Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഫ് എ എം ഇ ഇൻസെന്റീവ് സ്‌കീമിൽ വാങ്ങാവുന്ന കാറുകൾ

Green Cars

അന്തരീക്ഷ മലിനീകരണം കുറഞ്ഞ ഇലക്ട്രിക്ക് കാറുകളുടേയും ഹൈബ്രിഡ് കാറുകളുടേയും വിൽപ്പന പ്രത്സാഹിപ്പിക്കുന്നതിനായുള്ള കേന്ദ്രസർക്കാർ പദ്ധതിയാണ് എഫ് എ എം ഇ ( ഫാസ്റ്റർ അഡോപ്‌റ്റേഷൻ ആന്റ് മാന്യുഫാക്ച്ചറിങ് ഹൈബ്രിഡ് ആന്റ് ഇലക്ട്രിക്ക് വെഹിക്കിൾസ്). നാഷണൽ ഇലക്ട്രിക്ക് മൊബിലിറ്റി മിഷൻ പ്ലാനിന്റെ ഭാഗമായി ഏകദേശം 795 കോടിയാണ് സർക്കാർ അടുത്ത രണ്ട് വർഷത്തിൽ മലീനികരണം കുറഞ്ഞ ഹൈബ്രിഡ്, ഇലക്ട്രിക്ക് വാഹനങ്ങൾക്ക് ഇൻസെന്റീവായി നൽകുന്നത്. കാറുകൾക്ക് ഏകദേശം 29000 രൂപ മുതൽ 1.38 ലക്ഷം രൂപ വരെയാണ് ഇൻസെന്റീവായി ലഭിക്കുന്നത്. ഇരുചക്രവാഹനങ്ങൾക്കാകട്ടെ 1800 രൂപ മുതൽ 29000 രൂപവരെയും മുചക്രവാഹനങ്ങൾക്ക് 3300 രൂപമുതൽ 61000 രൂപവരെയും ലഭിക്കും. 

ഹൈബ്രിഡ്, ഇലക്ട്രിക്ക് സെഗ്മെന്റ് ഇന്ത്യയിൽ വളരെ ശുഷ്‌കമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഹൈബ്രിഡ് വാഹനങ്ങളുള്ള നിർമ്മാതാക്കൾ ടൊയോട്ടയാണ്. അവരുടെ രണ്ട് ഹൈബ്രിഡ് വാഹനങ്ങളാണ് നിലവിൽ ഇന്ത്യൻ വിപണയിൽ വിൽപ്പനയിലൂള്ളത്. എഫ് എ എം ഇ പദ്ധതി പ്രകാരം ഇൻസെന്റീവിന് അർഹരായ കാറുകൾ ഏതൊക്കെയാണെന്ന് നോക്കാം. 

Toyota Prius

ടൊയോട്ട പ്രിയസ്

ലോകത്തിലെ ആദ്യത്തെ ഹൈബ്രിഡ് പ്രൊഡക്ഷൻ കാറാണ് പ്രിയസ്. 1997 ൽ ജപ്പാനിലും 2000 ലോകവിപണിയിലും പുറത്തിറങ്ങിയ പ്രിയസിന്റെ 35 ലക്ഷം യൂണിറ്റുകളാണ് ലോകത്താകെമാനം വിറ്റത്. 2012ൽ ഇന്ത്യയിലെത്തിയ പ്രിയസ് തന്നെയാണ് ഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് കാർ. 1.8 ലിറ്റർ 4 സിലിണ്ടർ എഞ്ചിനും ഇലക്ട്രിക്ക് ബാറ്ററിയും കൂടി 134 ബിഎച്ച്പി കരുത്താണ് വാഹനത്തിന് നൽകുന്നത്. കാർ സ്റ്റാർട്ട് ചെയ്യുമ്പോഴും ചെറിയ വേഗതയിൽ സഞ്ചരിക്കുമ്പോഴും ഇലക്ട്രിക്കിൽ പ്രവർത്തിക്കുന്ന കാർ കൂടുതൽ വേഗത ആവശ്യപ്പെടുമ്പോൾ പെട്രോളിലേയ്ക്ക് മറും. പൂർണ്ണമായും ഇന്ത്യയിലേയ്ക്ക ഇറക്കുമതി ചെയ്യുന്ന പ്രിയസിന്റെ വില 39.06 ലക്ഷം മുതൽ 40.79 ലക്ഷം രൂപവരെയാണ്.

