വൈദ്യുത വാഹനങ്ങളും പെട്രോള്‍- ഡീസല്‍ വാഹനങ്ങളും തമ്മിലുള്ള വില വ്യത്യാസമാണ് വലിയൊരു വിഭാഗത്തെ വൈദ്യുത വാഹനങ്ങളില്‍ നിന്നും അകറ്റുന്നത്. ഭാവിയിലെങ്കിലും ഉപയോഗിച്ച വൈദ്യുത വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരും നിരവധിയാണ്. അങ്ങനെയൊരു ചിന്ത നിങ്ങള്‍ക്കുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്.
ഇന്ത്യയിലും ലോകത്തും വൈദ്യുത വാഹന വിപണി കുത്തനെ ഉയര്‍ന്നെങ്കിലും ഇന്നും പെട്രോളിയം വാഹനങ്ങളെ മറികടന്നിട്ടില്ല. ഏഥര്‍ 450X പോലുള്ള വൈദ്യുത സ്‌കൂട്ടറിന് 1.40 ലക്ഷം രൂപയോളം വിലയുണ്ട്. സമാനമായ സൗകര്യങ്ങളുള്ള പെട്രോള്‍ സ്‌കൂട്ടറായ ടിവിഎസ് എന്‍ടോര്‍ക് 125 വാങ്ങാനായി 88,000 രൂപ മുടക്കിയാല്‍ മതി. ഈ വില വ്യത്യാസം കാറുകളിലും പ്രകടമാണ്. ഏറ്റവും ഉയര്‍ന്ന ടാറ്റ നെക്‌സോണ്‍ ഡീസല്‍ എഎംടി വേരിയന്റിന് 12.95 ലക്ഷം രൂപയാണ് വിലയെങ്കില്‍ ടാറ്റ നെക്‌സോണ്‍ ഇ.വിയുടെ ഉയര്‍ന്ന വേരിയന്റിന് 16.56 ലക്ഷം കൊടുക്കേണ്ടി വരും. ഉപയോഗിച്ച വൈദ്യുത വാഹനങ്ങളുടെ വിപണിയും അതിവേഗത്തിലാണ് ഇന്ത്യയില്‍ വളരുന്നത്. ഉപയോഗിച്ച വൈദ്യുത വാഹനം വാങ്ങുമ്പോള്‍ വിലയില്‍ ആകര്‍ഷണം തോന്നിയേക്കാമെങ്കിലും മറന്നുകൂടാത്ത ചില കാര്യങ്ങളുണ്ട്.
ഇലക്ട്രിക് മോട്ടോര്‍
വൈദ്യുത വാഹനങ്ങളുടെ പ്രധാന ഭാഗങ്ങളിലൊന്ന് ഇലക്ട്രിക് മോട്ടോറാണ്. ചലിക്കുന്ന ഭാഗങ്ങള്‍ കുറവായതുകൊണ്ടു തന്നെ ഇന്റേണല്‍ കമ്പസറ്റിൻ എൻജിനുകളെ അപേക്ഷിച്ച് ലളിതമാണ് ഇലക്ട്രിക് മോട്ടോറുകളുടെ പ്രവര്‍ത്തനം. മാത്രമല്ല പുറമേ നിന്നുള്ള ആഘാതം ഏല്‍ക്കാതെ ഇലക്ട്രിക് മോട്ടോറിന് തകരാറ് സംഭവിക്കാനുള്ള സാധ്യതയും കുറവാണ്.
ബാറ്ററി
ഐസി.ഇ വാഹനങ്ങള്‍ ഓടിച്ചു നോക്കി മനസിലാക്കുന്നതു പോലെ ശബ്ദവ്യത്യാസങ്ങളോ പവറിലുള്ള ഏറ്റക്കുറച്ചിലുകളോ നോക്കി വൈദ്യുത വാഹനങ്ങളുടെ ബാറ്ററിയുടെ മികവ് തിരിച്ചറിയാനാവില്ല. ഉപയോഗിച്ച വൈദ്യുത വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് അവയുടെ ബാറ്ററിയാണ്. കാലപ്പഴക്കം കൊണ്ട് സ്വാഭാവികമായ പ്രശ്‌നങ്ങളും ചാര്‍ജ് നില്‍ക്കുന്നതിലുള്ള കുറവും വാഹനങ്ങളുടെ ബാറ്ററിക്ക് സംഭവിക്കും. എന്നാല്‍ അതിനും അപ്പുറത്തുള്ള പ്രശ്‌നങ്ങളുണ്ടോയെന്ന് ശ്രദ്ധയോടെ നോക്കേണ്ടതുണ്ട്.
അധികമായി ചാര്‍ജു ചെയ്യുന്നതും ഉയര്‍ന്ന അളവിലുള്ള വോള്‍ട്ടേജ് വ്യതിയാനങ്ങളുമെല്ലാം ബാറ്ററിക്ക് ദോഷം ചെയ്യും. വാഹന നിര്‍മാതാക്കള്‍ നിര്‍ദേശിക്കുന്ന രീതിയില്‍ തന്നെ നിശ്ചിത സമയം ചാര്‍ജു ചെയ്യുന്നതാണ് ബാറ്ററിയുടെ ആയുസിന് നല്ലത്. ബാറ്ററിയുടെ ആയുസാണ് വൈദ്യുത വാഹനങ്ങളുടെ ആയുസെന്നതും ഓര്‍മിക്കണം. വൈദ്യുത വാഹനത്തിന്റെ പ്രധാന ചിലവേറിയ ഭാഗം അതിന്റെ ബാറ്ററിയാണ്.
