പഴയ കാർ വാങ്ങുമ്പോൾ ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

second-hand-car
Image credit: Istock/ViewApart
SHARE

ആഗ്രഹം പുതിയ കാറു തന്നെയാണെങ്കില്‍ പോലും സാമ്പത്തിക ബാധ്യതയാവുമോ എന്ന ഭയവും മറ്റു പല കാരണങ്ങളും മൂലം ഉപയോഗിച്ച കാറു വാങ്ങാന്‍ പലരും തീരുമാനിക്കാറുണ്ട്. അതൊരു മോശം തീരുമാനമൊന്നുമല്ല. എന്നാല്‍ ഉപയോഗിച്ച കാറുകള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പലതുണ്ട്. ശ്രദ്ധയോടെ തീരുമാനങ്ങളെടുത്തില്ലെങ്കില്‍ വാങ്ങുന്ന കാര്‍ തലയിലാവാനും സാധ്യതയുണ്ട്. യൂസ്ഡ് കാറുകള്‍ വാങ്ങുമ്പോള്‍ ഏറ്റവും കുറഞ്ഞത് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് നോക്കാം. 

ഏതു വാങ്ങണം?

ഉപയോഗിച്ച കാറുകള്‍ വാങ്ങാന്‍ തീരുമാനമെടുത്താല്‍ എത്രത്തോളം വിശാലമാണ് യൂസ്ഡ് കാറുകളുടെ ലോകമെന്ന് അറിയാനാവും. ഉയര്‍ന്ന വിലയുള്ള പല പ്രീമിയം കാറുകളും ചുളുവിലക്ക് ലഭിക്കും. പലപ്പോഴും ജനപ്രിയ മോഡലുകളേക്കാള്‍ കുറഞ്ഞ വിലയായിരിക്കും ഈ പ്രീമിയം കാറുകള്‍ക്ക്. 

കുറഞ്ഞ വിലയില്‍ ആകര്‍ഷണം തോന്നുമെങ്കിലും മറ്റു ചില കാര്യങ്ങള്‍ കൂടി കണക്കിലെടുത്തുവേണം അന്തിമ തീരുമാനത്തിലെത്താന്‍. ഇത്തരം വലിയ കാറുകളില്‍ ഭൂരിഭാഗവും കൊണ്ടു നടക്കാനും അറ്റകുറ്റ പണികള്‍ക്കും വലിയ തുക തന്നെ ചിലവാവും. കാര്‍ വാങ്ങുമ്പോള്‍ ലഭിച്ച സാമ്പത്തിക ലാഭം പിന്നീടുള്ള ദിവസങ്ങളില്‍ വലിയ നഷ്ടത്തില്‍ കലാശിച്ചേക്കാമെന്നു ചുരുക്കം. അതുകൊണ്ടുതന്നെ ഏതൊക്കെ മോഡല്‍ കാറുകളാണ് വാങ്ങേണ്ടതെന്ന് ആദ്യമേ തീരുമാനിച്ചുറപ്പിക്കുന്നത് ഗുണം ചെയ്യും. 

കണ്ടീഷനാണോ?

കാര്‍ പുതിയതല്ലാത്തതുകൊണ്ടുതന്നെ മികച്ച കണ്ടീഷനിലാണോ ഉള്ളതെന്ന് തീര്‍ച്ചയായും പരിശോധിക്കണം. നിങ്ങള്‍ക്ക് അതിനുള്ള സാങ്കേതിക അറിവുകളില്ലെങ്കില്‍ വിദഗ്ധ സഹായം തേടാവുന്നതാണ്. അപകടങ്ങളെ തുടര്‍ന്നുള്ള കുഴപ്പങ്ങളും വെള്ളം കയറിയാലുള്ള കുഴപ്പങ്ങളും സ്റ്റിയറിംങിന്റേയും സസ്‌പെന്‍ഷന്റേയും പ്രവര്‍ത്തനവും വാഹനത്തിലെ ഇലക്ട്രിക് സംവിധാനവും കരുത്തുമെല്ലാം പരിശോധിക്കാന്‍ വിദഗ്ധര്‍ക്ക് സാധിക്കും. 

ഓടിച്ചു നോക്കൂ...

ഉപയോഗിച്ച കാര്‍ വാങ്ങുന്നതിന് മുമ്പ് തീര്‍ച്ചയായും ഓടിച്ചു നോക്കിയിരിക്കണം. ആ സമയം വാഹനങ്ങളെക്കുറിച്ച് കൂടുതല്‍ അറിവുള്ളവരെ കൂടെക്കൂട്ടുന്നതും സഹായകരമാവും. ടെസ്റ്റ് ഡ്രൈവിനു ശേഷം പൂര്‍ണ തൃപ്തി ലഭിച്ചില്ലെങ്കില്‍ പുറമേക്ക് എത്ര സുന്ദരമായ വാഹനമായാലും ഒഴിവാക്കുന്നതാണ് നല്ലത്. 

അറ്റകുറ്റപണികള്‍

കണ്ടും ഓടിച്ചു നോക്കിയും പരിശോധിച്ചുമെല്ലാം കാര്‍ ഇഷ്ടപ്പെട്ടാല്‍ പിന്നെ എന്തൊക്കെ അറ്റകുറ്റ പണികള്‍ ചെയ്തിട്ടുണ്ടെന്ന് നോക്കണം. കാര്‍ വാങ്ങിയതു മുതല്‍ ഇതുവരെയുള്ള അറ്റകുറ്റപണികളുടെ വ്യക്തമായ രേഖകളുണ്ടെങ്കില്‍ തീര്‍ച്ചയായും നല്ല കാര്യമാണ്. ഇത് വാഹനത്തിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കും. 

 

രേഖകള്‍ പരിശോധിക്കണം

വാഹനം ഇഷ്ടപ്പെട്ടാല്‍ പിന്നെ രേഖകള്‍ പരിശോധിക്കണം. ഉപയോഗിച്ച വാഹനം വാങ്ങുമ്പോള്‍ ഏറ്റവും നിര്‍ണായകമായ കാര്യമാണിത്. കാറിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഇന്‍ഷുറന്‍സും ടാക്‌സ് അടച്ചതും മറ്റു രേഖകളുമെല്ലാം വിശദമായി പരിശോധിച്ച ശേഷം മാത്രം വാങ്ങുന്ന കാര്യം തീരുമാനിക്കുക. ഉപയോഗിച്ച കാര്‍ വാങ്ങുകയെന്നത് ഒരു മോശം തീരുമാനമല്ല. എന്നാല്‍ പുതിയ കാര്‍ വാങ്ങുന്നതിനേക്കാള്‍ തയ്യാറെടുപ്പും ശ്രദ്ധയും വേണ്ട ഒന്നാണ് ഇതെന്നു മാത്രം മറക്കരുത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS