൽ കാലിപ്പറുകളും മറ്റും മാറ്റിയിടണം. 

തുരുമ്പ് കളയുക

എത്ര പ്രീമിയം വാഹനം ആണെങ്കിലും തുരുമ്പിന്റെ ശല്യം ഉറപ്പാണ്. പ്രത്യേകിച്ച് അണ്ടർബോഡിയിൽ. അണ്ടർബോഡി കോട്ടിങ് ചെയ്യാൻ മറക്കരുത്. വാഹനത്തിന്റെ വലുപ്പം അനുസരിച്ച്  കോട്ടിങ്ങിന്റെ ചെലവു കൂടും. പ്രീമിയം വാഹനങ്ങൾക്ക് റബറൈസ്ഡ് കോട്ടിങ് രീതി കൂടുതൽ നന്നാകും. ചെലവു കൂടുമെങ്കിലും ഈടും ഗ്യാരന്റി കാലയളവും കൂടുതലാണ്. മുൻപു കോട്ടിങ് ചെയ്തിട്ടുണ്ടെങ്കിലും വാഹനത്തിന്റെ അടിഭാഗം ഉരയുകയോ മറ്റോ ചെയ്തിട്ടുണ്ടെങ്കിൽ അവിടം തുരുമ്പെടുക്കാൻ സാധ്യതയുണ്ട്. അതിനാൽ, അണ്ടർബോഡി പരിശോധിപ്പിക്കുക. പാച്ച് വർക്ക് ചെയ്യിക്കുക. കാറിന്റെ ഫ്ലോറിൽ വിനൈൽ മാറ്റ് വിരിക്കാറുണ്ട്. ഇതിനടിയിൽ ഈർപ്പം നിന്ന് തുരുമ്പു പിടിക്കാനുള്ള സാധ്യത കൂടുതലാണ്. വിനൈൽ ഫ്ലോറിങ് മാറ്റി പരിശോധിച്ചാലേ ഫ്ലോറിൽ തുരുമ്പുശല്യമുണ്ടോ എന്നു മനസ്സിലാക്കുകയുള്ളൂ. 

മറ്റൊരു തുരുമ്പുശല്യം ഡോർപാഡുകളിലാണ്. ബീഡിങ്ങുകൾക്കുള്ളിലൂടെ ഇറങ്ങുന്ന വെള്ളം ഡോർപാഡിനുള്ളിൽ കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടോ എന്നു നിങ്ങൾക്കു തന്നെ നോക്കാവുന്നതാണ്. അങ്ങനെയുണ്ടെങ്കിൽ ഡോർപാഡിനുള്ളിൽ വാക്സ് കോട്ടിങ് ചെയ്യാൻ നിർദേശിക്കാം. 

സൺറൂഫ്, വാട്ടർ ചാനലുകൾ, ബീഡിങ്ങുകൾ 

വാഹനത്തിന്റെ സൺറൂഫിൽ അടിഞ്ഞുകൂടുന്ന ചെളിയും മറ്റും നീക്കുക. സൺറൂഫിനുള്ളിലൂടെ ഇറങ്ങുന്ന വെള്ളം താഴേക്കു പോകാനുള്ള ചാനലിൽ തടസ്സമുണ്ടോ എന്നും പരിശോധിക്കാം.  ഇതിനു തടസ്സമുണ്ടായാൽ സൺറൂഫ് സ്മൂത്തായി പ്രവർത്തിക്കില്ല. ജലമൊഴുകിപ്പോകുന്നതിനുള്ള മറ്റു ചാനലുകളിലെയും തടസ്സങ്ങൾ ഒന്നു പരിശോധിപ്പിക്കാം. ഇലയും മറ്റും അടിഞ്ഞ് വിൻഡ് ഷീൽഡിനു താഴെയുള്ള ചാനലുകൾ അടയാറുണ്ട് .ഇതു ശ്രദ്ധിച്ചില്ലെങ്കിൽ ഉള്ളിലേക്കു ജലമിറങ്ങും. ബീഡിങ്ങുകൾക്കു പൊട്ടലോ മറ്റോ ഇല്ലെന്ന് ഉറപ്പുവരുത്തണം.        

റെയിൻ റിപ്പല്ലന്റുകൾ 

വിൻഡ് ഷീൽഡിൽ റെയിൻ റിപ്പല്ലന്റുകൾ നമുക്കു തന്നെ പ്രയോഗിക്കാം. വിൻഡ്ഷീൽഡിൽ വെള്ളം തങ്ങിനിൽക്കുകയില്ല. മഴയത്തു കൂടുതൽ കാഴ്ച കിട്ടും. സുരക്ഷ കൂടും. നമുക്കു തന്നെ ഉപയോഗിക്കാവുന്ന തരത്തിലുള്ള ബോട്ടിലുകൾ ലഭ്യമാണ്.  കണ്ണാടികളിൽ ഒട്ടിക്കാവുന്ന  വാട്ടർ റിപ്പല്ലന്റ് പ്ലാസ്റ്റിക് ഫിലിമുകൾ ഓൺലൈൻ സൈറ്റുകളിൽനിന്നു ലഭിക്കും. ആദ്യമൊക്കെ ഗുണമാകുമെങ്കിലും പിന്നീട് ഫിലിമിൽ സ്ക്രാച്ച് വീണ് കാഴ്ചയ്ക്കു തടസ്സമുണ്ടാകാറുണ്ട്. 

പാക്കേജുകൾ 

പല സർവീസ് സെന്ററുകളും മൺസൂൺ പാക്കേജ് നൽകാറുണ്ട്. അവ പ്രയോജനപ്പെടുത്തുക. ഒട്ടേറെ പരിശോധനകൾക്കായി നമ്മുടെ സമയം കളയേണ്ടതില്ല, വിദഗ്ധരുടെ സേവനം അതിനെക്കാൾ ഗുണം ചെയ്യും. 

English Summary: Car Rain Care Things To Remember

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com