Toyota Camry

ടൊയോട്ട കാംറി

ടൊയോട്ട ഇന്ത്യയുടെ രണ്ടാമത്തെ ഹൈബ്രിഡ് കാറാണ് കാംറി. ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യ ഹൈബ്രിഡ് കാറാണ് കാംറി. കാംറിയുടെ 2495 സി.സി പെട്രോൾ എൻജിൻ 5700 ആർ.പി.എമ്മിൽ 160 പി.എസ് കരുത്തും 4500 ആർ.പി.എമ്മിൽ 213 എൻ.എം ടോർക്കും നൽകും. പെർമനെന്റ് മാഗ്‌നറ്റ് സിംക്രണസ് മോട്ടോർ എന്നറിയപ്പെടുന്ന ഇലക്ട്രിക് മോട്ടോർ 143 പി.എസ് കരുത്തും 270 എൻ.എം ടോർക്കും നൽകാൻ ശേഷിയുള്ളതാണ്. രണ്ടുംകൂടി ചേരുമ്പോൾ 205 പി.എസ് ആണ് കാറിന് കിട്ടുന്ന കരുത്ത്. 34 മൊഡ്യൂളുകളും 204 സെല്ലുകളുമുള്ള 244.8 വോൾട്ടിൻെറ ബാറ്ററിയാണ് ഇതിൽ നൽകിയിരിക്കുന്നത്. 32.16 ലക്ഷം രൂപയാണ് കാംറിയുടെ കൊച്ചി എക്‌സ് ഷോറൂം വില. 

BMW i8

ബിഎംഡബ്ല്യൂ ഐ8

ഇന്ത്യയിൽ ഇന്ന് ലഭിക്കുന്ന ഏറ്റവും വില കൂടിയ ഹൈബ്രിഡ് കാറാണ് ബിഎംഡബ്ല്യു ഐ8. ഏകദേശം 2.29 കോടി രൂപയാണ് കാറിന്റെ ഇന്ത്യൻ വില. അതുകൊണ്ട് തന്നെ എഫ് എ എം ഇ ഇൻസെന്റീവ് സ്‌കീമിൽ ഉൾപ്പെടുത്തിയാലും അധികം വിൽക്കാൻ സാധ്യതയില്ലാത്ത കാറാണ് ഐ8. 131 എച്ച്പി, 250 എൻഎം ടോർക്ക് ഇലക്ട്രിക്ക് മോട്ടോർ എൻഞ്ചിൻ, 1.5 ലിറ്റർ ശേഷിയുടെ ടർബോ എൻജിനും, ഇലക്ട്രിക്ക് മോട്ടോറുമാണ് ഐ8ന് കരുത്ത് പകരുന്നത്. ഇലക്ര്ടിക് മോട്ടോർ 131 കുതിരശക്തി ഉൽപാദിപ്പിക്കുമ്പോൾ എൻജിൻ 231 കുതിരശക്തിയാണ് ഉൽപാദിപ്പിക്കുന്നത്. മണിക്കൂറിൽ 250 കിലോമീറ്റർ വേഗത കൈവരിക്കാൻ ഐ8ന് വേണ്ടത് വെറും 4.4 സെക്കന്റ് മാത്രമാണ്. 

Maruti Suzuki Ciaz SHVS

സിയാസ് എസ്എച്ച്‌വിഎസ്

ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട് ഹൈബ്രിഡ് ഡീസൽ കാർ എന്ന ലേബലിലാണ് മാരുതി സിയാസ് ഹൈബ്രിഡ് വിപണിയിലെത്തിയിരിക്കുന്നത്. നിലവിൽ ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഹൈബ്രിഡ് കാറും സിയാസ് തന്നെ. ഡീസൽ പതിപ്പിനേക്കാൾ 30000 രൂപമാത്രമേ കൂടുതലുള്ളു എന്നതും സിയാസിന്റെ പ്രത്യേകതയാണ്. ബ്രേക്ക് പ്രയോഗിക്കുമ്പോൾ കൂടുതൽ വൈദ്യുതി ഉത്പാദിപ്പിച്ച് ബാറ്ററിയിൽ സംഭരിക്കുന്ന ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ ,വണ്ടി സ്റ്റാർട്ട് ചെയ്ത് നിശ്ചിതസമയം വെറുതെ കിടക്കുമ്പോൾ എൻജിൻ ഓഫ് ചെയ്യുകയും ക്ലച്ചിൽ കാലമർത്തുമ്പോൾ വീണ്ടും എൻജിനെ ഉണർത്തുകയും ചെയ്യുന്ന സ്റ്റാർട്ട് സ്‌റ്റോപ് സിസ്റ്റം എന്നിവയാണ് സ്മാർട്ട് ഹൈബ്രിഡ് സിയാസിനുള്ളത്. ശേഷി കൂടിയ ബാറ്ററിയും പ്രത്യേകതയാണ്. ഉയർന്ന മൈലേജാണ് സ്മാർട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യ നൽകുന്നുണ്ട്. 8.23 ലക്ഷം രൂപ മുതൽ 10.17 ലക്ഷം രൂപ വരെയാണ് വില.

