രോഗത്തിന് മരുന്നെഴുതാന്‍ ഏതു ഡോക്ടര്‍ക്കും സാധിച്ചേക്കും. രോഗം കണ്ടെത്തുന്നതിലാണ് ഡോക്ടറുടെ മിടുക്കിരിക്കുന്നത്. അതുപോലെ തന്നെയാണ് കാറുകളും. കാറുകളുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞാല്‍ പരിഹാരം എളുപ്പമായിരിക്കും. മനുഷ്യരെ പോലെ കാറുകളും ചില രോഗലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. ഇതില്‍ പ്രധാനം കാറുകള്‍ പുറത്തേക്കുവിടുന്ന പുകയാണ്. കാറുകളില്‍ നിന്നുള്ള പുകയുടെ നിറവും മണവും മനസിലാക്കി കാറിനുള്ളിലെ പ്രശ്‌നങ്ങളും തിരിച്ചറിയാനാവും.
നീല പുക
നിങ്ങളുടെ കാര്‍ നീല പുക പുറത്തുവിടുന്നുണ്ടെങ്കില്‍ അത് കംപല്‍ഷന്‍ ചേംബറില്‍ ഓയില്‍ കത്തുന്നതിന്റെ സൂചനയാവാം. പിസ്റ്റണ്‍ റിങ്ങുകളിലെ കേടുപാടുകളോ വാല്‍വ് സീലിലെ തകരാറോ ക്രാങ്ക്‌കെയ്‌സ് വെന്റിലേഷനിലെ കുഴപ്പങ്ങളോ ഒക്കെയാവാം ഇതിനു പിന്നില്‍.
വെള്ള പുക
വെളുത്ത പുക പുറത്തേക്കു വരുന്നത് കാറുകളിലെ സാധാരണ പ്രശ്‌നമാണ്. കംപല്‍ഷന്‍ ചേംബറില്‍ വെള്ളത്തിന്റേയോ കൂളെന്റിന്റേയോ സാന്നിധ്യമാണ് ഇതു കാണിക്കുന്നത്. സിലിണ്ടര്‍ ഹെഡ് തകരാറോ ഗാസ്‌കെറ്റ് പൊട്ടിയതോ ഒക്കെയാവാം ഇതിനു പിന്നില്‍.
കറുത്ത പുക
വെളുത്ത പുക പോലെ തന്നെ സാധാരണമായ പ്രശ്‌നമാണ് കറുത്തപുകയും. ഉയര്‍ന്ന അളവില്‍ ഇന്ധനവും വായുവും കൂടിച്ചേരുന്നുവെന്നതിന്റെ സൂചനയാവാം ഇത്. ഓക്‌സിജന്‍ സെന്‍സറിന്റെ തകരാറാണ് സാധാരണ ഈ പ്രശ്‌നത്തിലേക്കു നയിക്കുന്നത്. ഇന്‍ജെക്ടറിലെ തകരാറോ എയര്‍ ഫില്‍റ്ററിലെ തകരാറോ ഒക്കെ ഇതിലേക്കു നയിച്ചേക്കാം.
അസാധാരണ മണം
പുകയുടെ നിറം മാത്രമല്ല കാറില്‍ നിന്നും പുറത്തുവരുന്ന പുകക്കൊപ്പമുള്ള അസാധാരണ മണവും പ്രശ്‌നത്തിന്റെ സൂചനയാണ്. കത്തുന്നതു പോലെയുള്ള മണം കംപല്‍ഷന്‍ ചേംബറില്‍ ഓയില്‍ കലര്‍ന്നതിന്റെ സൂചനയാവാം ഇത്. ചീഞ്ഞതുപോലെയുള്ള മണം വരുന്നുണ്ടെങ്കില്‍ കാറ്റലിറ്റിക് കണ്‍വെര്‍ട്ടറിലെ പ്രശ്‌നങ്ങളാവാം. ഇനി മുതല്‍ കാറിന്റെ പുക കൂടി ശ്രദ്ധിച്ചോളൂ. എന്തെങ്കിലും പ്രശ്‌നങ്ങള്‍ കാറിനു സംഭവിച്ചിട്ടുണ്ടെങ്കില്‍ എളുപ്പം കണ്ടെത്താന്‍ ഇത് സഹായിക്കും.
English Summary: You Can Check Cars Health From Exhaust Smoke Colour