Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശീലിച്ചതു പാലിക്കേണ്ട ...

സന്തോഷ്
Senior Online Content Coordinator
Author Details
Follow Twitter
Follow Facebook
Fuel consumption

ഇന്ധനവില പൊതുവെ കൂടുന്നു, ചിലപ്പോഴൊക്കെ കുറയുന്നു. എന്തായാലും രണ്ടും നമ്മുടെ നിയന്ത്രണത്തിലുള്ള കാര്യങ്ങളല്ല. നമുക്കു നിയന്ത്രിക്കാനാവുന്നത് ശീലങ്ങൾ. നല്ല ശീലങ്ങളിലൂടെ വാഹനങ്ങളുടെ ഇന്ധനക്ഷമതയിൽ 60 ശതമാനം വരെ ലാഭമുണ്ടാക്കാമെന്നാണ് പുതിയ കണക്കുകൾ. പണ്ടൊക്കെപ്പറഞ്ഞിരുന്നത് 20 ശതമാനം ലാഭിക്കാമെന്നായിരുന്നെങ്കിൽ ഇന്നിപ്പോൾ പുുത്തൻ സാങ്കേതികതയുടെ ബലത്തിൽ കിട്ടുന്ന ലാഭം മൂന്നിരട്ടിയായി.

ശ്രദ്ധിക്കുന്നവർക്കറിയാം. ഇന്ത്യയിലിന്നു വിൽക്കുന്ന ഏല്ലാ വാഹനങ്ങളുടെയും ഇന്ധനക്ഷമത സർക്കാർ മധ്യസ്ഥതയിൽ പരിശോധിച്ച് പ്രസിദ്ധീകരിക്കണമെന്നാണു നിയമം. ഓട്ടമൊട്ടിവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (എ ആർ എ എ)െ എന്ന സ്ഥാപനത്തിനാണ് ഇതിൻറെ ചുമതല. പരീക്ഷണാടിസ്ഥാനത്തിൽ കൃത്രിമമായി സൃഷ്ടിക്കുന്ന അവസ്ഥകളിൽ നടത്തുന്ന ഇത്തരം ഇന്ധന പരീക്ഷണങ്ങളുടെ ഫലം യഥാർത്ഥ അവസ്ഥയിൽ ലഭിക്കില്ലെന്നാണു പരക്കെയുള്ള ധാരണ. എന്നാൽ നല്ല രീതിയിൽ വാഹനമോടിക്കുന്ന ഉപഭോക്താക്കളിൽ പലർക്കും എ ആർ എ എെ സർട്ടിഫിക്കറ്റിനെക്കാൾ മികച്ച ഇന്ധനക്ഷമത ലഭിക്കുന്നുണ്ട്.

എങ്ങനെ നമുക്കും ഇതൊരു യാഥാർത്ഥ്യമാക്കാം? ലളിതം. വാഹനം ഓടിക്കുമ്പോൾ അൽപം ശ്രദ്ധിക്കുക. ഇന്ധനച്ചെലവിൽ ലാഭമുണ്ടാക്കാമെന്നു മാത്രമല്ല വാഹനത്തിന്റെ അറ്റകുറ്റപ്പണി കുറയ്ക്കാനും ആയുസു കൂട്ടാനും തെല്ലു ശ്രദ്ധ ഉപകരിക്കും. ചില കരുതലുകൾ‘:

