Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹെൽമെറ്റിനെ പുച്ഛിക്കുന്നവരോട്

Helmet

ഇരുചക്രവാഹനത്തിന്റെ പിന്നിലിരിക്കുന്നവരും ഹെൽമെറ്റ് ധരിക്കണമെന്ന് നിയമം അടുത്ത് തന്നെ പ്രാബല്യത്തിൽ വന്നേക്കും. പുതിയ നിയമത്തിനെതിരായുള്ള പ്രതിഷേധങ്ങളും കളിയാക്കലുകളും അരങ്ങു വാഴുന്നു. പക്ഷേ ഹെൽമെറ്റിനെ അങ്ങനെ പുച്ഛിക്കാൻ വരട്ടെ.

കഴിഞ്ഞ വർഷം മാത്രം കേരളത്തിലെ റോഡുകളിൽ പൊലിഞ്ഞത് ഏകദേശം നാലായിരത്തിൽ അധികം ജീവനുകളാണ്. അപകടങ്ങളിൽ പെട്ട് ആശുപത്രിക്കിടക്കയിലായവരുടെ എണ്ണം അതിലും എത്രയോ കൂടുതൽ. അപകടത്തിന്റേയും മരണത്തിന്റേയും എണ്ണത്തിൽ മുന്നിൽ നിൽക്കുന്നത് ഇരുചക്രവാഹനങ്ങളാണ്. അലക്ഷ്യമായി, അശ്രദ്ധമായി വാഹനം ഓടിക്കുന്നതുമൂലവും അപകടങ്ങൾ ധാരാളമുണ്ടാകുന്നുണ്ടെങ്കിലും ഇരുചക്രവാഹന യാത്രക്കാരുടെ മരണത്തിന്റെ പ്രധാന കാരണം തലയ്ക്കേൽക്കുന്ന പരിക്കുകളാണ്.

എല്ലാ ബൈക്ക് യാത്രികരും യാത്രക്കാരും നിർബന്ധമായി ധരിച്ചിരിക്കേണ്ട ഒന്നാണ് ഹെൽമറ്റ്. സ്വയം സുരക്ഷയ്ക്കായുള്ള ഹെൽമറ്റ് ധരിക്കാതിരിക്കുന്നതിന് എന്ത് ന്യായീകരണം നിരത്തിട്ടും കാര്യമില്ല. പോലീസിൽ നിന്ന് രക്ഷനേടാൻ മാത്രമല്ല അപകടങ്ങളിൽ നിന്നുന്ന സ്വന്തം സുരക്ഷയ്ക്കും ഹെൽമെറ്റ് അത്യാവശ്യം.

ഹെൽമെറ്റ് എന്തിന്?

ചെറിയ വീഴ്ച്ചകളിൽ നിന്നും, ചെറിയ ആഘാധങ്ങളിൽ നിന്നും രക്ഷപെടാനുതകുന്ന രീതിയിലാണ് നമ്മുടെ ശരീരത്തിന്റെ നിർമ്മിതി. എന്നാൽ വേഗതയുടെ ഈ കാലഘട്ടത്തിൽ വീഴ്ചകളും അവ ഉണ്ടാക്കുന്ന ആഘാതങ്ങളും വളരെ വലുതാണ്. പതുക്കെയാണ് സഞ്ചരിക്കുന്നത് അപകടം സംഭവിച്ചാലും വലിയ പരിക്കുകൾ പറ്റില്ല എന്ന് കരുതി ഹെൽമെറ്റ് വെയ്ക്കാതിരിക്കുന്നത് ശരിയല്ല. എന്നാൽ കുറഞ്ഞ വേഗതയിൽ സഞ്ചരിച്ചാലും ഇരുചക്രവാഹനത്തിൽ നിന്ന് തലഅടിച്ചു വീഴുമ്പോഴുണ്ടാകുന്ന ആഘാതം വലുതു തന്നെയാണ്.