പൂര്‍ണമായും ചാര്‍ജ് ഒഴിവാക്കിയ ശേഷം വീണ്ടും ചാര്‍ജു ചെയ്ത് നോക്കുന്നത് ബാറ്ററിയുടെ ശേഷി തിരിച്ചറിയാന്‍ സഹായിക്കും. വാഹന നിര്‍മാതാക്കള്‍ നിര്‍ദേശിക്കുന്ന സമയം മാത്രമേ ചാര്‍ജു ചെയ്യാവൂ. ആ സമയത്തിലേറെ ചാര്‍ജിങ്ങിനായി വേണ്ടി വരുന്നുണ്ടെങ്കില്‍ ചാര്‍ജു ചെയ്യാനുള്ള ശേഷി ബാറ്ററിക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്ന് വിലയിരുത്തേണ്ടി വരും.
വിലയിടിവ്
പ്രീമിയം കാറുകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കുമെല്ലാം ഉപയോഗിച്ച വാഹനവിപണിയില്‍ വളരെ വേഗത്തില്‍ വിലയിടിവ് സംഭവിക്കുന്നുവെന്നത് സത്യമാണ്. ഇന്ത്യയില്‍ നിലവിലുള്ള ഏതാണ്ട് എല്ലാ വൈദ്യുത വാഹനങ്ങളും പ്രീമിയം വിഭാഗത്തില്‍ പെടുത്താവുന്നതാണ്. അതുകൊണ്ടുതന്നെ വിലയിടിവും വേഗത്തില്‍ സംഭവിച്ചേക്കാമെന്ന കാര്യം മനസില്‍ വേണം.
അറ്റകുറ്റ പണികള്‍
പെട്രോളിയം വാഹനങ്ങളെ അപേക്ഷിച്ച് വൈദ്യുത വാഹനങ്ങളുടെ അറ്റകുറ്റപണികള്‍ക്ക് വളരെ കുറഞ്ഞ ചിലവു മാത്രമേ വരുന്നുള്ളൂ. എങ്കില്‍ പോലും ബാറ്ററി മാറ്റേണ്ടി വന്നാല്‍ വേണ്ടി വരുന്ന ചിലവ് വലുതാണെന്ന കാര്യം വിട്ടു പോകരുത്. വൈദ്യുത വാഹന ഉടമകള്‍ വ്യക്തമായ ധാരണയോടെ വേണം വാഹനം ചാര്‍ജു ചെയ്യാന്‍. ബാറ്ററിയുടെ ആരോഗ്യം സംരക്ഷിക്കാനായാല്‍ അറ്റകുറ്റ പണികളുടെ പേരിലുള്ള വലിയ ചിലവുകളെ പുറത്തു നിര്‍ത്താനാവും.
ചാര്‍ജിങ്ങും ചിലവും
വൈദ്യുത വാഹനങ്ങള്‍ സ്വന്തമാക്കുന്നതിന് മുമ്പ് തീര്‍ച്ചയായും ചാര്‍ജിങ് സൗകര്യത്തെക്കുറിച്ച് ചിന്തിച്ചിരിക്കണം. സ്വന്തം ചാര്‍ജിങ് കേബിളുകളാണ് ഭൂരിഭാഗം വൈദ്യുത സ്‌കൂട്ടറുകള്‍ക്കുമുള്ളത്. പല വാഹനങ്ങളുടേയും നിര്‍മാതാക്കള്‍ ഫാസ്റ്റ് ചാര്‍ജറുകള്‍ വില്‍ക്കുന്നുണ്ട്. ഇത് വാങ്ങി വീട്ടില്‍ തന്നെ സജ്ജീകരിക്കുന്നത് ചാര്‍ജിങ് എളുപ്പമാക്കും.
പെട്രോളിയം വാഹനങ്ങളെ അപേക്ഷിച്ച് ചിലവു കുറവാണ് വൈദ്യുത വാഹനങ്ങള്‍ ഉപയോഗിക്കാന്‍. വാര്‍ഷിക അറ്റകുറ്റപണികള്‍ക്കു വേണ്ടി വരുന്ന ചിലവും വാഹനം ഓടിക്കാനുള്ള ചിലവും കുറവാണ്. ഇന്ധന വിലവര്‍ധനവും ഇവികളെ ബാധിക്കാറില്ല.
സാങ്കേതികവിദ്യ
വൈദ്യുത വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് സാങ്കേതികവിദ്യയില്‍ വന്ന മാറ്റം. വര്‍ഷങ്ങള്‍ പഴക്കമുള്ള വൈദ്യുത വാഹനമാണെങ്കില്‍ വാങ്ങിയപ്പോഴുള്ള സാങ്കേതികവിദ്യയില്‍ നിന്നു വലിയ മാറ്റങ്ങള്‍ ഇപ്പോള്‍ വന്നിട്ടുണ്ടാവും. ബാറ്ററിയുടെ ഭാഗങ്ങളില്‍ വന്ന മാറ്റങ്ങള്‍ ഒരു സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷനിലൂടെ പരിഹരിക്കാന്‍ സാധിക്കില്ല. സാങ്കേതികവിദ്യ പുരോഗമിക്കുന്നത് നല്ലതാണെങ്കിലും ഉപയോഗിച്ച വാഹനങ്ങള്‍ വാങ്ങുന്ന അവസരത്തില്‍ അത് തിരിച്ചടിയാവാന്‍ സാധ്യത ഏറെയാണ്.
English Summary: Things You Need To Know Before Buying A Used Electric Two-Wheeler Or Car