Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരുതൽ സ്റ്റീൽ, അലോയ് വീലുകൾക്കും

Alloy and Steel Wheels

ടയറുകൾക്കു വൃത്തിയുണ്ടെങ്കിൽ ഏതു കാറിനും കാഴ്ചപ്പൊലിമയേറും. കാറിനു കാഴ്ചയിൽ ചന്തം തോന്നിപ്പിക്കാൻ മാത്രമായി അലോയ് വീലും ആഫ്റ്റർ മാർക്കറ്റ് വീലും വാങ്ങി ഘടിപ്പിക്കുന്നവരുമേറെയാണ്. കാഴ്ചയ്ക്കപ്പുറം ദൃഢതയിലും പ്രകടനക്ഷമതയിലുമൊക്കെ സ്റ്റീൽ — അലോയ് വീലുകൾ തമ്മിൽ അന്തരമുണ്ട്. 10 ലക്ഷം രൂപയിൽ താഴെ വിലമതിക്കുന്ന മിക്ക കാറുകളുടെയും അടിസ്ഥാന മോഡലുകളിൽ സ്റ്റീൽ വീലുകളാണു ലഭ്യമാവുക; അതേസമയം മുന്തിയ വകഭേദങ്ങളിൽ അലോയ് വീലാണു ഘടിപ്പി്ചചിട്ടുള്ളത്.

സ്റ്റീൽ, അലോയ് വീലുകളുടെ തിളക്കവും വൃത്തിയും വർധിപ്പിക്കാനും കാര്യക്ഷമമായ പരിപാലനത്തിനുമുള്ള ചില നിർദേശങ്ങൾ:

∙ കൃത്യമായി കഴുകുക: വീൽ അലോയ് ആയാലും സ്റ്റീൽ ആയാലും ചെളിയിൽ കുളിച്ചിരിക്കുന്നത് ദയനീയ കാഴ്ച തന്നെ. അതുകൊണ്ടുതന്നെ ബ്രേക്ക് ഡസ്റ്റും ചെളിയുമൊക്കെ അടിഞ്ഞു കൂടുന്നത് ഒഴിവാക്കാൻ കാറിന്റെ വീൽ നിത്യേന കഴുകി വൃത്തിയാക്കണം. സാധാരണ ഗതിയിൽ പിൻ ചക്രങ്ങളെ അപേക്ഷിച്ച് മുൻ ചക്രങ്ങളാവും കൂടുതൽ വൃത്തിഹീനം; മുന്നിലെ ഡിസ്ക് ബ്രേക്കിൽ നിന്നുള്ള പൊടി കൂടി അടിയുന്നതിനാലാണ് ഈ പ്രകടമായ അന്തരം. കൃത്യമായ ഇടവേളകളിൽ ഈ ബ്രേക്ക് ഡസ്റ്റ് കഴുകിക്കളഞ്ഞില്ലെങ്കിൽ കാലക്രമേണ വീലിന്റെ പകിട്ടു മാഞ്ഞ് തകരാർ സംഭവിക്കാനിടയുണ്ട്.

കാറിന്റെ വീലുകൾ എല്ലാം വിശദമായി കഴുകാൻ പ്രത്യേകം ശ്രദ്ധിക്കണം. ചൂടുവെള്ളവും സോപ്പ്പൊടി ലായനിയും ഉപയോഗിച്ചു വീലുകൾ കഴുകുന്നതാണു മികച്ച ഫലം നൽകുക. മൃദുവായ തുണി ഉപയോഗിച്ചു വേണം വീലകൾ വൃത്തിയാക്കാൻ; പരുക്കൻ ബ്രഷ് ഉപയോഗിച്ചുള്ള പ്രയോഗം ഉപരിതലത്തിൽ പോറൽ വീഴ്ത്തുമെന്നു മറക്കരുത്. കട്ടിയുള്ള അഴുക്ക് മാറ്റാൻ ബഗ്, ടാർ റിമൂവർ പോലുള്ള സാധ്യതകൾ പരീക്ഷിക്കാം.