55 കിലോ മീറ്റർ വേഗതയിൽ സഞ്ചരിക്കുക എന്നാൽ ഒരു സെക്കന്റിൽ 49 അടി സഞ്ചരിക്കുന്നു എന്നാണ്. അതായത് 55 കിലോമീറ്റർ സ്പീഡിൽ സഞ്ചരിക്കുന്ന ഒരു ബൈക്കിൽ നിന്നു വീഴുന്നതും നാലാം നിലയുടെ മുകളിൽ നിന്നു ചാടുന്നതും ഒരേ ആഘാതം സൃഷ്ടിക്കും. ഒരാൾക്ക് ഹെൽമെറ്റ് ധരിക്കാതിരിക്കാൻ ആയിരക്കണക്കിന് കാരണങ്ങൾ ഉണ്ടാകും. എന്നാൽ അതെല്ലാം പാഴ്‌വാദങ്ങളാകാൻ ഈ ഒറ്റകാര്യം മനസിലാക്കിയാൽ മതി.

ഹെൽമെറ്റിന്റെ ധർമ്മം

തലയുടെ സംരക്ഷിത കവചമാണ് ഹെൽമെറ്റ്. തലച്ചോറിനെ ആഘാതങ്ങളിൽ നിന്ന് എങ്ങനെ തലയോട്ടി സംരക്ഷിക്കുന്നുവോ, അങ്ങനെയാണ് ഹെൽമെറ്റ് തലയേയും സംരക്ഷിക്കുന്നത്. ഹെല്‍മെറ്റുകള്‍ പല തരത്തിലുണ്ടെങ്കിലും അവയുടെയെല്ലാം ഘടന ഏകദേശം ഒരേപോലെയാണ്. ഹെല്‍മെറ്റിനു മൂന്ന് ആവരണങ്ങളുണ്ട്. തെർമോപ്ലാസ്റ്റിക് അല്ലെങ്കില്‍ ഫൈബര്‍ ഗ്ലാസ് നിര്‍മിതമായ കട്ടികൂടിയ പുറംചട്ട (ഷെല്‍) യാണ് ആദ്യത്തേത്. തലയ്ക്കും പുറംചട്ടയ്ക്കുമിടയിലുള്ളത് ഇടിയുടെ ആഘാതം വലിച്ചെടുക്കുന്ന ആവരണമാണ് രണ്ടാമത്തേത്. എക്പാന്റഡ് പോളിസ്റ്റേൻ (ഇപിഎസ്) കൊണ്ടാണ് ഈ ഭാഗം നിർമ്മിച്ചിരിക്കുന്നത്.

ഹെല്‍മെറ്റിനുള്‍ഭാഗം സുഖകരമാക്കുന്ന, സ്പോഞ്ചും തുണിയും കൊണ്ടുള്ള ആവരണമാണ് ഏറ്റവും ഉള്ളിലുള്ളത്. ഫൈബർ ഗ്ലാസുകൾ കൊണ്ട് നിർമിച്ചിരിക്കുന്ന ഹെൽമെറ്റ് ഇടിയുടെ ആഘാതത്തിൽ പൊട്ടുകയും അതുവഴി ആഘാതം കുറയ്ക്കുകയും ചെയ്യുന്നു. തെർമോപ്ലാസ്റ്റിക്ക് ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന ഹെൽമെറ്റ് വീഴ്ചയുടെ ആഘാതം ഉള്ളിലെ ഇപിഎസിലേക്ക് പകരുന്നു. ഇതുവഴി തലയെ ഒരു പരിധി വരെ സംരക്ഷിക്കുന്നു. ഒരു നല്ല ഹെൽമെറ്റ് തലയിൽ ഏൽക്കുന്ന ആഘാതത്തെ 300 ജി വരെ കുറയ്ക്കുന്നു എന്നാണ് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. അതായത് നമ്മളെ ഒരുപരിധി വരെ മരണത്തിൽ നിന്ന് കരകയറ്റുന്നു. (50 ജി മുതൽ 75 ജി വരെയുള്ള ആഘാതം കാഴ്ചയെ ബാധിക്കുകയും സ്ഥിരമായി തലവേദന നൽകുകയും ചെയ്യുന്നു.)

