Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇൻഷുറൻസ് സംരക്ഷണം ഉടമയ്ക്കും

insurance

ഇന്ത്യൻ മോട്ടോർ ഇൻഷുറൻസിൻറെ ഒരു പുതിയ അധ്യായമാണ് വാഹനത്തിൻറെ ഉടമയ്ക്കു നൽകുന്ന നിർബന്ധിത വ്യക്തിഗത അപകട ഇൻഷുറൻസ് സംരക്ഷണം. 1938 മുതൽ നിലവിലുണ്ടായിരുന്ന ഇൻഷുറൻസ് നിയമ പ്രകാരം ഇൻഷുറൻസ്പോളിസി കൊണ്ട് മൂന്നാമതൊരാൾക്ക് (വാഹനമോ, ഓണറോ അല്ലാതെയൊരാൾ) അയാളുടെ വസ്തുവകകൾക്കോ, ജീവനോ, ഡ്രൈവർക്കോ അല്ലെങ്കിൽ യാത്രക്കാർക്കോ ഉണ്ടാകുന്ന നഷ്ടങ്ങൾ നികത്താനാണെങ്കിൽ പുതിയതായി വന്ന ഈ വകുപ്പ് പ്രകാരം വാഹനത്തിൻറെ ഉടമയ്ക്ക് ഒരു നിശ്ചിത തുകവരെ ഇൻഷുറൻസ് സംരക്ഷണം ലഭിക്കും. സ്വന്തം വാഹനം ഡ്രൈവുചെയ്യുമ്പോൾ അപകടത്തിൽപ്പെട്ട് ഉടമയ്ക്ക് അത്യാഹിതം സംഭവിക്കുകയാണെങ്കിൽ മാത്രമേ നിർബന്ധിത വ്യക്തിഗത അപകട ഇൻഷുറൻസ് വഴി ഉടമയ്ക്ക് നഷ്ടപരിഹാരം ലഭിക്കുകയുള്ളൂ. മരണം സംഭവിച്ചാൽ രണ്ടു ലക്ഷം രൂപ വരെ നേരിട്ട് ഇൻഷുറൻസ് കമ്പിനിയിൽ നിന്ന് ഉടൻ നൽകണമെന്നാണു പുതിയ വ്യവസ്ഥ. കോടതിയിൽ നിന്നു ലഭിക്കുന്ന ആനുകൂല്യങ്ങൾക്കു പുറമേയാണിത്.

ചെറിയ തുകയ്ക്ക് അധിക സംരക്ഷണം

ഈ നിർബന്ധിത ആക്സിഡൻറ് ഇൻഷുറൻസ് ലഭിക്കുവാൻ ടൂ വീലർ പോളിസിയിൽ 50 രൂപയും മറ്റെല്ലാ വാഹന ഇൻഷുറൻസ് പോളിസികളിൽ 100 രൂപയുമാണു ഈടാക്കുന്നത്. ഇതു വാഹനത്തിൻറെ തേർഡ് പാർട്ടി ഇൻഷുറൻസിൻറെ കൂടെ ചേർത്താണു വാങ്ങിക്കുന്നത്. വാഹനങ്ങൾ തമ്മnിൽ കൂട്ടിമുട്ടി അപകടം സംഭവിക്കുമ്പോൾ നിയമപരമായ ചില കോംബൻസേഷൻ ഉടമയ്ക്ക് ലഭിച്ചെന്നു വരാം. എന്നാൽ ഒരു വാഹനം മാത്രമാണ് അപകടത്തിൽപ്പെടുന്നതെങ്കിൽ വാഹന ഉടമയ്ക്ക് ആരിൽ നിന്നും യാതൊരു വിധമായ സഹായവും മുമ്പ് ലഭിക്കുമായിരുന്നില്ല. ഉദാഹരണത്തിന് ഒരു വാഹനം അതിൻറെ ഉടമ തന്നെ ഓടിച്ച് പോകുമ്പോൾ ഒരു മരത്തിലിടിച്ചോ അല്ലെങ്കിൽ വല്ല കൊക്കയിലോ വീണ് അത്യാഹിതം സംഭവിക്കുകയാണെങ്കിൽ അതിൻറെ ഉടമയ്ക്കോ/നോമിനിക്കോ ഈ പുതിയ നിയമം മൂലം സഹായം ലഭിക്കുവാൻ അർഹതയുണ്ട്. ഈ തുക ലഭിക്കുവാൻ കോടതിയിൽ പോകേണ്ട കാര്യവുമില്ല. നഷ്ടപരിഹാരം നേരിട്ടു വാഹനത്തിൻറെ ഇൻഷുറൻസ് കമ്പനിയിൽ നിന്നു ലഭിക്കുന്നതാണ്. അതിനായി അത്യാഹിതം നടന്നാലുടൻതന്നെ ഒരു കത്തു മുഖാന്തരം ഇൻഷുറൻസ് കമ്പിനിയിൽ അപേക്ഷിക്കുകയും അവിടെ നിന്നു ലഭിക്കുന്ന പഴ്സനൽ ആക്സിഡൻറ് ക്ലെയിം ഫോമിൻറെ കൂടെ എഫ്.ഐ.ആർ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ഡത്ത് സർട്ടിഫിക്കറ്റ്, നോമിനിയുടെ ഐഡി കാർഡ് എന്നിവ സഹിതം അപേക്ഷിച്ചാൽ മതി. അപേക്ഷിക്കുന്നതിൽ കാലതാമസം നേരിട്ടാൽ ഇൻഷുറൻസ് ആനുകൂല്യം നിരസിക്കുവാൻ സാധ്യതയുണ്ട്.