∙ വാഹനത്തിന്റെ ആരോഗ്യ പരിപാലനം: ഓയിൽ കൃത്യമായി മാറുക. സാധാരണ ഓയിലുകളാണെങ്കിൽ 5000 കിലോമീറ്ററിൽ മാറുന്നതാണ് ചിട്ട. പുതിയ തലമുറ എൻജിനുകൾക്ക് 15000 കിലോ മീറ്ററിൽ മാറിയാൽ മതി. നിങ്ങളുടെ വാഹനത്തിൻറെ സർവീസ് ബുക്കിൽ നോക്കി, അതനുസരിച്ച് പ്രവർത്തിക്കുക. ഓയിൽ കറുത്ത് കുറുകിയാൽ മാത്രം മാറുന്ന പതിവ് അവസാനിപ്പിക്കുക. കൃത്യമായി ലോഗ് വച്ച് നിർദ്ദിഷ്ട കിലോമീറ്ററുകൾ പിന്നിടുമ്പോൾ ഓയിൽ മാറണം. അധികം ഓടാത്തവാഹനമാണെങ്കിൽ കിലോമീറ്റർ തികയ്ക്കാൻ നിൽക്കാതെ ഒരോ കൊല്ലവും ഓയിൽ മാറിയേക്കുക.

∙ ടയറുകൾ മികച്ചതായിരിക്കണം എന്നു മാത്രമല്ല അതിലെ മർദം കൃത്യമായിരിക്കണം. മർദം കുറഞ്ഞാൽ ഘർഷണം കൂടും. ഇന്ധനക്ഷമത ഗണ്യമായി കുറയും. നിർമാതാവ് പറയുന്നതിനെക്കാൾ രണ്ടു പൗണ്ട് കൂടുതൽ മർദം കൊടുത്താൽ ഇന്ധനക്ഷമത കൂടുമെന്ന് പറയാറുണ്ട്. കൂടുതൽ ആളുകളെക്കയറ്റേണ്ടി വരുമ്പോളും മർദം കൂട്ടണം.

∙ വീലുകളുടെ അലൈൻമെന്റ് കൃത്യമായി പരിശോധിപ്പിക്കുക. എല്ലാ 5000 കിലോമീറ്ററിലും നിർബന്ധമായും ഇതിനിടയ്ക്ക് എപ്പോഴെങ്കിലും സംശയം തോന്നുkകയാണെങ്കിലും അലൈൻമെന്റും വീൽ ബാലൻസിങും കൃത്യമാക്കുക. അലൈൻമെന്റ് ശരിയല്ലെങ്കിൽ കാർ വശങ്ങളിലേക്ക് വലിക്കുകയും ഇന്ധനക്ഷമത കുറയുകയും ചെയ്യും. ടയർ വെട്ടിത്തേഞ്ഞു പോകുമെന്നതും വാഹനത്തിന്റെ നിയന്ത്രണം മോശമാകുമെന്നതും മറ്റു പ്രശ്നങ്ങൾ. സർവീസിങ്ങിനിടെ ടയർ റൊട്ടേഷൻ നടത്താനും ആവശ്യപ്പെടണം.

∙ അംഗീകൃത സർവീസ് സെന്ററുകളിൽ മാത്രം സർവീസ് ചെയ്യുക. യഥാർത്ഥ സ്പെയർ പാർട്സുകൾ മാത്രം ഉപയോഗിക്കുക.

∙ ഇന്ധനക്ഷമത ഉയർത്താനുള്ള ഏറ്റവും മികച്ച മാർഗം നന്നായി ഡ്രൈവ് ചെയ്യുക എന്നതാണ്. നല്ല ഡ്രൈവിങ് 30 ശതമാനം ഇന്ധന ക്ഷമത നൽകും. കാറുകൾ ഏറ്റവും ഉയർന്ന ഗിയറിൽ 50–60 കിലോമീറ്റർ വേഗത്തിൽ ഓടിക്കുക. 55 കിലോമീറ്ററാണ് ഏറ്റവു മികച്ച വേഗം. വേഗം കൂടും തോറും വായുവിന്റെ പ്രതിരോധം കൂടും, എൻജിൻ കൂടുതൽ ശക്തമായി പ്രവർത്തിക്കണം. 80 കിലോമീറ്റർ വേഗത്തിൽ ഇന്ധനച്ചെലവ് 80 ശതമാനം കൂടുമെന്നാണ് പൊതു കണക്ക് . എന്നാൽ വാഹനത്തിന്റെ പ്രോസസർ ട്യൂണിങ്ങിനനുസരിച്ച് ഇതിൽ വ്യത്യാസം വരാം. നിർമാതാവിൽ നിന്ന് ഇക്കാര്യത്തിൽ കൃത്യമായ ഉപദേശം തേടണം. ഇരു ചക്രവാഹനങ്ങൾക്ക് മിൗകച്ച വേഗം 40–50 കിലോമീറ്ററാണ്.