Mahindra e2o

മഹീന്ദ്ര ഈ2ഒ

മഹീന്ദ്ര ഇ2ഒ ആണ് ഇന്ത്യയിലെ ഏക ഇലക്ട്രിക്ക് കാർ. ലിഥിയം അയൺ ബാറ്ററിയിൽ സംഭരിക്കുന്ന ഊർജം ഉപയോഗിച്ചു പ്രവർത്തിക്കുന്ന 25.5 ബിഎച്ച്പി  53 എൻഎം ത്രീ ഫേസ് ഇലക്ട്രിക് മോട്ടോർ ആണ് കാറിനുള്ളത്. ഒറ്റ ചാർജിങ്ങിൽ 100 കിമീ ദൂരം ഓടാനാവും. അഞ്ചു മണിക്കൂർ കൊണ്ട് ബാറ്ററി പൂർണ്ണമായും ചാർജ്ജാകും. ഒരു മണിക്കൂർ ചാർജ് ചെയ്താൽ 20 കിമീ ഓടും. സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള കാറിന് മണിക്കൂറിൽ 81 കിലോമീറ്ററാണ് പരമാവധി വേഗം. ഹൈബ്രിഡ് കാറുകളെപ്പോലെ, ബ്രേക്ക് ചെയ്യുമ്പോൾ ഊർജം പാഴാകാതെ ബാറ്ററി ചാർജ് ചെയ്യുന്ന സംവിധാനം ഇതിനുണ്ട്. നാലു പേർക്ക് യാത്ര ചെയ്യാം. സ്മാർട്ട് ഫോൺ ഉപയോഗിച്ച് വണ്ടി ലോക്ക്  അൺലോക്ക് ചെയ്യാനും എസി പ്രവർത്തിപ്പിക്കാനുമാകും. ലിഥിയം അയൺ ബാറ്ററി ഉപയോഗിക്കുന്നതിനാൽ ബോഡി ഭാരം അധികമായിട്ടില്ല, 830 കിലോഗ്രാം. നഗരങ്ങളിലെ പാർക്കിങ്ങും യൂ ടേണുമൊക്കെ 3.9 മീറ്റർ ടേണിങ് റേഡിയസ് അനായാസമാക്കും. വില 6.70 ലക്ഷം മുതൽ 7.44 ലക്ഷം വരെയാണ്. 

ഭാവിയിൽ

ഇന്ത്യയിൽ വലിയ വിപണി സാധ്യതയില്ല എന്നതായിരുന്നു ഹൈബ്രിഡ് കാറുകളെ നമ്മളിൽ നിന്ന് അകറ്റി നിർത്തിയ കാര്യം. സർക്കാർ സഹായത്തോടെ കൂടുതൽ ഹൈബ്രിഡ് കാറുകൾ ഇന്ത്യയിലെത്തുമെന്ന് കരുതാം. കഴിഞ്ഞ വർഷം നിസാൻ തങ്ങളുടെ വൈദ്യുത കാർ ലീഫ് പ്രദർശിപ്പിച്ചെങ്കിലും പുറത്തിറക്കിയിരുന്നില്ല. അതുപോലെ തന്നെ മാരുതി തങ്ങളുടെ ചെറുകാറായ സിഫ്റ്റിന്റേയും ഹ്രൈബ്രിഡ് മോഡൽ പ്രദർശിപ്പിച്ചിരുന്നു. ലോകവിപണിയുടെ ചുവട് പിടിച്ച് വരുകാലങ്ങളിൽ ഇന്ത്യൻ വാഹന വിപണിയും ഹൈബ്രിഡിനായി വഴിമാറും എന്ന പ്രതീക്ഷിക്കാം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.