മരണം സംഭവിച്ചാൽ മാത്രമല്ല നഷ്ടപരിഹാരം

വാഹനത്തിൻറെ ഉടമ മരിക്കുമ്പോൾ മാത്രമല്ല രണ്ടു കൈ/കാല്, രണ്ടു കണ്ണിൻറെ കാഴ്ച ശക്തി തുടങ്ങിയവ നഷ്ടപ്പെടുകയാണെങ്കിൽ പോളിസിത്തുകയുടെ 100 ശതമാനവും പൂർണമായി അംഗവൈകല്യം സംഭവിക്കുകയാണെങ്കിൽ 100 ശതമാനവും ഒരു കൈ /കാല്, ഒരു കണ്ണിൻറെ കാഴ്ച ശക്തി എന്നിവ നഷ്ടപ്പെടുകയാണെങ്കിൽ 50 ശതമാനവും ലഭിക്കുന്നതാണ്. ഒരു കാര്യം ശ്രദ്ധിക്കുക. അപകടം നടന്ന് ആറുമാസം വരെയുള്ള ദേഹസ്ഥിതി അനുസരിച്ചാണു സഹായം ലഭിക്കുക. നിലവിൽ ടൂ വീലർ ഉടമകൾക്കു ഒരു ലക്ഷവും മറ്റെല്ലാ വാഹന ഉടമകൾക്ക് രണ്ടു ലക്ഷവുമാണ് ഇൻഷുറൻസ് തുക. വാഹനം ഓടിക്കുമ്പോൾ മാത്രമല്ല കോ—ഡ്രൈവർ (യാത്രക്കാരനായല്ല) ആയി യാത്രചെയ്യുമ്പോഴോ വാഹനത്തിൽ നിന്ന് ഇറങ്ങുമ്പോഴോ കയറുമ്പോഴോ അപകടം സംഭവിച്ചാലും സഹായം ലഭിക്കുവാൻ അർഹതയുണ്ട്.

പുതിയതായി ഇറക്കിയ ഐആർഡിഎ സർക്കുലർ പ്രകാരം പോളിസിയിൽ നോമിനിയുടെ പേര് കാണിച്ചിരിക്കേണ്ടതാണ്. അതുകൊണ്ട് വാഹനം വേറൊരാളുടെ പേരിൽനിന്നു സ്വന്തം പേരിലേക്കു മാറ്റുമ്പോൾ നമ്മുടെ നോമിനിയുടെ പേര് പോളിസിയിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. ഒന്നിലധികം വാഹനം ഒരേ പേരിലുണ്ടെങ്കിലും ഒരു വാഹനത്തിനുണ്ടാകുന്ന അപകടത്തിനുമാത്രമേ സഹായം ലഭിക്കുകയുള്ളൂ. എന്നാൽ പ്രീമിയം എല്ലാ വാഹനങ്ങൾക്കും അടയ്ക്കേണ്ടതുണ്ട്. വ്യക്തിയുടെ പേരിലല്ലാതെ സ്ഥാപനങ്ങളുടെ പേരിലുള്ള വാഹനങ്ങൾക്ക് ഈ തുക അടയ്ക്കേണ്ടതില്ല. എന്നാൽ സ്ഥാപനത്തിൻറെ പേരിലുള്ള വാഹനം വാങ്ങിച്ച് വ്യക്തിയുടെ പേരിലോട്ടു മാറ്റുമ്പോൾ, ഇക്കാര്യം ഇൻഷുറൻസ് കമ്പനിയുടെ ശ്രദ്ധയിൽപ്പെടുത്തി പോളിസിയിൽ മാറ്റങ്ങൾ വരുത്തുകയോ പുതിയ പോളിസി എടുക്കുകയോ ചെയ്യേണ്ടതാണ്.

ലൈസൻസില്ലേൽ ഇൻഷുറൻസുമില്ല

കാലാവധിയുള്ള ലൈസൻസില്ലെങ്കിൽ ഈ ആനുകൂല്യം ലഭിക്കില്ല. വാലിഡിറ്റിയുള്ള ലൈസൻസ് ഉണ്ടെങ്കിലും ചിലപ്പോൾ പ്രയോജനം ലഭിക്കാതെവരും. ടൂവീലറിൽ കൂടുതൽ പേരുമായി യാത്ര ചെയ്യുക, ടൂവിലറിൽ സാധനങ്ങൾ കയറ്റി യാത്രചെയ്യുക, മദ്യപിച്ച് വാഹനം ഓടിക്കുക. റാലി അല്ലെങ്കിൽ സ്പീഡ് ടെസ്റ്റിൽ പങ്കെടുക്കുക തുടങ്ങിയവ അവയിൽ ചിലതുമാത്രമാണ്. അതുപോലെ തന്നെ വേറൊരാളുടെ പേരിലുള്ള വാഹനം ഓടിക്കുമ്പോഴും ഈ ആനുകൂല്യം ലഭിക്കുകയില്ല.

ഡോ. സി. ജെ. ഫിലിപ്പ്

ഡി. ജി. എം, ന്യൂ ഇന്ത്യാ അഷ്വുറൻസ്, കേരള