Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൈലേജ് കൂട്ടാം ഈസിയായി

mileage-tips

വില എത്ര കുറഞ്ഞെന്നുപറഞ്ഞാലും ചുമ്മാ കത്തിച്ചുകളയാനുള്ളതല്ല പെട്രോളും ഡീസലും. ഇന്ധനം ലാഭിക്കാൻ ചില കാര്യങ്ങളിൽ ശ്രദ്ധവയ്ക്കാം:

വാഹനം നല്ല കണ്ടിഷനിൽ സൂക്ഷിക്കുക. വാഹന നിർമാതാക്കൾ നിർദേശിച്ചിരിക്കുന്ന കാലയളവിൽ തന്നെ സർവീസ് നടത്തുക. എൻജിൻ ഓയിൽ, ഓയിൽ ഫിൽട്ടർ എന്നിവ കൃത്യമായ ഇടവേളകളിൽ മാറിയിരിക്കണം.

വാഹനം സ്‌റ്റാർട്ട് ചെയ്‌ത് വെറുതെ ഇടാതിരിക്കുക. എൻജിൻ ചൂടാകാനായി വാഹനം സ്‌റ്റാർട്ട് ചെയ്‌തശേഷം അധികനേരം ഇടരുത്. ഇരുപതു സെക്കൻഡിലേറെ സമയം വാഹനം നിശ്ചലാവസ്‌ഥയിലിടേണ്ട അവസ്‌ഥയിൽ പ്രത്യേകിച്ച് ട്രാഫിക് സിഗ്നൽ, റയിൽവേ ക്രോസിങ് എന്നിവിടങ്ങളിൽ കാത്തുനിൽക്കുമ്പോൾ എൻജിൻ ഓഫ് ചെയ്യുക.

ടയറിലെ വായുമർദം കുറവാണെങ്കിൽ ഇന്ധനക്ഷമതയിൽ നാലു ശതമാനംവരെ കുറവുണ്ടാകും. കമ്പനി നിർദേശിച്ചിരിക്കുന്ന അളവിൽ ടയറിലെ വായുമർദം നിലനിർത്താൻ ശ്രദ്ധിക്കുക. മാസത്തിലൊരിക്കലെങ്കിലും ടയർമർദം പരിശോധിപ്പിച്ച് കുറവു നികത്തുക. ടയറിൽ മർദ്ദം കുറവാണെങ്കിൽ അതു ടയറിൻറ ആയുസ്സ് കുറയാനും ഇടയാക്കും.

ആവശ്യത്തിനു മാത്രം എസി ഉപയോഗിക്കുക. എസി ഉപയോഗിക്കുമ്പോൾ പത്തുമുതൽ പതിനഞ്ചു ശതമാനം വരെ ഇന്ധക്ഷമത കുറയുമെന്നാണ് കണക്ക്. അതുകൊണ്ട് എസി കരുതലോടെ ഉപയോഗിക്കുക. കൂടിയ വേഗത്തിൽ പോകുമ്പോൾ എസി ഉപയോഗിക്കുന്നത് ഇന്ധനലാഭമുണ്ടാക്കും. കാരണം ഉയർന്ന വേഗത്തിൽ പോകുമ്പോൾ ഗ്ലാസ് താഴ്‌ത്തിവയ്‌ക്കുമ്പോഴുണ്ടാകുന്ന വായു പ്രതിരോധത്തെ മറികടക്കാൻ എൻജിന് കൂടുതൽ ഇന്ധനം കത്തിച്ച് ഊർജം ചെലവഴിക്കേണ്ടിവരും.

ടോപ് ഗീയറിലിട്ട് ഓടിച്ചാൽ മാത്രമേ പരമാവധി ഇന്ധനക്ഷമത നേടാനാവൂ എന്ന ധാരണ ഒഴിവാക്കുക. സ്‌റ്റാർട്ട് ചെയ്‌ത് പത്തു കിലോമീറ്റർ വേഗമാർജിക്കുന്നതിനു മുമ്പുപോലും ടോപ്ഗിയറിലെത്തുന്ന രീതി പലർക്കുമുണ്ട്. ഓർക്കുക സാഹചര്യത്തിനും വാഹനത്തിന്റെ വേഗത്തിനും അനുസരിച്ചു ഗീയർ മാറ്റം നടത്തിയാലേ പരമാവധി മൈലേജ് നേടാനാവൂ. ആർപിഎം 2000–2500 പരിധിയിലാവുമ്പോൾ വേണം ടോപ് ഗീയർ ഉപയോഗിക്കാൻ. മണിക്കൂറിൽ 30 കിമീ വേഗത്തിൽ തേർഡ് ഗീയർ , 40 കിമീ വേഗത്തിൽ ഫോർത്ത് ഗീയർ, 50 കിമീ വേഗത്തിൽ ഫിഫ്‌ത് ഗീയർ, സിക്‌ത് ഗീയർ എന്നിങ്ങനെ ഗീയർ മാറുക. ഗീയർ മാറ്റം സംബന്ധിച്ച് കൂടുതൽ കൃത്യമായ വിവരങ്ങൾക്ക് സർവീസ് ബുക്ക് നോക്കുന്നത് അഭികാമ്യമായിരിക്കും.

അമിത വേഗം ഉപേക്ഷിക്കുക. മണിക്കൂറിൽ 45–55 കിമീ വേഗമാണ് കൂടുതൽ ഇന്ധനക്ഷമത നേടാൻ നല്ലത്. 90 കിലോമീറ്ററിലേറെ വേഗമാർജിക്കുമ്പോഴുണ്ടാകുന്നത് 15% അധിക ഇന്ധനച്ചെലവാണ്. ഉയർന്ന വേഗത്തിൽ 50 ശതമാനത്തോളം എൻജിൻ ശക്‌തിയും ഉപയോഗിക്കുന്നത് വായുവിന്റെ പ്രതിരോധത്തെ മറികടക്കാനാണ്. അതുകൊണ്ടുതന്നെ കൂടുതൽ ഇന്ധനം കത്തിത്തീരും.

കഴിയുന്നതും വാഹനം തണലത്തു പാർക്കു ചെയ്യുക, ഇന്ധനം ആവിയായിപ്പോകുന്നത് തടയുന്നതിനും കാറിനുള്ളിലെ ചൂട് കുറയ്‌ക്കുന്നതിനും അതുപകരിക്കും.