Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഴയ വാഹനത്തിന്റെ ‘നോ ക്ലെയിം ബോണസ്’ പുതിയ വാഹനത്തിലേക്ക്

insurance

പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ, ക്ലെയിം ഇല്ലാതെ അഥവാ അപകടങ്ങൾ വരുത്താതെ വാഹനങ്ങൾ പരിപാലിക്കുന്ന ഉടമകൾക്കു വർഷാവർഷം ഇൻഷുറൻസ് കമ്പനികൾ പ്രീമിയത്തിൽ നൽകുന്ന കിഴിവാണു നോ ക്ലെയിം ബോണസ്. പഴയ വാഹനം എക്സ്ചേഞ്ച് ചെയ്തു പുതിയ വാഹനം മേടിക്കുമ്പോഴും പഴയ വാഹനങ്ങളുടെ ഇൻഷുറൻസ് പുതുക്കേണ്ട സാഹചര്യങ്ങളിലും മറ്റും, എൻസിബി (നോ ക്ലെയിം ബോണസ്) യെക്കുറിച്ചുള്ള അവബോധം, പ്രീമിയം തുകയിൽ നല്ലൊരു കുറവു വരുത്താൻ സഹായിക്കുന്നു. 

സത്യത്തിൽ വാഹനങ്ങൾക്കല്ല, വാഹനം അപകടങ്ങൾ വരുത്താതെ പരിപാലിക്കുന്ന ഉടമകൾക്കാണ് എൻസിബി നൽകുന്നത്. സ്വാഭാവികമായും പഴയ വാഹനത്തിനു കിട്ടിക്കൊണ്ടിരുന്ന എൻസിബി പുതിയ വാഹനം മേടിക്കുമ്പോഴും പ്രയോജനം ചെയ്യുന്നു. ഒരു ഉദാഹരണത്തിലൂടെ ഇത് എളുപ്പം മനസ്സിലാക്കാം. ബിച്ചു എന്ന വ്യക്തി 2010 മുതൽ അദ്ദേഹത്തിന്റെ കാർ അപകടരഹിതമായി കൈകാര്യം ചെയ്യുകയാണ്. സ്വാഭാവികമായും വർഷാവർഷം അദ്ദേഹത്തിനു താഴെ കാണിച്ചിരിക്കുന്ന പട്ടികയിലേതു പോലെ, ഇൻഷുറൻസ് കമ്പനി പ്രീമിയം പുതുക്കുമ്പോൾ നോ ക്ലെയിം ബോണസ് നൽകുന്നു.

7–11–2016 നു ബിച്ചു അദ്ദേഹത്തിന്റെ പഴയ കാർ വിൽക്കുന്നു. പക്ഷേ, അതിനോടൊപ്പം തന്നെ, തന്റെ ഇൻഷുറൻസ് കമ്പനിയിൽ നിന്നു തികച്ചും ലളിതമായ ചില നടപടികളിലൂടെ പഴയ വാഹനത്തിന്റെ ‘നോ ക്ലെയിം ബോണസ്’ സർട്ടിഫിക്കറ്റും അപേക്ഷിച്ചു കരസ്ഥമാക്കുന്നു. ഈ സർട്ടിഫിക്കറ്റിൻമേൽ 7–11–2016 മുതൽ 3 വർഷം വരെ ഇദ്ദേഹത്തിനു പുതിയ കാർ മേടിക്കുമ്പോൾ, ഇൻഷുറൻസ് പ്രീമിയത്തിന്റെ ‘ഓൺ ഡാമേജ്’ ഘടകത്തിൻമേൽ 50% വരെ ഡിസ്കൗണ്ട് ലഭിക്കുന്നതാണ്. അതായത്, പുതിയ വാഹനത്തിന്റെ ഇൻഷുറൻസ് പ്രീമിയം (ടാക്സ് ചേർക്കാതെ) 18,000 രൂപയാണെന്നു സങ്കൽപിക്കുക. മറ്റുള്ളവർ മുഴുവൻ തുകയും അടയ്ക്കുമ്പോൾ, ബിച്ചു നോ ക്ലെയിം സർട്ടിഫിക്കറ്റ് കാണിച്ച് ഏകദേശം 7500 രൂപയോളം കിഴിവു നേടി, 10500 രൂപ മാത്രമാണ് ഇൻഷുറൻസ് പ്രീമിയമായി അടയ്ക്കുന്നത്.

അതുപോലെ ഒരു ഇൻഷുറൻസ് കമ്പനിയിൽ നിന്നു മറ്റൊരു ഇൻഷുറൻസ് കമ്പനിയിലേക്കു മാറുമ്പോഴും നോ ക്ലെയിം ബോണസ് പ്രയോജനപ്പെടുത്തി പ്രീമിയം കുറയ്ക്കാവുന്നതാണ്. വാഹനം അപകടത്തിൽപെടുമ്പോൾ ക്ലെയിം ചെയ്ത് ഇൻഷുറൻസ് കമ്പനികളിൽ നിന്നും നഷ്ടപരിഹാര തുക മേടിക്കുന്ന ചുരുക്കം ചിലർ, പിന്നീടുള്ള നോ ക്ലെയിം ബോണസിനായി ചില കുറുക്കു വഴികൾ തേടുന്നു.

നിലവിലെ ഇൻഷുറൻസ് കമ്പനി മാറ്റി, പുതിയ ഇൻഷുറൻസ് കമ്പനിയിൽ നിന്നും നോ ക്ലെയിമിനെക്കുറിച്ചു തെറ്റായ സത്യവാങ്മൂലം നൽകിയും, ഓൺലൈനിലൂടെയും മറ്റും ഇവർ പോളിസിയിൻമേൽ ഡിസ്കൗണ്ട് സംഘടിപ്പിക്കുന്നു. പക്ഷേ, കേന്ദ്രീകൃത ഇൻഷുറൻസ് നിരീക്ഷണ സംവിധാനം ശക്തിപ്പെട്ടതിനാൽ ഇത്തരം തട്ടിപ്പുകൾ കമ്പനികൾ പിന്നീടു കണ്ടെത്തുകയും തുടക്കത്തിൽ തെറ്റായി നൽകിയ ‘നോ ക്ലെയിം ബോണസ്’ ഉടമയിൽ നിന്നും തിരിച്ചു പിടിക്കുന്നതുമാണ്.

ഡോ. ബി.മനോജ്കുമാർ
എസ്‍സിഎംഎസ്., കൊച്ചി.

Your Rating: