കാര്‍ ഓടിക്കുന്നവരുടെ പ്രധാന പേടി സ്വപ്‌നങ്ങളിലൊന്നാണ് സ്‌ക്രാച്ചുകള്‍. ചെറുതും വലുതുമായ പോറലുകള്‍ കാറുകളില്‍ സംഭവിക്കാം. ഇതില്‍ ചിലത് നമുക്കു തന്നെ ശരിയാക്കാന്‍ സാധിക്കുന്നതും മറ്റു ചിലത് വിദഗ്ധ സഹായം ആവശ്യമുള്ളതുമാണ്. സാധാരണ കാറുകളില്‍ സംഭവിക്കുന്ന നാലു തരം സ്‌ക്രാച്ചുകളെയും അവയുടെ പരിഹാര മാര്‍ഗങ്ങളേയും അറിയാം.
1 ക്ലിയര്‍ കോട്ട് സ്‌ക്രാച്ചസ്
ഏറ്റവുംസാധാരണയായി സംഭവിക്കുന്ന കാര്‍ സ്‌ക്രാച്ചുകളാണ് ക്ലിയര്‍ കോട്ട് സ്‌ക്രാച്ചസ്. പല പാളികളായാണ് കാറുകളില്‍ പെയിന്റു ചെയ്യാറ്. ഇതില്‍ ഏറ്റവും പുറത്തെ പാളിയില്‍ സംഭവിക്കുന്ന പോറലുകളാണ് ക്ലിയര്‍ കോട്ട് സ്‌ക്രാച്ചസ്. ഇത്തരം പോറലുകള്‍ സംഭവിച്ച ഭാഗങ്ങളില്‍ നിറം മങ്ങിയ പോലെ കാണപ്പെടാറുണ്ട്. ഇത്തരം പോറലുകള്‍ പോളിഷിങ് വഴി മാറ്റിയെടുക്കാന്‍ സാധിക്കും.
2 പ്രൈമര്‍ സ്‌ക്രാച്ചസ്
പല പാളികളായുള്ള പെയിന്റിങാണ് വര്‍ഷങ്ങളോളം നിങ്ങളുടെ കാര്‍ പുതുമയോടെ ഇരിക്കാന്‍ സഹായിക്കുന്ന കാരണങ്ങളിലൊന്ന്. ക്ലിയര്‍ കോട്ട് പെയിന്റാണ് ഏറ്റവും മുകളിലെങ്കില്‍ അതിനു താഴെയുള്ള പെയിന്റാണ് പ്രൈമര്‍ ലെയര്‍. ക്ലിയര്‍ കോട്ടിനേക്കാളും ആഴത്തില്‍ സംഭവിക്കുന്ന പോറലുകളാണ് പ്രൈമര്‍ സ്‌ക്രാച്ചുകള്‍. ഇത് വേഗം തന്നെ ശരിയാക്കേണ്ടതുണ്ട്. പ്രൈമര്‍ സ്‌ക്രാച്ചുകള്‍ അറ്റകുറ്റ പണി നടത്താന്‍ എത്രത്തോളം വൈകുന്നോ അത്രത്തോളം പണി കൂടാന്‍ സാധ്യതയുണ്ട്. കാര്‍ പോളിഷ് ചെയ്ത് പ്രൈമര്‍ സ്‌ക്രാച്ചുകള്‍ മാറ്റാനാവില്ല. വിദഗ്ധ സഹായം തേടുന്നതാണ് നല്ലത്.
3 പെയിന്റ് സ്‌ക്രാച്ച്
ഇത്തരം സ്‌ക്രാച്ചുകള്‍ സംഭവിക്കാതെ നോക്കുന്നതാണ് ഏറ്റവും നല്ല മാര്‍ഗം. പല പാളികളുള്ള പെയിന്റുകളും കടന്ന് കാറിന്റെ ലോഹ ഭാഗങ്ങളെ വരെ മുറിവേല്‍പിക്കാന്‍ ശേഷിയുള്ളതാണ് ഈ പോറലുകള്‍. തീര്‍ച്ചയായും ഇത്തരം പോറലുകള്‍ പരിഹരിക്കാന്‍ വിദഗ്ധ സഹായം ആവശ്യമാണ്. ഇത്തരം സ്‌ക്രാച്ചുകളുടെ ഭാഗമായി കാറിന്റെ ബോഡിയിലും പ്രശ്‌നങ്ങളുണ്ടാവാന്‍ സാധ്യതയുണ്ട്. അതും പരിഹരിക്കേണ്ടതാണ്. പെയിന്റ് സ്‌ക്രാച്ച് സംഭവിച്ചാല്‍ എത്രയും വേഗം വിദഗ്ധ സഹായം ഉറപ്പുവരുത്തണം.
4 ഗ്ലാസ് സ്‌ക്രാച്ച്
കാറിന് പെയിന്റുള്ള ഭാഗങ്ങളില്‍ മാത്രമല്ല പോറലുകള്‍ സംഭവിക്കുക. ചില്ലിലും പോറലുകളുണ്ടാവാറുണ്ട്. പലപ്പോഴും കാര്‍ വൃത്തിയാക്കുന്നതിനിടെ പോലും ഗ്ലാസ് സ്‌ക്രാച്ചുകള്‍ സംഭവിക്കാറുണ്ട്. ആഴത്തിലേക്കു പോവാത്ത, പൊട്ടലുകളല്ലാത്ത സ്‌ക്രാച്ചുകള്‍ നമുക്കു തന്നെ പരിഹരിക്കാനാവും. ആദ്യം വെള്ളവും തുണിയും ഉപയോഗിച്ച് ഈ ഭാഗം വൃത്തിയാക്കുക. അതിനു ശേഷം അല്‍പം ടൂത്ത്‌പേസ്റ്റ് ഇവിടെ തേച്ച് പിടിപ്പിച്ച ശേഷം കഴുകി തുടച്ചെടുക്കുക. ചില്ലുകളില്‍ സംഭവിക്കുന്ന ചെറിയ പോറലുകള്‍ മാറി കിട്ടും.
English Summary: Different Types Of Car Scratches & Best Ways To Fix Them