∙ കൃത്യമായ ഗിയറിൽ വേണം വണ്ടി ഓടിക്കാൻ. ആവശ്യമില്ലാതെ അപ് ചെയ്താലും ഡൗൺ ചെയ്താലും ഇന്ധനച്ചെലവു കൂടും. ഉദാഹരണത്തിന് മൂന്നാം ഗിയറിൽ കയറേണ്ട കയറ്റം നാലാം ഗിയറിൽ വലിപ്പിക്കുന്നത് വൻ ഇന്ധന നഷ്ടത്തിനാണ് വഴിയൊരുക്കുക (ടോപ് ഗിയറിൽ പരമാവധി വലിപ്പിച്ച ശേഷം അവസാന നിമിഷം ബ്രേക്ക് പിടിച്ച് ഡൗൺ ചെയ്യുന്ന ഓട്ടൊറിക്ഷ ഡ്രൈവർമാർ ഇന്ധനം വെറുതെ കത്തിച്ചു കളയുകയാണെന്ന് അവർ അറിയുന്നില്ല).

∙ അൽപം ആസൂത്രണം ഡ്രൈവിങിൽ ആവശ്യമാണ്. അവസാന നിമിഷം വരെ നോക്കിയിരുന്നിട്ട് സഡൻ ബ്രേക്കിടുന്നതിലും മെച്ചം നേരത്തെ ഗിയർ ഡൗൺ ചെയ്ത് വേഗം കുറയ്ക്കുന്നതാണ്. കൂടെക്കൂടെ നിർത്തി എടുക്കുന്നതും ഇന്ധനം കൂടുതൽ കത്തിക്കും. ക്ലച്ച് ഭാഗീകമായി കൊടുത്ത് ഓടിക്കുന്നത് നല്ലതല്ല. ബ്രേക്കിലും കാലമർത്താതെ ശ്രദ്ധിക്കുക.ആവശ്യമുള്ളപ്പോൾ മാത്രമേ ഈ രണ്ടു കൺട്രോളുകളും പ്രവർത്തിപ്പിക്കാവു.

∙ ചോക്ക് വലിച്ചു വച്ച് ഓടിക്കരുത്. തണുത്ത വാഹനം ഓടി സ്വയം ചൂടാകാനനുവദിക്കുക. തുടക്കത്തിൽ വേഗം കുറച്ച് ഓടിച്ച് പിന്നീട് പതിയെ കൂടിയ ഗിയറുകളിലേക്ക് ഇടാം. ഒരു മിനിറ്റിലുമധികം നിർത്തിയിടുമ്പോൾ എൻജിൻ ഓഫാക്കണം.

∙ അധികഭാരം കയറ്റരുത്. 25 കിലോഭാരം അധികമായാൽ ഒരു ശതമാനം ഇന്ധനം കൂടുതൽ കത്തും എന്നാണ് കണക്ക്. കാറിനു മുകളിൽ ലഗേജ് കയറ്റുകയാണെങ്കിൽ കഴിവതും എയ്റോഡൈനാമിക് രീതിയിൽ വേണം അവ വയ്ക്കേണ്ടത്. അതായത് ചെറിയ പെട്ടികൾ മുന്നിലും വലിയവ പിന്നിലും വയ്ക്കണം. നിർത്തിയിട്ട് എ സി പ്രവർത്തിപ്പിക്കുന്നതും ഇന്ധനം പെട്ടെന്നു തീരാനിടയാക്കും.

∙ ഒരു കിലോമീറ്ററിൽത്താഴെ വരുന്ന തീരെച്ചെറിയ യാത്രകൾക്ക് വാഹനം ഒഴിവാക്കുക.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.