എങ്ങനെ നല്ല ഹെൽമെറ്റ് തിരഞ്ഞെടുക്കാം

ഓരോ രാജ്യത്തിന്റെയും ഹെൽമെറ്റ് സ്റ്റാൻഡേർഡ്‌സ് വ്യത്യസ്തമാണ്. ഇന്ത്യയിൽ ഐഎസ്‌ഐ മാർക്ക് ഹെൽമെറ്റിൽ രേഖപ്പെടുത്തിയിരിക്കണമെന്നത് നിർബന്ധമാണ്. അംഗീകൃത ഡീലർമാരിൽ നിന്നുമാത്രം ഹെൽമെറ്റ് വാങ്ങുക. ഇന്ത്യയിൽ 150 ലേറെ രജിസ്‌റ്റ്രേഡ് ഹെൽമെറ്റ് കമ്പനികളുണ്ട്. 800 മുതൽ ലക്ഷങ്ങൾ വരെ വിലവരുന്ന ഹെൽമെറ്റുകൾ ഈ കമ്പനികൾ പുറത്തിറക്കുന്നുണ്ട്. ഏറ്റവും വില കുറഞ്ഞ ഹെൽമെറ്റ് നോക്കിയെടുക്കാതെ ഗുണനിലവാരം നോക്കി മാത്രം വാങ്ങാൻ ശ്രദ്ധിക്കുക. ഒരിക്കലും വഴിയോര കച്ചവടക്കാരിൽ നിന്ന് ഹെൽമെറ്റുകൾ വാങ്ങരുത്. പോലീസിൽ നിന്നുള്ള രക്ഷപ്പെടലാണോ ജീവിതമാണോ വലുത് എന്ന് സ്വയം ആലോചിക്കുക.

മുഖം മുഴുവൻ മൂടുന്ന ഹെൽമെറ്റാണ് ഏറ്റവും നല്ലത്. ഇത് വീഴ്ച്ചയിൽ തലയെ മാത്രമല്ല താടി എല്ലുകളെയും സംരക്ഷിക്കും. ശരിയായ ഐഎസ്‌ഐ മാർക്കുള്ള എല്ലാ ഹെൽമെറ്റും സുരക്ഷിതമാണ്. മൂന്നു വർഷത്തിൽ ഒരിക്കൽ പുതിയ ഹെൽമെറ്റ് വാങ്ങിക്കുകയായിരിക്കും ഉചിതം. ഒരിക്കല്‍ ജീവന്‍ രക്ഷിച്ചുവെന്നുള്ള പരിഗണനയൊന്നും ഉപയോഗിച്ച ഹെല്‍മെറ്റിനോട് ആവശ്യമില്ല, വീഴ്ചയുടെ ആഘാതം വലിച്ചെടുത്ത ഹെല്‍മെറ്റിന് ആന്തരികമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടാകും. ഒറ്റ നോട്ടത്തില്‍ അതു മനസിലാക്കാനാകില്ല. അതുകൊണ്ടുതന്നെ അപകടത്തില്‍ പെട്ട ഹെല്‍മെറ്റ് ഉപേക്ഷിച്ച് പുതിയതും വാങ്ങുകതന്നെ വേണം. ‌

ഹെല്‍മെറ്റിനുള്ളില്‍ ചൂട് കൂടുതലാണ്, മുടികൊഴിച്ചിലുണ്ടാക്കും, പുറത്തുനിന്നുമുള്ള ശബ്ദം കേള്‍ക്കില്ല , ഭാരം കൂടുതലുള്ളതിനാല്‍ കഴുത്തുവേദനയുണ്ടാകും, കാഴ്ചയെ ബാധിക്കും തുടങ്ങിയെല്ലാം ഹെൽമെറ്റ് ധരിക്കാതിരിക്കാൻ പറയുന്ന കാരണങ്ങളാണ്. എന്നാൽ ഈ കാരണങ്ങൾ സ്വന്തം ജീവനേക്കാൾ വിലയുള്ളതാണോ...?