അനുഭവസമ്പത്തുള്ളവര്‍ ചെയ്യുമ്പോള്‍ എന്തെളുപ്പം എന്നു തോന്നുകയും സ്വയം ചെയ്തു നോക്കുമ്പോള്‍ അത്ര എളുപ്പമല്ലെന്ന് തിരിച്ചറിയുകയും ചെയ്യുന്ന പണികളിലൊന്നാണ് ഡ്രൈവിങ്. തിരക്കുള്ള റോഡില്‍ വാഹനം ഓടിക്കുമ്പോഴും കൃത്യമായ സ്ഥലത്ത് പാര്‍ക്കു ചെയ്യേണ്ടി വരുമ്പോഴുമെല്ലാം പലരുടേയും ഡ്രൈവിങ് പാളാറുണ്ട്. ചെറിയ ചില സൂത്രപ്പണികളിലൂടെ നമ്മുടെ ഡ്രൈവിങ്ങില്‍ വലിയ പുരോഗതി വരുത്താന്‍ സാധിക്കും. അതിന് സഹായിക്കുന്ന ഒരു ചെറു വിഡിയോയാണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലായിരിക്കുന്നത്.
പ്രായോഗിക നിര്‍ദേശങ്ങളുള്ള വിഡിയോ ഡ്രൈവര്‍മാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്. ആകെ 54 സെക്കന്‍ഡ് മാത്രം നീണ്ട ഈ ട്വിറ്റര്‍ വിഡിയോയ്ക്ക് ടിപ്‌സ് എന്നു മാത്രമാണ് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. ഒരു കാര്‍ പാര്‍ക്കിങ് സ്ഥലത്തു നിന്നു പുറത്തേക്കെടുക്കുമ്പോള്‍ വശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള കുറ്റിയില്‍ ഇടിക്കുന്നതു കാണിച്ചാണ് വിഡിയോ തുടങ്ങുന്നത്. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് പിന്നീട് പറയുന്നു.
സ്റ്റിയറിങ് വീലിന്റെ വലതു വശത്തെ അറ്റത്തു നിന്നും മുന്നിലേക്ക് ഒരു നേര്‍രേഖ വരച്ചാല്‍ അവിടെയാവും മുന്നില്‍ വലതുഭാഗത്തുള്ള ചക്രമുണ്ടാവുക. അതുപോലെ വലത്തേ വൈപ്പറിന്റെ അറ്റത്ത് ഡാഷ് ബോര്‍ഡിന്റെ ഏതാണ്ട് മധ്യഭാഗത്തായിട്ടാവും ഇടത്തേ ചക്രം ഉണ്ടാവുകയെന്നും വിഡിയോ പറയുന്നു. റോഡിനോട് ചേര്‍ന്നു പാര്‍ക്കു ചെയ്യുന്നതിനും മറ്റും ഇത്തരം വിവരങ്ങള്‍ ഏറെ സഹായിക്കും.
ഇതിനൊപ്പം വീതികുറഞ്ഞ ഭാഗത്തു കൂടെ പോകേണ്ടി വരുമ്പോഴും പാരലല്‍ പാര്‍ക്കിങ്ങിന്റെ സമയത്തും മുന്നിലെ കുഴിയില്‍ നിന്നും മതിലില്‍ നിന്നുമെല്ലാം രക്ഷപ്പെട്ട് വാഹനം വളക്കാനുമെല്ലാമുള്ള ടിപ്പുകള്‍ വിഡിയോയില്‍ പറയുന്നുണ്ട്. ഫിഗന്‍ എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട ഈ വിഡിയോ രണ്ടു ലക്ഷത്തിലേറെ തവണ ഈ വിഡിയോ ട്വിറ്ററില്‍ മാത്രം കണ്ടു കഴിഞ്ഞു. ലൈക്കുകളുടെ എണ്ണം 2200ലും കൂടുതലായിട്ടുമുണ്ട്.
നിരവധി പേരാണ് ഈ വിഡിയോ പങ്കുവച്ചത്. ''കുറേ കാര്യങ്ങള്‍ ഓര്‍ത്തു വെക്കാനുണ്ട്. എങ്കിലും അതെല്ലാം ശരിയുമാണ്. ഇപ്പോള്‍ ഞാനും ലോകത്തിലെ മികച്ച പത്തു ശതമാനം ഡ്രൈവര്‍മാരിലൊരാളായി!' എന്നാണ് അതിലൊരാള്‍ കമന്റു ചെയ്തിരിക്കുന്നത്. കൂടുതല്‍ തവണ കാണാനായി വിഡിയോ ബുക്ക്മാര്‍ക്കു ചെയ്തുവെന്ന് പറഞ്ഞാണ് മറ്റൊരാള്‍ ഇതു പങ്കുവെച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങൾ വഴിയുള്ള ഇത്തരം പാഠങ്ങള്‍ പലര്‍ക്കും ഗുണം ചെയ്യുമെങ്കിലും ഡ്രൈവിങ് യോഗ്യതയുള്ള പരിശീലന സ്ഥാപനങ്ങള്‍ വഴി പഠിക്കുന്നതാണ് ഉചിതം.
English Summary: This Video Will Help You Learn Simple Tips To Park Car Like A Pro