വീലിന്റെ ഫിനിഷിനു പരുക്കേൽപ്പിക്കുമെന്നതിനാൽ ചുട് നീരാവി ഉപയോഗിച്ചുള്ള വൃത്തിയാക്കലും ഒഴിവാക്കണം. ദീർഘയാത്ര കഴിഞ്ഞു തിരിച്ചെത്തിയാലുടൻ കാറിന്റെ വീൽ വൃത്തിയാക്കരുത്; ഇങ്ങനെ ചെയ്താൽ ചൂട് മൂലം ജലം ആവിയാവുകയും സോപ്പ് ബാക്കി നിൽക്കുകയും ചെയ്യുമെന്നതാണു പ്രശ്നം. ചുടുള്ള വീൽ തണുത്ത വെള്ളത്തിൽ കഴുകുന്നത് വീലിനെ ദുർബലമാക്കാനും അപകടം സൃഷ്ടിക്കാനും സാധ്യതയുണ്ട്.

കാറിന്റെ ബോഡി വൃത്തിയാക്കാനും വീൽ വൃത്തിയാക്കാനും പ്രത്യേക സ്പോഞ്ചുകൾ ഉപയോഗിക്കുക; ഇല്ലെങ്കിൽ വീലിലെ കാഠിന്യമുള്ള അഴുക്ക് കാറിന്റെ ബോഡിയിലെ പെയ്ന്റ് കേടു വരുത്താനിടയുണ്ട്.

പുത്തൻ അലോയ് വീലിൽ വാക്സോ എക്സ്ട്രാ കോട്ട് പെയിന്റോ അടിച്ച ശേഷം ടയർ ഘടിപ്പിക്കുക. ഇതുവഴി വീലിനു സംരക്ഷണം ലഭിക്കുന്നതിനൊപ്പം ചേറിനും ചെളിക്കുമെതിരെയും പ്രതിരോധമാവും.

∙ കെർബ് ഉരയുന്നത് ഒഴിവാക്കുക: പുതിയ വീലിന്റെ കെർബ് ഭാഗത്തെ പൂർണമായും ഒഴിവാക്കുക. അലോയ് വീലുകളുടെ കെർബ് ഭാഗത്തിനു താരതമ്യേന സംരക്ഷണം കുറവാണ്; അതുകൊണ്ടുതന്നെ കെർബ് തട്ടുകയോ മുട്ടുകയോ ചെയ്താൽ വീലിന് ഭീഷണി ഉയരുമെന്ന പ്രശ്നമുണ്ട്. നിലവിൽ കെർബ് തട്ടുന്ന പ്രശ്നം ഒഴിവാക്കാൻ സഹായിക്കുന്ന ഇൻസർട്ടുകൾ വിപണിയിലുണ്ട്. എങ്കിലും അബദ്ധത്തിൽ പോലും കെർബ് തട്ടുന്നതും മുട്ടുന്നതും ഒഴിവാക്കുകയാണു ബുദ്ധി.

മുകളിലെ നിർദേശങ്ങൾ പാലിക്കുന്നതു വീലിന്റെ കാഴ്ചപ്പകിട്ട് മാത്രമല്ല ആയുസ്സും നീട്ടാൻ സഹായിക്കും. കനത്ത വില കൊടുത്തു വാങ്ങിയ ഹൈ എൻഡ് വീലുകളുടെ പരിപാലനത്തിന് അൽപ സമയം നീക്കിവയ്ക്കുന്നത് ഏറെ ഗുണകരമാവും. കാറിനൊപ്പം വീലുകൾക്ക് അർഹിക്കുന്ന പരിഗണനയും കരുതലും നൽകുക; ഇപ്രകാരം സ്റ്റീൽ, അലോയ് ഭേദമില്ലാതെ വീലിന്റെ പൊലിമയും പകിട്ടും കാര്യക്ഷമതയും നിലനിർത്താം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.