Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രേക്ക്ഡൗൺ

car break down

എത്ര പുത്തൻ വാഹനത്തിന്റെ ഉടമയെയും വഴിയിൽ വലച്ചേക്കാവുന്ന പ്രശ്നം. ഹെൽപ്ലൈൻ ഏർപ്പാടുകളും 24 മണിക്കൂർ സർവീസ് സൗകര്യവുമൊക്കെയുണ്ടെങ്കിൽ പ്പോലും മണിക്കൂറുകൾ വഴിയാധാരമാക്കാൻ ഈയൊരു പ്രശ്നം മാത്രം മതി. ആധുനികകാറുകൾക്ക് ബ്രേക്ക്ഡൗണുകൾ അപൂർവമാണ്. ട്യൂബ്ലസ് ടയറുകളുടെയും ‘പ്രിവന്റീവ് മെയ്ന്റനൻസിന്റെയും കാലമാണിത്. വാഹനത്തിൽ ഉപയോഗിക്കുന്ന ഒരോ ഘടകത്തിന്റെയും ഗുണമേൻമ നൂറുമടങ്ങ് ഉയർന്നിട്ടുള്ളതിനാലും ഒരോ സർവീസിലും കംപ്യൂട്ടർ അധിഷ്ഠിത പരിശോധനകളിലൂടെ ചെറിയ കേടുപാടുകൾപോലും കണ്ടു പിടിക്കുന്നതിനാലും മെക്കാനിക്കൽ തകരാറുകൾ ഉണ്ടാകാറേയില്ല.

ബ്രിട്ടനിൽ കഴിഞ്ഞമാസം ഓട്ടൊമൊബിൽ അസോസിയേഷൻ നടത്തിയ പഠനത്തിൽ മെക്കാനിക്കൽ തകരാറുമൂലം വാഹനം ബ്രേക്ക്ഡൗണാകുന്നത് ഒരു ശതമാനത്തിലും താഴെയാണെന്നു കണ്ടെത്തി. 99 ശതമാനം ബ്രേക്ക്ഡൗണുകൾ എങ്ങനെയുണ്ടാകുന്നു? സോഫ്റ്റ്വെയർ തകരാറുകൾ മൂലം. അതിശയിക്കേണ്ട. നിങ്ങൾ ഓടിക്കുന്ന വാഹനം പുതുതലമുറയിൽപ്പെട്ടതാണെങ്കിൽ നിയന്ത്രിക്കുന്നത് സോഫ്റ്റ്വെയർ തന്നെ. അതായത് മൈക്രൊപ്രോസസർ എന്ന ഹാർഡ് വെയറും അതിലുള്ള സോഫ്റ്റ് വെയറും ഒത്തുചേർന്ന്. യൂറോ രണ്ട് നിബന്ധനയുള്ള പെട്രോൾ കാറുകളിലെല്ലാം ഇത്തരം ഒരു മൈക്രൊപ്രോസസർ ഉണ്ടാവും. ഇന്നിറങ്ങുന്ന ഒട്ടുമിക്ക ഇരുചക്രവാഹനങ്ങൾക്കു പോലും മൈക്രൊപ്രോസസർ നിയന്ത്രണങ്ങളുണ്ട്.

ൎഇന്ധനത്തിന്റെ തോത് നിയന്ത്രിക്കാൻ മാത്രമാണ് മിക്ക വാഹനങ്ങൾക്കും മൈക്രൊപ്രോസസറുകളെങ്കിലും മെഴ്സെഡിസ് ബെൻസ് പോലെയുള്ള കാറുകളുടെ ഡോറടയ്ക്കുന്നതും വൈപ്പർ ചലിക്കുന്നതും ഹെഡ്ലാംപ് കത്തുന്നതുമൊക്കെ കംപ്യൂട്ടർ നിയന്ത്രിത സാങ്കേതികവിദ്യയിലൂടെയാണ്. പുതിയ തലമുറ എൻജിനുകളിൽ സെൻസറുകൾ വഴി ലഭിക്കുന്ന വിവരങ്ങൾ കേന്ദ്ര പ്രോസസർ വിശകലനം ചെയ്ത് പ്രവർത്തിപ്പിക്കും. ചുരുക്കിപ്പറഞ്ഞാൽ കേന്ദ്ര പ്രോസസർ പണി മുടക്കിയാൽ (അതിനുള്ള സാധ്യത അതിവിരളമാണ്) സംഗതി കുഴയും. പ്രോസസറിലെ സോഫ്റ്റ് വെയർ പ്രശ്നങ്ങളാണ് പലപ്പോഴും കുഴപ്പമുണ്ടാക്കുക. ഒന്നുകിൽ സർവീസ് ടീം കംപ്യൂട്ടറുമായെത്തി ‘കറപ്റ്റ് ആയ സോഫ്റ്റ് വെയർ മാറ്റി പുതിയത് ‘ഇൻസ്റ്റാൾ ചെയ്യണം. അല്ലെങ്കിൽ പ്രോസസർ ഊരിയെടുത്ത് വേറെ ഘടിപ്പിക്കണം. സോഫ്റ്റ്വെയർ മാറ്റിയിടുക എളുപ്പമല്ലാത്തതിനാൽ സർവീസ് ടീം എത്തി പ്രോസസർ ഉറപ്പിക്കുകയാണ് പതിവ്.

എന്നാൽ ഇതൊക്കെ പഴങ്കഥയായിരിക്കുന്നു. കാറു കേടായെന്നു കരുതുക. മൊബൈൽ ഫോണെടുക്കുക. സർവീസ് സെല്ലിൽ വിളിക്കുക. നിങ്ങളുടെ കാറിന്റെ പാസ് വേഡ് നൽകുക. ഉടൻ തന്നെ സർവീസ് സെല്ലിലെ കംപ്യൂട്ടർ നിങ്ങളുടെ കാറുമായി ഇന്റർനെറ്റ് മുഖേന ബന്ധപ്പെടും. പ്രശ്നം എവിടെയാണെന്നു കണ്ടു പിടിക്കും. പരിഹാരത്തിനുള്ള സോഫ്റ്റ് വെയർ പാച്ച് കാറിലേക്ക് ഡൗൺലോഡു ചെയ്യും. എല്ലാം മിനിറ്റുകൾക്കൊണ്ടു കഴിയും. റെഡി സന്ദേശം കിട്ടിക്കഴിഞ്ഞാൽ കാറുമെടുത്തു പോകാം...

കഥയല്ല, ബ്രിട്ടീഷ് റോഡുകളിൽ ബി.എം.ഡബ്ല്യു പ്രാവർത്തികമാക്കിയ ഈ നൂതന സർവീസ് ഏർപ്പാട് ജനറൽ മോട്ടൊഴ്സ് അവരുടെ ആഡംബര മോഡലുകൾക്ക് അമേരിക്കയിൽ നൽകുന്നുണ്ട്. വൈകാതെ എല്ലാ കമ്പനികളും ഈ മേഖലയിലേക്കു വരും. അത്യാധുനിക മോഡലുകളിറക്കുന്നതിൽ കമ്പനികൾ പരസ്പരം മത്സരിക്കുന്ന ഇന്ത്യയിലും അധികം വൈകാതെ ഇതൊക്കെ യാഥാർത്ഥ്യമായേക്കാം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.